Thursday, July 5, 2012

Apple Siri Vs Google Search


സിരി Vs ഗൂഗിള്‍ സെര്‍ച്ച് : മികവ് ഏതിന്‌




ആപ്പിള്‍ 2011 ല്‍ അവതരിപ്പിച്ച ഐഫോണ്‍ 4എസിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ 'സിരി' (Siri) എന്ന ശബ്ദസഹായി ആയിരുന്നു. അറിയേണ്ട വിവരങ്ങള്‍ ചോദിച്ചാല്‍ വെബ്ബിലും ഫോണിലും തിരഞ്ഞ് നൊടിയിടയില്‍ ഉത്തരം നല്‍കുന്ന സിരി, ഗൂഗിള്‍ സെര്‍ച്ചിന് കടുത്ത വെല്ലുവിളിയായി വിലയിരുത്തപ്പെട്ടു.

അമേരിക്കന്‍ പ്രതിരോധസംവിധാനത്തിന്റെ മൂശയില്‍ വര്‍ഷങ്ങളുടെ ഗവേഷണഫലമായി രൂപപ്പെട്ട ഒരു സങ്കേതത്തിന്റെ ജനകീയമുഖമായിരുന്നു സിരി. 'നിര്‍മിതബുദ്ധി' അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സിരി, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പിന്നിലാക്കിയെന്നും വിലയിരുത്തപ്പെട്ടു.

എന്നാല്‍, ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായ 'ജല്ലി ബീന്‍' (ആന്‍ഡ്രോയിഡ് 4.1), വോയിസ് സെര്‍ച്ചില്‍ ഗൂഗിളിന്റെ മേധാവിത്യം വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ജല്ലി ബീന്‍ അവതരിപ്പിക്കപ്പെട്ടത്.

ചില ടെക് സൈറ്റുകള്‍ ജല്ലി ബീനും സിരിയും താരതമ്യം ചെയ്തപ്പോഴാണ്, സിരിയെക്കാള്‍ മികവ് ഗൂഗിള്‍ സെര്‍ച്ചിനാണെന്ന് കണ്ടത്. ഇതൊരു ഗവേഷണ റിപ്പോര്‍ട്ടോ, ഇക്കാര്യത്തിലെ അവസാന വാക്കോ അല്ലെന്ന മുന്നറിയിപ്പോടെയാണ് സൈറ്റുകള്‍ ഈ വിവരം പുറത്തുവിട്ടത്.

ഒരു താരതമ്യത്തില്‍ ചെയ്തത്, നിശബ്ദമായ അന്തരീക്ഷത്തില്‍ 800 ചോദ്യങ്ങള്‍ ചോദിക്കുകയും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ വേറെ 800 ചോദ്യങ്ങള്‍ ചോദിക്കുകയുമാണ്. രണ്ട് സാഹചര്യത്തിലും സിരി എങ്ങനെ പ്രതികരിക്കുന്നുവെന്നും, ജല്ലി ബീന്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും പരിശോധിച്ചു നോക്കി.

പരിശോധനാഫലം ഇങ്ങനെയായിരുന്നു: ഗൂഗിള്‍ സെര്‍ച്ച് 100 ശതമാനം ചോദ്യങ്ങളും മനസിലാക്കി, 86 ശതമാനം ശരിയുത്തരം നല്‍കി. അതേസമയം, നിശബ്ദമായ അന്തരീക്ഷത്തില്‍ 89 ശതമാനം ചോദ്യങ്ങളും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ 83 ശതമാനം ചോദ്യങ്ങളും മാത്രമേ സിരിക്ക് മനസിലാക്കാന്‍ കഴിഞ്ഞുള്ളൂ. നിശബ്ദമായ അന്തരീക്ഷത്തില്‍ ചോദിച്ച കാര്യങ്ങള്‍ക്ക് 68 ശതമാനം ശരിയുത്തരവും, ശബ്ദായമാനമായ അന്തരീക്ഷത്തില്‍ ചോദിച്ചവയ്ക്ക് 63 ശതമാനം ശരിയുത്തരവും മാത്രമേ സിരിക്ക് നല്‍കാനായുള്ളൂ.

എന്നാല്‍, ഗൂഗിള്‍ അടിസ്ഥാനപരമായി ഒരു സെര്‍ച്ച് കമ്പനിയാണെന്ന കാര്യം ഓര്‍ക്കണം, ആപ്പിള്‍ അതല്ല.

ഈ പഠനം അനുസരിച്ച് സിരി നല്‍കിയ ഉത്തരങ്ങളില്‍ 60 ശതമാനവും ഗൂഗിളില്‍ നിന്നുള്ളതാണ്. യെല്‍പ്പ് (Yelp) എന്ന സര്‍വീസില്‍ നിന്നുള്ളതാണ് സിരി നല്‍കിയ 20 ശതമാനം ഉത്തരങ്ങള്‍. വൂള്‍ഫ്രേംആല്‍ഫ (WolframAlpha)യില്‍ നിന്ന് 14 ശതമാനവും, യാഹൂവില്‍നിന്ന് നാലു ശതമാനവും, വിക്കിപീഡിയയില്‍ നിന്ന് രണ്ടു ശതമാനവും ഉത്തരങ്ങള്‍ സിരി നല്‍കി. 

No comments:

Post a Comment