Thursday, February 28, 2013

Asus Fonepad - Can call, browse and use as computer

എസ്യൂസ് ഫോണ്‍പാഡ്: ഏഴിഞ്ചില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍


കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ വിപണനരംഗത്ത് കഴിവുതെളിയിച്ച കമ്പനിയാണ് എസ്യൂസ്. 2012 ലെ കമ്പ്യൂട്ടര്‍ വില്പനക്കണക്കുകള്‍ പരിശോധിച്ചാല്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തുണ്ട് എസ്യൂസ്. അതുകണ്ടാകാം തങ്ങളുടെ ആദ്യടാബ്‌ലറ്റിന്റെ നിര്‍മാണച്ചുമതല എസ്യൂസിന് നല്‍കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഗൂഗിളിന് വേണ്ടി എസ്യൂസ് നിര്‍മിച്ചുനല്‍കിയ നെക്‌സസ് 7 എന്ന ടാബ്‌ലറ്റ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ഇപ്പോഴിതാ ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണും കൂടിചേര്‍ന്നൊരു സങ്കര ഉപകരണം അവതരിപ്പിച്ചുകൊണ്ട് എസ്യൂസ് ശ്രദ്ധ നേടുന്നു. എസ്യൂസ് ഫോണ്‍പാഡ് (ASUS Fonepad) എന്നു പേരിട്ടിരിക്കുന്ന ഈ ഗാഡ്ജറ്റ്, സ്‌പെയിനിലെ ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. 

ഗാലക്‌സി നോട്ടിന്റെ വിജയത്തോടെ സ്മാര്‍ട്‌ഫോണിന്റെയും ടാബ്‌ലറ്റിന്റെയും സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ഗാഡ്ജറ്റുകളുടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. ഫാബ്‌ലറ്റുകള്‍ എന്നാണ് ടെക്‌ലോകത്ത് ഇവ അറിയപ്പെടുന്നത്. ഒരു സിം കാര്‍ഡുപയോഗിച്ച് ഫോണ്‍വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും നടക്കും എന്നതാണ് ഫാബ്‌ലറ്റുകളുടെ പ്രധാനഗുണം. ഫാബ്‌ലറ്റ് നിരയിലെ ഏറ്റവും പുതിയ അതിഥിയായി മാറുകയാണ് എസ്യൂസിന്റെ ഫോണ്‍പാഡ്.

1280 X 800 പിക്‌സല്‍സ് റിസല്യൂഷനോടുകൂടിയ ഏഴിഞ്ച് എല്‍.ഇ.ഡി. ബാക്ക്‌ലൈറ്റ് ഡിസ്‌പ്ലേയാണ് ഫോണ്‍പാഡിലുള്ളത്. നെക്‌സസ് 7ന്റെ ഡിസ്‌പ്ലേയ്ക്ക് സമാനമാണിത്. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍പാഡിന് കരുത്ത് പകരുന്നത് 1.2 ഗിഗാഹെര്‍ട്‌സിന്റെ ആറ്റം സെഡ് 2420 പ്രൊസസര്‍, ഒരു ജി.ബി. റാം, ക്വാഡ്‌കോര്‍ ടെഗ്രാ 3 ചിപ് എന്നിവയാണ്. 16 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണ്‍പാഡ് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യും. 

ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗത്തിനുമായുള്ള ബില്‍ട്ട് ഇന്‍ ത്രിജി സംവിധാനം ഈ ഫാബ്‌ലറ്റിലുണ്ട്. ഏഴിഞ്ച് വിസ്താരമുള്ള സ്‌ക്രീന്‍ ചെവിയില്‍ വച്ച് സംസാരിക്കാന്‍ നാണക്കേട് തോന്നുന്നവര്‍ക്ക് നോയ്‌സ് കാന്‍സലേഷനുള്ള മൈക്രോഫോണും എസ്യൂസ് വാഗ്ദാനം ചെയ്യുന്നു. 

4.1 ജെല്ലിബീനിനേക്കാള്‍ മികച്ച ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ ഇറങ്ങിയിട്ടുണ്ടല്ലോ എന്ന് ചിലര്‍ ചോദിച്ചേക്കാം, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ആക്‌സസ് ചെയ്യാനും വിവിധ തരത്തിലുള്ള വിജറ്റുകളും ആപ്പുകളും പ്രവര്‍ത്തിപ്പിക്കാനുമൊക്കെ ജെല്ലിബീന്‍ ധാരാളം മതി എന്നതാണ് എസ്യൂസിന്റെ മറുപടി. 

മള്‍ട്ടിടാസ്‌കിങ് ഉപയോഗത്തിനായി ഫ്ലോട്ടിങ് ആപ്, കൈയക്ഷരത്തിലെഴുതാന്‍ സഹായിക്കുന്ന സൂപ്പര്‍നോട്ട് ലൈറ്റ് എന്നീ ആപ്ലിക്കേഷനുകള്‍ ഫോണ്‍പാഡില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. അഞ്ച് എം.ബി. ക്ലൗഡ് സ്‌റ്റോറേജും എസ്യൂസ് വാഗ്ദാനം ചെയ്യുന്നു. മൂന്ന് മെഗാപിക്‌സല്‍ ക്യാമറ, 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 720 പി വീഡിയോ റെക്കോഡിങ്, ജി-സെന്‍സര്‍, ഇ-കോമ്പസ് എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. 

പുറകു വശത്ത് മെറ്റല്‍ കേസിങോടെ പുറത്തിറങ്ങുന്ന ഈ ഫാബ്‌ലറ്റ് ഗ്രേ, ഗോള്‍ഡന്‍ നിറങ്ങളിലാണ് ലഭിക്കുക. ഇതിന്റെ ബാറ്ററി ആയുസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ജൂണ്‍ മാസത്തോടെ ലോകമെങ്ങും ഫോണ്‍പാഡ് വില്‍പനയ്‌ക്കെത്തിക്കാനാണ് എസ്യൂസിന്റെ പദ്ധതി. 249 ഡോളറാകും (13,530 രൂപ) ഇതിന്റെ വിലയെന്നും സൂചനകളുണ്ട്. ടാബ്‌ലറ്റും സ്മാര്‍ട്‌ഫോണും കൂടിച്ചേരുന്നൊരു ഗാഡ്ജറ്റ് ഈ വിലയ്ക്ക് കിട്ടിയാല്‍ ഇന്ത്യയില്‍ ഏറെപ്പേര്‍ വാങ്ങാനുണ്ടാകുമെന്ന് തീര്‍ച്ച.

No comments:

Post a Comment