ഒടുവില്‍ ഗൂഗിള്‍ ടാബ്‌ലറ്റ് എത്തുന്നു
വരും, വരുന്നു, വന്നു എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇന്നും വരും, നാളെ വരും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഗാഡ്ജറ്റ് പ്രേമികളുടെ കാത്തിരിപ്പുതുടങ്ങിയിട്ടും മാസങ്ങളായി. പറഞ്ഞു വരുന്നത് ഗൂഗിളിന്റെ ടാബ്‌ലറ്റിനെക്കുറിച്ചാണ്. ഇപ്പോഴിതാ രാജ്യാന്തര വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സ് സംഗതി സ്്ഥിരീകരിച്ചിരിക്കുന്നു. തയ്‌വാനീസ് കമ്പനിയായ അസ്യൂസുമായി സഹകരിച്ചുകൊണ്ട് ഗൂഗിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് റോയിട്ടേഴ്‌സ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അസ്യുസ് കമ്പനിയിലെ പേരുവെളിപ്പെടുത്താത്ത ഉന്നത എക്‌സിക്യുട്ടീവിനെ ഉദ്ധരിച്ചുള്ളതാണ് വാര്‍ത്ത.
ആമസോണിന്റെ കിന്‍ഡ്ല്‍ ഫയറിനാകും ഗൂഗിള്‍ ടാബ് ആദ്യം വെല്ലുവിളി ഉയര്‍ത്തുകയെന്ന് അസ്യുസ് കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു. ജൂണ്‍ 27 മുതല്‍ 29 വരെ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഗൂഗിള്‍ ഐ./ഒ. ഡെവലപ്പര്‍ കോണ്‍ഫ്രന്‍സില്‍ ടാബ്‌ലറ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റോയിട്ടേഴ്‌സ് വാര്‍ത്ത വിശ്വാസത്തിലെടുത്താല്‍ ഈ ആഴ്ച അവസാനിക്കുന്നതിനുമുമ്പ് ഗൂഗിള്‍ ടാബിന്റെ പിറവി സംഭവിക്കുമെന്നുറപ്പിക്കാം.
ഗൂഗിളിന്റെ ടാബ്‌ലറ്റ് വരുമോ ഇല്ലയോ എന്ന കാര്യം കഴിഞ്ഞ കുറേ മാസങ്ങളായി ടെക്‌ലോകത്ത് ചര്‍ച്ചയായിരുന്നു. ഐപാഡിന്റെ ഏറ്റവും പുതിയ വെര്‍ഷനുമായി ആപ്പിള്‍ രംഗത്തെത്തിയതോടെ ഗൂഗിളിന്റെ ടാബ്‌ലറ്റ് ഇതാ എത്തിപ്പോയി എന്നു പലരും പ്രവചിച്ചു. റെറ്റിന ഡിസ്‌പ്ലേ സൗകര്യത്തോടു കൂടിയുള്ള പുതിയ ഐപാഡ് ആപ്പിള്‍ വിപണിയിലെത്തിച്ചത് ടാബ്‌ലറ്റ് വിപണിയില്‍ വന്‍ചലനം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ വെര്‍ഷന്റെ വരവോടുകൂടിയ പഴയ മോഡല്‍ ഐപാഡുകളുടെ വില കുറയ്ക്കാനും ആപ്പിള്‍ ധൈര്യം കാട്ടി.
ഉന്നതനിലവാരത്തിലുള്ള ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് പുറത്തിറക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ഗൂഗിള്‍ കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിഡ്ത് മാസങ്ങള്‍ക്കുമുമ്പേ സൂചന നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യം ബാഴ്‌സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഗൂഗിളിന്റെ മൊബൈല്‍ വിഭാഗം വൈസ് പ്രസിഡന്റ് ആന്‍ഡി റൂബിനും ഈയൊരു സാധ്യത സ്ഥിരീകരിച്ചു. ടാബ്‌ലറ്റ് രംഗത്തെ ഗൂഗിളിന്റെ സാന്നിധ്യം ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ട് എന്നായിരുന്നു ആന്‍ഡി റൂബിന്റെ വാക്കുകള്‍. സ്വന്തം ടാബ്‌ലറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചുകഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ് അതെന്ന് അന്നേ വിലയിരുത്തപ്പെട്ടു.
തായ്‌വാനിലെ അസ്യൂസ് കമ്പനിയുമായി സഹകരിച്ചുകൊണ്ട് നെക്‌സസ് എന്ന പേരിലാകും ഗൂഗിളിന്റെ ടാബ്‌ലറ്റ് വിപണിയിലെത്തുകയെന്ന് ഡിജിടൈംസ് എന്ന ടെക് സൈറ്റ് മാസങ്ങള്‍ക്ക് മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴിഞ്ച് വിസ്താരമുള്ള ടാബില്‍ ആന്‍ഡ്രോയിഡിന്റെ 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാകും ഉണ്ടാകുകയെന്നും, ഡ്യുവല്‍കോര്‍ പ്രൊസസറോടു കൂടിയാകും അത് എത്തുകയെന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഗൂഗിള്‍ അന്ന് തയ്യാറായില്ല. റോയിട്ടേഴ്‌സ് വാര്‍ത്തയോടും അതേ നിലപാടാണ് കമ്പനി ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.
മീഡിയം റേഞ്ച് ടാബ്‌ലറ്റ് മോഡലുകളായ ആമസോണ്‍ കിന്‍ഡ്ല്‍ ഫയര്‍, ബാണ്‍സ് ആന്‍ഡ് നോബിളിന്റെ നൂക്ക് എന്നിവയ്ക്കാകും വരാന്‍ പോകുന്ന ഗൂഗിള്‍ ടാബ് വെല്ലുവിളിയുയര്‍ത്തുക. 199 ഡോളറേ വിലയുള്ളൂ എന്നതാണ് കിന്‍ഡ്ല്‍ ഫയറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ആമസോണിന്റെ പക്കലുള്ള പുസ്തകശേഖരത്തില്‍ നല്ലൊരുപങ്കും ഇ-ബുക്കുകളായി കിന്‍ഡ്ല്‍ ഫയറില്‍ വായിക്കാനാകും എന്നതാണ് ശ്രദ്ധേയമായ കാര്യം. കിന്‍ഡ്‌ലിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ അടുത്തമാസം അവതരിപ്പിക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ഫേസ് എന്ന പേരില്‍ മൈക്രോസോഫ്റ്റും ഉടന്‍തന്നെ സ്വന്തം ടാബ്‌ലറ്റുകള്‍ വിപണിയിലിറക്കും. ഇവരോടൊക്കെയാകും ഗൂഗിളിന്റെ ടാബ്‌ലറ്റിന് മത്സരിക്കേണ്ടിവരിക.
എച്ച്.ടി.സി., സാംസങ് കമ്പനികളുമായി സഹകരിച്ചുകൊണ്ട് നെക്‌സസ് എന്ന പേരില്‍ തന്നെ ഗൂഗിള്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചിരുന്നു. ടാബ്‌ലറ്റ് നിര്‍മാണത്തിലും ഗൂഗിള്‍ എച്ച്.ടി.സി.യെത്തന്നെ കൂട്ടുപിടിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ ടാബ്‌ലറ്റ് കൂട്ടുസംരംഭത്തില്‍ തങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം വേണമെന്ന് എച്ച്.ടി.സി. ആവശ്യപ്പെട്ടതുകൊണ്ടാണ് ഗൂഗിള്‍ അവരെ കൈയൊഴിഞ്ഞതെന്ന് സൂചനകളുണ്ട്. വിലകുറഞ്ഞ ഒരു ടാബ്ലറ്റ്‌മോഡലിറക്കി തങ്ങളുടെ സല്‍പ്പേര് കളഞ്ഞുകുളിക്കാന്‍ എച്ച്.ടി.സി. വിസ്സമ്മതിച്ചതുകൊണ്ടാണ് അതു നടക്കാതെ പോയതെന്നും കേള്‍ക്കുന്നു.
പിന്നീട് ഏസര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഇന്‍ഹൗസ് ഗവേഷണത്തിലും ഡിസൈനിങ് മികവിലും അവര്‍ പുറകിലാണെന്ന് കണ്ട് ഗൂഗിള്‍ ആ ശ്രമവും ഉപേക്ഷിച്ചു. അതിനുശേഷമാണ് കമ്പനി അസ്യൂസ് കമ്പനിയുമായി ചര്‍ച്ച തുടങ്ങിയത്. കമ്പനി ഇ-പാഡ് സീരീസ് എന്ന പേരിലിറക്കുന്ന ടാബ്‌ലറ്റുകള്‍ നന്നായി വിറ്റുപോകുന്നുണ്ടെന്ന കാര്യം ഗൂഗിള്‍ ശ്രദ്ധിച്ചിരിക്കാം. ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലിറങ്ങിയ ഇ-പാഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്ന മോഡല്‍ വന്‍ഹിറ്റായിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാകും ഗൂഗളിനെപോലൊരു വന്‍ കമ്പനി അസ്യൂസുമായി കൈകോര്‍ക്കാന്‍ തീരുമാനമെടുത്തത്.
റോയിട്ടേഴ്‌സ് വാര്‍ത്ത പുറത്തുവന്നതോടെ അസ്യൂസ് ടെക് കമ്പനിയുടെ ഓഹരികള്‍ക്ക് പ്രിയമേറി. ഓഹരിവിപണിയില്‍ അസ്യുസ്‌ടെക് ഓഹരികള്‍ക്ക് ബുധനാഴ്ച 2.6 ശതമാനം വിലവര്‍ധന േരഖപ്പെടുത്തിയിട്ടുണ്ട്
No comments:
Post a Comment