Thursday, June 27, 2013

Huawei MediaPad 7 Vogue - In July 2013 - Below Rs. 25000/-

ഫോണും ടാബും ചേരുന്ന ഹ്വാവേ മീഡിയപാഡ്‌



ചൈനീസ് കമ്പനികള്‍ പടച്ചുവിടുന്ന മോഡലുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് രാജ്യത്തെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണി. അയ്യായിരം രൂപയ്ക്കും ആറായിരം രൂപയ്ക്കുമൊക്കെ ടാബുകള്‍ കിട്ടും എന്നതാണിതിന്റെ ഗുണവശം. പക്ഷേ പെര്‍ഫോര്‍മന്‍സിലും വില്പനാന്തര സേവനത്തിലുമൊക്കെ ഏറെ പിന്നിലാണ് ഇത്തരം ടാബുകള്‍. എങ്കിലും ആഴ്ചതോറും പുതിയ ടാബ്‌ലറ്റ് മോഡലുകള്‍ ചീനദേശത്തുനിന്ന് അതിര്‍ത്തികടന്ന് നമ്മുടെ നാട്ടിലേക്കെത്തുന്നുണ്ട്. ഇതിനിടയ്ക്കാണ് മീഡിയപാഡ് 7 വോഗ് ( Huawei MediaPad 7 Vogue )എന്ന ടാബ്‌ലറ്റ് മോഡലുമായി ഹ്വാവേ അവതരിച്ചിരിക്കുന്നത്. 

ഹ്വാവേ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ' ഓ ചൈനാ കമ്പനിയല്ലേ' എന്ന് പുച്ഛിക്കാന്‍ വരട്ടെ. ചൈനീസ് കമ്പനിയാണെങ്കിലും ഹ്വാവേയെക്കുറിച്ച് അറിയുന്നവര്‍ പറയും അവരുടെ നേട്ടങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍സ് എക്വിപ്‌മെന്റ് കമ്പനിയാണത്. 2012 ല്‍ എറിക്‌സണെ പിന്നിലാക്കിയാണ് ഹ്വാവേ ഒന്നാമതെത്തിയത്്. 20 രാജ്യങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളുള്ള ഹ്വാവേയുടെ കീഴില്‍ ലോകമെങ്ങുമായി 14,000 പേര്‍ ജോലി ചെയ്യുന്നു. 

യു.എസ്.ബി. മോഡം തൊട്ട് ടെലിഫോണ്‍ എക്‌സ്‌ച്ചേഞ്ചുകള്‍ക്കാവശ്യമായ കമ്പ്യൂട്ടര്‍ സെര്‍വര്‍ വരെ കമ്പനി നിര്‍മിക്കുന്നുണ്ട്്. ഇന്ത്യയില്‍ ബി.എസ്.എന്‍.എല്‍. ആണ് ഹ്വാവേയുടെ പ്രധാന ഇടപാടുകാര്‍. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് വിപണനരംഗത്തും സജീവമാണ് കമ്പനി. ടാബ്‌ലറ്റ് രംഗത്ത് മേല്‍ക്കൈ നേടുകയെന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് കമ്പനി മീഡിയപാഡ് 7 വോഗ് അവതരിപ്പിച്ചതെന്ന് വ്യക്തം.


അലൂമിനിയം യൂണിബോഡി ഡിസൈനുമായി എത്തുന്ന വോഗിന് 9.4 മില്ലിമീറ്റര്‍ കനമേയുള്ളൂ. ഭാരം 335 ഗ്രാം. 1024 ത 600 പിക്‌സല്‍സ് റിസൊല്യുഷനോടുകൂടിയ ഏഴിഞ്ച് ഐപിഎസ് പാനല്‍ സ്‌ക്രീനാണ് ടാബില്‍. വൈഫൈ, ത്രിജി വകഭേദങ്ങളോടെ എത്തുന്ന വോഗില്‍ ഹ്വാവേ സ്വന്തമായി നിര്‍മിച്ച 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസറാണുള്ളത്. കൂടെ ഒരു ജി.ബി. റാമും 16 കോര്‍ ജി.പി.യുവും. എട്ട് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജുള്ള ടാബില്‍ 32 ജി.ബി. എസ്.ഡി. കാര്‍ഡ് വരെ ഉപയോഗിക്കാം. 

ഡയറക്ട് കോളിങിനായി ബില്‍ട്ട്-ഇന്‍-റിസീവറോടുകൂടിയാണ് ത്രിജി വെര്‍ഷന്‍ എത്തുന്നത്. ഹെഡ്‌ഫോണിന്റെ സഹായമില്ലാതെ ടാബിലൂടെ സംസാരിക്കാന്‍ ഇത് സഹായിക്കും. ഏഴിഞ്ച് വലിപ്പമുളള ഈ ടാബും ചെവിയില്‍ വച്ച് സംസാരിച്ചുനടക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്ന് മാത്രമേയുളളു സംശയം.

മൂന്ന് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും വീഡിയോ കോളിങിനായി വിജിഎ ഫ്രണ്ട് ക്യാമറയുമുണ്ട് വോഗില്‍. ആന്‍ഡ്രോയ്ഡിന്റെ 4.1 ജെല്ലിബീന്‍ വെര്‍ഷനിലാണ് ഈ ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത്. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഈമെയില്‍, വേഡ് പ്രൊസസിങ്, ജി.പി.എസ്. നാവിഗേഷന്‍ ആപ്ലിക്കേഷനുകള്‍ ടാബില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 20 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയം വാഗ്ദാനം ചെയ്യുന്ന 4100 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 

കറുപ്പ്, വെളുപ്പ് നിറങ്ങളിലെത്തുന്ന മീഡിയപാഡ് വോഗ് ഈ മാസം അവസാനത്തോടെ ചൈനയില്‍ വില്പനയ്‌ക്കെത്തും. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ഇതെത്തുമെന്നുറപ്പാണ്. ഈ ടാബിന് എന്ത് വിലയാകുമെന്ന കാര്യം ഹ്വാവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാംസങിന്റെ ഗാലക്‌സി ടാബ് 3, അസ്യൂസിന്റെ ഫോണ്‍പാഡ് എന്നീ ടാബ്‌ലറ്റുകളോടായിരിക്കും വോഗിന് മത്സരിക്കേണ്ടിവരിക.

No comments:

Post a Comment