Thursday, March 27, 2014

Lenovo Android Laptop - A10

ആന്‍ഡ്രോയ്ഡ് ലാപ്‌ടോപ്പുമായി ലെനോവോ

  

വിന്‍ഡോസിനും ലിനക്‌സിനുമൊക്കെ പകരംവെക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമായി ആന്‍ഡ്രോയ്ഡ് മാറിക്കഴിഞ്ഞുവെന്ന് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം. ഒരു പേഴ്ണല്‍ കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന കാര്യങ്ങളൊക്കെ ആന്‍ഡ്രോയ്ഡ് ഫോണില്‍ സാധിക്കുന്നു എന്നത് തന്നെ അതിന്റെ തെളിവ്. ആന്‍ഡ്രോയ്ഡ് വെര്‍ഷനിലോടുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു.

സ്മാര്‍ട്‌ഫോണിലും ടാബ്‌ലറ്റിലുമൊക്കെ ആന്‍ഡ്രോയ്ഡ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതേ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലാപ്‌ടോപ്പ് ഉണ്ടാക്കിയാലെന്താ? ഐഡിയ കൊള്ളാം, നമ്മള്‍ മനസില്‍ കാണുമ്പോഴേക്ക് ചൈനക്കാരന്‍ മാര്‍ക്കറ്റിലെത്തിച്ചു എന്നു മാത്രം. ആന്‍ഡ്രോയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആദ്യ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ലെനോവോ കഴിഞ്ഞദിവസം വിപണിയിലെത്തിച്ചു. ലെനോവോ എ10 ( Lenovo A10 ) എന്ന് പേരിട്ടിരിക്കുന്ന ലാപ്‌ടോപ്പ് ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനിലാണ് പ്രവര്‍ത്തിക്കുന്നത്.

ഔദ്യോഗികമായി അവതരിപ്പിച്ചുവെങ്കിലും സാധനത്തിന്റെ വില എത്രയാണെന്നോ സംഭവം എന്ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നോ വ്യക്തമാക്കാന്‍ ലെനോവോ തയ്യാറായിട്ടില്ല. ദീപാവലിക്കു മുമ്പ് കടകളിലെത്തും എന്ന കാര്യത്തില്‍ മാത്രമേയുള്ളൂ ഉറപ്പ്. വരുന്നതിനു മുമ്പ് ലെനോവോ എ10 ന്റെ ഉള്ളിലെ വിശേഷങ്ങള്‍ അറിഞ്ഞുവെക്കാം.

ലെനോവോയുടെ സവിശേഷതയായ അക്യുടൈപ്പ് കീബോര്‍ഡുമായാണ് എ 10 ന്റെ വരവ്. ഒപ്പം ആന്‍ഡ്രോയ്ഡ് ഗാഡ്ജറ്റുകളിലുണ്ടാകുന്ന ഹോം, ബാക്ക്, മള്‍ട്ടിടാസ്‌ക്, സെറ്റിങ്‌സ് കീകളുമുണ്ട്. 1366 X 768 പിക്‌സല്‍സ് റിസൊല്യൂഷനോട് കൂടിയ 10.1 ഹൈഡെഫനിഷന്‍ സ്‌ക്രീനാണ് ഈ ലാപ്‌ടോപ്പിലുള്ളത്. 300 ഡിഗ്രി വരെ പുറകിലേക്ക് മടക്കിവെക്കാവുന്ന ടച്ച് സ്‌ക്രീനാണിത്. 0.3 മെഗാപിക്‌സല്‍ ക്യാമറയും മികച്ച ശബ്ദസുഖമുള്ള സ്പീക്കറും എ10 ന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ഒരു കിലോഗ്രാമില്‍ കുറവ് തൂക്കമുള്ള ലാപ്‌ടോപ്പിന്റെ ഘനം 17.3 മില്ലിമീറ്ററാണ്.


ആര്‍കെ 3188 കോര്‍ടെക്‌സ്-എ9 ക്വാഡ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പാണിത്. ക്ലോക്ക് സ്പീഡ് 1.6 ഗിഗാഹെര്‍ട്‌സ്. രണ്ട് ജി.ബി. റാം, 32 ജി.ബി. ബില്‍ട്ട് ഇന്‍ സ്‌റ്റോറേജ്, മൈക്രോ എസ്.ഡി. കാര്‍ഡ് എക്‌സ്പാന്‍ഷന്‍ സ്‌ലോട്ട്, രണ്ട് യു.എസ്.ബി. പോര്‍ട്ടുകള്‍, ഒരു എച്ച്.ഡി.എം.ഐ. പോര്‍ട്ട് എന്നിവയാണിതിന്റെ മറ്റ് ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.

ടച്ച്‌സ്‌ക്രീനായതിനാല്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന ലാഘവത്തോടെ ആപ്ലിക്കേഷനുകള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനുമാകും. ഒമ്പത് മണിക്കൂര്‍ തുടര്‍ച്ചയായ വീഡിയോ കാണല്‍ ഉറപ്പുതരുന്നുണ്ട് ലാപ്‌ടോപ്പിനുള്ളിലെ ബാറ്ററി.

'' ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഗാഡ്ജറ്റുകള്‍ സാര്‍വത്രികമായതോടെ ആളുകള്‍ ജോലിക്കും വിനോദത്തിനുമൊക്കെ ഇത്തരം ഉപകരണങ്ങളെയാണ് ആശ്രയിക്കുന്നത്. ലാപ്‌ടോപ്പിലെത്തുമ്പോള്‍ മാത്രം ഒ.എസ്. മാറുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാനാണ് ഞങ്ങള്‍ ഇത്തരമൊരു ഗാഡ്ജറ്റ് അവതരിപ്പിക്കുന്നത്''- ലെനോവോ വൈസ്പ്രസിഡന്റും നോട്ട്ബുക്ക് ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ ബായി പെങ് പറയുന്നു.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയേ ലെനോവോ എ10 ന് ഈടാക്കുകയുള്ളൂ എന്നും ബായി പെങ് ഉറപ്പുനല്‍കുന്നു. ഇരുപതിനായിരം രൂപയ്ക്കടുത്തായിരിക്കും ഇതിന്റെ വിലയെന്ന് ഊഹാപോഹങ്ങളുണ്ട്.

No comments:

Post a Comment