Thursday, March 27, 2014

Lenovo S650, S930

എസ്' സീരീസുമായി ലെനോവോയും

  
ലെനോവോ എസ് 650


സാംസങിന്റെ ജാതകം തിരുത്തിക്കുറിച്ച സംഭവമായിരുന്നു എസ് സീരീസില്‍ അവരിറക്കിയ സ്മാര്‍ട്‌ഫോണുകള്‍. 2010 ലാണ് സാംസങ് ആദ്യമായി ഗാലക്‌സി എസ് എന്ന പേരില്‍ സ്മാര്‍ട്‌ഫോണിറക്കിയത്. സ്മാര്‍ട്‌ഫോണ്‍ എന്നതിന്റെ ചുരുക്കമായിരുന്നു എസ്.

പിന്നീട് എസ് ടു, എസ് ത്രി, ഏറ്റവുമൊടുവിലിതാ ഗാലക്‌സി എസ് ഫോറും പുറത്തിറങ്ങി. ഇതുവരെ സാംസങിന്റെ 16 കോടി എസ് സീരീസ് ഫോണുകള്‍ വിറ്റുപോയെന്നാണ് കണക്കുകള്‍. ഈവര്‍ഷം ഒക്‌ടോബറിലിറങ്ങിയ ഗാലക്‌സി എസ് ഫോര്‍ മാത്രം നാലു കോടി ആള്‍ക്കാര്‍ സ്വന്തമാക്കിക്കഴിഞ്ഞു.

സാംസങിന്റെ ചുവടുപിടിച്ച് എല്‍ജിയും നോക്കിയയും സോണിയുമൊക്കെ എസ് എന്ന പേരില്‍ ഫോണുകളിറക്കുന്നുണ്ട്. ആ കൂട്ടത്തിലേക്ക് ഇപ്പോള്‍ ലെനോവോയും ചേരുകയാണ്.

ബജറ്റ് റേഞ്ചിലുള്ള സ്മാര്‍ട്‌ഫോണുകളിറക്കുന്ന ചൈനീസ് കമ്പനിയാണ് ലെനോവോ. അല്പം വിലകൂടിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ കമ്പനി. ഹൈ-എന്‍ഡ് മോഡലുകളുടെ നിരയ്ക്ക് അവരിട്ട പേരാണ് എസ് റേഞ്ച്. എസ് റേഞ്ചിലെ ഏറ്റവും പുതിയ രണ്ട് മോഡലുകള്‍ ലെനോവോ കഴിഞ്ഞയാഴ്ച വില്പനയ്‌ക്കെത്തിച്ചു.

റഷ്യയിലാണ് ഈ രണ്ടുഫോണുകളും അവതരിപ്പിക്കപ്പെട്ടത്. മറ്റു രാജ്യങ്ങളില്‍ ഇവ എന്ന് വില്പനയ്‌ക്കെത്തുമെന്ന കാര്യം ലെനോവോ വ്യക്തമാക്കിയിട്ടില്ല.

ലെനോവോ എസ് 650, ലെനോവോ എസ് 930 എന്നീ ഫോണുകളാണ് പുതുതായി രംഗത്തെത്തിയത്.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ് 650 ഡ്യുവല്‍സിം മോഡലാണ്. 540 X 960 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.7 ഇഞ്ച് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് എംടി 6582 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഒരു ജിബി. റാമുമുണ്ട്.

ലെനോവോ എസ് 930


എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ എസ്.ഡി. കാര്‍ഡുപയോഗിച്ച് എക്‌സ്‌റ്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാനുമാകും. 2000 എം.എ.എച്ച്. ബാറ്ററി ഫോണിന് വേണ്ട ഊര്‍ജ്ജം പകരുന്നു.

ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയുമുണ്ടെങ്കിലും കാമറയുടെ നിലവാരത്തെക്കുറിച്ച് ലെനോവോ ഒന്നും പറയുന്നില്ല. 11,990 റൂബിളിന് (ഏതാണ്ട് 22,600 രൂപ) ആണ് എസ് 650 റഷ്യയില്‍ വില്ക്കുന്നത്.

720 X 1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള ആറിഞ്ച് ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയോടുകൂടിയ ഫാബ്‌ലറ്റാണ് ലെനോവോ എസ് 930. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് പ്ലാറ്റ്‌ഫോം. ഇതുമൊരു ഡ്യുവല്‍സിം ഫോണ്‍ തന്നെ.

1.3 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക് എംടി 6582 പ്രൊസസര്‍, ഒരു ജി.ബി. റാം എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. എട്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 1.6 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട് ഈ ഫോണില്‍.

എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയും എക്‌സ്‌റ്റേണല്‍ മെമ്മറിക്കായി എസ്. ഡി. കാര്‍ഡ് സൗകര്യവും ഈ ഫോണിലുണ്ട്. 3000 എം.എ.എച്ചിന്റെ ഭീമന്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ചാര്‍ജ് പെട്ടെന്ന് തീരുമെന്ന പേടി വേണ്ട. 13,990 റൂബിളാണ് (26,500 രൂപ) എസ് 930 ന്റെ റഷ്യയിലെ വില.

No comments:

Post a Comment