25 ഡോളര്‍ സ്മാര്‍ട്ട്‌ഫോണു'മായി മോസില്ല
വികസ്വര രാഷ്ട്രങ്ങളിലെ സമ്പന്നരല്ലാത്ത മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യംവെച്ച് 25 ഡോളര്‍ (1500 രൂപ) വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ മോസില്ല ഫൗണ്ടേഷന്‍ അവതരിപ്പിച്ചു. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നതായിരിക്കും പുതിയ ഫോണെന്ന് മോസില്ല ഫൗണ്ടേഷന്‍ അറിയിച്ചു.
സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ആരംഭിച്ച 'മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സി' ( MWC 2014 ) ലാണ്, ഫയര്‍ഫോക്‌സ് പ്ലാറ്റ്‌ഫോമിലോടുന്ന ഫോണ്‍ മോസില്ല അവതരിപ്പിച്ചത്. വിലകുറഞ്ഞ ഫീച്ചര്‍ഫോണുകള്‍ വാങ്ങുന്നവരെ '25 ഡോളര്‍ സ്മാര്‍ട്ട്‌ഫോണ്‍ ' ആകര്‍ഷിക്കുമെന്ന് മോസില്ല കരുതുന്നു.
ഫോണ്‍ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രം കഴിയുന്ന സാധാരണ മൊബൈല്‍ ഫോണുകള്‍ക്കും, പൂര്‍ണതോതിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മധ്യേയുള്ള വിഭാഗമാണ് ഫീച്ചര്‍ഫോണുകള്‍ .
ചെലവ് കുറഞ്ഞ മൊബൈല്‍ ചിപ്പുകള്‍ നിര്‍മിക്കുന്ന ചൈനയിലെ 'സ്‌പ്രെഡ്ട്രം' ( Spreadtrum ) കമ്പനിയുമായി സഹകരിച്ചാണ്, '25 ഡോളര്‍ സ്മാര്‍ട്ട്‌ഫോണ്‍ ' മോസില്ല പുറത്തിറക്കുക. എപ്പോഴേക്ക് ഫോണ്‍ വിപണിയിലെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഫയര്‍ഫോക്‌സ് സ്മാര്‍ട്ട്‌ഫോണുകളുടെ പുതിയ നിര
ആപ്പിളിന്റെ ഐഫോണും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഫോണുകളും ആധിപത്യം പുലര്‍ത്തുന്ന ലോകസ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ മത്സരം കാഴ്ച്ചവെയ്ക്കാനാണ് മോസില്ലയുടെ നീക്കമെന്ന് മൊബൈല്‍ കോണ്‍ഗ്രസ്സ് വ്യക്തമാക്കുന്നു.
'25 ഡോളര്‍ ഫോണ്‍ ' കൂടാതെ, ഹ്വാവേ ( Huawei ), സെഡ്ടിഇ ( ZTE ) എന്നീ കമ്പനികളുമായി സഹകരിച്ച് സ്മാര്‍ട്ട്‌ഫോണുകളടക്കം ഫയര്‍ഫോക്‌സ് ഒഎസിലുള്ള ഏഴ് പുതിയ ഉപകരണങ്ങള്‍ക്കൂടി അവതരിപ്പിച്ചത് ഇതിന് തെളിവാണ്.
സെഡ്ടിഇ ഓപ്പണ്‍ സി ( ZTE Open C ), സെഡ്ടിഇ ഓപ്പണ്‍ കക ( ZTE Open II ), ഹ്വാവേ വൈ 300 ( Huawei Y300 ), അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ സി ( Alcatel One Touch Fire C ), അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ ഇ ( Alcatel One Touch Fire E ), അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ എസ് ( Alcatel One Touch Fire S ) എന്നീ സ്മാര്‍ട്ട്‌ഫോണുകളും, അല്‍കാടെല്‍ വണ്‍ ടച്ച് ഫയര്‍ 7 ( Alcatel One Touch Fire 7 ) എന്ന ടാബ്‌ലറ്റുമാണ് ബാഴ്‌സലോണയില്‍ അവതരിപ്പിച്ചത്.
കഴിഞ്ഞ ജൂലായിലാണ് മൊബൈലുകള്‍ക്ക് വേണ്ടി ഫയര്‍ഫോക്‌സ് ഒഎസ് മോസില്ല പുറത്തിറക്കിയത്. 'അതിന് അത്ഭുതകമായ ഒരു തുടക്കമാണ് ലഭിച്ചത്. 15 വിപണികളിലേക്ക് അതെത്തിക്കഴിഞ്ഞു'-മോസില്ലയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെയ് സുലിവന്‍ പറഞ്ഞു.
ലക്ഷ്യമിട്ടതിലുമധികം വില്‍പ്പന ഫയര്‍ഫോക്‌സ് ഫോണുകള്‍ക്കുണ്ടായി. 2013 തുടക്കം മാത്രമായിരുന്നു. 2014 ല്‍ യൂസര്‍ എക്‌സ്പീരിയന്‍സ് തങ്ങള്‍ വിപുലമാക്കുകയാണെന്ന്, പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് സുലിവന്‍ പറഞ്ഞു. (കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്‍ )
No comments:
Post a Comment