Wednesday, January 2, 2013

HUAWEI Ascend G330 for Rs. 10800/-

ഹ്വാവേയുടെ ജി 330
Posted on: 02 Jan 2013



ലോകത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍സ് നിര്‍മാണക്കമ്പനിയാണ് ചൈനയിലെ ഹ്വാവേ ടെക്‌നോളജീസ് ലിമിറ്റഡ്. യു.എസ്.ബി. മോഡം, വയര്‍ലെസ് മോഡം, സെറ്റ് ടോപ്പ് ബോക്‌സ് തുടങ്ങി നിരവധി ഉല്പന്നങ്ങള്‍ കമ്പനിയുടേതായുണ്ട്. ഇന്ത്യയില്‍ ബി.എസ്്.എന്‍.എല്‍. അടക്കമുളള ടെലികോം കമ്പനികള്‍ ഹ്വാവേയുടെ ടെലികോം ഉപകരണങ്ങള്‍ വന്‍തോതില്‍ വാങ്ങുന്നു. 

കമ്പനി മൊബൈല്‍ഫോണ്‍ രംഗത്തേക്ക് കടന്നിട്ട് ഏതാനും വര്‍ഷങ്ങളായി. വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ മോഡലുകളായ ഐഡിയോസ്, പ്രീമിയം സീരീസായ അസെന്റ് എന്നിവ നന്നായി വിറ്റുപോയതോടെ മൊബൈല്‍ വിപണിയിലും ഹ്വാവേ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. 2010 ല്‍ മാത്രം മൂന്ന് കോടി ഹാന്‍ഡ് സെറ്റുകള്‍ ലോകം മുഴുവന്‍ വിറ്റഴിക്കാന്‍ കമ്പനിക്കായി. ഇവയില്‍ മുപ്പതുലക്ഷവും സ്മാര്‍ട്‌ഫോണുകളായിരുന്നു. യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഹ്വാവേ സ്മാര്‍ട്‌ഫോണുകള്‍ക്ക് ആരാധകരുള്ളത്.

2012 ന്റെ അവസാനനാളുകളില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഹ്വാവേ സ്മാര്‍ട്‌ഫോണ്‍ മോഡലാണ് അസെന്റ് ജി 330 (Ascend G330). ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. 10,800 രൂപയാണ് വില. 

പതിനായിരത്തിലേറെ രൂപ മുടക്കി ഈ ഫോണ്‍ വാങ്ങേണ്ട കാര്യമുണ്ടോ എന്ന് സംശയിക്കുന്നതിന് മുമ്പ് ഇതിന്റെ സ്‌പെസിഫിക്കേഷനുകള്‍ പരിശോധിക്കാം -

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ത്രിജി ഫോണാണ് അസെന്റ് ജി 330. 800 X 480 പിക്‌സല്‍ റിസൊല്യൂഷനുള്ള നാലിഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി-ടച്ച് സ്‌ക്രീനാണ് ഫോണിലുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ കോര്‍ടക്‌സ് എ5 സി.പി.യു, 512 എം.ബി. റാം എന്നിവയും നാല് ജി.ബി. ഇന്റേണല്‍ മെമ്മറിയും ഇതിലുണ്ട്. 32 ജി.ബി. എസ്.ഡ്്ി. കാര്‍ഡ് വരെ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനാകും. 


ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോകോളിങിനായി 0.3 മെഗാപിക്‌സല്‍ രണ്ടാം ക്യാമറ എന്നിവയും അസെന്റ് ജി 330 യുടെ മൂല്യം വര്‍ധിപ്പിക്കുന്നു. അസിസ്റ്റഡ് ജി.പി.എസ്്., ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, വൈഫൈ, ബ്ലൂടൂത്ത് എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്. 

1500 എം.എ.എച്ച് ലി-അയണ്‍ ബാറ്ററിയാണ് ഫോണിന് ജീവന്‍ പകരുന്നത്. അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായ സംസാര സമയവും പതിനാലര ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. 130 ഗ്രാം ഭാരമുള്ള അസെന്റ് ജി 330 ബ്ലാക്ക്, സില്‍വര്‍ നിറങ്ങളിലാണ് ഉപയോക്താക്കളുടെ കൈകളിലെത്തുക. 

പതിനായിരം രൂപയ്ക്ക് മികച്ച സ്‌ക്രീനും ഡ്യുവല്‍ കോര്‍ പ്രൊസസറുമുളള സ്മാര്‍ട്‌ഫോണ്‍ ലഭിക്കുകയെന്നത് വലിയ കാര്യം തന്നെ. പക്ഷേ 512 എം.ബി. മാത്രം ശേഷിയുളള റാമും ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനും ഫോണിന്റെ നിറം കെടുത്തുന്നുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.1 ജെല്ലിബീന്‍ വെര്‍ഷനിലുളള ഫോണുകള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ പ്രിയം. എച്ച്.ഡി.എം.ഐ.യും എഫ്.എം. റേഡിയോയും ഇല്ലാത്തതും കുറേ പേരെ നിരാശരാക്കും.

No comments:

Post a Comment