രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ കൊല്‍ക്കത്തയില്‍ നാലാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ മൊബൈല്‍ വിപണിയില്‍ പുതിയ വിപ്ലവത്തിന് തുടക്കമാവുകയാണ്. 3ജി മൊബൈല്‍ സേവനങ്ങളില്‍ ഇന്റര്‍നെറ്റ് സ്പീഡ് 21 എം.ബി.പി.എസ് (സെക്കന്‍ഡില്‍ 21 എംബി) ആണെങ്കില്‍ 4ജിയില്‍ ഇത് 100 എം.ബി.പി.സ് ആണ്. എയര്‍ടെല്ലിന് പിന്നാലെ മറ്റ് കമ്പനികളും ഉടന്‍ തന്നെ 4ജി സേവനങ്ങള്‍ ലഭ്യമാക്കും. റിലയന്‍സ് ഇന്‍ഫോടെല്‍, ക്വാല്‍കോം എന്നീ കമ്പനികള്‍ക്കാണ് കേരളത്തില്‍ 4ജി സേവനം ലഭ്യമാക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ളത്.
3ജിയില്‍ നിന്നുള്ള വ്യത്യാസം
3ജി മൊബൈല്‍ സേവനത്തെ അപേക്ഷിച്ച് 4ജി സേവനങ്ങള്‍ക്കുള്ള മെച്ചം വേഗതയേറിയ ഇന്റര്‍നെറ്റ് ബ്രൗസിങ് സൗകര്യം തന്നെയാണ്. 3ജിയെ അപേക്ഷിച്ച് നാല് മടങ്ങ് വേഗത്തില്‍ വീഡിയോകളും മറ്റും 4ജിയില്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍, 4ജിയില്‍ സംസാര സൗകര്യം നിലവില്‍ അനുവദിച്ചിട്ടില്ല. അതായത് 4ജി സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് കോള്‍ സൗകര്യം നല്‍കണമെങ്കില്‍ 2ജി ലൈസന്‍സ് വേണമെന്ന് അര്‍ത്ഥം.
3ജി സേവനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത് ആശയ വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന ഒന്നാകുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത് പിന്നീട് മന്ദ ഗതിയിലായി. 2ജി ഉപയോക്താക്കളെ 3ജി സേവനങ്ങളിലേക്ക് മാറ്റുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. 3ജി ശൃംഖല രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിലുണ്ടായ തടസ്സവും മൂന്നാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. 3ജി സേവനങ്ങള്‍ക്ക് കാര്യക്ഷമമായ തുക നിശ്ചയിക്കുന്നതിലും കമ്പനികള്‍ പിന്നോക്കം പോയി. പക്ഷെ ഇതെല്ലാം തുടക്കത്തിലെ ചെറിയ പാളിച്ചകള്‍ മാത്രമാണെന്നും കാലക്രമേണ മാറുമെന്നുമാണ് ടെലികോം രംഗത്തുള്ളവരുടെ വിലയിരുത്തല്‍.
4ജി സേവനം ലഭ്യമാക്കുന്ന കമ്പനികളേതൊക്കെ
റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് രാജ്യത്തെ 22 സര്‍ക്കിളുകളിലും 4ജി ലൈസന്‍സുള്ളത്. ഇന്‍ഫോടെല്‍ എന്ന കമ്പനിയെ ഏറ്റെടുക്കുക വഴിയായിരുന്നു ഇത്. എയര്‍ടെല്ലിന് കൊല്‍ക്കത്ത ഉള്‍പ്പടെ നാല് സര്‍ക്കിളുകളിലാണ് ലൈസന്‍സുളളത്. മറ്റ് കമ്പനികള്‍ : ബി.എസ്.എന്‍.എല്‍ (20 സര്‍ക്കിളുകള്‍), എയര്‍സെല്‍ (8 സര്‍ക്കിളുകള്‍), ടികോന(5 സര്‍ക്കിളുകള്‍), ക്വാല്‍കോം(4 സര്‍ക്കിളുകള്‍), എം.ടി.എന്‍.എല്‍ (2 സര്‍ക്കിളുകള്‍), ഔഗര്‍ (1 സര്‍ക്കിള്‍). അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാല്‍കോമിന് ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കിലും സ്‌പെക്ട്രം ഇതുവരെ ലഭിച്ചിട്ടില്ല.
സേവനങ്ങള്‍ ഏതു സങ്കേതികവിദ്യയില്‍
4ജി സേവനങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ ഏതു സങ്കേതിക വിദ്യ ഉപയോഗിക്കുമെന്നതാണ് മിക്ക ടാബ്‌ലെറ്റ്-മൊബൈല്‍ നിര്‍മാണക്കമ്പനികളും ഉറ്റു നോക്കുന്നത്. എയര്‍ടെല്‍ സേവനങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത് ടി.ഡി-എല്‍.ടി.ഇ (ടൈം ഡിവിഷന്‍-ലോങ്‌ടേം ഇവല്യൂഷന്‍) സങ്കേതികതയാണ്. മൊബൈല്‍ ഫോണുകളില്‍ 100 എം.ബി.പി.എസ് ഇന്റര്‍നെറ്റ് സ്പീഡ് നല്‍കുന്നതാണ് ഈ സാങ്കേതികവിദ്യയെന്ന് എയര്‍ടെല്‍ അവകാശപ്പെടുന്നു. 3ജി, 2ജി സേവനങ്ങള്‍ക്കും ഇത് ഉപയോഗപ്പെടുത്താം. എന്നാല്‍, സേവനങ്ങള്‍ നല്‍കുന്നതില്‍ ഭാരതി എയര്‍ടെല്ലിനും കടമ്പകള്‍ കടക്കാനുണ്ട്. കൊല്‍ക്കത്തയില്‍ സേവനങ്ങള്‍ പരീക്ഷിച്ചപ്പോള്‍ 4-5 മിനിട്ട് വൈകുന്നതായി ടെലികോം വകുപ്പ് കണ്ടെത്തിയിരുന്നു. ഒട്ടും സമയതാമസമില്ലാത്ത രീതിയിലേക്ക് ഇത് ഉടനടി പരിഹരിക്കാന്‍ എയര്‍ടെല്ലിനോട് ടെലികോം വകുപ്പ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
No comments:
Post a Comment