എല്‍.ജി.യുടെ ഒപ്ടിമസ് ജി പ്രോ
അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിയുന്ന സ്മാര്‍ട് ഫോണ്‍ ഏതാണ്? ആപ്പിളിന്‍െ ഐഫോണ്‍ എന്നായിരിക്കും ഭുരിഭാഗം പേരുടെയും മറുപടി. രണ്ടാം സ്ഥാനം സാംസങിനും നല്‍കും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് എന്ന സ്ഥാപനം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കുന്നു. 2012 ഡിസംബറിലെ കണക്കെടുത്താല്‍ 33 ശതമാനം വിപണിപങ്കാളിത്തത്തോടെ സാംസങാണ് യു.എസ്. സ്മാര്‍ട്‌ഫോണ്‍ മാര്‍ക്കറ്റിലെ ഒന്നാം സ്ഥാനക്കാരന്‍. 13 ശതമാനം പങ്കാളിത്തത്തോടെ എല്‍.ജി. രണ്ടാം സ്ഥാനത്തും 12 ശതമാനവുമായി ആപ്പിള്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
ഗാലക്‌സി ഫോണ്‍ പരമ്പരയുടെ വരവോടെ ലോകം മുഴുവനും വന്‍സ്വീകാര്യത നേടിയ സാംസങ് അമേരിക്കയില്‍ ഒന്നാമതെത്തിയെങ്കില്‍ അതില്‍ അതിശയിക്കാനില്ല. എന്നാല്‍, രണ്ടാം സ്ഥാനം എല്‍.ജി നേടിയത് വന്‍ അട്ടിമറിയാണെന്ന് പറയാതെ വയ്യ. ഓരോ അമേരിക്കക്കാരന്റെയും സ്വകാര്യ അഹങ്കാരമാണ് സ്റ്റീവ് ജോബ്‌സിന്റെ സ്വന്തം ആപ്പിള്‍ കോര്‍പ്പറേഷന്‍. അവരുണ്ടാക്കിയ ഐഫോണിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് എല്‍.ജിക്ക് രണ്ടാംസ്ഥാനം നല്‍കണമെങ്കില്‍ അതിലെന്തോ അദ്ഭുതം നടന്നിട്ടുണ്ടെന്ന് ആരും ചിന്തിച്ചുപോകും.
ഒപ്ടിമസ് ജി എന്ന കിടിലന്‍ സ്മാര്‍ട്‌ഫോണ്‍ മോഡലാണ് എല്‍.ജി ക്ക് അമേരിക്കയില്‍ അപ്രതീക്ഷിതനേട്ടം സമ്മാനിച്ചത്. കാലിഫോര്‍ണിയയും ടെക്‌സാസുമൊക്കെ ഉള്‍പ്പെടുന്ന വടക്കന്‍ അമേരിക്കയില്‍ മാത്രം പത്തുലക്ഷം ഒപ്ടിമസ് ജി ഹാന്‍ഡ്‌സെറ്റുകള്‍ കഴിഞ്ഞവര്‍ഷം വിറ്റുപോയിട്ടുണ്ട്. മറ്റു മോഡലുകളും വില്പനയില്‍ മോശമല്ലെന്ന് എല്‍.ജി. അധികൃതര്‍ അവകാശപ്പെടുന്നു.
ഒപ്ടിമസ് ജിയുടെ വിജയക്കുതിപ്പില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് അതേ മോഡലിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ എല്‍.ജി. കഴിഞ്ഞയാഴ്ച പുറത്തിറക്കി. എല്‍.ജി. ഒപ്ടിമസ് ജി പ്രോ (LG Optimus G Pro) എന്നു പേരിട്ടിരിക്കുന്ന പുത്തന്‍മോഡല്‍ ഫിബ്രവരി മധ്യത്തില്‍ ദക്ഷിണകൊറിയയിലായിരുന്നു ആദ്യമിറക്കിയത്. സ്‌പെയിനില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും ഒപ്ടിമസ് ഡി പ്രോ അവതരിപ്പിക്കപ്പെട്ടിരുന്നു.
എല്‍.ജി. കമ്പനിയുടെ ആദ്യ ഫുള്‍ എച്ച്.ഡി. സ്മാര്‍ട്‌ഫോണാണിത്. 1920 X 1080 പിക്‌സല്‍സോടു കൂടിയ 5.5 ഇഞ്ച് 1080 പി ഡിസ്‌പ്ലേയുള്ള ഓപ്ടിമസ് ജി പ്രോ ഫാബ്‌ലറ്റ് ഗണത്തില്‍ പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ്. 1.7 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗന്‍ 600 പ്രൊസസര്‍, രണ്ട് ജി.ബി. ഡി.ഡി.ആര്‍. റാം, 32 ജി.ബി. സ്‌റ്റോറേജ്... ഒപ്ടിമസ് ജി പ്രോയുടെ സ്‌പെസിഫിക്കേഷന്‍ ആരെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ വെര്‍ഷന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒപ്ടിമസ് ജി പ്രോയില്‍ 13 മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി 2.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. രണ്ടു ക്യാമറകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച് കൊണ്ട് വീഡിയോ ദൃശ്യങ്ങളെടുക്കാവുന്ന ഡ്യുവല്‍ റെക്കോഡിങ്, 360 ഡിഗ്രി പനോരമ ദൃശ്യങ്ങളെടുക്കാവുന്ന വി.ആര്‍. പനോരമ എന്നീ സംവിധാനങ്ങളും ഫോണിന്റെ സവിശേഷതകളാണ്.
കാഴ്ചയിലും രുപഭംഗിയിലും സാംസങ് ഗാലക്‌സി എസ് ത്രിയോടാണ് ഈ ഫോണിന് ഏറെ സാദൃശ്യം. ഭാരം 160 ഗ്രാം. 3140 എം.എച്ച് ലി-പോ ബാറ്ററിയാണ് ഫോണിലുപയോഗിച്ചിരിക്കുന്നത്. 2013 പകുതിയാകുന്നതോടെ ഒപ്ടിമസ് ജി പ്രോ വില്‍പനയ്‌ക്കെത്തുമെന്ന് എല്‍.ജി കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 800 ഡോളറിനും 900 ഡോളറിനും ഇടയിലായിരിക്കും ഇതിന്റെ വില. സാംസങിന്റെ പുതിയ മോഡലായ നോട്ട് ടുവിനോടായിരിക്കും എല്‍.ജി. ഒപ്ടിമസ് ജി പ്രോയ്ക്ക് കാര്യമായി മത്സരിക്കേണ്ടിവരുക.
No comments:
Post a Comment