Wednesday, February 26, 2014

Sony Xperia Z1 Compact for Rs.38,990/-


മികവ് ചോരാതെ സോണി എക്‌സ്പീരിയ Z 1 കോംപാക്ട്

ഏറ്റവും പ്രധാന മോഡലിന്റെ ചെറുപതിപ്പുകള്‍ ഇറക്കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ മടികാണിക്കാറില്ല. എച്ച്.ടി.സി. വണ്‍ മിനി, സാംസങ് ഗാലക്‌സി എസ് 4 മിനി എന്നിവ ഉദാഹരണം.

വന്‍തുക മുടക്കാന്‍ മടികാണിക്കുന്നവര്‍ക്കായാണ് ഈ 'മിനി' ഫോണുകള്‍. ഈ നിരയിലേക്ക് കടക്കുകയാണ് സോണിയും. കമ്പനിയുടെ മുന്‍നിര മോഡലായ എക്‌സ്പീരിയ സെഡ് 1 ന്റെ ചെറുപതിപ്പാണ് പുറത്തിറക്കയിരിക്കുന്നത്. ലാസ് വെഗാസില്‍ നടക്കുന്ന രാജ്യാന്തര 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ' ( CES 2014 ) യിലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്.

മാതൃഫോണിലെ ഏറെക്കുറെ എല്ലാ സവിശേഷതകളും നിലനിര്‍ത്തിയാണ് എക്‌സ്പീരിയ സെഡ്-1 കോംപാക്ട് ( Sony Xperia Z-1 ) അവതരിപ്പിക്കുന്നത്.

പേരില്‍ 'മിനി' എന്ന് ചേര്‍ക്കുന്നതല്ലാതെ, സ്‌പെസിഫിക്കേഷനുകള്‍ നോക്കിയാല്‍ മാതൃഫോണിന്റെ പല സവിശേഷതകളും മിക്ക കമ്പനികളുടെയും ചെറുപതിപ്പുകളില്‍ ഉണ്ടാകാറില്ല. ഇതില്‍ മാറ്റം വരുത്തുകയാണ് 'സോണി'.

സി.പി.യു, ക്യാമറ, മെമ്മറി, വാട്ടര്‍ പ്രൂഫ്, എന്‍.എഫ്.സി., 4ജി സൗകര്യങ്ങളെല്ലാം 'കോംപാക്ട്' മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്.സ്‌ക്രീന്‍ വലിപ്പം, ഡിസ്‌പ്ലേ, ബാറ്ററി തുടങ്ങിയവയില്‍ മാത്രമാണ് വ്യത്യാസമുള്ളത്.

അമേരിക്കയിലെ ലാസ്‌വേഗാസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഈ മോഡലിന്റെ വലിപ്പം 4.3 ഇഞ്ചാണ്. ട്രൈലൂമിനസ് എച്ച്.ഡി. (720 പി) ഡിസ്‌പ്ലേയാണ് ഇതില്‍ (341 പി.പി.ഐ.). എക്‌സ്പീരിയ സെഡ്-1 മോഡലില്‍ അഞ്ച് ഇഞ്ച് ഫുള്‍ എച്ച്.ഡി. (1920 X 1080 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഉള്ളത്. എങ്കിലും ഫുള്‍ എച്ച്.ഡി. വീഡിയോ ചിത്രീകരിക്കാന്‍ 'കോംപാക്ടിലെ' ക്യാമറയ്ക്ക് ശേഷിയുണ്ട്.

പ്രധാന മോഡലിലേതുപോലെ 2.2 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രോസസ്സറാണ് ഇതിലും. റാം 2 ജി.ബി., ജി.പി.യു. അഡ്രിനോ 330.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റമെങ്കിലും ഏറ്റവും പുതിയ 4.4 കിറ്റ്കാറ്റ് പതിപ്പിലേക്ക് മാറാന്‍ ആഴ്ചകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കുമെന്ന് സോണി പറയുന്നു.

16 ജി.ബി.യാണ് ഇന്‍ബില്‍റ്റ് മെമ്മറി. 64 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം.

20.7 മെഗാ പിക്‌സല്‍ ക്യാമറയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മുന്‍നിര കമ്പനികളുടെ 'മിനി' മോഡലുകളില്‍ എട്ട് മെഗാപിക്‌സലില്‍ കൂടുതല്‍ ശേഷിയുള്ള ക്യാമറകള്‍ ഇല്ലെന്ന് ഓര്‍ക്കുക. സോണി ക്യാമറകളില്‍ ഉള്ള ഏറെക്കുറെ എല്ലാ സവിശേഷതകളും ഇതിലും ലഭ്യമാണ്. എക്‌സ്‌റ്റേണല്‍ ക്യാമറ ലെന്‍സുകളും ഘടിപ്പിക്കാം. രണ്ട് മെഗാ പിക്‌സലാണ് മുന്‍ക്യാമറ.

സെഡ്-1 ല്‍ 3000 എം.എ.എച്ച്. ബാറ്ററിയാണെങ്കില്‍ 'കോംപാക്ടി'ല്‍ അത് 2300 എം.എ.എച്ച്. ആയി കുറച്ചിട്ടുണ്ട്.

127 മില്ലീമീറ്റര്‍ നീളവും 64.9 മില്ലീ മീറ്റര്‍ വീതിയും 9.5 മില്ലീമീറ്റര്‍ കനവും 137 ഗ്രാം ഭാരവുമുള്ള ഫോണ്‍ കറുപ്പ്, വെള്ള, പിങ്ക്, ലൈം എന്നീ നിറങ്ങളില്‍ ലഭിക്കും.

ഒരുമീറ്റര്‍ ആഴമുള്ള വെള്ളക്കെട്ടില്‍ അരമണിക്കൂര്‍ കിടന്നാലും ഫോണിന് തകരാറൊന്നും സംഭവിക്കില്ല. മഴയെയും പൊടിയെയും പേടിക്കേണ്ട എന്ന് സാരം.

അടുത്തമാസം അന്താരാഷ്ട്ര വിപണിയില്‍ എത്തുന്ന ഫോണിന്റെ വിലയെക്കുറിച്ച് ഒരു സൂചനയും സോണി നല്‍കിയിട്ടില്ല.

'സെഡ്-1' മോഡലിന് നിലവില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ 38,990 രൂപവരെയാണ് വില. 'കോംപാക്ടി'ന് എന്തായാലും ഇതിലും വില കുറയുമെന്ന് ഉറപ്പ്. അത് എത്രത്തോളം താഴുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

'കീശയില്‍ ഒതുങ്ങുന്ന' ഫോണ്‍ എന്നാണ് ഈ മോഡലിനെക്കുറിച്ച് 'സോണി'യുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്. വലിപ്പത്തെക്കുറിച്ച് മാത്രമല്ല, വിലയെക്കുറിച്ചുമാണ് ഇത് ഉദ്ദേശിക്കുന്നതെന്നാണ് ടെക്‌ലോകത്തെ നിരീക്ഷണം.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആപ്പിളിന്റെ ഐഫോണിനാണ് 'കോംപാക്ട്' വെല്ലുവിളി ഉയര്‍ത്തുക. പിക്‌സല്‍ ഡെന്‍സിറ്റി, ക്യാമറ തുടങ്ങിയ കാര്യങ്ങളില്‍ ഐഫോണിന്റെ പുതിയ മോഡലുകളെക്കാള്‍ മികച്ചതാണിത്.ഐ ഫോണുകളുടെ വിലകൂടി പരിഗണിക്കുമ്പോള്‍ 'സോണി' കടുത്ത മത്സരം തന്നെ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

No comments:

Post a Comment