സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഇനി ഉബുണ്ടു
ഈ വര്‍ഷം മൊബൈല്‍രംഗം പുതിയ പ്ലാറ്റ്‌ഫോമുകളുടെ വരവിന് സാക്ഷ്യംവഹിക്കും. ലിനക്‌സ് അധിഷ്ഠിത മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ഇവയെല്ലാം.
ഉബുണ്ടു ആരാധകര്‍ക്ക് സന്തോഷമേകുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കനോനിക്കല്‍ കമ്പനി നടത്തിയത്. ഉബുണ്ടു ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഹാന്‍ഡ്‌സെറ്റ് 2014 ല്‍ വിപണിയിലെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്.
പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ടാബ്‌ലറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷന്‍ -ഇങ്ങനെ വ്യത്യസ്തമായ ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കത്തക്ക വിധം ഉബുണ്ടുവിനെ പരിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം.
ഇത്രകാലവും പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് മാത്രമാണ് ഉബുണ്ടു ലഭ്യമായിരുന്നതെങ്കില്‍, മറ്റ് ഉപകരണങ്ങളില്‍ക്കൂടി പ്രവര്‍ത്തിക്കത്തക്ക വിധം ഉബുണ്ടുവിന്റെ സാധ്യതകള്‍ വര്‍ധിക്കുമെന്ന് സാരം.
ആന്‍ഡ്രോയിഡ് ഒഎസിന് പകരം സാംസങിന്റെ ഗാലക്‌സി നെക്‌സസ് ഫോണിനുള്ള ഉബുണ്ടു കോഡായിരിക്കും കനോനിക്കല്‍ കമ്പനി ആദ്യം പുറത്തിറക്കുക.
മുന്‍കൂറായി ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ നിര്‍മാണകമ്പനികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായി കമ്പനിയുടെ സ്ഥാപകന്‍ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് അറിയിച്ചു. അടുത്ത ആഴ്ച ലാസ് വേഗാസില്‍ നടക്കുന്ന 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ' (CES) യില്‍, ഉബുണ്ടു ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രദര്‍ശിപ്പിക്കും.
ലിനക്‌സ് അധിഷ്ഠിത കമ്പ്യൂട്ടര്‍ ഒഎസുകളില്‍ ഏറ്റവും ജനപ്രിയമാണ് ഉബുണ്ടു. ഒരു ഓപ്പണ്‍ സോഴ്‌സ് പ്രോജക്ടായാണ് ഉബുണ്ടുവിന്റെ വികസനം നടക്കുന്നത്. ലോകത്താകമാനം രണ്ടു കോടി പി.സികളില്‍ ഉബുണ്ടു ഉപയോഗിക്കുന്നു എന്നാണ് കണക്ക്.
ഗൂഗിളിന്റെ ജനപ്രിയ മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയിഡും ലിനക്‌സ് അധിഷ്ഠിതമാണ്. അതുകൊണ്ട്, ആ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ പുതിയ തലമുറ, ഉബുണ്ടുവിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഉബുണ്ടുവിന്റെ വരവ്.
ഇതിനകം 45,000 ആപ്ലിക്കേഷനുകള്‍ ഉബുണ്ടുവിനായി രംഗത്തെത്തിക്കഴിഞ്ഞു. അഡോബി ഫോട്ടോഷോപ്പ്, ഓഫീസ് സ്യൂട്ട് എന്നിവയ്ക്ക് പകരം, ബദല്‍ ആപ്ലിക്കേഷനുകളാണ് ഉബുണ്ടുവിനുള്ളത്. എച്ച്ടിഎംഎല്‍ 5 ആപ്‌സുകളെയും ഉബുണ്ടുവിന്റെ മൊബൈല്‍ പതിപ്പ് പിന്തുണയ്ക്കും.
No comments:
Post a Comment