Wednesday, January 2, 2013

Videocon 10.1 inch, 1.5 Ghz dual core Snapdragan A4 Processor, Resolution 1028X800 - Tablet For Rs.11200/-

വീഡിയോകോണിന്റെ ബജറ്റ് ടാബ്‌ലറ്റ്‌



പതിനായിരം രൂപയില്‍ താഴെ വില വരുന്ന ടാബ്‌ലറ്റുകള്‍ ആദ്യമായി ലോകവിപണിയിലെത്തിച്ചത് ചൈനക്കാരാണ്. വില കുറഞ്ഞ ഗാഡ്ജറ്റുകളെന്ന അര്‍ഥത്തില്‍ 'ബജറ്റ് ടാബ്' എന്നായിരുന്നു അവ അറിയപ്പെട്ടിരുന്നത്. ആപ്പിള്‍ ഐപാഡും സാംസങ് ഗാലക്‌സി ടാബും സ്വന്തമാക്കാന്‍ മത്സരിച്ചിരുന്ന പാശ്ചാത്യസമൂഹം ബജറ്റ് ടാബുകളെ കണ്ടഭാവം പോലും നടിച്ചില്ല. ചൈനയില്‍നിന്ന് ഇന്ത്യയിലെത്തിയതോടെ ബജറ്റ് ടാബുകളുടെ രൂപവും ഭാവവും മാറി. ഇന്നിപ്പോള്‍ ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ വിലകുറഞ്ഞ ടാബ്‌ലറ്റുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ അവതരിപ്പിക്കപ്പെട്ട 'ആകാശ്' എന്ന ബജറ്റ് ടാബ് ആഗോളശ്രദ്ധ നേടിയതും ഈ രംഗത്ത് പുത്തനുണര്‍വേകി. ഏഷ്യന്‍രാജ്യങ്ങളിലൊന്നാകെ ബജറ്റ് ടാബുകളിപ്പോള്‍ നന്നായി വിറ്റുപോകുന്നുണ്ട്. 

ഏഷ്യയുടെ വഴിയേ യൂറോപ്പും നീങ്ങുകയാണെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വീഡിയോകോണിന്റെ വി.ടി. 10 എന്ന പുത്തന്‍ ടാബ്‌ലറ്റിന് ടെക്‌ലോകത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത. ടാബ്‌ലറ്റിറങ്ങി ഒരാഴ്ചയാകുമ്പോഴേക്കും ആന്‍ഡ്രോയ്ഡ് കമ്മ്യൂണിറ്റി അടക്കമുള്ള രാജ്യാന്തര ടെക്‌വെബ്‌സൈറ്റുകളില്‍ ഇതേക്കുറിച്ച് വാര്‍ത്ത വന്നുകഴിഞ്ഞു. നിലവില്‍ ഇന്ത്യയില്‍ മാത്രമേ ഈ ടാബ്‌ലറ്റ് ലഭിക്കൂ എന്ന കാര്യം അന്ത്യന്തം നിരാശപ്പെടുത്തുന്നുവെന്ന് ആന്‍ഡ്രോയ്ഡ് കമ്മ്യൂണിറ്റി സീനിയര്‍ എഡിറ്റര്‍ കോറി ഗുന്തര്‍ പരിതപിക്കുന്നു. 

സായിപ്പിനെ ഇത്രമാത്രം ആകര്‍ഷിച്ച വീഡിയോകോണ്‍ വി.ടി.10 ന്റെ സവിശേഷതകള്‍ പരിശോധിക്കാം - പേര് സൂചിപ്പിക്കുന്നതുപോലെ വീഡിയോകോണ്‍ വി.ടി. 10 ഒരു പത്തിഞ്ച് ടാബ്‌ലറ്റാണ്. കൃത്യമായി പറഞ്ഞാല്‍ 10.1 ഇഞ്ചാണ് ടാബ്‌ലറ്റിന്റെ സ്‌ക്രീന്‍ സൈസ്. 1028X800 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ ഐ.പി.എസ്. സ്‌ക്രീനാണ് ടാബിനുള്ളത്. 

1.5 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ സ്‌നാപ്ഡ്രാഗണ്‍ എ4 പ്രൊസസര്‍ ടാബിന് കരുത്ത് പകരുന്നു. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വെര്‍ഷനായ 4.1 ജെല്ലിബീനാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി, 32 ജി.ബി. കാര്‍ഡ് സ്‌ലോട്ട് എന്നിവയെല്ലാം ടാബിന്റെ മുല്യം വര്‍ധിപ്പിക്കുന്നു. 

രണ്ട് മെഗാപിക്‌സല്‍ വീതമുള്ള ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും ടാബിലുണ്ട്. ഗൂഗിളിന്റെ നെക്‌സസ് ടാബ്‌ലറ്റിനുപോലും ഒരു ക്യാമറയേ ഉള്ളൂ എന്നോര്‍ക്കണം. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ ഓപ്ഷനുകളാണ് വീഡിയോകോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്‍ബില്‍ട്ട് ത്രിജി മൊഡ്യൂള്‍ ഇല്ലെന്നത് ചെറിയൊരു പോരായ്മയാണ്. വീഡിയോകോണുമായി ടൈ-അപ്പുള്ള ടെലികോം കമ്പനികളുടെ ത്രിജി ഡോംഗിള്‍ മാത്രമേ ഈ ടാബില്‍ പ്രവര്‍ത്തിക്കു. എച്ച്.ഡി.എം.െഎ. ഔട്ട് പോര്‍ട്ട് ഉള്ളതിനാല്‍ ടാബ്‌ലറ്റിനെ ടി.വി.യുമായി കണക്ട് ചെയ്ത് വീഡിയോകള്‍ വലിയ സ്‌ക്രീനില്‍ കാണാനുള്ള സൗകര്യവുമുണ്ട്. 

6800 എം.എ.എച്ചിന്റെ ലി-അയണ്‍ ബാറ്ററിയാണ് വീഡിയോകോണ്‍ വി.ടി. 10 ന് ഊര്‍ജ്ജം പകരുന്നത്് തുടര്‍ച്ചയായ നാലുമണിക്കൂര്‍ ബ്രൗസിങ് സമയമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. ഭാരം 650 ഗ്രാം. 

ഒരു വര്‍ഷം വാറന്റിയോടെ വിപണിയിലെത്തുന്ന വീഡിയോകോണ്‍ വി.ടി. 10 ന് 11,990 രൂപയാണ് കമ്പനി നിശ്ചയിച്ചിട്ടുള്ള വില. ഹോംഷോപ്പ് 18 പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ 11,200 രൂപയ്ക്ക് ഈ ടാബ്‌ലറ്റ് വില്പനയ്ക്ക് വെച്ചിട്ടുണ്ട്. 

പത്തിഞ്ച് വലിപ്പമുള്ള ടാബ്ലറ്റ് 11,990 രുപയ്ക്ക് (എതാണ്ട് 205 ഡോളര്‍) കിട്ടുന്നു എന്നതുതന്നെയാകും സായിപ്പന്‍മാരെ ആകര്‍ഷിച്ചതെന്ന് വ്യക്തം. പത്തിഞ്ച് സ്‌ക്രീനുള്ള സാംസങ് ഗാലക്‌സി ടാബ് 2 വിന് 25,900 രൂപയാണ് വില. ഇതേവലിപ്പമുള്ള നോഷന്‍ ഇങ്ക് ആദം ടാബ്‌ലറ്റ് വാങ്ങണമെങ്കില്‍ 25000 രുപ മുടക്കണം. ആന്‍ഡ്രോയ്ഡിന്റെ പഴഞ്ചന്‍ വെര്‍ഷനിലോടുന്നതാണ് രണ്ടു മോഡലുകളും. 

അപ്പോള്‍ 11,000 രൂപയ്ക്ക് ജെല്ലിബീന്‍ ടാബ്‌ലറ്റ് കിട്ടുമെന്ന വാര്‍ത്തയറിഞ്ഞാല്‍ ആരാണ് ഞെട്ടാത്തത്? വീഡിയോകോണ്‍ എന്ന വമ്പന്‍ കമ്പനിയുടെ ബ്രാന്‍ഡ് നാമം കൂടിയാകുമ്പോള്‍ ടാബ്‌ലറ്റ് വിദേശത്ത് നന്നായി സ്വീകരിക്കപ്പെടുമെന്നതില്‍ സംശയം വേണ്ട.

No comments:

Post a Comment