ഗാലക്‌സി നോട്ടിന് വെല്ലുവിളി ; വരുന്നു ഒപ്ടിമസ് വു
സ്മാര്‍ട്‌ഫോണ്‍ എന്നോ ടാബ്‌ലറ്റ് എന്നോ തരം പോലെ വിളിക്കാവുന്ന ഗാഡ്ജറ്റ് ആദ്യമിറക്കിയത് സാംസങ്ങാണ്. അവരതിന് ഗാലക്‌സി നോട്ട് എന്നു പേരിട്ടു. 5.3 ഇഞ്ച് വിസ്താരമുള്ള സ്‌ക്രീനും 178 ഗ്രാം ഭാരവുമുള്ള യമണ്ടന്‍ ഫോണ്‍/ടാബ്‌ലറ്റ് ആയിരുന്നുഗാലക്‌സി നോട്ട്. ടാബ്‌ലറ്റ് ഉപയോക്താക്കളേക്കാള്‍ സ്മാര്‍ട്‌ഫോണ്‍ ആരാധകരെയാണ് ആ ഉപകരണം ഏറെ ആകര്‍ഷിച്ചത്. അതുവഴി സൂപ്പര്‍ഹിറ്റായി ഗാലക്‌സി നോട്ട് മാറി.
സാംസങിന്റെ വിജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ഗാലക്‌സി നോട്ട് മാതൃകയില്‍ വേറൊരു മോഡല്‍ ഇറക്കാന്‍ മറ്റു കമ്പനികളൊന്നും ഇതുവരെ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ സാംസങിന്റെ നാടായ കൊറിയയില്‍ നിന്നുളള എല്‍.ജി.കമ്പനി സാംസങ് നോട്ടിന്റെ പ്രതിയോഗിയെ അവതരിച്ചിരിക്കുന്നു. 'എല്‍.ജി. ഒപ്ടിമസ് വു' (LG Optimus Vu) എന്നു പേരുള്ള ഈ സങ്കരഫോണ്‍ കഴിഞ്ഞ ഫിബ്രവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എല്‍.ജി. അവതരിപ്പിച്ചത്. പിന്നീട് കൊറിയന്‍, ജപ്പാന്‍ വിപണികളില്‍ പരീക്ഷണാര്‍ഥം എത്തിച്ചു. സംഗതി കുഴപ്പമില്ലാതെ വിറ്റുപോകുന്നുണ്ടെന്ന് മനസിലായതോടെ സപ്തംബര്‍ മുതല്‍ ലോകമെങ്ങുമുള്ള ഷോറൂമുകളില്‍ ഓപ്ടിമസ് വു എത്തിക്കാനാണ് എല്‍.ജി.യുടെ തീരുമാനം.
ആദ്യഘട്ടമായി അമേരിക്കന്‍ വിപണിയിലാകും എല്‍.ജി. ശ്രദ്ധ കേന്ദ്രീകരിക്കുക. തുടര്‍ന്ന് യൂറോപ്പ്, ഏഷ്യ, അറബ് രാജ്യങ്ങള്‍, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലൊക്കെ ഒപ്ടിമസ് വു എത്തും.
അഞ്ച് ഇഞ്ച് മള്‍ട്ടിടച്ച് എക്‌സ്.ജി.എ. ഐ.പി.എസ്. സ്‌ക്രീനാണ് ഒപ്ടിമസ് വൂവിന്റെ പ്രത്യേകത. 768 X 1024 പിക്‌സല്‍ റിസൊല്യൂഷനാണ് സ്‌ക്രീനിന്റേത്. 139.6 മില്ലിമീറ്റര്‍ നീളവും 90.4 മില്ലിമീറ്റര്‍ വീതിയും 8.5 മില്ലിമീറ്റര്‍ ഘനവുമുള്ള ഈ ഫോണിന്റെ ഭാരം 168 ഗ്രാമാണ്. സാംസങ് ഗാലക്‌സി നോട്ടിനേക്കാള്‍ വലിപ്പത്തില്‍ അല്പം ചെറുപ്പമാണ് ഒപ്ടിമസ് വു.
ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഓപ്ടിമസ് വൂവിന് എന്‍വിഡിയ ടെഗ്ര 3 പ്രൊസസര്‍ കരുത്തു പകരുന്നു. ചിപ്പ്‌സെറ്റിലെ 4 + 1 കോറുകള്‍ മള്‍ട്ടിടാസ്‌കിങ് എളുപ്പമാക്കും. ഫോണിന്റെ ബാറ്ററി ആയുസ് നിലനിര്‍ത്താനായി മാത്രമാണ് അഞ്ചാമത്തെ കോര്‍ ഉപയോഗിക്കപ്പെടുക. ഫോണ്‍ ചെയ്യുമ്പോഴും, വീഡിയോ കാണുമ്പോഴും ഈമെയില്‍ അയക്കുമ്പോഴുമൊക്കെ മാത്രം പ്രവര്‍ത്തിക്കുന്ന അഞ്ചാംകോര്‍, ബാറ്ററി തീര്‍ന്നു പോകാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. 2080 എം.എ.എച്ചിന്റെ ലി-അയണ്‍ ബാറ്ററിയാണ് ഈ ഫോണിന് ഊര്‍ജം പകരുന്നത്.
എട്ട് മെഗാപിക്‌സല്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3ജി കണക്ടിവിറ്റി, ഒരു ജി.ബി. റാം, 32 ജി.ബി. സ്‌റ്റോറേജ് ശേഷി എന്നിവയും ഒപ്ടിമസ് വൂവിലുണ്ട്.
'അഞ്ച് ഇഞ്ച് സ്മാര്‍ട്‌ഫോണ്‍ നിരയില്‍ പ്രത്യേകമായൊരു സ്ഥാനം നേടാന്‍ ഒപ്ടിമസ് വൂവിനു സാധിക്കും. എല്ലായിടത്തും ലഭ്യമാകുന്നതോടെ ഈ ഫോണ്‍ പെട്ടെന്ന് സ്വീകരിക്കപ്പെടുമെന്നുറപ്പ്''- എല്‍.ജി. ഇലക്‌ട്രോണിക്‌സ് മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍സ് കമ്പനി പ്രസിഡന്റും സി.ഇ.ഒ.യുമായ ഡോ. ജോങ്- സിയൂ പാര്‍ക്കിന്റെ വാക്കുകളാണിത്. എന്നാല്‍, ഓപ്ടിമസ് വൂവിന്റെ വിലയെത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
No comments:
Post a Comment