WINDOWS 8 PHONE
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8
മൊബൈല്‍ പ്ലാറ്റ്‌ഫോം
മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണിന്റെ പുതിയ പതിപ്പ് എത്തി-വിന്‍ഡോസ് ഫോണ്‍ 8. പേര് സൂചിപ്പിക്കുംപോലെ കമ്പ്യൂട്ടര്‍ ഒഎസ് ആയ വിന്‍ഡോസ് 8 ന്റെ ഏറെ സവിശേഷതകള്‍ പങ്കുവെയ്ക്കുന്നതാണ് പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോം.
'സര്‍ഫേസ്' എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ മൈക്രസോഫ്റ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ്, വിന്‍ഡോസ് ഫോണ്‍ 8 രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ പുതിയ കമ്പ്യൂട്ടര്‍ ഒഎസും മൊബൈല്‍ ഒഎസും ചേര്‍ന്നുപോകുന്നത്, ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നവര്‍ക്ക് സഹായകമാകും. അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ വിന്‍ഡോസ് ഫോണ്‍ ഉച്ചകോടിയിലാണ് മൊബൈല്‍ ഒഎസ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്.
പുതിയ വിന്‍ഡോസ് ഫോണുകള്‍ മള്‍ട്ടികോര്‍ ചിപ്പുകളിലാകും പ്രവര്‍ത്തിക്കുക. മൂന്ന് വ്യത്യസ്ത സ്‌ക്രീന്‍ റസല്യൂഷനുകള്‍ (ഹൈഡെഫിനിഷന്‍ 720പി വരെ) വിന്‍ഡോസ് ഫോണുകള്‍ക്ക് ഉണ്ടാകും. മൈക്രോഎസ്ഡി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാനുമാകും.
മാത്രമല്ല, വിന്‍ഡോസ് ഫോണ്‍ 7.5 ലെ ആപ്ലിക്കേഷനുകള്‍ (apps) മുഴുവനും പുതിയ പ്ലാറ്റ്‌ഫോമിലെ എല്ലാ റിസല്യൂഷനിലും മാറ്റമില്ലാതെ പ്രവര്‍ത്തിക്കും-വിന്‍ഡോസ് ഫോണ്‍ 8 അവതരിപ്പിച്ചുകൊണ്ട് മൈക്രോസോഫ്റ്റിലെ ജോ ബെല്‍ഫിയോര്‍ പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോം ഇതുവരെ നേരിട്ട പ്രശ്‌നം, അത് കമ്പനിയുടെ മറ്റ് ഉത്പന്നങ്ങളുമായി വേണ്ടത്ര സമന്വയിച്ച് പോകുന്നില്ല എന്നതായിരുന്നു. സ്വാഭാവികമായും വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്ക് ചേര്‍ന്ന ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്താന്‍ ഇത് തടസ്സമായി. വിന്‍ഡോസ് ഫോണ്‍ 8 ല്‍ ആ പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ്.
പരമ്പരാഗത ഡെസ്‌ക്‌ടോപ്പില്‍ കീബോര്‍ഡും മൗസും ഉപയോഗിക്കുന്നതിനൊപ്പം, ടച്ച്‌സ്‌ക്രീനുകള്‍ക്കും ചേര്‍ന്ന വിധത്തിലാണ് മൈക്രോസോഫ്റ്റ് അതിന്റെ ഒഎസിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസ് 8 രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്റല്‍ പ്രൊസസറില്‍ മാത്രമല്ല, ഊര്‍ജക്ഷമതയേറിയ മൊബൈല്‍ പ്രൊസസറുകളിലും വിന്‍ഡോസ് 8 പ്രവര്‍ത്തിക്കും.
വിന്‍ഡോസ് 8 ന് അടിസ്ഥാനമായ അതേ കെര്‍നെല്‍ (kernel) തന്നെയാണ് വിന്‍ഡോസ് ഫോണ്‍ 8 ലും ഉപയോഗിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍, തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം വലിയൊരു നിര ഉപകരണങ്ങളിലേക്ക് ഒരേസമയം എത്തിക്കാന്‍ ഇതിലൂടെ കഴിഞ്ഞിരിക്കുകയാണ് മൈക്രോസോഫ്റ്റിന്. ഡെസ്‌ക്‌ടോപ്പിലും ലാപ്‌ടോപ്പിലും ടാബ്‌ലറ്റിലും സ്മാര്‍ട്ട്‌ഫോണിലും ഒരേ ഒഎസിന്റെ വകഭേദങ്ങള്‍ എത്തുന്നു.
പുതിയ 'വാലറ്റ്' ആപ്ലിക്കേഷന്‍ ആണ് വിന്‍ഡോസ് ഫോണ്‍ 8 ന്റെ മറ്റൊരു പ്രത്യേകത. ക്രെഡിറ്റ് കാര്‍ഡായും മെമ്പര്‍ഷിപ്പ് കാര്‍ഡുകളായും വിന്‍ഡോസ് ഫോണുകള്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, കാശിന്റെ ഇടപാടിന് 'നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍' (NFC) സങ്കേതത്തെയും പുതിയ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കും.
നോക്കിയയുടെ 'നാവ്‌ടേക്' (Navteq) ഡിവിഷന്‍ രൂപംനല്‍കിയ മാപ്പ് ബില്‍ട്ട്-ഇന്‍ ആയി വിന്‍ഡോസ് ഫോണില്‍ ഇനി സ്ഥാനംപിടിക്കും. കൃത്യമായ നാവിഗേഷന് സഹായിക്കുന്നതാണ് ഈ മാപ്പ് സര്‍വീസ്.
ഒരു വെബ്‌സൈറ്റില്‍ എന്തെങ്കിലും തരത്തിലുള്ള ദുഷ്ടപ്രോഗ്രാം (മാള്‍വെയര്‍) ഉണ്ടൈന്ന് തോന്നിയാല്‍, അല്ലെങ്കില്‍ ഒരു വെബ്‌സൈറ്റ് സുരക്ഷിതമല്ലെന്ന് തോന്നിയാല്‍, മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവും വിന്‍ഡോസ് ഫോണ്‍ 8 ലുണ്ട്.
വിന്‍ഡോസ് ഫോണിനായി ഇതുവരെ ലഭ്യമായിട്ടുള്ളത് ഒരു ലക്ഷം ആപ്ലിക്കേഷനുകളാണ്. അതേസമയം, പ്രതിയോഗികളിലൊന്നായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് 466500 ആപ്‌സ് ലഭ്യമാണ്; ആപ്പിളിന്റെ ആപ്‌സ് സ്റ്റോറില്‍ അത് അഞ്ചുലക്ഷത്തില്‍ കൂടുതലാണ്.
No comments:
Post a Comment