Thursday, October 25, 2012

Reliance Tablet for Rs.14500/-




ടാബ്‌ലറ്റ് വിപണിയിലേക്ക് വീണ്ടും റിലയന്‍സ്‌


അനുദിനം പുത്തന്‍ മോഡലുകളിറങ്ങുന്ന ഇന്ത്യന്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയില്‍ ഒരുവട്ടം കൂടി ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് റിലയന്‍സ്. റിലയന്‍സ് 3ജി ടാബ് വി 9എ (Reliance 3G Tab V9A) എന്നു പേരിട്ടിരിക്കുന്ന പുത്തന്‍ ടാബ്‌ലറ്റ് കമ്പനി ഉടന്‍ വിപണിയിലിറക്കും. 14,500 രൂപയാണ് വില. എന്ന് വില്‍പനയ്‌ക്കെത്തും എന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അതുണ്ടാകുമെന്നാണ് സൂചന.

റിലയന്‍സ് കഴിഞ്ഞവര്‍ഷം 3ജി ടാബ് എന്ന മോഡലുമായി വിപണിയില്‍ പ്രവേശിച്ചിരുന്നു. 13,000 രൂപ വിലയിട്ട 3ജി ടാബിന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. ഒന്നുകില്‍ വിലകൂടിയ ഐപാഡോ അല്ലെങ്കില്‍ സാംസങ് ഗാലക്‌സി ടാബോ ആയിരുന്നു ഉപഭോക്താക്കള്‍ക്ക് പ്രിയം. സാധാരണക്കാര്‍ പതിനായിരം രൂപയില്‍ താഴെ വിലയുള്ള ചൈനീസ് നിര്‍മിത ടാബുകള്‍ക്ക് പിന്നാലെ പോയി. ഇതിനു രണ്ടിനുമിടയില്‍പെട്ട റിലയന്‍സ് ടാബിന് കാര്യമായ ചലനമുണ്ടാക്കാന്‍ പറ്റിയില്ല.


ഇന്നിപ്പോള്‍ വില അല്പം കൂട്ടി 14,500 രൂപയാക്കിയാണ് പുതിയ ടാബ് റിലയന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. വില കൂടുന്നതിനനുസരിച്ച് ഗുണവും കൂടിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 1.4 ഗിഗാഹെര്‍ട്‌സ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റില്‍ 512 എം.ബി. റാമാണുള്ളത്. 7.6 ഇഞ്ച് നീളവും 4.8 ഇഞ്ച് വിതിയുമുള്ള ടാബിന് 402 ഗ്രാം ഭാരമേയുള്ളൂ. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനിലാണ് ടാബ് പ്രവര്‍ത്തിക്കുക.

നാല് ജിബി ഇന്റേണല്‍ സ്‌റ്റോറേജും 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമായാണ് പുതിയ 3ജി ടാബിന്റെ വരവ്. ഏഴിഞ്ച് വിസ്താരമുള്ള കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 1024 ഗുണം 600 പിക്‌സല്‍സ്. 3ജി സിം സ്‌ലോട്ടും ടാബിലുണ്ട്.


ആദ്യമിറങ്ങിയ 3ജി ടാബിന്റെ പോരായ്മ അതിലെ ക്യാമറയുടെ മേന്മക്കുറവായിരുന്നു. പുതിയ ടാബില്‍ ആ പരിമിതി പരിഹരിക്കാന്‍ റിലയന്‍സ് ശ്രമിച്ചിട്ടുണ്ട്. മൂന്ന് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോകോളിങിനായി 0.3 മെഗാപിക്‌സല്‍ ക്യാമറയും പുതിയ ടാബിലുണ്ട്. കണക്ടിവിറ്റിക്കായി 3ജിക്കു പുറമെ ബ്ലൂടൂത്ത് 2.1, വൈഫൈ ഹോട്ട്‌സ്‌പോട്ട് എന്നിവയും ഉണ്ട്.

എഫ്.എം. റേഡിയോ, ജി.പി.എസ്. റിസീവര്‍, ആക്‌സിലമറാമീറ്റര്‍, ഡിജിറ്റല്‍ കോംപസ് തുടങ്ങി സ്മാര്‍ട്‌ഫോണിലെ ചില സങ്കേതങ്ങളും റിലയന്‍സ് ടാബിന്റെ മൂല്യം കൂട്ടുന്നു.

3400 എം.എ.എച്ച്. ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. എം.എസ്. ഓഫീസ് ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന 'ഡോക്യുമെന്റ്‌സ് ടു ഗോ', റിലയന്‍സ് വേള്‍ഡ് ഓണ്‍ലൈന്‍, റിലയന്‍സ് ടി.വി. തുടങ്ങിയ ചില ആപ്ലിക്കേഷനുകള്‍ ഈ ടാബില്‍ ഇന്‍ബില്‍ട്ട് ആയി ചേര്‍ത്തിക്കുന്നു. ഒപ്പം ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനവും ടാബ്‌ലറ്റ് വാഗ്ദാനം ചെയ്യുന്നു.



പ്രാരംഭ ഓഫറെന്ന നിലയില്‍ ബിഗ്ഫ്ലാക്‌സ് മൂവീസിന്റെ രണ്ടുമാസത്തെ സബ്‌സ്‌ക്രിപ്ഷന്‍, മക്കാഫീ മൊബൈല്‍ സെക്യൂരിറ്റിയുടെ ഒരുവര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍, മൂന്ന് മാസത്തേക്ക് റിലയന്‍സ് 3ജി നമ്പറുകളിലേക്ക് പരിധിയില്ലാത്ത സൗജന്യകോളുകള്‍, മൂന്ന് മാസത്തേക്ക് 9 ജി.ബി. ഫ്രീ ഡാറ്റ ഡൗണ്‍ലോഡ് എന്നിവ റിലയന്‍സ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകളുടെ മൊത്തം മൂല്യം 6250 രുപ വരുമെന്നും കമ്പനി അവകാശപ്പെടുന്നു.

13,500 രൂപ വിലയുള്ള ലെനോവോ ഐഡിയപാഡ് എ1, 13,200 രൂപ വില വരുന്ന ബ്ലാക്ക്‌ബെറി പ്ലേബുക്ക് തുടങ്ങിയ ടാബ്‌ലറ്റുകളോടാകും റിലയന്‍സ് ടാബിന് മത്സരിക്കേണ്ടിവരിക.

No comments:

Post a Comment