Wednesday, February 26, 2014

Nokia Android Phone for Rs. (Nokia X Rs. 7500/-, Nokia X+ Rs. 8400/-, Nokia XL Rs. 9300/-)


നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിച്ചു


ബാഴ്‌സലോണയില്‍ ആരംഭിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ കാത്തിരുന്ന അത്ഭുതം സംഭവിച്ചു. ഏറെനാളായി തുടരുന്ന അഭ്യൂഹങ്ങള്‍ ശരിവെച്ചുകൊണ്ട്, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിലോടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കിയ അവതരിപ്പിച്ചു.

ഒരേസമയം ആന്‍ഡ്രോയ്ഡ് ആപ്പുകളും, നോക്കിയയുടെയും മൈക്രോസോഫ്റ്റിന്റെയും സര്‍വീസുകളും പ്രവര്‍ത്തിക്കുന്ന നോക്കിയ എക്‌സ് ( Nokia X ), നോക്കിയ എക്‌സ് പ്ലസ് ( Nokia X+ ), നോക്കിയ എക്‌സ് എല്‍ ( Nokia XL ) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.

നാലിഞ്ച് 480 x 480 പിക്‌സല്‍ ഡിസ്‌പ്ലേയോടുകൂടിയ നോക്കിയ എക്‌സിന്റെ യൂസര്‍ ഇന്റര്‍ഫേസ്, വിന്‍ഡോസ് ഫോണ്‍ 8 ന്റേതിന് സമമാണ്. എക്‌സ് പ്ലസിന്റെ സ്‌ക്രീന്‍ റിസല്യൂഷനും എക്‌സിലേതിന് തുല്ല്യമാണ്.

1 GHz ഡ്യുവല്‍ - കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 പ്രൊസറാണ് രണ്ട് മോഡലിനും കരുത്ത് പകരുന്നത്. ഇരുമോഡലിനും 4ജിബി വീതം ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. 32 ജിബി മൈക്രോഎസ്ഡി കാര്‍ഡും ഉപയോഗിക്കാം. രണ്ട് മോഡലുകള്‍ക്കും ജീവന്‍ പകരുന്നത് 1500 mAh ബാറ്ററിയാണ്.

ഹാര്‍ഡ്‌വേറിന്റെ കാര്യത്തില്‍ ഇരുമോഡലുകളും തമ്മിലുള്ള പ്രകടമായ വ്യത്യാസം റാമിന്റെ കാര്യത്തിലാണ്. നോക്കിയ എക്‌സില്‍ അത് 512 എംബിയും, എക്‌സ് പ്ലസില്‍ 768 എംബിയുമാണ്. രണ്ട് മോഡലുകളിലും മൂന്നുമെഗാപിക്‌സല്‍ പിന്‍ക്യാമറയുണ്ട്. മുന്‍ക്യാമറ രണ്ടിലും ഇല്ല.



അതേസമയം, നോക്കിയ എക്‌സ് എല്‍ മോഡലില്‍ അഞ്ചിഞ്ച് 480 x 480 ഡിസ്‌പ്ലെയാണുള്ളത്. അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും, 720പി മുന്‍ക്യാമറയുണ്ട്. 768 എംബിയാണ് റാം. 2000 mAh ബാറ്ററിയും.

കസ്റ്റമറൈസ് ചെയ്ത ആന്‍ഡ്രോയ്ഡ് വേര്‍ഷനാണ് മൂന്നു ഫോണിലുമുള്ളത്. മുന്‍കൂറായി ഗൂഗിള്‍ പ്ലേ സര്‍വീസ് ഇവയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. അതിനാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലഭ്യമല്ല. പക്ഷേ, 'യാന്‍ഡെക്‌സ് സ്റ്റോര്‍ ' ( Yandex Store ) വഴി ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ലഭ്യമാകും.

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ക്കൊപ്പം, നോക്കിയ സര്‍വീസായ മിക്‌സ്‌റേഡിയോ ( MixRadio ), ഹിയര്‍ മാപ്‌സ് ( HERE maps ) എന്നിവയും, മൈക്രോസോഫ്റ്റിന്റെ ജനപ്രിയ സര്‍വീസായ സ്‌കൈപ്പ് ( Skype ), വണ്‍ഡ്രൈവ് ( OneDrive ), ഔട്ട്‌ലുക്ക് ( Outlook.com ) എന്നിവയും ഫോണുകളില്‍ ലഭ്യമാകും.

മൂന്ന് നോക്കിയ എക്‌സ് മോഡലുകളും 3ജി പിന്തുണയുള്ളവയാണ്. മൂന്നിലും മൈക്രോ സിംകാര്‍ഡേ പ്രവര്‍ത്തിക്കൂ.

ഏഷ്യാ-പെസഫിക് മേഖലയിലും യൂറോപ്പ്, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും ഉടന്‍ വില്‍പ്പനയ്‌ക്കെത്തുന്ന നോക്കിയ എക്‌സിന്, നികുതികള്‍ കൂടാതെ ഏതാണ്ട് 7,500 രൂപയാണ് വില.

അതേസമയം, നോക്കിയ എക്‌സ് പ്ലസ്, എക്‌സ് പ്ലസ് എല്‍ മോഡലുകള്‍ കുറച്ചു കഴിഞ്ഞേ വിപണിയിലെത്തൂ. അവയ്ക്ക് യഥാക്രമം 8,400 രൂപ, 9,300 രൂപ എന്നിങ്ങനെയായിരിക്കും വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. (കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്‍ , ചിത്രങ്ങള്‍ : Nokia )

No comments:

Post a Comment