Tuesday, March 25, 2014

Wahts App and Face Book

വാട്ട്‌സ്ആപ്പ് ഏറ്റെടുക്കല്‍ ; ഫെയ്‌സ്ബുക്കിനെ തടയണമെന്ന് ആവശ്യം



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മെസേജിങ് സര്‍വീസായ വാട്ട്‌സ്ആപ്പിനെ വന്‍തുക നല്‍കി ഏറ്റെടുക്കുന്ന ഫെയ്‌സ്ബുക്കിന്റെ നിക്കം തടയണമെന്ന് ആവശ്യമുയരുന്നു.

വാട്ട്‌സ്ആപ്പ് ( WhatsApp ) അംഗങ്ങളുടെ പേഴ്‌സണല്‍ ഡേറ്റ എങ്ങനെ ഉപയോഗിക്കാനാണ് ഫെയ്‌സ്ബുക്ക് ( Facebook ) ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുംവരെ, ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കണമെന്നാണ് ആവശ്യം.

1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്ന വിവരം കഴിഞ്ഞ ഫിബ്രവരി 20 നാണ് പുറത്തുവന്നത്. ടെക്ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ഈ ഏറ്റെടുക്കലിന്, വാട്ട്‌സ്ആപ്പിലെ 45 കോടി അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഫെയ്‌സ്ബുക്കിട്ട വില 42 ഡോളര്‍ വീതമാണ.

വാട്ട്‌സ്ആപ്പ് നിലവിലുള്ളതുപോലെ ഒരു പ്രത്യേക കമ്പനിയായി പ്രവര്‍ത്തിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, വാട്ട്‌സ്ആപ്പിലെ സ്വകാര്യതാക്രമീകരണങ്ങളില്‍ മാറ്റം വരുത്തില്ലെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.

പരസ്യവരുമാനത്തിനായി യൂസര്‍ ഡേറ്റ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയോടെയാണ് വാട്ട്‌സ്ആപ്പ് സൃഷ്ടിച്ചിരിക്കുന്നതെന്ന കാര്യം, യു.എസ്.ഫെഡറല്‍ ട്രേഡ് കമ്മീഷന് (എഫ് ടി സി) ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ , സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ ഡെമോക്രസി എന്നീ സന്നദ്ധസംഘടനകളാണ് പരാതിയുമായി ട്രേഡ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

യൂസര്‍മാരുടെ ഒട്ടേറെ വ്യക്തിഗത വിവരങ്ങള്‍ വാട്ട്‌സ്ആപ്പിന്റെ പക്കലുണ്ട്. അടുത്ത സുഹൃത്തുക്കളുമായി അംഗങ്ങള്‍ കൈമാറിയ ടെക്സ്റ്റ് മെസേജുകളും അതില്‍ പെടുന്നു. യൂസര്‍മാരുടെ വിവരങ്ങള്‍ പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കമ്പനിയാണ് ഫെയ്‌സ്ബുക്ക്. ആ നിലയ്ക്ക് വാട്ട്‌സ്ആപ്പ് യൂസര്‍മാരുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ ആ ബിസിനസ് മാതൃകയിലേക്ക് സമ്മേളിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു.

യൂസര്‍മാരുടെ വയസ്സ്, ലിംഗഭേദം, മറ്റ് വിവരങ്ങള്‍ മുതലായവ ഉപയോഗിച്ച്, പ്രത്യേക പരസ്യങ്ങള്‍ കാട്ടി വരുമാനമുണ്ടാക്കുന്ന കമ്പനിയാണ്, 120 ലേറെ കോടി അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക്.

എന്നാല്‍ , 'സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് തങ്ങള്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും, വാട്ട്‌സ്ആപ്പ് ഒരു പ്രത്യേക കമ്പനിയായി പ്രവര്‍ത്തിക്കുമെന്നും' ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പരാതിയില്‍ കഴമ്പുണ്ടോ, അത് കൂടുതല്‍ തെളിവെടുപ്പിന് വിടണോ എന്നകാര്യം ഇനി എഫ് ടി സി ആണ് തീരുമാനിക്കേണ്ടത്.

No comments:

Post a Comment