Thursday, February 28, 2013

Samsung Knox Software for Samsung Mobile Phone

സ്മാര്‍ട്‌ഫോണ്‍ രണ്ടാക്കും സാംസങ് നോക്‌സ്‌




ഐ.ടി. മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കറിയാം, സ്മാര്‍ട്‌ഫോണ്‍ ഓഫീസിലേക്ക് കൊണ്ടുവന്നാലുളള പൊല്ലാപ്പ്. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം ഒട്ടുമിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും സ്മാര്‍ട്‌ഫോണുകളെ കമ്പനിക്കകത്തേക്ക് കയറ്റില്ല. സ്ഥാപനത്തിന്റെ ഈമെയിലുകളും പ്രസന്റേഷനുകളും സ്മാര്‍ട്‌ഫോണില്‍ തുറക്കുന്നത് അപകടകരമായത് കൊണ്ടാണിത്. ചില കമ്പനികള്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിക്കും. എന്നാല്‍, അതു കൊണ്ടുനടക്കുന്നതിലും ഭേദം നോക്കിയ 1100 വാങ്ങുന്നതാണെന്ന് പുതുതലമുറ ടെക്കികള്‍ സങ്കടം പറയും. ബ്ലാക്ക്‌ബെറിയെന്ന മന്തന്‍ ഫോണ്‍ തങ്ങളുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റിന് യോജിക്കില്ലെന്നതാണ് ഇവരുടെ പരാതി. 

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുത്തനൊരു സോഫ്റ്റ്‌വേറുമായി രംഗത്തെത്തുകയാണ് സാംസങ്. നോക്‌സ് (Knox) എന്നു പേരിട്ടിരിക്കുന്ന ഈ സുരക്ഷാ സോഫ്റ്റ്‌വേര്‍ നിങ്ങളുടെ സ്മാര്‍ട്‌ഫോണിനെ രണ്ടാക്കാന്‍ സഹായിക്കും. പേഴ്‌സണല്‍ എന്നും, ഒഫീഷ്യല്‍ എന്നും പേരിട്ട് രണ്ട് ഹോംസ്‌ക്രീനുകളും ആപ്ലിക്കേഷനുകളുമൊക്കെ ഫോണില്‍ സൂക്ഷിക്കാം. ഫോണ്‍ ഡിസ്‌പ്ലേ സ്‌ക്രീനിലെ താഴേഇടതുഭാഗത്തെ ഐക്കണ്‍ അമര്‍ത്തിയാല്‍ പേഴ്‌സണല്‍ ഫോണ്‍ ഞൊടിയിടയില്‍ ഒഫീഷ്യല്‍ ഫോണ്‍ ആയി മാറും. ഓഫീസ് കാര്യങ്ങളെല്ലാം ചെയ്തുതീര്‍ത്തശേഷം വീണ്ടും ഐക്കണ്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ സ്വന്തം സെറ്റിങ്‌സുള്ള ഹോം സ്‌ക്രീനിലേക്ക് മടങ്ങുകയുമാവാം. ഒഫീഷ്യല്‍ സെറ്റിങ്‌സുളള ഹോംസ്‌ക്രീനിലേക്ക് പോകണമെങ്കില്‍ കമ്പനിയിലെ ഐ.ടി. ഉദ്യോഗസ്ഥര്‍ അനുവദിച്ചുതന്ന പാസ്‌വേഡ് ഉപയോഗിക്കേണ്ടിവരും. 

പേഴ്‌സണല്‍, കോര്‍പ്പറേറ്റ് ഡാറ്റകള്‍ക്കിടയില്‍ കെട്ടിയുയര്‍ത്തിയൊരു സുരക്ഷാമതില്‍ ആണ് നോക്‌സ് എന്നര്‍ഥം. ആന്‍ഡ്രോയ്ഡ് ഒ.എസിലെ എല്ലാ സുരക്ഷാ പാളിച്ചകളും അടച്ചശേഷം നിര്‍മിച്ച സോഫ്റ്റ്‌വേര്‍ ആണ് നോക്‌സ് എന്ന് സാംസങ് അവകാശപ്പെടുന്നു. നോക്‌സ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പ്രതിരോധ മേഖലയടക്കമുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഓഫീസുകളില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നും കമ്പനി പറയുന്നു.


നോക്‌സ് ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളൊന്നും നിങ്ങളുടെ സ്മാര്‍ട്‌ഫോണിലെ മെമ്മറിയിലേക്ക് കടക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. അഋട 256 ബിറ്റ് എന്‍ക്രിപ്ഷനോടുകൂടിയാണ് നോക്‌സിന്റെ വരവ്. ഒറ്റ ആപ്ലിക്കേഷന്‍ കൊണ്ട് ഒരു വിര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന ഈ സംവിധാനം വിവിധ രാജ്യങ്ങളിലെ ഐ.ടി. നയങ്ങളോട് ഒത്തുപോകുന്നതാണ്. ഈ വര്‍ഷം പകുതിക്ക് ശേഷമിറങ്ങുന്ന ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ മോഡലുകളിലെല്ലാം നോക്‌സ് ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെയിനില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വേദിയിലാണ് നോക്‌സ് അവതരിപ്പിക്കപ്പെട്ടത്. 

ലോകത്ത് ഏറ്റവുമധികം വിറ്റഴിയുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ സാംസങിന്റെ പുതിയ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് ടെക്‌ലോകം ഉറ്റുനോക്കുന്നത്. സുരക്ഷിതമായ ബിസിനസ് ഫോണ്‍ എന്ന ബ്ലാക്ക്‌ബെറിയുടെ സ്ഥാനം സ്വന്തമാക്കുക എന്നതാണ് സാംസങിന്റെ ലക്ഷ്യമെന്ന് പലരും കരുതുന്നു. സുരക്ഷിതമായ സെര്‍വറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ബ്ലാക്ക്‌ബെറി ഫോണിലെ ഡാറ്റകള്‍ ചോര്‍ത്താനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. സെര്‍വര്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് പല രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടിട്ടുപോലും അതിനുവഴങ്ങാതെ ബ്ലാക്ക്‌ബെറി തങ്ങളുടെ വിശ്വാസ്യത പലവട്ടം തെളിയിക്കുകയും ചെയ്തതാണ്. ഇതുപോലൊരു വിശ്വാസ്യത തങ്ങളുടെ സ്മാര്‍ട്‌ഫോണുകള്‍ക്കും നേടിയെടുക്കുക എന്നതാണ് നോക്‌സ് കൊണ്ട് സാംസങ് ലക്ഷ്യമിടുന്നത്. 

ഐ.ടി. മേലയില്‍ ബ്രിങ് യുവര്‍ ഓണ്‍ ഡിവൈസ് (Bring your own Device) അഥവാ ബി.വൈ.ഒ.ഡി. എന്ന ആശയത്തിന് സ്വീകാര്യതയേറി വരികയാണ്. നിങ്ങളുടെ കൈയിലുളള സ്മാര്‍ട്‌ഫോണ്‍ ഓഫീസിലേക്ക് കൊണ്ടുവന്ന് ജോലികള്‍ അതുപയോഗിച്ച് ചെയ്യുക എന്നതാണ് ബി.വൈ.ഒ.ഡി. കൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പനി അനുശാസിക്കുന്ന സുരക്ഷാസാങ്കേതികസംവിധാനങ്ങള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുമാത്രം. ഈ ട്രെന്‍ഡ് മുന്‍കൂട്ടി കണ്ടറിഞ്ഞാണ് സാംസങ് നോക്‌സ് സുരക്ഷാസോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചതെന്ന് വ്യക്തം.

No comments:

Post a Comment