Thursday, June 19, 2014

Amazon Fire Phone (World first 3D phone) - First smaret phone ofd Amazon Company

 

ത്രീഡി ദൃശ്യസാധ്യതയുമായി ആമസോണിന്റെ 'ഫയര്‍ ഫോണ്‍'



ലോകത്തേറ്റവും കടുത്ത മത്സരം നടക്കുന്ന രംഗമാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി. സാംസങ്, ആപ്പിള്‍, നോക്കിയ, സോണി, എച്ച്ടിസി, എല്‍ജി എന്നിങ്ങനെ അസംഖ്യം കമ്പനികള്‍ ബലാബലം നോക്കുന്ന ആ വിപണിയില്‍ ഇതുവരെ കൈവെയ്ക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമന്‍ ആമസോണ്‍.

'കിന്‍ഡ്ല്‍' എന്ന പേരില്‍ ഇ-ബുക്ക് റീഡറും, 'കിന്‍ഡ്ല്‍ ഫയര്‍' എന്ന ടാബ്‌ലറ്റും വിപണിയിലെത്തിച്ച് ഗാഡ്ജറ്റ് രംഗത്ത് സാന്നിധ്യമറിയിച്ചെങ്കിലും, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ആമസോണ്‍ ഇതുവരെ സാന്നിധ്യമായില്ല. 

ഇനി അതല്ല കഥ. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഒരു കൈ നോക്കാന്‍ ആമസോണും എത്തിയിരിക്കുന്നു. വെറുതെ എത്തുകയല്ല, നിലവിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണിനും അവകാശപ്പെടാന്‍ പറ്റാത്ത തരത്തില്‍ കിടിലന്‍ ഫീച്ചറുകളുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുമായാണ് ആമസോണിന്റെ വരവ്. പേര് - 'ആമസോണ്‍ ഫയര്‍ ഫോണ്‍'. 


അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ചടങ്ങില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണ് 'ഫയര്‍ ഫോണ്‍' അവതരിപ്പിച്ചത്. 

സെല്ലുലാര്‍ സേവനദാതാവായ എടി ആന്‍ഡ് ടി ( AT&T ) യുടെ രണ്ടുവര്‍ഷത്തെ കരാറോടുകൂടി അമേരിക്കയില്‍ ഫോണ്‍ വാങ്ങാം. ഫയര്‍ ഫോണിന്റെ 32 ജിബി മോഡലിന് കരാറോടുകൂടി 199 ഡോളറും, 64 ജിബി മോഡലിന് 299 ഡോളറുമാണ് വില. കരാറില്ലാതെ 649 ഡോളര്‍ നല്‍കണം. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂലായ് 25 മുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും. 

ത്രിമാന ദൃശ്യങ്ങള്‍ കാണാന്‍ അസരമൊരുക്കുന്ന ഡിസ്‌പ്ലേയൊടുകൂടിയതാണ് ഫയര്‍ ഫോണ്‍. അംഗവിക്ഷേപങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ യൂസറിന്റെ മുഖം ട്രാക്ക് ചെയ്യുന്ന നാല് സെന്‍സറുകള്‍ ഫോണിന്റെ മുന്‍ഭാഗത്തുണ്ട്.

ഫയറിലുള്ള മറ്റ് ഫോണുകളില്ലാത്ത ഒരു ഫീച്ചര്‍ 'ഡൈനാമിക് പേര്‍സ്‌പെക്ടീവ്' ( Dynamic Perspective ) ആണ്. ഉപയോക്താവ് ഫോണ്‍ എങ്ങനെ പിടിക്കുന്നു, കൈകാര്യം ചെയ്യുന്നു, ചലിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഫോണിനെ സഹായിക്കുന്ന ഫീച്ചറാണിത്. പുതിയൊരു സെന്‍സര്‍ സംവിധാനമാണിത്. 

ഡൈനാമിക് പേര്‍സ്‌പെക്ടീവ് ഫീച്ചറിന്റെ സഹായത്തോടെയാണ്, മാപ്പിലെ കെട്ടിടങ്ങളും മറ്റും ത്രിമാന രൂപത്തില്‍ സ്‌ക്രീനില്‍ കാണാന്‍ അവസരമൊരുക്കുന്നത്. 


മറ്റൊരു ഫീച്ചര്‍ 'ഫയര്‍ഫ് ളൈ' ( Firefly ) ആണ്. ഫോണിലെ ഫയര്‍ഫ് ളൈ ബട്ടന്‍ അമര്‍ത്തിയാല്‍ നിമിഷങ്ങളക്കകം മുന്നിലുള്ള സംഗതികളെ - വെബ്ബ് അഡ്രസ്സ്, ഈമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ക്യുആര്‍ കോഡുകള്‍, സിനിമ, സംഗീതം, ലക്ഷക്കണക്കിന് ഉത്പന്നങ്ങള്‍ തുടങ്ങിയവ - മനസിലാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. 

ആമസോണിന്റെ നൂതന കസ്റ്റമര്‍ സര്‍വീസ് ഫോണിലും ലഭിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് 'മെയ്‌ഡേ' ( Mayday ). മെയ്‌ഡേ ബട്ടനില്‍ ഒന്ന് അമര്‍ത്തുകയേ വേണ്ടൂ, ആമസോണിന്റെ വിദഗ്ധന്‍ ഫോണ്‍ സ്‌ക്രീനില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട്, നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കും. 

4.7 ഇഞ്ച് ഹൈഡെഫിനിഷന്‍ ഐപിഎസ് ഡിസ്‌പ്ലേയുള്ള ഈ ഫോണിലുപയോഗിച്ചിരിക്കുന്നത് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 ആണ്. പോറലോ പൊട്ടലോ ഉണ്ടാകുമെന്ന പേടി വേണ്ട. മാത്രമല്ല, അധികസുരക്ഷ ഉറപ്പുവരുത്താന്‍ റബ്ബര്‍ ഫ്രെയിമുമുണ്ട്. 

ഡിസ്‌പ്ലേയുടെ സവിശേഷത അതിന്റെ തിളക്കം 590 nits വരെ വര്‍ധിപ്പിക്കാനാകും എന്നതാണ്. ശക്തമായ വെട്ടത്തില്‍ പോലും ഫോണില്‍ വായിക്കാന്‍ കഴിയും എന്നുസാരം. 

കണക്ടിവിറ്റിക്ക് 4ജി എല്‍ടിഇ, വൈഫൈ, എന്‍എഫ്‌സി, ബ്ലൂടൂത്ത് ഒക്കെയുണ്ട്. 


2.2 ജിഎച്ച്‌സെഡ് ക്വാര്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 800 ചിപ്പ്‌സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. 2 ജിബി റാം കൂടിയാകുമ്പോള്‍ ഫോണിന്റെ പ്രവര്‍ത്തനമികവ് ഏറും. രണ്ട് ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകളുണ്ട് - 32 ജിബി, 64 ജിബി എന്നിങ്ങനെ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുമോ എന്നകാര്യം വ്യക്തമല്ല. 

കിന്‍ഡ്ല്‍ ഫയര്‍ ടാബിലുള്ള ഫയര്‍ ഒഎസ് 3.5 ആണ് ഫയര്‍ ഫോണിന്റെ പ്ലാറ്റ്‌ഫോം. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒഎസ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോം ആണെങ്കിലും, ഇതില്‍ ഗൂഗിളിന്റെ സര്‍വീസുകളൊന്നുമില്ല. 

f/2.0 ലെന്‍സും ഓപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 13 എപി പിന്‍ക്യാമറയാണ് ഫോണിലുള്ളത്. ഒരു ഡെഡിക്കേറ്റഡ് ക്യാമറാ ബട്ടനുമുണ്ട്. ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ ആമസോണിന്റെ 'ക്ലൗഡ് ഡ്രൈവി'ല്‍ സൂക്ഷിക്കാം. അണ്‍ലിമിറ്റഡ് സ്‌റ്റോറേജാണ് ക്ലൗഡ് ഡ്രൈവ് വാഗ്ദാനം ചെയ്യുന്നത്. 

പിന്‍ക്യാമറ കൊണ്ട് മാത്രമല്ല, മുന്‍ക്യാമറ കൊണ്ടും ഹൈഡെഫിനിഷന്‍ വീഡിയോ റിക്കോര്‍ഡ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫോണിന്റെ സവിശേഷത. 

ഫോണിലെ 'പ്രൈം മ്യൂസിക്' ( Prime Music ) എന്ന ഫീച്ചര്‍ വഴി ലക്ഷക്കണക്കിന് ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും സ്ട്രീം ചെയ്ത് കേള്‍ക്കാനും കഴിയും. (വിവരങ്ങള്‍ക്ക് കടപ്പാട് : ആമസോണ്‍, വിവിധ വാര്‍ത്താഏജന്‍സികള്‍; ചിത്രങ്ങള്‍ : എ.പി.)

No comments:

Post a Comment