Wednesday, June 20, 2012

LENOVA S-2109 Android sandwich Tab


ലെനോവോയുടെ പുതിയ ഐഡിയ S-2109



LENOVA S-2109

ലെനോവോ. ഈ ചൈനീസ് കമ്പനിയെ ലോകം ശ്രദ്ധിച്ചുതുടങ്ങിയത് 2005 മുതലാണ്. ബഹുരാഷ്ട്ര കുത്തകഭീമനായ ഐബിഎമ്മിന്റെ പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ വിപണന വിഭാഗവും 'തിങ്ക്പാഡ്' എന്ന ബ്രാന്‍ഡും ലെനോവോ കൈവശമാക്കിയത് ആ വര്‍ഷമായിരുന്നു. 125 കോടി ഡോളര്‍ മുടക്കിയുള്ള ആ ഇടപാടു പൂര്‍ത്തിയായതോടെ ലോകത്തെ മുന്നാമത്തെ വലിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കള്‍ എന്ന പെരുമ ലെനോവ സ്വന്തമാക്കി. ഇപ്പോള്‍ പ്രതിവര്‍ഷം 14 മില്യണ്‍ കമ്പ്യൂട്ടര്‍ യുണിറ്റുകളാണ് ലെനോവോ ലോകമെങ്ങും വിറ്റഴിക്കുന്നത്.

2011 മുതല്‍ കമ്പനി ടാബ്‌ലറ്റ് രംഗത്തും സജീവമാണ്. കഴിഞ്ഞവര്‍ഷം ജൂലായില്‍ വിപണിയിലെത്തിച്ച ഐഡിയപാഡ് കെവണ്‍ ആയിരുന്നു ലെനോവയില്‍ നിന്നുള്ള ആദ്യടാബ്‌ലറ്റ്. പിന്നീട് അതേ പരമ്പരയില്‍ തന്നെ നാലുമോഡലുകള്‍ കൂടി അവതരിപ്പിച്ചു. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് ഐസ്‌ക്രീംസാന്‍വിച്ച് വെര്‍ഷനോടു (ആന്‍ഡ്രോയിഡ് 4.0) കൂടിയ ഐഡിയാടാബ്് എസ് 2109 എന്ന പുത്തന്‍ ടാബ്‌ലറ്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

പുതിയ ടാബിനെക്കുറിച്ച് ഔദ്യോഗികമായ പത്രക്കുറിപ്പിറക്കുകയോ വാര്‍ത്താസമ്മേളനം നടത്തുകയോ ഒന്നും ലെനോവോ ചെയ്തില്ല. യൂട്യൂബിലെ കമ്പനി ചാനലില്‍ അപ്‌ലോഡ് ചെയ്ത കഷ്ടിച്ച് ഒരു മിനുട്ട് നീളുന്ന വീഡിയോ ക്ലിപ്പിങിലൂടെയാണ് കമ്പനി പുതിയ ഗാഡ്ജറ്റിന്റെ അവതാരമറിയിച്ചത്. വീഡിയോയില്‍ വിശദീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ടാബ്‌ലറ്റിനെക്കുറിച്ച് ഇതുവരെ ലഭ്യവുമല്ല. എന്നിരുന്നാലും ലെനോവോയുടെ പുതിയ ടാബ്‌ലറ്റിന്റെ ഗുണഗണങ്ങള്‍ വിവരിക്കുന്ന നിരവധി ലേഖനങ്ങള്‍ ടെക്‌നോളജി വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അവയില്‍നിന്നെല്ലാം മനസിലാക്കാന്‍ കഴിഞ്ഞ വിശേഷങ്ങള്‍ ഇതൊക്കെ.

ഡിസൈന്‍, ഡിസ്‌പ്ലേ: 9.7 ഇഞ്ച് വിസ്താരമാണ് ടാബ്‌ലറ്റിന്. 1024/768 പിക്‌സലാണ് റിസൊല്യുഷന്‍. ഐപാഡ് രണ്ടിന്റെ അതേ റിസൊല്യൂഷന്‍ തന്നെ. ഗണ്‍മെറ്റല്‍ ഫിനിഷിങ്ങുള്ള ബോഡിയാണ് ഈ ടാബ്‌ലറ്റിന്റേതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു.

പ്രൊസസര്‍, റാം: ഈ ടാബ്‌ലറ്റിന്റെ പ്രൊസസര്‍ ഏതാണെന്നോ മെമ്മറി എത്രയാണെന്നോയുള്ള കാര്യങ്ങള്‍ ലെനോവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്വാഡ്‌കോര്‍ എന്‍വിഡിയ ടെഗ്ര 3 പ്രൊസസറും ഒരു ജിബി റാമുമാകും ഐഡിയടാബില്‍ ഉണ്ടാകുകയെന്ന് പ്രമുഖ ടെക്‌വെബ്‌സൈറ്റായ എന്‍ഗാഡ്ജറ്റിന്റെ ലേഖകന്‍ റിച്ചാര്‍ഡ് ലേ പറയുന്നു. ഡ്യുവല്‍കോര്‍ പ്രൊസസറായിരിക്കും ഐഡിയാടാബിലേതെന്ന് ഏതാണ്ടുറപ്പാണ്.


ആപ്‌സ്: ആന്‍ഡ്രോയിഡിന്റെ 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഐഡിയാടാബ് പ്രവര്‍ത്തിക്കുകയെന്ന് ലെനോവോ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആപ്‌സ് കേന്ദ്രമായ പ്ലേയിലേക്കുള്ള ഈസി ആക്‌സസ് ഇതിലുണ്ടാകുമെന്നു വ്യക്തം. ലെനോവോയുടെ സ്വന്തം ആപ്‌സും ഇതിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

ക്യാമറ: ഐഡിയ ടാബില്‍ 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാകും ഇണ്ടാകുക. പുറകുവശത്ത് ക്യാമറയില്ലെന്ന് ഇതിന്റെ പ്രമോഷനല്‍ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. വലിയ ടാബ്‌ലറ്റുകളില്‍ പുറകുവശത്ത് ക്യാമറയുണ്ടായതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഇല്ലെന്നതാണ് വാസ്തവം. ഇത്ര വലിയ ടാല്‌ലറ്റും കൈയിലെടുത്ത് ആരും ഫോട്ടോയെടുക്കാനും വീഡിയോ പിടിക്കാനുമൊന്നും പോകില്ലല്ലോ.

മറ്റുവിശേഷങ്ങള്‍: എസ്.ആര്‍.എസ്. റെഡി റിയര്‍ ക്വാഡ് സ്പീക്കറുകള്‍, മൈക്രോ യു.എസ്.ബി., ഹോട്ട് സ്വാപ്പബിള്‍ മൈക്രോ എസ്.ഡി., മൈക്രോ എച്ച്.ഡി.എം.ഐ. പോര്‍ട്ടുകള്‍, പത്തു മണിക്കൂര്‍ ബാറ്ററി ആയുസ്, കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് എന്നീ സൗകര്യങ്ങളും ഐഡിയാടാബിലുണ്ട്. ഐഫോണിലെ സിരിയെ അനുസ്മരിപ്പിക്കുന്ന വോയ്‌സ് ആക്ടിവേഷന്‍ സംവിധാനം ഈ ടാബ്‌ലറ്റിന്റെ പ്രത്യേകതയാണ്.

ഐഡിയാടാബ്് എസ് 2109 എന്ന് വിപണിയിലെത്തുമെന്നോ അതിനെന്തു വിലയാകുമെന്നോയുള്ള കാര്യങ്ങളൊന്നും ലെനോവോ പുറത്തുപറഞ്ഞിട്ടില്ല. പക്ഷേ, ഇതുവരെയിറക്കിയ ലെനോവോ ടാബ്‌ലറ്റുകള്‍ക്കൊക്കെ സാധാരണക്കാര്‍ക്ക് താങ്ങുന്ന വിലയേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഈ ടാബ്‌ലറ്റും അങ്ങനെതന്നെയാകുമെന്ന് കരുതാം.

ലോകം മുഴുവനുമുള്ള മാര്‍ക്കറ്റിങ്-സര്‍വീസ് ശൃംഖലയാണ് ലെനോവോയുടെ മറ്റൊരു കരുത്ത്. അതുകൊണ്ടുതന്നെ ഐഡിയാടാബ്് എസ് 2109 വാങ്ങാന്‍ ഏറെപ്പേര്‍ മുന്നോട്ടുവരുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

No comments:

Post a Comment