കാതിലണിയാവുന്ന കമ്പ്യൂട്ടറുമായി ജാപ്പനീസ് ഗവേഷകര്‍
| Mar 01, 2014
കാതിലണിയാം, കണ്ണുചിമ്മലും നാക്കുകൊണ്ടുള്ള നൊട്ടയിടലുംകൊണ്ട് നിയന്ത്രിക്കാം. ജാപ്പനീസ് ഗവേഷകര്‍ തയ്യാറാക്കുന്ന ചെറുകമ്പ്യൂട്ടറിന്റെ സവിശേഷതയാണിവ!
വെറും 17 ഗ്രാം മാത്രം ഭാരമുള്ള 'കമ്മല്‍ കമ്പ്യൂട്ടര്‍ ', ബ്ലൂടൂത്ത് സങ്കേതമുള്ള വയര്‍ലെസ്സ് ഉപകരണമാണ്. ജി.പി.എസ്, കോംപസ്, ഗൈറോ-സെന്‍സര്‍, ബാറ്ററി, ബാരോമീറ്റര്‍ , സ്പീക്കര്‍ , മൈക്രോഫോണ്‍ ഇതെല്ലാമുള്ള ഉപകരണമാണ്.
ഗൂഗിള്‍ ഗ്ലാസ് പോലെ ശരീരത്തിലണിയാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഭാവിസാധ്യത മുന്നില്‍ കണ്ടാണ് ജാപ്പനീസ് ഗവേഷകര്‍ ഇത്തരമൊരു നൂതന കമ്പ്യൂട്ടര്‍ തയ്യാറാക്കുന്നത്.
'ഇയര്‍ക്ലിപ്പ്-ടൈപ്പ് വിയറബില്‍ പി.സി.' ( Earclip-type Wearable PC ) എന്നറിയപ്പെടുന്ന ഈ ചെറുകമ്പ്യൂട്ടറില്‍ , ഒരു മൈക്രോചിപ്പും, ഡേറ്റാസ്റ്റോറേജ് സംവിധാനവുമുണ്ട്. യൂസര്‍മാര്‍ക്ക് സോഫ്റ്റ്‌വേര്‍ ലോഡ് ചെയ്യുകയുമാകാമെന്ന്, ഈ ഉപകരണം വികസിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന ഹിരോഷിമ സിറ്റി സര്‍വ്വകലാശാലയിലെ കസുഹിരോ ടാനിഗുച്ചി പറഞ്ഞു.
ഇയര്‍ റിങ്ങുകള്‍പോലെ ആളുകള്‍ ഇത് കാതിലണിയുമെന്ന പ്രതീക്ഷയില്‍നിന്നാണ് ഈ ഉപകരണമുണ്ടാക്കിയതെന്ന്, ടാനിഗുച്ചി എ.എഫ്.പി.വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
|
|
| ജപ്പാന്‍ കമ്പനിയായ എന്‍ എസ് വെസ്റ്റിലെ എഞ്ചിനിയര്‍ കാതിലണിയുന്ന കമ്പ്യൂട്ടറുമായി |
ഇപ്പോള്‍ പ്രാഥമികരൂപത്തിലെത്തിയ ഈ സിസ്റ്റം, 2015 ക്രിസ്തുമസ് കാലത്ത് പൂര്‍ണസജ്ജമാകുമെന്ന് ഡെവലപ്പര്‍മാര്‍ പ്രതീക്ഷിക്കുന്നു. ഐപോഡ് പോലുള്ള മറ്റ് ഉപകരണങ്ങളുമായി വയര്‍ലെസ്സായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ഇതിനാകും.
മാത്രമല്ല, കണ്‍പുരികത്തിന്റെ ചലനം, നാക്കുകൊണ്ടുള്ള ഞൊട്ടയിടല്‍, മൂക്കിന്റെ ചെറുചലനം, പല്ലുഞെരിക്കല്‍ തുടങ്ങിയ സംഗതികള്‍കൊണ്ട് ഇതില്‍ നാവിഗേഷന്‍ സാധ്യമാകുമെന്നും ഗവേഷകര്‍ പറയുന്നു.
കണ്ണുകളുടെയും വായയുടെയും ചലനങ്ങളുടെ ഫലമായി കാതിനുള്ളിലുണ്ടാകുന്ന ചെറുചലനങ്ങള്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകളുടെ സഹായത്തോടെ മനസിലാക്കിയാണ് ചെറുകമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്.
ഇതുമൂലം, യൂസര്‍മാര്‍ കൈ ചലിപ്പിക്കുകപോലും വേണ്ട. ഒരു 'മൂന്നാംകര'മായി ഇത് പ്രവര്‍ത്തിക്കും. 'രാത്രിയില്‍ ഞാനൊരു മല കയറുകയാണെന്ന് കരുതുക. മുകളില്‍ നല്ല പ്രകാശം പൊഴിക്കുന്ന നക്ഷത്രത്തെ ഞാന്‍ നോക്കുന്ന വേളയില്‍, കാതിലത് പറഞ്ഞുതരും, ഏത് നക്ഷത്രമാണതെന്ന്'-ടാനിഗുച്ചി അറിയിച്ചു.
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമാകാം. ദൂരെയുള്ള ആളുകളുമായി തത്സമയം ബന്ധപ്പെട്ടിരിക്കാന്‍ ഇത് സാഹായിക്കും. നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ പ്രായമായ ആരെങ്കിലുമുണ്ടെങ്കില്‍ , അവരുടെ കാര്യങ്ങള്‍ മനസിലാക്കാനും ഇത് സഹായിക്കും.
|
|
| കസുഹിരോ ടാനിഗുച്ചി, കാതിലണിയുന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കാട്ടുന്നു |
മാത്രമല്ല, ഇതൊരു ആരോഗ്യനിരീക്ഷണ ഉപകരണമായും ഹിയറിങ് എയ്ഡായും പ്രവര്‍ത്തിക്കും. ധരിക്കുന്നയാളിന്റെ നാഡീസ്പന്ദനത്തോത്, ശരീരതാപനില, ഭക്ഷണശീലം, എത്ര ഇടവേളയിലാണ് തുമ്മലുണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിച്ച്, രോഗബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇതിനാകും.
ഹിരോഷിമയിലാണ് ഈ കമ്മല്‍ കമ്പ്യൂട്ടറിന്റെ പരീക്ഷണോപയോഗം ഇപ്പോള്‍ നടക്കുന്നത്. 2016 ഓടെ ഇത് വിപണിയിലെത്തിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. (ചിത്രങ്ങള്‍ക്ക് കടപ്പാട് : AFP)
No comments:
Post a Comment