കിറ്റ്കാറ്റ് ഫോണുകളുമായി എല്‍ജി. ഇന്ത്യയില്‍
|
|
| LG L70 |
കഴിഞ്ഞമാസം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ സമാപിച്ച മൊബൈല്‍വേള്‍ഡ് കോണ്‍ഗ്രസില്‍ എല്‍ജി അവതരിപ്പിച്ച രണ്ട് സ്മാര്‍ട്‌ഫോണ്‍ മോഡലുകളായിരുന്നു എല്‍ 70 യും എല്‍ 90 യും. ഒരുമാസം തികയും മുമ്പേ രണ്ടു ഫോണുകളും ഇന്ത്യയില്‍ വില്പനയ്‌ക്കെത്തിക്കഴിഞ്ഞു.
ഔദ്യോഗികപ്രഖ്യാപനമോ താരനിബിഡമായ ലോഞ്ചിങ് ചടങ്ങുകളോ ഇല്ലാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇവ ഇന്ത്യന്‍ വിപണിയിലെത്തുകയായിരുന്നു. പക്ഷേ, സാധനമന്വേഷിച്ച് എല്‍ജി ഷോറൂമുകളില്‍ ചെന്നാല്‍ ചിലപ്പോള്‍ നിരാശരായി മടങ്ങേണ്ടിവരും. ഇ-ടെയ്‌ലിങ് വെബ്‌സൈറ്റായ സ്‌നാപ്ഡീലിലൂടെ മാത്രമേ നിലവില്‍ ഈ രണ്ടു മോഡലുകളും ലഭിക്കുകയുള്ളു.
ഓര്‍ഡര്‍ നല്‍കിയാല്‍ 12 ദിവസത്തിനുള്ളില്‍ ഫോണ്‍ വീട്ടിലെത്തുമെന്ന് സ്‌നാപ്ഡീല്‍ ഉറപ്പുനല്‍കുന്നു. ഫ് ളിപ്കാര്‍ട്ടിലൂടെ മോട്ടോറോളയുടെ സ്മാര്‍ട്‌ഫോണ്‍ മോഡലായ 'മോട്ടോ ജി'യുടെ ഇന്ത്യന്‍ വില്പന തുടങ്ങിയതോടെയാണ് സ്‌നാപ്ഡീലിനെ കൂട്ടുപിടിച്ച് എല്‍ജി പുത്തന്‍ മോഡലുകള്‍ തിടുക്കത്തില്‍ അവതരിപ്പിച്ചതെന്ന് വ്യക്തം.
എല്‍ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ നിരയായ എല്‍ സീരീസില്‍ പെടുന്ന മോഡലുകളാണ് എല്‍ 70 യും എല്‍ 90 യും. രണ്ടു ഫോണുകളുടെയും ഉള്ളിലുള്ളതെന്തെന്ന് പരിശോധിക്കാം -
എല്‍ 70: 800 X 400 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 4.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ . 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, അഡ്രിനോ 302 ജി.പി.യു., ഒരു ജി.ബി. റാം എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ ശേഷി.
ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.4 കിറ്റ്കാറ്റ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് എല്‍ 70. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ അഞ്ച് മെഗാപിക്‌സല്‍ പിന്‍ക്യാമറയും 0.3 മെഗാപിക്‌സല്‍ വി.ജി.എ. മുന്‍ക്യാമറയും ഇതിലുണ്ട്. ഇന്റേണല്‍ മെമ്മറി നാല് ജിബി, അതു പോരെന്നുളളവര്‍ക്ക് 32 ജിബി വരെയുളള എസ്.ഡി. കാര്‍ഡുകള്‍ ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാം.
കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് 4.0 സംവിധാനങ്ങളും ഫോണിലുണ്ട്. ഇതൊരു ഡ്യുവല്‍ സിം മോഡലാണ്. 2,100 എം.എ.എച്ച്. ബാറ്ററി ഫോണിന് വേണ്ട ഊര്‍ജ്ജം പകരുന്നു. വില: 14,500 രൂപ.
|
|
| LG L90 |
എല്‍ 90: ഇതുമൊരു ഡ്യുവല്‍ സിം ഫോണ്‍ തന്നെ. 960 X 540 പിക്‌സല്‍സ് റിസൊല്യൂഷനുളള 4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, അഡ്രിനോ 305 ജി.പി.യു., ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നീ ഓപ്ഷനുകളുള്ള ഫോണില്‍ 2,540 എം.എ.എച്ച്്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. വില: 17,499 രൂപ.
മോട്ടറോളയുടെ മോട്ടോ ജി (വില 12,499 രൂപ), എച്ച്.ടി.സി. ഡിസയര്‍ 500 (വില 17,999 രൂപ), സാംസങ് ഗാലക്‌സി ഗ്രാന്‍ഡ് ഡ്വുവോസ് (വില 17,998 രൂപ), നോക്കിയ ലൂമിയ 720 (വില 16,999 രൂപ), സോണി എക്‌സ്പീരിയ എല്‍ (വില 14,470 രൂപ), സോളോ എല്‍ടി900 (വില 16,999 രൂപ), സോളോ പ്ലേ (വില 14,199 രൂപ) എന്നീ ഫോണുകളോടായിരിക്കും എല്‍ജിയുടെ പുതിയ മോഡലുകള്‍ക്ക് മത്സരിക്കേണ്ടിവരിക.
No comments:
Post a Comment