Monday, June 16, 2014

Oppo Find 7 Rs. 37990/- - 5.5 Inch QHD, 3GB RAM, 2.5 Quad Core Snapdragon 801 processor, 32 GB HDD

ചൈന ഫോണിന് (OPPO Find 7)വില 37,990 രൂപ

 

ഒറിജിനലിന് വിപരീതം ഏത് എന്ന ചോദ്യത്തിന് 'ചൈന' എന്ന് ഉത്തരമെഴുതിയ സ്‌കൂള്‍കുട്ടിയുടെ തമാശ കേട്ടിട്ടില്ലേ? ആഗോളവിപണിയില്‍ ചൈനയ്ക്കുളള ദുഷ്‌പ്പേരിന്റെ വലിയ ഉദാഹരണമാണിത്. സ്മാര്‍ട്‌ഫോണ്‍ രംഗത്തെ അതികായരായ ആപ്പിളിനും സാംസങിനുമൊക്കെ ചൈനയില്‍ നിര്‍മാണപ്ലാന്റുകളുണ്ടെന്നത് ശരി തന്നെ. എന്നാലും ചൈനയില്‍ നിര്‍മിച്ച ഫോണെന്ന് കേള്‍ക്കുമ്പോള്‍ ഏതോ വിലകുറഞ്ഞ ഡ്യൂപ്ലിക്കേറ്റ്് സാധനമെന്ന ചിന്തയാണ് ആദ്യം മനസിലുയരുക. 

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സ്വന്തം രാജ്യത്തിനുള്ള മോശം പ്രതിച്ഛായ കഴുകിക്കളയാനുള്ള ശ്രമത്തിലാണ് ചൈനീസ് കമ്പനിയായ ഒപ്പോ. 2008 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഒപ്പോ മൊബൈല്‍സ് വില കൂടിയ ഹൈഎന്‍ഡ് സ്മാര്‍ട്‌ഫോണുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളൂ. സാങ്കേതിക മികവിലും പ്രകടനത്തിലും മികച്ച കമ്പനികളോട് കിടപിടിക്കുന്നവയാണ് ഒപ്പോയുടെ ഓരോ മോഡലുകളും. ഇപ്പോള്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഒപ്പോ സ്മാര്‍ട്‌ഫോണുകള്‍ നന്നായി വിറ്റുപോകുന്നുണ്ട്.


ഈ വര്‍ഷം ഒപ്പോ മൊബൈല്‍ കമ്പനി ഇന്ത്യയിലും വില്പനയാരംഭിച്ചു. ആദ്യഘട്ടമായി 12 പ്രധാനനഗരങ്ങളില്‍ മാത്രമേ ഒപ്പോയുടെ സ്മാര്‍ട്‌ഫോണുകള്‍ ലഭിക്കൂ. വര്‍ഷമവസാനിക്കുന്നതോടെ കൂടുതല്‍ നഗരങ്ങളിലേക്ക് വില്പന വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിലേറെ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഇന്ത്യക്കാര്‍ക്കായി ഒപ്പോ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലാണ് ഫൈന്‍ഡ്7 ( Oppo Find 7 ). ജൂലായ് മുതല്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ഫൈന്‍ഡ്7 ന് 37,990 രൂപയാണ് വില. 

വില കേട്ട് കണ്ണുതള്ളും മുമ്പേ നമുക്കീ ഫോണിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം -

ടൈറ്റാനിയം-അലൂമിനിയം ലോഹമിശ്രിതം കൊണ്ടുണ്ടാക്കിയ ഫോണിന്റെ ബോഡി തന്നെ ഏറെ ആകര്‍ഷകമാണ്. 0.36 ഇഞ്ച് മാത്രമേയുള്ളൂ ഫോണിന്റെ കനം. 1440 X 2560 പിക്‌സല്‍സ് റിസൊല്യൂഷനുളള 5.5 ഇഞ്ച് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത്തരം ഡിസ്‌പ്ലേയുമായി ഇന്ത്യയിലിറങ്ങുന്ന ആദ്യഫോണാണിതെന്ന് ഒപ്പോ അവകാശപ്പെടുന്നു. 


2.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു., മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, എസ്.ഡി. കാര്‍ഡ് സൗകര്യം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സംവിധാനങ്ങള്‍. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഒപ്പോയുടെ സ്വന്തം കളേഴ്‌സ് 1.2 യൂസര്‍ ഇന്റര്‍ഫേസുമുണ്ട്.

ഫോട്ടോഗ്രാഫി പ്രേമികളെയും ഫൈന്‍ഡ്7 നിരാശപ്പെടുത്തുന്നില്ല. സോണി എക്‌സ്‌മോര്‍ ഐ.എം.എക്‌സ്214 സെന്‍സറും എല്‍.ഇ.ഡി. ഫ് ളാഷുമുളള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. 4കെ റിസൊല്യൂഷനുള്ള വീഡിയോകള്‍ ചിത്രീകരിക്കാന്‍ ശേഷിയുള്ള ക്യാമറയാണിത്. ബി.എസ്.ഐ. സെന്‍സറോടുകൂടിയ നാല് മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഇതിലുണ്ട്. 


3000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്. അരമണിക്കൂറിനുള്ളില്‍ 75 ശതമാനം ചാര്‍ജ് കയറുന്ന റാപ്പിഡ് ചാര്‍ജ് ടെക്‌നോളജി ഈ ഫോണിലുണ്ടെന്ന് ഒപ്പോ പറയുന്നു. ഊരിയെടുക്കാവുന്നതാണ് ഇതിലെ ബാറ്ററി. 

കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ സാങ്കേതികവിദ്യകളും ഫൈന്‍ഡ്7 ലുണ്ട്. ഇനിയറിയേണ്ട് 37,990 രൂപ മുടക്കി ഒപ്പോ ഫൈന്‍ഡ് 7 എന്ന പുതിയ ഫോണ്‍ വാങ്ങാന്‍ എത്രപേര്‍ തയ്യാറാവും എന്നതാണ്.

No comments:

Post a Comment