ഐഡിയയുടെ സ്വന്തം അള്‍ട്ര; വില 10,500 രൂപ
മൊബൈല്‍ സര്‍വീസ് കമ്പനിയായ ഐഡിയ സെല്ലുലാര്‍ സ്വന്തമായി സ്മാര്‍ട്‌ഫോണുകള്‍ വില്‍പനയ്‌ക്കെത്തിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. രാജ്യത്ത് ത്രീജി സേവനം വ്യാപകമായതോടെയാണ് കമ്പനിക്ക് ഈ ഐഡിയ തലയിലുദിച്ചത്.
ആദ്യകാലത്ത് ത്രീജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വന്‍വില നല്‍കണമായിരുന്നു. അപ്പോഴാണ് ത്രീജി സൗകര്യമുള്ള രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഐഡിയ സ്വന്തമായി അവതരിപ്പിച്ചത്. ഐഡിയ ത്രീജി, ഐഡിയ ത്രീജി ബ്ലേഡ് എന്നിവയായിരുന്നു അവ. ഐഡിയ വരിക്കാര്‍ക്കായി പ്രത്യേക ഡിസ്‌കൗണ്ടും ഓഫറുകളും നല്‍കിയായിരുന്നു ഇതിന്റെ വില്പന.
രാജ്യത്തെ മുഴുവന്‍ ഐഡിയ ഷോറൂമുകളിലും ഈ ഫോണുകള്‍ വില്പനയ്‌ക്കെത്തി. ഐഡിയ കണക്ഷനെടുക്കാനെത്തുന്നവരെ ഫോണ്‍കൂടി പിടിപ്പിക്കുവാന്‍ ഷോറൂമിലെ ജീവനക്കാര്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. എന്നിട്ടും വലിയ വില്പനയൊന്നും ഇവയ്ക്കുണ്ടായില്ല.
സ്മാര്‍ട്‌ഫോണുകളുടെ വില്പനയില്‍ സജീവമായെങ്കിലും സ്വന്തമായി നിര്‍മാണപ്ലാന്റൊന്നും ഐഡിയയ്ക്കില്ല. ചൈനീസ് കമ്പനികളായ ഹ്വാവേ, സെഡ്ടിഇ, ഫ്രഞ്ച് കമ്പനിയായ അല്‍ക്കാടെല്‍ എന്നിവ നിര്‍മിക്കുന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ റീബ്രാന്‍ഡ് ചെയ്ത് സ്വന്തം പേരിലാക്കിയാണ് ഐഡിയ സ്മാര്‍ട്‌ഫോണുകളിറക്കിയത്.
ഇതില്‍ വലിയ അദ്ഭുതമൊന്നുമില്ലെന്ന് മൊബൈല്‍ വ്യവസായത്തെക്കുറിച്ച് അറിയുന്നവര്‍ പറയും. ഇന്ത്യയിലെ പല മുന്‍നിര മൊബൈല്‍ഫോണ്‍ കമ്പനികളും ചൈനീസ് ഫോണുകള്‍ റീബ്രാന്‍ഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്.
ഇപ്പോഴിതാ അള്‍ട്ര എന്നൊരു പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ മോഡലുമായി ഐഡിയ വീണ്ടും എത്തിയിരിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ കമ്പനി വിപണിയിലെത്തിക്കുന്ന പന്ത്രണ്ടാമത് മോഡലാണ് അള്‍ട്ര ( Idea Ultra ). കമ്പനിയിറക്കുന്ന ആദ്യ ഫാബ്‌ലറ്റ് എന്ന സവിശേഷതയും അള്‍ട്രയ്ക്കുണ്ട്. അഞ്ചിഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. 10,500 രൂപയ്ക്കാണ് കമ്പനി ഇതു വില്‍ക്കുന്നത്.
480 X 854 പിക്‌സല്‍സ് റിസൊല്യൂഷനാണ് അള്‍ട്രയുടെ സ്‌ക്രീനിനുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാവുന്ന സ്‌ലോട്ട് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനിലാണ് ഐഡിയ അള്‍ട്ര ഓടുക.
എട്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുള്ള ഐഡിയ അള്‍ട്ര ഡ്യുവല്‍ സിം മോഡലാണ്. 2000 എം.എ.എച്ച്. ബാറ്ററി ഉപയോഗിച്ചിരിക്കുന്ന ഫോണ്‍ അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 200 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ആയുസ്സും ഉറപ്പുനല്‍കുന്നു.
കണക്ടിവിറ്റിക്കായി ത്രീജി, ജി.പി.ആര്‍.എസ്, എഡ്ജ് സംവിധാനങ്ങളുള്ള ഫോണില്‍ ജി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയുമുണ്ട്. ദീപാവലി ഓഫറായി മുന്ന് ജി.ബി. സൗജന്യ മൊബൈല്‍ ഡാറ്റ, മൂന്ന് മാസത്തേക്ക് സൗജന്യ ടി.വി. സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ഐഡിയ നല്‍കുന്നുണ്ട്.
(വലിയ ഫീച്ചർ ഒന്നും ഇല്ലാത്ത സാധാരണ ഫോണ്‍ നോക്കുന്നവര്ക് ഇത് ധാരാളം )
No comments:
Post a Comment