Sunday, September 21, 2014

Email - History and debate

ഈമെയില്‍ - ചരിത്രവും അവകാശവാദവും

 
എന്നാണ് ഈമെയില്‍ തുടങ്ങിയത്. ആരായിരുന്നു ആ സന്ദേശകൈമാറ്റ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. അടുത്തിയിടെ പ്രചരിപ്പിക്കപ്പെട്ടതുപോലെ, 'ഈമെയിലിന്റെ ഉപജ്ഞാതാവ്' ഇന്ത്യന്‍ വംശജനായ ശിവ അയ്യാദുരൈ ആണോ....ഈ മെയിലിന്റെ ചരിത്രവും സാങ്കേതിക പരിണാമവും ആഴത്തില്‍ പരിശോധിക്കുകയാണ് ഇവിടെ 

ഇന്റര്‍നെറ്റാണോ ഈമെയിലാണോ ആദ്യമുണ്ടായതെന്ന് ചോദിച്ചാല്‍ ഈമെയില്‍ ആണെന്ന് പറയേണ്ടി വരും. പരമ്പരാഗത സന്ദേശ കൈമാറ്റരൂപങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് എന്ന അര്‍ഥത്തില്‍ ഈമെയില്‍ തന്നെയാണ് ആദ്യമെത്തിയതത്. 

ഒന്നിലധികം കമ്പ്യൂട്ടറുകളുടെ ശൃംഖലയായിരുന്ന 'അര്‍പ്പാനെറ്റി'നും (ARPANET) മുമ്പുതന്നെ, ഒന്നിലധികം ഉപയോക്താക്കള്‍ അവരവരുടെ യൂസര്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഒരേ കമ്പ്യൂട്ടറിലെതന്നെ ലോഗിന്‍ ചെയ്ത് ജോലികള്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരു യൂസര്‍ അതേ കമ്പ്യൂട്ടറിലെ മറ്റൊരു യൂസര്‍ക്ക് കൈമാറാനുള്ള സന്ദേശം പ്രത്യേകരീതിയില്‍ ക്രമമായി രേഖപ്പെടുത്തിവെയ്ക്കുന്ന സംവിധാനം നിലനിന്നിരുന്നു. ഇതിനെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ആദ്യ ഇലക്ട്രോണിക് സന്ദേശകൈമാറ്റമായി കണക്കാക്കാം.

1961 ല്‍ അമേരിക്കയില്‍ മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ( MIT ) യില്‍ രൂപംകൊണ്ട സംവിധാനമാണ് കോമ്പാറ്റിബിള്‍ ടൈം ഷെയറിങ് സിസ്റ്റം ( CTS ). ഒരേസമയം ഒന്നിലധികം പേര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധിക്കുംവിധമുള്ള ആ സംവിധാനമാണ് ഈമെയില്‍ സാങ്കേതികവിദ്യയ്ക്ക് വിത്തുപാകിയത്. 

ഒരേ കമ്പ്യൂട്ടറില്‍ പ്രത്യേകം മെമ്മറിയോ പ്രോസസ്സറോ ഇല്ലാത്ത 'ഡംബ് ടെര്‍മിനലുകളി'ലൂടെ അനേകംപേര്‍ ഒരേസമയത്ത് ലോഗിന്‍ചെയ്ത് ഉപയോഗിക്കുമ്പോള്‍, പ്രസ്തുത ഉപയോക്താക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന് SNDMSG എന്ന പ്രോഗ്രാമായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ പ്രോഗ്രാം ഉപയോഗിച്ച്, സ്വീകരിക്കപ്പെടേണ്ടയാളുടെ ഹോം ഡയറക്റ്ററിയിലെ 'മെയില്‍ബോക്‌സ്' ( MAILBOX ) എന്ന ഫയലിലേക്ക് സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തിരുന്നത്. പ്രസ്തുത ഉപയോക്താവ് കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്താലുടന്‍ പുതിയ സന്ദേശമുള്ളതായി അറിയിപ്പ് ലഭിക്കുമായിരുന്നു.

ഒന്നിലധികം കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കമ്പ്യൂട്ടര്‍ശൃംഖലകള്‍ നിലവില്‍ വന്നപ്പോള്‍, ഒരു കമ്പ്യൂട്ടറിലെ ഉപയോക്താവില്‍നിന്ന് മറ്റൊരു കമ്പ്യൂട്ടറിലെ ഉപയോക്താവിനെ വേര്‍തിരിക്കാന്‍ സാങ്കേതികമായ വിഷമതകള്‍ നേരിട്ടു. 1971 ല്‍ റിച്ചാര്‍ഡ് വാട്‌സണ്‍ അവതരിപ്പിച്ച 'RFC -196 മെയില്‍ ബോക്‌സ് പ്രോട്ടോക്കോളില്‍'നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട്, ഇതിനൊരു പരിഹാരമായി റെയ്മണ്‍ഡ് സാമുവല്‍ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ഒരു സംവിധാനം ആവിഷ്‌കരിച്ചു. അതായത് ഒരോ കമ്പ്യൂട്ടറിലേയും ഉപയോക്താക്കള്‍ക്ക് യൂസര്‍നാമത്തോടൊപ്പം '@' എന്ന ചിഹ്നവും കമ്പ്യൂട്ടറിന്റെ പേരും ചേര്‍ത്ത് ഒരു പ്രത്യേക വിലാസം നല്‍കി. അതായത് സുജിത്@ടെര്‍മിനല്‍1, രാം@ടെര്‍മിനല്‍1, സുജിത്@ടെര്‍മിനല്‍2.... എന്നിങ്ങനെ. ഇതായിരുന്നു ഇന്ന് കാണുന്ന ഈമെയില്‍ വിലാസങ്ങളുടെ ആദ്യരൂപം. അതോടൊപ്പം ഒരു കമ്പ്യൂട്ടറില്‍നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുംവിധം, മുകളില്‍ സൂചിപ്പിച്ച SNDMSG എന്ന പ്രോഗ്രാമിലും പരിഷ്‌ക്കരണം വരുത്തി. 

റെയ്മണ്‍ഡ് സാമുവല്‍ ടോംലിന്‍സണ്‍

അര്‍പ്പാനെറ്റിലെ DEC PDP-10 കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ചിരുന്ന 'ടെനെക്‌സ്' ( TENEX ) ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പഴയ 'സെന്‍ഡ്‌മെയില്‍' ( SENDMAIL ) അപ്ലിക്കേഷനും, തന്റെ തന്നെ സൃഷ്ടിയായ 'സി.പി.വൈ നെറ്റ്' ( CPYnet ) എന്ന നെറ്റ്വര്‍ക്ക് ഫയല്‍ ട്രാന്‍സ്ഫര്‍ സംവിധാനവും പരസ്പരം ബന്ധിപ്പിക്കുകയാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ ടോംലിന്‍സണ്‍ ചെയ്തത്. 

ഇത്തരത്തില്‍ ആദ്യമായി ഒരു കമ്പ്യൂട്ടറില്‍നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയയ്ക്കപ്പെട്ട ഈമെയില്‍ സന്ദേശം ടൊംലിന്‍സണിന്റെ ഓഫീസിലെ അടുത്തടുത്തായി സ്ഥാപിക്കപ്പെട്ട രണ്ടു കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചായിരുന്നു. ചരിത്രത്തിന്റെ ഭാഗമായ പ്രസ്തുത സന്ദേശം എന്തായിരുന്നുവെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല എന്നും അത് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്ത ചില കീസ്‌ട്രോക്കുകളായ 'qwetryuiop' ആയിരുന്നിരിക്കാമെന്നും ടോംലിന്‍സണ്‍ പിന്നീട് പറയുകയുണ്ടായി.

ഇന്ന് കോടിക്കണക്കിന് ഈമെയില്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന '@' ഈമെയില്‍ വിലാസവും, അതിനുവേണ്ടി പരിഷ്‌കരിച്ച ടചഉങടഏ പ്രോഗ്രാമും രൂപപ്പെടുത്തിയ ശേഷം, ഈമെയില്‍ സാങ്കേതികവിദ്യയുടെ മറ്റ് അടിസ്ഥാനഘടകങ്ങളുടെ രൂപകല്‍പ്പനയിലും ടോംലിന്‍സണ്‍ ഗണ്യമായ പങ്ക് വഹിച്ചു. അതിനാല്‍ ടോംലിന്‍സണിനെ പലരും'ഈമെയിലിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കാറുണ്ട്. എങ്കിലും അത്തരം അവകാശവാദങ്ങളൊന്നും അദ്ദേഹത്തിന്റെയോ സുഹൃത്തുക്കളുടേയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 

ലോറന്‍സ് റോബര്‍ട്ട്‌സ്, ബാരി വെസ്ലെ, മാരി യോന്‍ക്ടെ, ജോണ്‍ വിറ്റ തുടങ്ങിയവരുടെ കാലോചിതമായ പരിഷ്‌കരണങ്ങള്‍ SNDMSG എന്ന ആദ്യകാല ഈമെയില്‍ പ്രോഗ്രാമിനെ ഫോര്‍വേഡ്, റിപ്ലൈ, ഡിലീറ്റ്/ട്രാഷ് തുടങ്ങിയവയുടെ ആദ്യകാല രൂപങ്ങളായ മൂവ്, ആന്‍സര്‍, ഫോര്‍വേഡ് എന്നീ കമാന്‍ഡുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള 'എം.എസ്.ജി' ( MSG ) എന്ന പ്രോഗ്രാമിലേക്കെത്തിച്ചു. 

ഇന്നത്തെ ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പ്പാനെറ്റ് 1970 കളുടെ പകുതിയോടെ വളരെ വ്യാപകമാവുകയും അനേകം കമ്പ്യൂട്ടറുകള്‍ ഈ ശൃംഖലയിലേക്ക് കണ്ണിചേര്‍ക്കപ്പെടുകയും ചെയ്തു. സ്വാഭാവികമായും ഈമെയില്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. അര്‍പ്പാനെറ്റില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട അപ്ലിക്കേഷന്‍ എം.എസ്.ജി ആയിരുന്നു. അര്‍പ്പാനെറ്റ് ട്രാഫിക്കിന്റെ സിംഹഭാഗവും ഈമെയില്‍ കയ്യടക്കി.

അഭയ് ഭൂഷണ്‍
ഈമെയിലിന്റെ ചരിത്രത്തില്‍ എടുത്തുപറയേണ്ട ഒരു ഇന്ത്യക്കാരന്റെ പേരുമുണ്ട്. ആദ്യമായി ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോളിന് രൂപംനല്‍കിയതും, ടി സി പി / ഐപി പ്രോട്ടോക്കോളിന്റെയും ഈമെയില്‍ പ്രോട്ടോക്കോളുകളുടേയും രൂപീകരണത്തില്‍ നിര്‍ണ്ണായകപങ്ക് വഹിച്ചതുമായ കാണ്‍പൂര്‍ ഐ ഐ ടി അലുമിനിയും കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ അഭയ് ഭൂഷണ്‍. 

ആദ്യകാലങ്ങളില്‍ ഓപ്പറേറ്റിങ് സിസ്റ്റം, മെയില്‍ സോഫ്റ്റ്‌വേര്‍ തുടങ്ങിയവയിലുണ്ടായ പരിമിതികള്‍ മൂലം ഈമെയില്‍ സാങ്കേതികവിദ്യ ഒരോ നെറ്റ്‌വര്‍ക്കുകള്‍ക്കകത്ത് മാത്രമായി ഒതുങ്ങിനിന്നു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലേക്കെത്തിയപ്പോള്‍, 1980 കളുടെ തുടക്കത്തില്‍തന്നെ ഈമെയില്‍ അര്‍പ്പാനെറ്റിന് പുറത്തുകടന്നു. മറ്റ് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലും ഈമെയില്‍ വിദ്യ കാര്യമായി ഉപയോഗിക്കാന്‍ തുടങ്ങി. 

അതോടെ 'എം.സി.ഐ.മെയില്‍ ( MCI Mail ), 'ആപ്പിള്‍ ലിങ്ക്' ( AppleLink ), 'ടെലകോം ഗോള്‍ഡ്' ( Telecom Gold ) തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സ്വന്തം സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഈമെയില്‍ സേവനം നല്‍കാന്‍ തുടങ്ങി. പക്ഷേ, അവയുടെ പ്രധാന ന്യൂനത ഒരു നെറ്റ്വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് സന്ദേശങ്ങള്‍ കൈമാറാനാകില്ല എന്നതായിരുന്നു. അതായത് ടെലികോം ഗോള്‍ഡ് നെറ്റ്വര്‍ക്കിലെ ഉപഭോക്താക്കള്‍ക്ക് ടെലികോം ഗോള്‍ഡ് ഉപഭോക്താക്കളുമായി മാത്രമേ ഈമെയില്‍ ഇടപാടുകള്‍ സാധ്യമായിരുന്നുള്ളൂ. 

ഇന്റര്‍നെറ്റിന്റെ ത്വരിതഗതിയിലുള്ള വികാസം ഇന്റര്‍നെറ്റ് അടിസ്ഥാനമായുള്ള പ്രധാന ആശയവിനിമയ മാര്‍ഗ്ഗമായ ഈമെയിലിന്റെ പ്രചാരവും വര്‍ധിപ്പിച്ചു. ഡയലപ്പ് കണക്ഷനുകള്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് , ഇന്ന് നാം ഉപയോഗിക്കുന്ന വെബ്ബ്അധിഷ്ഠിത ഈമെയില്‍ സേവനങ്ങളായ ജീമെയില്‍, യാഹൂ തുടങ്ങിയവയൊന്നും ഇല്ലാതിരുന്നു. ആ കാലത്ത് ഓരോ കമ്പ്യൂട്ടറുകളിലും ഇന്‍സ്റ്റോള്‍ ചെയ്ത് ഉപയോഗിക്കാവുന്ന, പ്രത്യേകം തയ്യാറാക്കിയ ഈമെയില്‍ സോഫ്റ്റ്‌വേറുകള്‍ വഴിയായിരുന്നു ഈമെയില്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നത് (ഇന്നും നാം ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, മോസില്ല തണ്ടര്‍ ബേഡ് തുടങ്ങിയവയെപ്പോലെയുള്ളവയുടെ ആദ്യ തലമുറ). 

അത്തരം സോഫ്റ്റ്‌വേറുകള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത അവസരങ്ങളിലും ഈമെയില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാനും, കമ്പ്യൂട്ടര്‍ പിന്നീട് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അവസരത്തില്‍ അവ അയക്കുവാനും സ്വീകരിക്കുവാനും സൗകര്യവുമൊരുക്കിയിരുന്നു. 

ഇന്റര്‍നെറ്റ് അധിഷ്ഠിത ഈമെയില്‍ സംവിധാനത്തിന് ഒരു പൊതുനിയമാവലിയുമായി 1982 ല്‍ വിഭാവനം ചെയ്യപ്പെട്ടതാണ് SMTP എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'സിമ്പിള്‍ മെസേജ് ട്രാന്‍സ്മിഷന്‍ പ്രോട്ടോക്കോള്‍'. ഇന്നും ഉപോയോഗിക്കപ്പെടുന്ന ആ നിയമാവലിയാണ്, ഈമെയില്‍ സാങ്കേതികവിദ്യയെ ഒരു നെറ്റ്വര്‍ക്കില്‍നിന്ന് മറ്റൊരു നെറ്റ്വര്‍ക്കിലേക്ക് സന്ദേശങ്ങള്‍ കൈമാറാവുന്ന രീതിയിലേക്ക് എത്തിച്ചത്. 

1984 ല്‍ രൂപംകൊണ്ട പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍ ( POP ) ഒരു റിമോട്ട്‌മെയില്‍ സെര്‍വ്വറിലുള്ള മെയില്‍ബോക്‌സില്‍നിന്ന് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് ഈമെയില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്ന സാങ്കേതികവിദ്യ വിഭാവനം ചെയ്തു. പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോളും തുടര്‍ന്ന് 1986 ല്‍ രൂപം കൊണ്ട ഇന്റര്‍നെറ്റ് മെസേജ് ആക്‌സസ് പ്രോട്ടോക്കോളും ( IMAP ) നാം ഇന്ന് ഉപയോഗിക്കുന്ന ഹോസ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജീമെയില്‍ , യാഹൂ, ലൈവ് തുടങ്ങിയ വെബ് മെയിലുകളിലേക്കുള്ള ഈമെയില്‍ സാങ്കേതികവിദ്യയുടെ പ്രയാണത്തിനു വഴിതുറന്നു.

ശിവ അയ്യാദുരൈയും ഈമെയിലും 

2011 നവംബര്‍ 15 ന് ടൈം ടെക്‌ലാന്‍ഡ് 'ഈമെയിലിന്റെ ഉപജ്ഞാതാവ്' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ശിവാ അയ്യാദുരൈ എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്‍, താനാണ് ഈമെയില്‍ കണ്ടുപിടിച്ചത് എന്ന വെടി പൊട്ടിച്ചു.

ആ അഭിമുഖം തുടക്കത്തില്‍ അത്രയധികം ഓളങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും, 2012 ഫിബ്രവരിയില്‍ സ്മിത്സോണിയന്‍ മ്യൂസിയം ശിവ അയ്യാദുരൈയില്‍ നിന്ന് ഈമെയിലിന്റെ ആവിഷക്കര്‍ത്താവ് എന്ന നിലയ്ക്കുള്ള രേഖകള്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ, വെറുമൊരു അവകാശവാദം എന്നതിനപ്പുറത്തേക്ക് കൂടുതല്‍ ശ്രദ്ധനേടുകയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. സ്മിത്സോണിയന്‍ മ്യൂസിയത്തിന്റെ കുറിപ്പില്‍ ഇത് ഈമെയിലിന്റെ നാള്‍വഴിയിലെ സുപ്രധാന രേഖയായി സൂചിപ്പിക്കുകയും ചെയ്തിരുന്നു (പിന്നീട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളെത്തുടര്‍ന്ന് അത് തിരുത്തുകയുണ്ടായി). 

മസാച്ച്യൂസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നാല് ബിരുദങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള, അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് അയ്യാദുരൈ. ഈമെയിലിന്റെ പിതൃത്വം തനിക്കാണെന്നതിന് ഉപോദ്ബലകമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് താന്‍ 1978 ല്‍ ഡെവലപ്പ് ചെയ്തതും തുടര്‍ന്ന് 1982 ല്‍ യു എസ് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ 'ഈമെയില്‍' ( EMAIL ) എന്ന സോഫ്റ്റ്‌വേര്‍ ആണ്. 'ഈമെയില്‍' എന്ന പദം ആദ്യമായി ഉപയോഗിച്ചത് താനാണെന്നും ഇന്നുകാണുന്ന തരത്തിലുള്ള ഈമെയിലിന്റെ ആദ്യരൂപം തന്റെ ഈമെയില്‍ സോഫ്റ്റ്‌വേര്‍ ആണെന്നും അദ്ദേഹം വാദിക്കുന്നു.

ശിവ അയ്യാദുരൈ - അന്നും ഇന്നും

1970 ല്‍ ഏഴ് വയസ്സുള്ളപ്പോള്‍ മുംബൈയില്‍നിന്ന് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയ അയ്യാദുരൈ, ലിവിംഗ്സ്റ്റണ്‍ ഹൈസ്‌കൂളിലെ പഠനത്തോടൊപ്പം ന്യൂ ജേഴ്‌സിയിലെ മെഡിസിന്‍ ആന്‍ഡ് ഡെന്‍ന്റിസ്ട്രി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌ഫെലോ ആയും ജോലി ചെയ്തിരുന്നു. അവിടെ നിലനിന്നിരുന്ന പരമ്പരാഗത ഓഫീസ് കത്തിടപാട് സംവിധാനത്തിന് ഒരു ഇലക്ട്രോണിക് ബദല്‍ ഉണ്ടാക്കാന്‍ അയ്യാദുരൈ ശ്രമിച്ചു. 1979 ല്‍ തന്റെ പതിനാലാം വയസ്സില്‍ അതിന്റെ ഭാഗമായി FORTRAN-IV പ്രോഗ്രാമിങ് ഭാഷയില്‍ ആ വിദ്യാര്‍ഥി ഒരു സോഫ്റ്റ്‌വേര്‍ ഉണ്ടാക്കി. 

ആ സോഫ്റ്റ്വേര്‍ നാം ഇന്നുകാണുന്ന ഈമെയിലിന്റെ പ്രത്യേകതകളായ ടു അഡ്രസ്സ്, ഫ്രം അഡ്രസ്സ്, ഇന്‍ബോക്‌സ്, ഔട്ട്‌ബോക്‌സ്, കാര്‍ബണ്‍ കോപ്പി, അറ്റാച്ച്‌മെന്റ് തുടങ്ങിയവയെല്ലാം അടങ്ങുന്നതായിരുന്നു. ആ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ന്യൂ ജേഴ്‌സി മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസ് മെമ്മോകള്‍ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാനും കഴിഞ്ഞു എന്നും പറയപ്പെടുന്നു.

പ്രസ്തുത സോഫ്റ്റ്‌വേറിന് അയ്യാദുരൈ 'ഈമെയില്‍' എന്ന പേരുനല്‍കി 1982 ആഗസ്റ്റ് 30 ന് അമേരിക്കന്‍ നിയമപ്രകാരം പകര്‍പ്പവകാശം സ്വന്തമാക്കുകയും ചെയ്തു (അക്കാലത്ത് സോഫ്റ്റ്‌വേറുകള്‍ പേറ്റന്റ് പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ലായിരുന്നു. അതിനാല്‍ പകര്‍പ്പവകാശ നിയമപ്രകാരം ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്). അന്ന് ഇതിന്റെ പേരില്‍ അയ്യാദുരൈയ്ക്ക് ചില അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 

അയ്യാദുരൈയുടെ അവകാശവാദം യാഥാര്‍ഥ്യത്തിന് നിരക്കുന്നതോ

ഇന്റര്‍നെറ്റ് ലോകം വലിയ അത്ഭുതത്തോടെയാണ് അയ്യാദുരൈയുടെ അവകാശവാദത്തെ കണ്ടത്. ഒരു സുപ്രഭാതത്തില്‍ പെട്ടന്നൊരാള്‍ വന്ന് ഒരു സോഫ്റ്റ്‌വേറിന്റെയും പകര്‍പ്പവകാശത്തിന്റെയും മാത്രം ബലത്തില്‍ ഈമെയില്‍ പോലൊരു സാങ്കേതികവിദ്യയുടെ പിതൃത്വം അവകാശപ്പെടുക! പ്രമുഖ മാധ്യമങ്ങളും സാങ്കേതിക വിദഗ്ദരും ഈ വിഷയം ഗൗരവമായിത്തന്നെ ചര്‍ച്ചചെയ്തു. ഗിസ്‌മോഡോ ലേഖകന്‍ സാം ബിഡില്‍ രസകരമായ ഒരു ഉപമയോടെയാണ് ശിവ അയ്യദുരൈയുടെ അവകാശവാദങ്ങളോട് പ്രതികരിച്ചത് - 'ഒരാള്‍ 'AEROPLANE' എന്ന പേരില്‍ പ്രത്യേകതരം വിമാനം രൂപകല്പന ചെയ്തു എന്നതിനര്‍ത്ഥം അയാള്‍ വില്‍ബര്‍ റൈറ്റ് ആയി എന്നാണോ'?

ഈമെയില്‍ സാങ്കേതികവിദ്യയ്ക്ക് ഒരു സോഫ്റ്റ്‌വേറില്‍ മാത്രം ഊന്നിനിലനില്‍പ്പില്ല. സന്ദേശങ്ങള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്കെത്തിക്കാന്‍ ചുമതലയുള്ള 'മെസേജ് ഹാന്‍ഡിലിങ് സിസ്റ്റം', സന്ദേശങ്ങള്‍ തയ്യാറാക്കാനും സ്വീകരിക്കാനും തരംതിരിക്കാനും മറ്റും ഉപയോക്താക്കളെ സഹായിക്കുന്ന 'യൂസര്‍ ഏജന്റ്' എന്നിങ്ങനെ രണ്ട് ഘടകങ്ങളും, ഇവയെ പരസ്പരം ബന്ധിപ്പിക്കാനുതകുന്ന ചില പൊതുനിയമങ്ങളും അടങ്ങുന്നതാണ് ഈമെയില്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനം. 

ഇവ രണ്ടും അയ്യാദുരൈ 'ഈമെയില്‍' സോഫ്റ്റ്‌വേര്‍ തയ്യാറാക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിലനിന്നിരുന്നു. നേരത്തേ സൂചിപ്പിച്ച അര്‍പ്പാനെറ്റില്‍ ഉപയോഗിച്ചിരുന്ന ഈമെയില്‍ സംവിധാനംതന്നെ ഈ അടിസ്ഥാനഘടകങ്ങളില്‍ ഊന്നിയായിരുന്നു. 

ഇവിടെ അയ്യാദുരൈ തന്റെ പതിനാലാം വയസ്സില്‍ രൂപം കൊടുത്ത ഈമെയില്‍ സോഫ്റ്റ്‌വേറും ഇത്തരത്തിലുള്ള ഒന്നുതന്നെ ആയിരുന്നുവെങ്കിലും, ഇതേ ആശയവും സാങ്കേതികവിദ്യയും മറ്റു പല രൂപങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നിലനിന്നിരുന്നു എന്ന വസ്തുതയ്ക്ക് സമകാലീനരായ കമ്പ്യൂട്ടര്‍ വിദഗ്ദരെല്ലാം അടിവരയിടുന്നു. മാത്രവുമല്ല, 1978 ല്‍ തന്നെ ആദ്യ പാഴ്‌സന്ദേശം ( spam mail ) വരെ അര്‍പ്പാനെറ്റില്‍ ഉദയം കൊണ്ടതും ചരിത്രകാരന്‍മാര്‍ എടുത്തു പറയുന്നു. 

അയ്യാദുരൈയുടെ കണ്ടുപിടുത്തം ഒരുപക്ഷേ 'ചക്രം വീണ്ടും രൂപകല്‍പ്പന ചെയ്തതുപോലെ' ഉള്ള ഒന്നാകാം എന്നും ഇതില്‍ ഒരു പതിനാലുകാരന്റെ പ്രതിഭയ്ക്കുപരിയായി അംഗീകരിക്കപ്പെടേണ്ടതായി മറ്റൊന്നുമില്ലെന്നും വിദഗ്ധര്‍ വാദിക്കുന്നു. അതായത് അയ്യാദുരൈ നിലവിലെ സാങ്കേതികവിദ്യകളെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ഈമെയില്‍ സങ്കേതം പുനരാവിഷ്‌ക്കരിക്കുകയായിരുന്നു എന്നുസാരം. 

അമേരിക്കയിലിരുന്ന് തോമസ് ആല്‍വാ എഡിസണ്‍ ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ച അതേ കാലഘട്ടത്തില്‍തന്നെ ബ്രിട്ടനിലെ ശാസ്ത്രജ്ഞനായിരുന്ന ജോസഫ് സ്വാനും ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചിരുന്നു. എങ്കിലും ഇലക്ട്രിക് ബള്‍ബിന്റെ പിതാവെന്ന രൂപത്തില്‍ ഇന്നും ലോകം വാഴ്ത്തുന്നത് എഡിസനെ ആണെന്നുള്ള ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള മറുവാദങ്ങളും ഉണ്ടായിട്ടുണ്ട്.

വാഷിങ്ടണ്‍ പോസ്റ്റ്, ടൈം, ഹഫിങ്ടന്‍ പോസ്റ്റ്, ബോസ്റ്റണ്‍ മാഗസിന്‍ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ പ്രദിദ്ധീകരിക്കപ്പെട്ട അനുകൂല ലേഖനങ്ങളിലൂടെയും പത്ര സമ്മേളനങ്ങളിലൂടെയും ഈ വിഷയത്തില്‍ ലഭിച്ച ജനശ്രദ്ധ കുറവല്ല. മാത്രവുമല്ല ശി്‌ലിലേൃീളലാമശഹ.രീാ, റൃഋാമശഹ.രീാ തുടങ്ങിയ ഫാന്‍സി ഡൊമൈനുകള്‍ സ്വന്തമാക്കിയുള്ള ഒന്നാന്തരം സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ കൂടിയായപ്പോള്‍ ഇപ്പോള്‍തന്നെ ഗൂഗിള്‍, ബിംഗ്, യാഹൂ തുടങ്ങിയ സേര്‍ച്ച് എഞ്ചിനുകളില്‍ inventer of emial, founder of email, who invented e-mail തുടങ്ങിയവ പരതുമ്പോള്‍ ശിവ അയ്യാദുരൈയുടെ സ്വന്തം വെബ് സൈറ്റുകളിലേക്കും അനുബന്ധ ലേഖനങ്ങളിലേക്കും എത്തുന്നു. 

ഇതോടൊപ്പംതന്നെ ഈമെയിലുമായി ബന്ധപ്പെട്ട വിക്കിപീഡീയാ ലേഖനങ്ങളില്‍ പലതിലും അദ്ദേഹം നടത്തിയ തിരുത്തലുകള്‍ അതിരൂക്ഷമായ വാഗ്വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ വിക്കിനയങ്ങള്‍ക്ക് എതിരായതിനാല്‍ നീക്കം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. 
അയ്യദുരൈയും ഫ്രാന്‍ ഡ്രെസ്ചറും

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ ഈ വിഷയത്തില്‍ അയ്യാദുരൈ നടത്തിയ പ്രഭാഷണപരമ്പരകളൂം മാധ്യമശ്രദ്ധ നേടിക്കൊടുത്തു. ഒരു കറുത്തവര്‍ഗ്ഗക്കാരന്റെ കണ്ടുപിടുത്തം ചരിത്രത്താളുകളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനായി പാശ്ചാത്യലോകം ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന നിലയിലേക്ക് ചര്‍ച്ചകളെ നയിക്കാന്‍ അയ്യാദുരൈയ്ക്കും കൂട്ടര്‍ക്കും ഒരു പരിധി വരെ കഴിഞ്ഞിട്ടുമുണ്ട്.

ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങിനെക്കുറിച്ച് 'Internet Publictiy Guide: How to Maximize Your Marketing and Promotion in Cyberspace' എന്ന പുസ്തകം എഴുതിയിട്ടുള്ള അയ്യാദുരൈ സൈബര്‍ലോകത്തെ എല്ലാ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് താനാണ് ഈമെയിലിന്റെ പിതാവ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായിത്തന്നെ തുടരുന്നു. ലോകം അത് അംഗീകരിക്കുന്നുമുണ്ട്; പക്ഷേ, ഇലക്ട്രോണിക്‌മെയില്‍ എന്ന ഈമെയിലിന്റെ പിതാവായല്ല, 'EMAIL' എന്ന സോഫ്റ്റ്‌വേറിന്റെ പിതാവായി. 

ഈ അടുത്തിടെ ശിവ അയ്യദുരൈ പ്രശസ്ത അമേരിക്കന്‍ അഭിനേത്രി ഫ്രാന്‍ ഡ്രെസ്ചറിനെ വിവാഹം കഴിച്ചതോടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

No comments:

Post a Comment