Thursday, October 2, 2014

Samsung Galaxy - Alpha

ലോഹക്കുപ്പായമിട്ട് സാംസങ് ഗ്യാലക്‌സി ആല്‍ഫ

  Sep 28, 2014
മെറ്റല്‍ ബോഡിയുള്ള സാംസങ്ങിന്റെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി ആല്‍ഫ ഇന്ത്യയിലെത്തുന്നു. ഓഗസ്റ്റില്‍ കമ്പനി പ്രഖ്യാപിച്ച ഗ്യലക്‌സി ആല്‍ഫക്ക് വില 39,990 രൂപയാണ്. ഒക്‌ടോബര്‍ ആദ്യ വാരം മുതല്‍ വിപണിയിലെത്തിത്തുടങ്ങും.

ഗ്യാലക്‌സി എസ്5-ന്റെ ചെറുപതിപ്പാണ് ഗ്യാലക്‌സി ആല്‍ഫ. 720X1280 പിക്‌സലും 312 പിപിഐ പിക്‌സല്‍ സാന്ദ്രതയുമുള്ള 4.7 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 6.7 മില്ലിമീറ്റര്‍ കനമുള്ള (Thickness) ഫോണിന്റെ ഭാരം 115 ഗ്രാം മാത്രം. വശങ്ങളില്‍ മെറ്റല്‍ബോഡിയുള്ള ആല്‍ഫ സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ ഫോണുകളില്‍ ഒന്നാണ്. 

എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാനാവാത്ത ഫോണിന് സാംസങ് 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 2 ജിബിയാണ് റാം. 1.8 ജിഗാഹെര്‍ട്‌സ്-1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ കരുത്തു പകരും. ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4 ആണ്.

ഓട്ടോ ഫോക്കസ് സവിശേഷതകളോടു കൂടിയ 12 മെഗാപിക്‌സല്‍ ക്യാമറ 4കെ വീഡിയോ റെക്കോര്‍ഡിങ്ങും നല്‍കും. 2.1 മെഗാപിക്‌സലാണ് മുന്‍ക്യാമറ. എല്‍ഇഡി ഫ്ലൂഷുമുണ്ട്. 

വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, എല്‍ടിഇ, മൈക്രോ യുഎസ്ബി തുടങ്ങിയ പ്രധാന കണക്ടിവിറ്റി സവിശേഷതകള്‍ ആല്‍ഫയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററി 1860 എംഎഎച്ച്.

അള്‍ട്രാ പവര്‍ സേവിങ് മോഡ്, എസ് ഹെല്‍ത്ത് ആപ്ലൂക്കേഷന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രൈവറ്റ് മോഡ് എന്നീ സവിശേഷതകളും സാംസങ് ആല്‍ഫയില്‍ ഉണ്ട്. സാംസങിന്റെ വിയറബിള്‍ ഗാഡ്ജറ്റായ ഗിയര്‍ വാച്ചുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആല്‍ഫയ്ക്കാകും.

ചാര്‍ക്കോള്‍ ബ്ലാക്ക്, ഡാസിലിങ് വൈറ്റ്, ഫ്രോസ്റ്റഡ് ഗോള്‍ഡ്, സ്ലീക്ക് സില്‍വര്‍, സക്യൂബ ബ്ലു നിറങ്ങളില്‍ ആല്‍ഫ ലഭ്യമാകും.

Windows 10 start menue (Malayalam description)/Windows Phone 10

micromax

അടുത്തത് വിന്‍ഡോസ് 10; സ്റ്റാര്‍ട്ട് മെനു തിരിച്ചെത്തുന്നു


 
'വിന്‍ഡോസ് 10' ആയിരിക്കും മൈക്രോസോഫ്റ്റിന്റെ അടുത്ത സ്മാര്‍ട്ട്‌ഫോണ്‍ ഒപ്പറേറ്റിങ് സിസ്റ്റം
മൈക്രോസോഫ്റ്റിന്റെ അടുത്ത ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 ന്റെ ആദ്യവിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി. 

വിന്‍ഡോസ് 8 ന് ശേഷം 9 ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല, വിന്‍ഡോസ് 8 ല്‍ ഒഴിവാക്കപ്പെട്ട 'സ്റ്റാര്‍ട്ട് മെനു' ( Start Menu ) തിരികെയെത്തുന്നു എന്ന സവിശേഷതയും പുതിയ വിന്‍ഡോസ് പതിപ്പിനുണ്ട്.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 'എക്‌സ്‌ബോക്‌സ്' ( Xbox ) ഗെയിം കണ്‍സോളിനുമെല്ലാം ഒരേ ഒ.എസ് ഉപയോഗിക്കാനും, ബന്ധപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഒറ്റ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും പാകത്തിലാണ് വിന്‍ഡോസ് 10 എത്തുന്നതെന്ന്, കമ്പനിയുടെ അറിയിപ്പ്പറയുന്നു.

തിരിച്ചെത്തുന്ന സ്റ്റാര്‍ട്ട് മെനുവില്‍ യുസറിന്റെ ഇഷ്ട ആപ്ലിക്കേഷനുകള്‍ ഒക്കെയുണ്ടാകും. മാത്രമല്ല, വിന്‍ഡോസ് 8 ഇന്റര്‍ഫേസിന്റെ മാതൃകയില്‍, പരിഷ്‌ക്കരിച്ച ടൈലുകളുടെ രൂപത്തിലും സ്റ്റാര്‍ട്ട് മെനുവില്‍ ആപ്ലിക്കേഷനുകള്‍ പ്രത്യക്ഷപ്പെടും.

വിന്‍ഡോസ് 10 ലെ സ്റ്റാര്‍ട്ട് മെനു
പുതിയ ഈമെയിലുകള്‍, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ക്വിക്ക് വ്യൂ നോട്ടിഫിക്കേഷനുകളായി ലഭ്യമാവുകയും ചെയ്യും. 

വിന്‍ഡോസ് 7 ഉപയോഗിച്ച് പരിചയമുള്ളവര്‍ക്കും, വിന്‍ഡോസ് 8 ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടാന്‍ പാകത്തിലാണ് സ്റ്റാര്‍ട്ട് മെനു സംവിധാനം വിന്‍ഡോസ് 10 ല്‍ ഉള്‍ക്കൊള്ളിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 

ഏത് ഉപകരണത്തിലാണോ പ്രവര്‍ത്തിക്കുന്നത് അതിനനുസരിച്ചുള്ള സവിശേഷതകളാകും വിന്‍ഡോസ് 10 ഒ.എസ് കാട്ടുക. വിന്‍ഡോസ് 8 ഉപയോഗിക്കുമ്പോഴത്തെ മാതിരി, ഡെസ്‌ക്‌ടോപ്പ് മോഡിലേക്കും ടൈല്‍ ഇന്റര്‍ഫേസിലേക്കും ഇടയ്ക്കിടയ്ക്ക് മാറേണ്ട ആവശ്യം പുതിയ ഒ.എസിലില്ല. 

ടച്ചും കീബോര്‍ഡും മൗസും ഒരേസമയം ഉള്‍പ്പെടുത്തിയ വിന്‍ഡോസ് 8 ല്‍ ആ ഘടകങ്ങളെല്ലാം ശരിക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തരം വ്യത്യസ്ത 'ഇന്‍പുട്ട്' സങ്കേതങ്ങള്‍ ഒത്തിണങ്ങി മികവോടെ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 10 രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 


micromax മാത്രമല്ല, 'വിന്‍ഡോസ് 10' ആയിരിക്കും അടുത്ത വിന്‍ഡോസ് ഫോണ്‍ ഒഎസ് എന്നും മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. എന്നുവെച്ചാല്‍, ഭാവിയില്‍ പ്രത്യേകം സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോം മൈക്രോസോഫ്റ്റിനുണ്ടാകില്ല. 
ഇപ്പോഴും വിന്‍ഡോസ് 7 മുന്നില്‍ 

മുന്‍ വേര്‍ഷനെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തം - ഇതായിരുന്നു വിന്‍ഡോസ് 8 നെ കുറിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉയര്‍ന്ന വിമര്‍ശം. സ്റ്റാര്‍ട്ട് മെനു ഇല്ല, കണ്‍ട്രോള്‍ പാനലില്‍ എത്താന്‍ വലിയ പെടാപ്പാട് വേണം എന്നിങ്ങനെയുള്ള ആക്ഷേപങ്ങളും വ്യാപകമായി.

ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വന്‍കിട സ്ഥാപനങ്ങള്‍ മിക്കവയും വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ മടിച്ചു. ആ ഒ.എസിന്റെ ആദ്യ വേര്‍ഷന്‍ വന്നിട്ട് രണ്ടുവര്‍ഷമായെങ്കിലും ഇപ്പോഴും കുറഞ്ഞ തോതില്‍ മാത്രമേ വിന്‍ഡോസ് 8 ലേക്ക് വ്യക്തികളും സ്ഥാപനങ്ങളും മാറിയിട്ടുള്ളു. സ്വാഭാവികമായും വില്‍പ്പനയും കുറവായിരുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതെ വിന്‍ഡോസ് 10 ഇറക്കുക എന്നത് മൈക്രോസോഫ്റ്റിനെ സംബന്ധിച്ച് നിര്‍ണായകമാണ് - ഫോറസ്റ്റര്‍ കണ്‍സള്‍ട്ടന്‍സിയിലെ ഡോവിഡ് ജോണ്‍സണ്‍ ബി.ബി.സി.യോട് പറഞ്ഞു. 

'നെറ്റ്മാര്‍ക്കറ്റ്‌ഷെയര്‍' എന്ന ഗവേഷണസ്ഥാപനത്തിന്റെ കണക്ക് പ്രകാരം, നിലവില്‍ 13.4 ശതമാനം പി സികളില്‍ മാത്രമേ വിന്‍ഡോസ് 8, അല്ലെങ്കില്‍ വിന്‍ഡോസ് 8.1 ഉപയോഗിക്കുന്നുള്ളൂ. 51.2 ശതമാനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും വിന്‍ഡോസ് 7 ല്‍ ആണ് ഓടുന്നത്. 23.9 ശതമാനം എണ്ണം വിന്‍ഡോസ് എക്‌സ്പിയിലും (വിന്‍ഡോസ് എക്‌സ്പിക്ക് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പിന്തുണയില്ല എന്നോര്‍ക്കുക). 

സ്റ്റാര്‍ട്ട് മെനു തിരിച്ചിത്തെയത് വിന്‍ഡോസ് 10 നെ കൂടുതല്‍ സ്വീകാര്യമാക്കുമെന്ന് ജോണ്‍സണ്‍ പറയുന്നു. 'ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്'. 

വിന്‍ഡോസ് 10 സംബന്ധിച്ച പ്രഥമിക വിവരങ്ങളാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതെപ്പറ്റി ഒട്ടേറെ സംശയങ്ങള്‍ ഇനിയും ദൂരീകരിക്കനുണ്ട്. 

അടുത്തയാഴ്ചയോടെ ട്രയല്‍ വേര്‍ഷന്‍ കിട്ടുമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും, വിന്‍ഡോസ് 10 എപ്പോഴേക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് കൃത്യമായി പറയുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ, അല്ലെങ്കില്‍ 2015 ആദ്യത്തോടെ വിന്‍ഡോസ് 10 എത്തിയേക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

വിലയുടെ കാര്യത്തിലും മൈക്രോസോഫ്റ്റ് മൗനം പാലിക്കുന്നു. നിലവില്‍ വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 ഒഎസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകുമോ, അതോ കാശ് കൊടുക്കണോ എന്ന കാര്യവും വ്യക്തമല്ല (കടപ്പാട് : മൈക്രോസോഫ്റ്റ്, ബി.ബി.സി., ഫോര്‍ബ്‌സ്)

micromax

Sunday, September 21, 2014

Email - History and debate

ഈമെയില്‍ - ചരിത്രവും അവകാശവാദവും

 
എന്നാണ് ഈമെയില്‍ തുടങ്ങിയത്. ആരായിരുന്നു ആ സന്ദേശകൈമാറ്റ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. അടുത്തിയിടെ പ്രചരിപ്പിക്കപ്പെട്ടതുപോലെ, 'ഈമെയിലിന്റെ ഉപജ്ഞാതാവ്' ഇന്ത്യന്‍ വംശജനായ ശിവ അയ്യാദുരൈ ആണോ....ഈ മെയിലിന്റെ ചരിത്രവും സാങ്കേതിക പരിണാമവും ആഴത്തില്‍ പരിശോധിക്കുകയാണ് ഇവിടെ 

ഇന്റര്‍നെറ്റാണോ ഈമെയിലാണോ ആദ്യമുണ്ടായതെന്ന് ചോദിച്ചാല്‍ ഈമെയില്‍ ആണെന്ന് പറയേണ്ടി വരും. പരമ്പരാഗത സന്ദേശ കൈമാറ്റരൂപങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് എന്ന അര്‍ഥത്തില്‍ ഈമെയില്‍ തന്നെയാണ് ആദ്യമെത്തിയതത്. 

ഒന്നിലധികം കമ്പ്യൂട്ടറുകളുടെ ശൃംഖലയായിരുന്ന 'അര്‍പ്പാനെറ്റി'നും (ARPANET) മുമ്പുതന്നെ, ഒന്നിലധികം ഉപയോക്താക്കള്‍ അവരവരുടെ യൂസര്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഒരേ കമ്പ്യൂട്ടറിലെതന്നെ ലോഗിന്‍ ചെയ്ത് ജോലികള്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരു യൂസര്‍ അതേ കമ്പ്യൂട്ടറിലെ മറ്റൊരു യൂസര്‍ക്ക് കൈമാറാനുള്ള സന്ദേശം പ്രത്യേകരീതിയില്‍ ക്രമമായി രേഖപ്പെടുത്തിവെയ്ക്കുന്ന സംവിധാനം നിലനിന്നിരുന്നു. ഇതിനെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ആദ്യ ഇലക്ട്രോണിക് സന്ദേശകൈമാറ്റമായി കണക്കാക്കാം.

1961 ല്‍ അമേരിക്കയില്‍ മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ( MIT ) യില്‍ രൂപംകൊണ്ട സംവിധാനമാണ് കോമ്പാറ്റിബിള്‍ ടൈം ഷെയറിങ് സിസ്റ്റം ( CTS ). ഒരേസമയം ഒന്നിലധികം പേര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധിക്കുംവിധമുള്ള ആ സംവിധാനമാണ് ഈമെയില്‍ സാങ്കേതികവിദ്യയ്ക്ക് വിത്തുപാകിയത്. 

ഒരേ കമ്പ്യൂട്ടറില്‍ പ്രത്യേകം മെമ്മറിയോ പ്രോസസ്സറോ ഇല്ലാത്ത 'ഡംബ് ടെര്‍മിനലുകളി'ലൂടെ അനേകംപേര്‍ ഒരേസമയത്ത് ലോഗിന്‍ചെയ്ത് ഉപയോഗിക്കുമ്പോള്‍, പ്രസ്തുത ഉപയോക്താക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന് SNDMSG എന്ന പ്രോഗ്രാമായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ പ്രോഗ്രാം ഉപയോഗിച്ച്, സ്വീകരിക്കപ്പെടേണ്ടയാളുടെ ഹോം ഡയറക്റ്ററിയിലെ 'മെയില്‍ബോക്‌സ്' ( MAILBOX ) എന്ന ഫയലിലേക്ക് സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തിരുന്നത്. പ്രസ്തുത ഉപയോക്താവ് കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്താലുടന്‍ പുതിയ സന്ദേശമുള്ളതായി അറിയിപ്പ് ലഭിക്കുമായിരുന്നു.

ഒന്നിലധികം കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കമ്പ്യൂട്ടര്‍ശൃംഖലകള്‍ നിലവില്‍ വന്നപ്പോള്‍, ഒരു കമ്പ്യൂട്ടറിലെ ഉപയോക്താവില്‍നിന്ന് മറ്റൊരു കമ്പ്യൂട്ടറിലെ ഉപയോക്താവിനെ വേര്‍തിരിക്കാന്‍ സാങ്കേതികമായ വിഷമതകള്‍ നേരിട്ടു. 1971 ല്‍ റിച്ചാര്‍ഡ് വാട്‌സണ്‍ അവതരിപ്പിച്ച 'RFC -196 മെയില്‍ ബോക്‌സ് പ്രോട്ടോക്കോളില്‍'നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട്, ഇതിനൊരു പരിഹാരമായി റെയ്മണ്‍ഡ് സാമുവല്‍ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ഒരു സംവിധാനം ആവിഷ്‌കരിച്ചു. അതായത് ഒരോ കമ്പ്യൂട്ടറിലേയും ഉപയോക്താക്കള്‍ക്ക് യൂസര്‍നാമത്തോടൊപ്പം '@' എന്ന ചിഹ്നവും കമ്പ്യൂട്ടറിന്റെ പേരും ചേര്‍ത്ത് ഒരു പ്രത്യേക വിലാസം നല്‍കി. അതായത് സുജിത്@ടെര്‍മിനല്‍1, രാം@ടെര്‍മിനല്‍1, സുജിത്@ടെര്‍മിനല്‍2.... എന്നിങ്ങനെ. ഇതായിരുന്നു ഇന്ന് കാണുന്ന ഈമെയില്‍ വിലാസങ്ങളുടെ ആദ്യരൂപം. അതോടൊപ്പം ഒരു കമ്പ്യൂട്ടറില്‍നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുംവിധം, മുകളില്‍ സൂചിപ്പിച്ച SNDMSG എന്ന പ്രോഗ്രാമിലും പരിഷ്‌ക്കരണം വരുത്തി. 

റെയ്മണ്‍ഡ് സാമുവല്‍ ടോംലിന്‍സണ്‍

അര്‍പ്പാനെറ്റിലെ DEC PDP-10 കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ചിരുന്ന 'ടെനെക്‌സ്' ( TENEX ) ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പഴയ 'സെന്‍ഡ്‌മെയില്‍' ( SENDMAIL ) അപ്ലിക്കേഷനും, തന്റെ തന്നെ സൃഷ്ടിയായ 'സി.പി.വൈ നെറ്റ്' ( CPYnet ) എന്ന നെറ്റ്വര്‍ക്ക് ഫയല്‍ ട്രാന്‍സ്ഫര്‍ സംവിധാനവും പരസ്പരം ബന്ധിപ്പിക്കുകയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ ടോംലിന്‍സണ്‍ ചെയ്തത്. 

ഇത്തരത്തില്‍ ആദ്യമായി ഒരു കമ്പ്യൂട്ടറില്‍നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയയ്ക്കപ്പെട്ട ഈമെയില്‍ സന്ദേശം ടൊംലിന്‍സണിന്റെ ഓഫീസിലെ അടുത്തടുത്തായി സ്ഥാപിക്കപ്പെട്ട രണ്ടു കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചായിരുന്നു. ചരിത്രത്തിന്റെ ഭാഗമായ പ്രസ്തുത സന്ദേശം എന്തായിരുന്നുവെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല എന്നും അത് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ചില കീസ്‌ട്രോക്കുകളായ 'qwetryuiop' ആയിരുന്നിരിക്കാമെന്നും ടോംലിന്‍സണ്‍ പിന്നീട് പറയുകയുണ്ടായി.

ഇന്ന് കോടിക്കണക്കിന് ഈമെയില്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന '@' ഈമെയില്‍ വിലാസവും, അതിനുവേണ്ടി പരിഷ്‌കരിച്ച ടചഉങടഏ പ്രോഗ്രാമും രൂപപ്പെടുത്തിയ ശേഷം, ഈമെയില്‍ സാങ്കേതികവിദ്യയുടെ മറ്റ് അടിസ്ഥാനഘടകങ്ങളുടെ രൂപകല്‍പ്പനയിലും ടോംലിന്‍സണ്‍ ഗണ്യമായ പങ്ക് വഹിച്ചു. അതിനാല്‍ ടോംലിന്‍സണിനെ പലരും'ഈമെയിലിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കാറുണ്ട്. എങ്കിലും അത്തരം അവകാശവാദങ്ങളൊന്നും അദ്ദേഹത്തിന്റെയോ സുഹൃത്തുക്കളുടേയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

ലോറന്‍സ് റോബര്‍ട്ട്‌സ്, ബാരി വെസ്ലെ, മാരി യോന്‍ക്ടെ, ജോണ്‍ വിറ്റ തുടങ്ങിയവരുടെ കാലോചിതമായ പരിഷ്‌കരണങ്ങള്‍ SNDMSG എന്ന ആദ്യകാല ഈമെയില്‍ പ്രോഗ്രാമിനെ ഫോര്‍വേഡ്, റിപ്ലൈ, ഡിലീറ്റ്/ട്രാഷ് തുടങ്ങിയവയുടെ ആദ്യകാല രൂപങ്ങളായ മൂവ്, ആന്‍സര്‍, ഫോര്‍വേഡ് എന്നീ കമാന്‍ഡുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള 'എം.എസ്.ജി' ( MSG ) എന്ന പ്രോഗ്രാമിലേക്കെത്തിച്ചു. 

ഇന്നത്തെ ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പ്പാനെറ്റ് 1970 കളുടെ പകുതിയോടെ വളരെ വ്യാപകമാവുകയും അനേകം കമ്പ്യൂട്ടറുകള്‍ ഈ ശൃംഖലയിലേക്ക് കണ്ണിചേര്‍ക്കപ്പെടുകയും ചെയ്തു. സ്വാഭാവികമായും ഈമെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. അര്‍പ്പാനെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട അപ്ലിക്കേഷന്‍ എം.എസ്.ജി ആയിരുന്നു. അര്‍പ്പാനെറ്റ് ട്രാഫിക്കിന്റെ സിംഹഭാഗവും ഈമെയില്‍ കയ്യടക്കി.

അഭയ് ഭൂഷണ്‍
ഈമെയിലിന്റെ ചരിത്രത്തില്‍ എടുത്തുപറയേണ്ട ഒരു ഇന്ത്യക്കാരന്റെ പേരുമുണ്ട്. ആദ്യമായി ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോളിന് രൂപംനല്‍കിയതും, ടി സി പി / ഐപി പ്രോട്ടോക്കോളിന്റെയും ഈമെയില്‍ പ്രോട്ടോക്കോളുകളുടേയും രൂപീകരണത്തില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചതുമായ കാണ്‍പൂര്‍ ഐ ഐ ടി അലുമിനിയും കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ അഭയ് ഭൂഷണ്‍. 

ആദ്യകാലങ്ങളില്‍ ഓപ്പറേറ്റിങ് സിസ്റ്റം, മെയില്‍ സോഫ്റ്റ്‌വേര്‍ തുടങ്ങിയവയിലുണ്ടായ പരിമിതികള്‍ മൂലം ഈമെയില്‍ സാങ്കേതികവിദ്യ ഒരോ നെറ്റ്‌വര്‍ക്കുകള്‍ക്കകത്ത് മാത്രമായി ഒതുങ്ങിനിന്നു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലേക്കെത്തിയപ്പോള്‍, 1980 കളുടെ തുടക്കത്തില്‍തന്നെ ഈമെയില്‍ അര്‍പ്പാനെറ്റിന് പുറത്തുകടന്നു. മറ്റ് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലും ഈമെയില്‍ വിദ്യ കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങി. 

അതോടെ 'എം.സി.ഐ.മെയില്‍ ( MCI Mail ), 'ആപ്പിള്‍ ലിങ്ക്' ( AppleLink ), 'ടെലകോം ഗോള്‍ഡ്' ( Telecom Gold ) തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സ്വന്തം സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഈമെയില്‍ സേവനം നല്‍കാന്‍ തുടങ്ങി. പക്ഷേ, അവയുടെ പ്രധാന ന്യൂനത ഒരു നെറ്റ്വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് സന്ദേശങ്ങള്‍ കൈമാറാനാകില്ല എന്നതായിരുന്നു. അതായത് ടെലികോം ഗോള്‍ഡ് നെറ്റ്വര്‍ക്കിലെ ഉപഭോക്താക്കള്‍ക്ക് ടെലികോം ഗോള്‍ഡ് ഉപഭോക്താക്കളുമായി മാത്രമേ ഈമെയില്‍ ഇടപാടുകള്‍ സാധ്യമായിരുന്നുള്ളൂ. 

ഇന്റര്‍നെറ്റിന്റെ ത്വരിതഗതിയിലുള്ള വികാസം ഇന്റര്‍നെറ്റ് അടിസ്ഥാനമായുള്ള പ്രധാന ആശയവിനിമയ മാര്‍ഗ്ഗമായ ഈമെയിലിന്റെ പ്രചാരവും വര്‍ധിപ്പിച്ചു. ഡയലപ്പ് കണക്ഷനുകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് , ഇന്ന് നാം ഉപയോഗിക്കുന്ന വെബ്ബ്അധിഷ്ഠിത ഈമെയില്‍ സേവനങ്ങളായ ജീമെയില്‍, യാഹൂ തുടങ്ങിയവയൊന്നും ഇല്ലാതിരുന്നു. ആ കാലത്ത് ഓരോ കമ്പ്യൂട്ടറുകളിലും ഇന്‍സ്റ്റോള്‍ ചെയ്ത് ഉപയോഗിക്കാവുന്ന, പ്രത്യേകം തയ്യാറാക്കിയ ഈമെയില്‍ സോഫ്റ്റ്‌വേറുകള്‍ വഴിയായിരുന്നു ഈമെയില്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നത് (ഇന്നും നാം ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, മോസില്ല തണ്ടര്‍ ബേഡ് തുടങ്ങിയവയെപ്പോലെയുള്ളവയുടെ ആദ്യ തലമുറ). 

അത്തരം സോഫ്റ്റ്‌വേറുകള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത അവസരങ്ങളിലും ഈമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാനും, കമ്പ്യൂട്ടര്‍ പിന്നീട് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അവസരത്തില്‍ അവ അയക്കുവാനും സ്വീകരിക്കുവാനും സൗകര്യവുമൊരുക്കിയിരുന്നു. 

ഇന്റര്‍നെറ്റ് അധിഷ്ഠിത ഈമെയില്‍ സംവിധാനത്തിന് ഒരു പൊതുനിയമാവലിയുമായി 1982 ല്‍ വിഭാവനം ചെയ്യപ്പെട്ടതാണ് SMTP എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'സിമ്പിള്‍ മെസേജ് ട്രാന്‍സ്മിഷന്‍ പ്രോട്ടോക്കോള്‍'. ഇന്നും ഉപോയോഗിക്കപ്പെടുന്ന ആ നിയമാവലിയാണ്, ഈമെയില്‍ സാങ്കേതികവിദ്യയെ ഒരു നെറ്റ്വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് സന്ദേശങ്ങള്‍ കൈമാറാവുന്ന രീതിയിലേക്ക് എത്തിച്ചത്. 

1984 ല്‍ രൂപംകൊണ്ട പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍ ( POP ) ഒരു റിമോട്ട്‌മെയില്‍ സെര്‍വ്വറിലുള്ള മെയില്‍ബോക്‌സില്‍നിന്ന് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് ഈമെയില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്ന സാങ്കേതികവിദ്യ വിഭാവനം ചെയ്തു. പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോളും തുടര്‍ന്ന് 1986 ല്‍ രൂപം കൊണ്ട ഇന്റര്‍നെറ്റ് മെസേജ് ആക്‌സസ് പ്രോട്ടോക്കോളും ( IMAP ) നാം ഇന്ന് ഉപയോഗിക്കുന്ന ഹോസ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജീമെയില്‍ , യാഹൂ, ലൈവ് തുടങ്ങിയ വെബ് മെയിലുകളിലേക്കുള്ള ഈമെയില്‍ സാങ്കേതികവിദ്യയുടെ പ്രയാണത്തിനു വഴിതുറന്നു.

ശിവ അയ്യാദുരൈയും ഈമെയിലും 

2011 നവംബര്‍ 15 ന് ടൈം ടെക്‌ലാന്‍ഡ് 'ഈമെയിലിന്റെ ഉപജ്ഞാതാവ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ശിവാ അയ്യാദുരൈ എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്‍, താനാണ് ഈമെയില്‍ കണ്ടുപിടിച്ചത് എന്ന വെടി പൊട്ടിച്ചു.

ആ അഭിമുഖം തുടക്കത്തില്‍ അത്രയധികം ഓളങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും, 2012 ഫിബ്രവരിയില്‍ സ്മിത്സോണിയന്‍ മ്യൂസിയം ശിവ അയ്യാദുരൈയില്‍ നിന്ന് ഈമെയിലിന്റെ ആവിഷക്കര്‍ത്താവ് എന്ന നിലയ്ക്കുള്ള രേഖകള്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ, വെറുമൊരു അവകാശവാദം എന്നതിനപ്പുറത്തേക്ക് കൂടുതല്‍ ശ്രദ്ധനേടുകയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സ്മിത്സോണിയന്‍ മ്യൂസിയത്തിന്റെ കുറിപ്പില്‍ ഇത് ഈമെയിലിന്റെ നാള്‍വഴിയിലെ സുപ്രധാന രേഖയായി സൂചിപ്പിക്കുകയും ചെയ്തിരുന്നു (പിന്നീട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളെത്തുടര്‍ന്ന് അത് തിരുത്തുകയുണ്ടായി). 

മസാച്ച്യൂസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നാല് ബിരുദങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള, അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് അയ്യാദുരൈ. ഈമെയിലിന്റെ പിതൃത്വം തനിക്കാണെന്നതിന് ഉപോദ്ബലകമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് താന്‍ 1978 ല്‍ ഡെവലപ്പ് ചെയ്തതും തുടര്‍ന്ന് 1982 ല്‍ യു എസ് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ 'ഈമെയില്‍' ( EMAIL ) എന്ന സോഫ്റ്റ്‌വേര്‍ ആണ്. 'ഈമെയില്‍' എന്ന പദം ആദ്യമായി ഉപയോഗിച്ചത് താനാണെന്നും ഇന്നുകാണുന്ന തരത്തിലുള്ള ഈമെയിലിന്റെ ആദ്യരൂപം തന്റെ ഈമെയില്‍ സോഫ്റ്റ്‌വേര്‍ ആണെന്നും അദ്ദേഹം വാദിക്കുന്നു.

ശിവ അയ്യാദുരൈ - അന്നും ഇന്നും

1970 ല്‍ ഏഴ് വയസ്സുള്ളപ്പോള്‍ മുംബൈയില്‍നിന്ന് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ അയ്യാദുരൈ, ലിവിംഗ്സ്റ്റണ്‍ ഹൈസ്‌കൂളിലെ പഠനത്തോടൊപ്പം ന്യൂ ജേഴ്‌സിയിലെ മെഡിസിന്‍ ആന്‍ഡ് ഡെന്‍ന്റിസ്ട്രി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌ഫെലോ ആയും ജോലി ചെയ്തിരുന്നു. അവിടെ നിലനിന്നിരുന്ന പരമ്പരാഗത ഓഫീസ് കത്തിടപാട് സംവിധാനത്തിന് ഒരു ഇലക്ട്രോണിക് ബദല്‍ ഉണ്ടാക്കാന്‍ അയ്യാദുരൈ ശ്രമിച്ചു. 1979 ല്‍ തന്റെ പതിനാലാം വയസ്സില്‍ അതിന്റെ ഭാഗമായി FORTRAN-IV പ്രോഗ്രാമിങ് ഭാഷയില്‍ ആ വിദ്യാര്‍ഥി ഒരു സോഫ്റ്റ്‌വേര്‍ ഉണ്ടാക്കി. 

ആ സോഫ്റ്റ്വേര്‍ നാം ഇന്നുകാണുന്ന ഈമെയിലിന്റെ പ്രത്യേകതകളായ ടു അഡ്രസ്സ്, ഫ്രം അഡ്രസ്സ്, ഇന്‍ബോക്‌സ്, ഔട്ട്‌ബോക്‌സ്, കാര്‍ബണ്‍ കോപ്പി, അറ്റാച്ച്‌മെന്റ് തുടങ്ങിയവയെല്ലാം അടങ്ങുന്നതായിരുന്നു. ആ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ന്യൂ ജേഴ്‌സി മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസ് മെമ്മോകള്‍ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാനും കഴിഞ്ഞു എന്നും പറയപ്പെടുന്നു.

പ്രസ്തുത സോഫ്റ്റ്‌വേറിന് അയ്യാദുരൈ 'ഈമെയില്‍' എന്ന പേരുനല്‍കി 1982 ആഗസ്റ്റ് 30 ന് അമേരിക്കന്‍ നിയമപ്രകാരം പകര്‍പ്പവകാശം സ്വന്തമാക്കുകയും ചെയ്തു (അക്കാലത്ത് സോഫ്റ്റ്‌വേറുകള്‍ പേറ്റന്റ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. അതിനാല്‍ പകര്‍പ്പവകാശ നിയമപ്രകാരം ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്). അന്ന് ഇതിന്റെ പേരില്‍ അയ്യാദുരൈയ്ക്ക് ചില അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 

അയ്യാദുരൈയുടെ അവകാശവാദം യാഥാര്‍ഥ്യത്തിന് നിരക്കുന്നതോ

ഇന്റര്‍നെറ്റ് ലോകം വലിയ അത്ഭുതത്തോടെയാണ് അയ്യാദുരൈയുടെ അവകാശവാദത്തെ കണ്ടത്. ഒരു സുപ്രഭാതത്തില്‍ പെട്ടന്നൊരാള്‍ വന്ന് ഒരു സോഫ്റ്റ്‌വേറിന്റെയും പകര്‍പ്പവകാശത്തിന്റെയും മാത്രം ബലത്തില്‍ ഈമെയില്‍ പോലൊരു സാങ്കേതികവിദ്യയുടെ പിതൃത്വം അവകാശപ്പെടുക! പ്രമുഖ മാധ്യമങ്ങളും സാങ്കേതിക വിദഗ്ദരും ഈ വിഷയം ഗൗരവമായിത്തന്നെ ചര്‍ച്ചചെയ്തു. ഗിസ്‌മോഡോ ലേഖകന്‍ സാം ബിഡില്‍ രസകരമായ ഒരു ഉപമയോടെയാണ് ശിവ അയ്യദുരൈയുടെ അവകാശവാദങ്ങളോട് പ്രതികരിച്ചത് - 'ഒരാള്‍ 'AEROPLANE' എന്ന പേരില്‍ പ്രത്യേകതരം വിമാനം രൂപകല്പന ചെയ്തു എന്നതിനര്‍ത്ഥം അയാള്‍ വില്‍ബര്‍ റൈറ്റ് ആയി എന്നാണോ'?

ഈമെയില്‍ സാങ്കേതികവിദ്യയ്ക്ക് ഒരു സോഫ്റ്റ്‌വേറില്‍ മാത്രം ഊന്നിനിലനില്‍പ്പില്ല. സന്ദേശങ്ങള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്കെത്തിക്കാന്‍ ചുമതലയുള്ള 'മെസേജ് ഹാന്‍ഡിലിങ് സിസ്റ്റം', സന്ദേശങ്ങള്‍ തയ്യാറാക്കാനും സ്വീകരിക്കാനും തരംതിരിക്കാനും മറ്റും ഉപയോക്താക്കളെ സഹായിക്കുന്ന 'യൂസര്‍ ഏജന്റ്' എന്നിങ്ങനെ രണ്ട് ഘടകങ്ങളും, ഇവയെ പരസ്പരം ബന്ധിപ്പിക്കാനുതകുന്ന ചില പൊതുനിയമങ്ങളും അടങ്ങുന്നതാണ് ഈമെയില്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനം. 

ഇവ രണ്ടും അയ്യാദുരൈ 'ഈമെയില്‍' സോഫ്റ്റ്‌വേര്‍ തയ്യാറാക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിലനിന്നിരുന്നു. നേരത്തേ സൂചിപ്പിച്ച അര്‍പ്പാനെറ്റില്‍ ഉപയോഗിച്ചിരുന്ന ഈമെയില്‍ സംവിധാനംതന്നെ ഈ അടിസ്ഥാനഘടകങ്ങളില്‍ ഊന്നിയായിരുന്നു. 

ഇവിടെ അയ്യാദുരൈ തന്റെ പതിനാലാം വയസ്സില്‍ രൂപം കൊടുത്ത ഈമെയില്‍ സോഫ്റ്റ്‌വേറും ഇത്തരത്തിലുള്ള ഒന്നുതന്നെ ആയിരുന്നുവെങ്കിലും, ഇതേ ആശയവും സാങ്കേതികവിദ്യയും മറ്റു പല രൂപങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നിലനിന്നിരുന്നു എന്ന വസ്തുതയ്ക്ക് സമകാലീനരായ കമ്പ്യൂട്ടര്‍ വിദഗ്ദരെല്ലാം അടിവരയിടുന്നു. മാത്രവുമല്ല, 1978 ല്‍ തന്നെ ആദ്യ പാഴ്‌സന്ദേശം ( spam mail ) വരെ അര്‍പ്പാനെറ്റില്‍ ഉദയം കൊണ്ടതും ചരിത്രകാരന്‍മാര്‍ എടുത്തു പറയുന്നു. 

അയ്യാദുരൈയുടെ കണ്ടുപിടുത്തം ഒരുപക്ഷേ 'ചക്രം വീണ്ടും രൂപകല്‍പ്പന ചെയ്തതുപോലെ' ഉള്ള ഒന്നാകാം എന്നും ഇതില്‍ ഒരു പതിനാലുകാരന്റെ പ്രതിഭയ്ക്കുപരിയായി അംഗീകരിക്കപ്പെടേണ്ടതായി മറ്റൊന്നുമില്ലെന്നും വിദഗ്ധര്‍ വാദിക്കുന്നു. അതായത് അയ്യാദുരൈ നിലവിലെ സാങ്കേതികവിദ്യകളെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ഈമെയില്‍ സങ്കേതം പുനരാവിഷ്‌ക്കരിക്കുകയായിരുന്നു എന്നുസാരം. 

അമേരിക്കയിലിരുന്ന് തോമസ് ആല്‍വാ എഡിസണ്‍ ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ച അതേ കാലഘട്ടത്തില്‍തന്നെ ബ്രിട്ടനിലെ ശാസ്ത്രജ്ഞനായിരുന്ന ജോസഫ് സ്വാനും ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചിരുന്നു. എങ്കിലും ഇലക്ട്രിക് ബള്‍ബിന്റെ പിതാവെന്ന രൂപത്തില്‍ ഇന്നും ലോകം വാഴ്ത്തുന്നത് എഡിസനെ ആണെന്നുള്ള ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള മറുവാദങ്ങളും ഉണ്ടായിട്ടുണ്ട്.

വാഷിങ്ടണ്‍ പോസ്റ്റ്, ടൈം, ഹഫിങ്ടന്‍ പോസ്റ്റ്, ബോസ്റ്റണ്‍ മാഗസിന്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ പ്രദിദ്ധീകരിക്കപ്പെട്ട അനുകൂല ലേഖനങ്ങളിലൂടെയും പത്ര സമ്മേളനങ്ങളിലൂടെയും ഈ വിഷയത്തില്‍ ലഭിച്ച ജനശ്രദ്ധ കുറവല്ല. മാത്രവുമല്ല ശി്‌ലിലേൃീളലാമശഹ.രീാ, റൃഋാമശഹ.രീാ തുടങ്ങിയ ഫാന്‍സി ഡൊമൈനുകള്‍ സ്വന്തമാക്കിയുള്ള ഒന്നാന്തരം സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ കൂടിയായപ്പോള്‍ ഇപ്പോള്‍തന്നെ ഗൂഗിള്‍, ബിംഗ്, യാഹൂ തുടങ്ങിയ സേര്‍ച്ച് എഞ്ചിനുകളില്‍ inventer of emial, founder of email, who invented e-mail തുടങ്ങിയവ പരതുമ്പോള്‍ ശിവ അയ്യാദുരൈയുടെ സ്വന്തം വെബ് സൈറ്റുകളിലേക്കും അനുബന്ധ ലേഖനങ്ങളിലേക്കും എത്തുന്നു. 

ഇതോടൊപ്പംതന്നെ ഈമെയിലുമായി ബന്ധപ്പെട്ട വിക്കിപീഡീയാ ലേഖനങ്ങളില്‍ പലതിലും അദ്ദേഹം നടത്തിയ തിരുത്തലുകള്‍ അതിരൂക്ഷമായ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ വിക്കിനയങ്ങള്‍ക്ക് എതിരായതിനാല്‍ നീക്കം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. 
അയ്യദുരൈയും ഫ്രാന്‍ ഡ്രെസ്ചറും

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ ഈ വിഷയത്തില്‍ അയ്യാദുരൈ നടത്തിയ പ്രഭാഷണപരമ്പരകളൂം മാധ്യമശ്രദ്ധ നേടിക്കൊടുത്തു. ഒരു കറുത്തവര്‍ഗ്ഗക്കാരന്റെ കണ്ടുപിടുത്തം ചരിത്രത്താളുകളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനായി പാശ്ചാത്യലോകം ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന നിലയിലേക്ക് ചര്‍ച്ചകളെ നയിക്കാന്‍ അയ്യാദുരൈയ്ക്കും കൂട്ടര്‍ക്കും ഒരു പരിധി വരെ കഴിഞ്ഞിട്ടുമുണ്ട്.

ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങിനെക്കുറിച്ച് 'Internet Publictiy Guide: How to Maximize Your Marketing and Promotion in Cyberspace' എന്ന പുസ്തകം എഴുതിയിട്ടുള്ള അയ്യാദുരൈ സൈബര്‍ലോകത്തെ എല്ലാ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് താനാണ് ഈമെയിലിന്റെ പിതാവ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായിത്തന്നെ തുടരുന്നു. ലോകം അത് അംഗീകരിക്കുന്നുമുണ്ട്; പക്ഷേ, ഇലക്ട്രോണിക്‌മെയില്‍ എന്ന ഈമെയിലിന്റെ പിതാവായല്ല, 'EMAIL' എന്ന സോഫ്റ്റ്‌വേറിന്റെ പിതാവായി. 

ഈ അടുത്തിടെ ശിവ അയ്യദുരൈ പ്രശസ്ത അമേരിക്കന്‍ അഭിനേത്രി ഫ്രാന്‍ ഡ്രെസ്ചറിനെ വിവാഹം കഴിച്ചതോടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Tuesday, September 16, 2014

Moto G 2nd Generation has come for Rs. 12999/- through Flipkart only

Moto G 2nd Generation has come for Rs. 12999/- through Flipkart only

പുതിയ മോട്ടോ ജിയും മോട്ടോ എക്‌സും എത്തി

 Aug 5, 2014
പുതിയ മോട്ടോ ജി


ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ 'മോട്ടോ ജി'യുടെ പരിഷ്‌ക്കരിച്ച പതിപ്പ് മോട്ടറോള അവതരിപ്പിച്ചു. ഒപ്പം കമ്പനിയുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആയ 'മോട്ടോ എക്‌സി'ന്റെ പുതിയ പതിപ്പും എത്തി. വലിപ്പത്തിലും ഫീച്ചറുകളിലും കൂടുതല്‍ മികവോടെയാണ് ഇരുഫോണുകളുടെയും പുതിയ പതിപ്പുകള്‍ എത്തുന്നത്. 

ഇന്ത്യയില്‍ മോട്ടോ ജി ( Motorola Moto G ) ഇന്ന് രാത്രി മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫ് ളിപ്കാര്‍ട്ട് വഴി വാങ്ങാം. മോട്ടോ എക്‌സ് ( Motorola Moto X ) ഡല്‍ഹിയിലാണ് അവതരിപ്പിച്ചത്. ഈ മാസംതന്നെ അത് ഫ് ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും.

പുതിയ മോട്ടോ ജി 

ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള അഞ്ചിഞ്ച് ഹൈഡഫിനിഷന്‍ ഡിസ്‌പ്ലെയാണ് പരിഷ്‌ക്കരിച്ച മോട്ടോ ജിയുടേത് (നാലരയിഞ്ച് ഡിസ്‌പ്ലെയായിരുന്നു പഴയ മോട്ടോ ജിയുടേത്). പഴയ മോട്ടോ ജിയില്‍ മുഖ്യക്യാമറ 5എംപി ആയിരുന്നെങ്കില്‍, പരിഷ്‌ക്കരിച്ച പതിപ്പില്‍ അത് 8എംപിയാണ്. മുന്‍ക്യാമറയിലും മാറ്റമുണ്ട്. 1.3എംപിയില്‍നിന്ന് 2എംപി ആയിരിക്കുന്നു. 

8 ജിബി, 16 ജിബി എന്നിങ്ങനെ സ്റ്റോറേജുള്ള രണ്ട് മോഡലുകളായാണ് പുതിയ മോട്ടോ ജിയും എത്തുന്നത്. ആവശ്യമെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 

16 ജിബി മോഡലിന് 12,999 രൂപയാണ് വില. പഴയ മോട്ടോ ജിയെ അപേക്ഷിച്ച് വില കുറവ്. മുമ്പത്തെ മോട്ടോ ജി 16 ജിബി മോഡലിന് 13,999 രൂപയായിരുന്നു ഇന്ത്യയില്‍ വില. പുതിയ മോട്ടോ ജി വില്‍പ്പനയ്‌ക്കെത്തുന്നത് പ്രമാണിച്ച്, ആദ്യ മോട്ടോ ജി മോഡലുകളുടെ വിലഅടുത്തയിടെ 2000 രൂപ വീതം മോട്ടറോള കുറച്ചിരുന്നു. 

ഫോണില്‍ വെള്ളം തെറിച്ചാല്‍ വലിയ പ്രശ്‌നമുണ്ടാകാതിരിക്കാനായി വാട്ടര്‍-റെസിസ്റ്റന്റ് കോട്ടിങോടെയാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍, സോണി എക്‌സ്പീരിയ സെഡ്2 പോലെ വെള്ളത്തില്‍ മുക്കാന്‍ കഴിയുന്ന വാട്ടര്‍-പ്രൂഫ് അല്ല മോട്ടോ ജി. 

പുതിയ മോട്ടോ ജി


ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ മോട്ടോ ജി ഓടുന്നത്. ആന്‍ഡ്രോയ്ഡ് എല്‍ അപ്‌ഡേറ്റ് മോട്ടറോള ഉറപ്പുനല്‍കുന്നുണ്ട്. 

പ്രൊസസറിന്റെ കാര്യത്തിലാണ് പുതിയ മോട്ടോ ജി തെല്ലും മുന്നോട്ട് പോകാത്തത്. പഴയ മോഡലിലുള്ള 1.2 ജിഎച്ച്‌സെഡ് ക്വാഡ്-കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 400 പ്രൊസസര്‍ തന്നെയാണ് പുതിയ ഫോണിലുമുള്ളത്. റാമിലും വ്യത്യാസമില്ല; 1ജിബി മാത്രം. ബാറ്ററിയുടെ കാര്യവും അങ്ങനെ തന്നെ; പഴയതിലുള്ള 2070 എംഎഎച്ച് ബാറ്ററി തന്നെ പുതിയതിലും നിലനിര്‍ത്തിയിരിക്കുന്നു. 

പക്ഷേ, ഒട്ടേറെ പുതിയ സവിശേഷതകളും ഫീച്ചറുകളും പുതിയ മോട്ടോ ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്‍ട്ടിന്‍ ഡിജിറ്റല്‍ ടിവി ട്യൂണര്‍ ആണ് അതിലൊന്ന്. ടിവി പരിപാടികള്‍ കാണാനുള്ള ആപ് മറ്റൊന്ന്. പ്രോഗ്രാം കാണുമ്പോള്‍തന്നെ ഫോണിലത് റിക്കോര്‍ഡ് ചെയ്യാനും കഴിയും. 

ഉപയോക്താവ് എവിടെയാണെന്ന് മനസിലാക്കി അതിനനുസരിച്ച് സര്‍വീസുകള്‍ നല്‍കാന്‍ ശേഷിയുള്ള 'മോട്ടോ അസിസ്റ്റ്' ( Moto Assits ) സര്‍വീസും മോട്ടോ ജിയുടെ പുതിയ പതിപ്പിലുണ്ട്. മാത്രമല്ല, സെല്‍ഫികളെടുക്കുക, സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശബ്ദനിര്‍ദേശത്തിലൂടെ നിര്‍വഹിക്കാന്‍ സഹായിക്കുന്ന 'മോട്ടോ വോയ്‌സും' ( Moto Voice ) ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യ കൂടാതെ, ഫ്രാന്‍സ്, ബ്രിട്ടന്‍, ബ്രസീല്‍, സ്‌പെയ്ന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് പുതിയ മോട്ടോ ജി ആദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്. 

പുതിയ മോട്ടോ എക്‌സ് 

ആദ്യ മോട്ടോ എക്‌സ് അവതരിപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് മോട്ടറോള വിപണിയിലെത്തിക്കുന്നത്. മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കിയ ശേഷം കമ്പനിയിറക്കിയ ആദ്യ ഫോണായിരുന്നു മോട്ടോ എക്‌സ്.

പുതിയ മോട്ടോ എക്‌സ്‌

അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഈ മാസം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെങ്കിലും, ഫോണിന്റെ വില എന്താകുമെന്ന് മോട്ടറോള ഒരു സൂചനയും നല്‍കിയിട്ടില്ല. 

4.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ആദ്യ മോട്ടോ എക്‌സില്‍ ഉണ്ടായിരുന്നതെങ്കില്‍, ഫുള്‍ എച്ച്ഡി റിസല്യൂഷനുള്ള 5.2 ഇഞ്ച് ഡിസ്‌പ്ലെയുമായാണ് പുതിയ ഫോണിന്റെ വരവ്. പോറലേല്‍ക്കാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്. 

16 ജിബി, 32 ജിബി സ്‌റ്റോറേജുള്ള രണ്ട് മോഡലുകളില്‍ മോട്ടോ എക്‌സ് ലഭിക്കും. ഊര്‍ജം പകരാന്‍ 2300 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. 

മോട്ടോ എക്‌സിന്റെ ആദ്യ മോഡലില്‍ മുഖ്യക്യാമറ 10എംപി ആയിരുന്നെങ്കില്‍, പുതിയ വേര്‍ഷനില്‍ അത് 13എംപിയാണ്. പുതിയ ഫോണില്‍ 2എംപി മുന്‍ക്യാമറയുമുണ്ട്. മോട്ടോ ജിയിലേത് പോലെ വാട്ടര്‍-റെസിസ്റ്റന്റ് കോട്ടിങ് ഇതിലുമുണ്ട്. 

2.5 ജിഎച്ച്‌സെഡ് പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. 2 ജിബി റാമും ഉണ്ട്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോം കൂടിയാകുമ്പോള്‍ മിന്നല്‍വേഗമുള്ളതാകും ഫോണ്‍ എന്നുറപ്പ്. ആന്‍ഡ്രോയ്ഡ് എല്‍ എത്തിയാലുടന്‍ ഫോണ്‍ അതിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് മോട്ടറോള വാഗ്ദാനം ചെയ്യുന്നു. 

ടച്ച് ചെയ്യാതെ ഫോണില്‍ കാര്യങ്ങള്‍ ചെയ്യാന്‍ 'മോട്ടോ വോയ്‌സ്' ആപ്ലിക്കേഷനുണ്ട്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടച്ച്‌ലെസ്സ് കണ്‍ട്രോള്‍ മതി.

I phone 5S price cut up to Rs.13,000/-

I phone 5S price cut up to Rs.13,000/-

ഐഫോണ്‍ 5എസിന്റെ വില 13,000 രൂപ വരെ കുറയ്ക്കുന്നു

 

ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 5എസ്, 5സി എന്നിവയുടെ വില 13,000 രൂപ വരെ ആപ്പിള്‍ കുറയ്ക്കുന്നു. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് മോഡലുകള്‍ വിപണിയില്‍ എത്തുന്നതിനോട് മുന്നോടിയായാണ് മുന്‍തലമുറ ഫോണുകളുടെ വില കുറയ്ക്കുന്നത്. 

പുതിയ മോഡലുകള്‍ വരുമ്പോള്‍ പഴയ മോഡലുകളുടെ വില ആപ്പിള്‍ കുറയ്ക്കുന്നത് പതിവാണ്. പ്രമുഖ ടെക് സൈറ്റായ ബിജിആര്‍ വഴിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

ആപ്പിളിന്റെ ഐഫോണ്‍ 5എസിന്റെ 16 ജിബി, 32 ജിബി മോഡലുകളുടെ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 5എസ് 64 ജിബി പതിപ്പിന്റെ വിലയെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല.

ഐഫോണ്‍ 5എസ് 32 ജിബി മോഡലിന് നിലവില്‍ 62,500 രൂപയാണ് വില. അത് 13,000 രൂപ കുറച്ച് 49,500 രൂപയാക്കുമെന്നാണ് റിപ്പോര്‍ട്ട്. 53,500 രൂപ വിലയുള്ള ഐഫോണ്‍ 5എസ് 16 ജിബി മോഡലിന്റെ വില 9,000 രൂപ കുറച്ച് 44,500 രൂപയാക്കിയേക്കും. 8 ജിബി ഐഫോണ്‍ 5സിയുടെ വില 6,000 രൂപ കുറഞ്ഞ് 31,500 ആകും. 

അതേസമയം ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഐഫോണ്‍ 5എസ് ഇതിലും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. സ്‌നാപ്ഡീലില്‍ 35,799, ഫ് ളിപ്കാര്‍ട്ടില്‍ 36,000, ആമസോണില്‍ 36,495 എന്നിങ്ങനെയാണ് 5 എസ് 16 ജിബി വേരിയന്റിന്റെ വിലകള്‍. പുതിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വില വീണ്ടും കുറയുമോ എന്ന ആകാംക്ഷയും വിപണിയിലുണ്ട്.

ആപ്പിള്‍ ഉടന്‍തന്നെ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനുള്ള ബൈബാക്ക് ഓഫറുകള്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്. മിനിമം 8,000 രൂപയുടെ ഓഫറാകും അവതരിപ്പിക്കുക എന്നാണ് വിലയിരുത്തല്‍.

വലിയ സ്‌ക്രീനോടുകൂടിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ സപ്തംബര്‍ 9 നാണ് ആപ്പിള്‍ അവതരിപ്പിച്ചത്. 4.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ളതാണ് ഐഫോണ്‍ 6 എങ്കില്‍, 5.5 ഇഞ്ച് വലിപ്പമുള്ളതാണ് ഐഫോണ്‍ 6 പ്ലസ്. 

ഇരുമോഡലുകളും അമേരിക്കയില്‍ സപ്തംബര്‍ 19 ന് എത്തുമെന്നാണ് ആപ്പിള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം അതിനായി അമേരിക്കയില്‍ മുന്‍കൂര്‍ ബുക്കിങും തുടങ്ങി. അഭൂതപൂര്‍വമായ പ്രതികരണമാണ് അതിനുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍, പ്രഖ്യാപിച്ചതുപോലെ സപ്തംബര്‍ 19 ന് ഐഫോണ്‍ 6 അമേരിക്കയില്‍ എത്തുമെങ്കിലും, ഐഫോണ്‍ 6 പ്ലസ് ഒരുമാസം കൂടിയെങ്കിലും കഴിഞ്ഞേ എത്തൂ എന്നാണ് ഇപ്പോഴത്തെ വിവരം. മുന്‍കൂര്‍ ബുക്കിങ് വല്ലാതെ വര്‍ധിച്ചതുകൊണ്ടാണോ ഇതെന്നും സംശയമുണ്ട്. 

അമേരിക്കയില്‍ ഇത്രയും ആവശ്യക്കാര്‍ ഉണ്ടായത്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ എത്താന്‍ കാലതാമസമുണ്ടാക്കിയേക്കും.ഐഫോണ്‍ 6 ഒക്‌ടോബര്‍ 17 ന് ലഭ്യമാകുമെന്ന് ആപ്പിളിന്റെ ഇന്ത്യന്‍ സൈറ്റില്‍ ആദ്യം നല്‍കിയിരുന്ന വിവരം ഇപ്പോള്‍ സൈറ്റില്‍നിന്ന് നീക്കം ചെയ്തത് അതിന്റെ സൂചനയാണ്.

Android One Phone has been launched (Rs. 6299 to 6499) Micromax Canvas A1, Karbonn Sparkle V and ASpice Dream Uno on 15/09/2014

Android One Phone has been launched

തരംഗം സൃഷ്ടിക്കാന്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ എത്തി

 

ലോകത്തിലെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് എന്നിവയുടെമായി ചേര്‍ന്നാണ് ഗൂഗിള്‍ ആന്‍േഡ്രായ്ഡ് വണ്‍ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

മൈക്രോമാക്‌സ് ക്യാന്‍വാസ് എ1, കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി, സ്‌പൈസ് ഡ്രീം യൂനോ എന്നിവയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഫോണുകള്‍. 6,399 രൂപ (105 ഡോളര്‍) ആണ് ഫോണുകളുടെ വില.

കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ നേരിട്ട് ഫോണുകള്‍ പുറത്തിറക്കുന്ന സംരംഭമായ ആന്‍ഡ്രോയ്ഡ് വണ്‍ ആരംഭിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പതിപ്പുമായാണ് ആന്‍േഡ്രായ്ഡ് വണ്‍ ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആകര്‍ഷകമായ ഡിസൈന്‍, ദീര്‍ഘമായ ബാറ്ററി ലൈഫ്, കരുത്തുറ്റ് സുരക്ഷാ സവിശേഷതകള്‍, മികച്ച നോട്ടിഫിക്കേഷനുകള്‍ എന്നിവയാണ് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളുടെ പ്രധാന സവിശേഷതകളായ ഗൂഗിള്‍ അവകാശപ്പെടുന്നത്.

സമാനമായ സവിശേഷതകളുമായാണ് മൂന്ന് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളും എത്തിയിരിക്കുന്നത്. 4.5 ഇഞ്ച് ഐപിഎസ് എഫ്ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ മീഡിയടെക് പ്രൊസസ്സര്‍, 1 ജിബി റാം, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകള്‍ ഫോണുകള്‍ക്കുണ്ട്. 

എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയുള്ള ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ക്ക് 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണുള്ളത്. കണക്ടിവിറ്റിയ്ക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ, ജിപിആര്‍എസ്-എഡ്ജ്, 3ജി സവിശേഷതകളുണ്ട്. 1700 എംഎച്ച് ബാറ്ററിയാകും ഫോണുകള്‍ക്ക് ഊര്‍ജം പകരുക. എല്ലാ ഫോണുകളും ഡ്യുവല്‍ സിം സവിശേഷതയുള്ളവയാണ്.

ഗൂഗിളിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മികച്ച സ്‌പെസിഫിക്കേഷനുകളുമായി കുറഞ്ഞ വിലയില്‍ എത്തുന്ന ഫോണുകള്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ജിമെയില്‍, ഗൂഗിള്‍ മാപ്പ്‌സ്, യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് , ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് വണ്ണില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

എയര്‍ടെല്ലുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്കായി ഡാറ്റ ഉപയോഗത്തിനും മറ്റും പ്രത്യേക ഓഫറും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. യൂട്യൂബില്‍ ഓഫ്‌ലൈന്‍ വീഡിയോകള്‍ എന്ന സംവിധാനവും ഗൂഗിള്‍ ലോഞ്ചിങ് ചടങ്ങില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോണുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായി തുടങ്ങും. എന്നാല്‍ ഒക്‌ടോബറിലേ ആന്‍ഡ്രോയ്ഡ് വണ്‍ ഷോപ്പുകള്‍ വഴി ലഭ്യമായി തുടങ്ങൂ.

ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണി എന്ന നിലയിലാണ് ഗൂഗിള്‍, ഇന്ത്യയെ ആന്‍ഡ്രോയ്ഡ് വണ്‍ പുറത്തിറക്കാന്‍ തിരഞ്ഞെത്തിരിക്കുന്നത്. എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ എന്ന ലക്ഷ്യത്തോടെയാണ് ആന്‍ഡ്രോയ്ഡ് വണ്‍ എത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആനഡ്രോയ്ഡ് വണ്‍ ഉടനെ പുറത്തിറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Display

4.50-inch

Processor

1.3GHz

Front Camera

 2-megapixel

Resolution

 480x854 pixels

RAM

 1GB

OS

 Android 4.4.4

Storage

4GB

Rear Camera

5-megapixel

Battery capacity

1700mAh
 

Display

4.50-inch

Processor

1.3GHz

Front Camera

 2-megapixel

Resolution

 480x854 pixels

RAM

 1GB

OS

 Android 4.4

Storage

4GB

Rear Camera

5-megapixel

Battery capacity

1700mAh
 

Display

4.50-inch

Processor

1.3GHz

Front Camera

 2-megapixel

Resolution

 480x854 pixels

RAM

 1GB

OS

 Android 4.4.4

Storage

4GB

Rear Camera

5-megapixel

Battery capacity

1700mAh