ഗൂഗിള്‍ ടാബ്‌ലറ്റ് 'നെക്‌സസ്-7' എത്തി: വില 199 ഡോളര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ടാബ്‌ലറ്റ് രംഗത്തേക്ക് 'നെക്‌സസ്-7' നുമായി ഗൂഗിള്‍ തങ്ങളുടെ അരങ്ങേറ്റും പ്രഖ്യാപിച്ചു. ടെക്‌ലോകം ഏറെകാലമായി കാത്തിരിക്കുന്ന ഗൂഗിള്‍ ടാബ്‌ലറ്റ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് അവതരിപ്പിച്ചത്. വിലക്കുറവ് കൊണ്ടും ഗൂഗിള്‍ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്. 'നെക്‌സസ്-7' എട്ട് ജി.ബി വേര്‍ഷന് കേവലം 199 ഡോളറിന് ഗൂഗിള്‍ സ്‌റ്റോറില്‍ നിന്നും വൈകാതെ ലഭ്യമായിത്തുടങ്ങും.
ജൂലായ് മധ്യത്തോടെ (അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ) എന്നിവടങ്ങളിലായിരിക്കും ആദ്യം ഇത് ലഭിക്കുക. ബുധനാഴ്ച മുതല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് 'നെക്‌സസ്-7' ഓര്‍ഡര്‍ ചെയ്തു തുടങ്ങാം. തായ്‌വാന്‍ കമ്പനിയായ അസ്യൂസുമായി ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്ന 'നെക്‌സസ്-7'നില്‍ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായ ജെല്ലി ബീന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി വിപണിയില്‍ ചലനം സൃഷ്ടിച്ച ആമസോണിന്റെ കിന്‍ഡില്‍ ഫയറിനാകും നെക്‌സസ് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കിന്‍ഡില്‍ ഫയറിന്റെ അതേ വിലയ്ക്ക് തന്നെയാണ് ഗൂഗിള്‍ നെക്‌സസ് വില്‍ക്കാന്‍ പോകുന്നത്.
സമാനമായ രീതിയില്‍ വിപണിയില്‍ ആപ്പിളിന്റെ ഐപാഡിനും മൈക്രേസോഫ്റ്റ് സര്‍ഫസിനും ഭീഷണി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗൂഗിള്‍ നെക്‌സസിന്റെ സ്‌ക്രീന് ഏഴ് ഇഞ്ച് വിസ്താരമുണ്ട്. എതിരാളികളെക്കാള്‍ കൂടുതല്‍ സൗകര്യപ്രദവും ഭാരക്കുറവും നെക്‌സസിന്റെ പ്രത്യേകതയായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഐപാഡ് 499 ഡോളറിന് ആപ്പിള്‍ വില്‍ക്കുമ്പോഴാണ് മത്സരിക്കാന്‍ 199 ഡോളറിന് നെക്‌സസ്-7നുമായി ഗൂഗിള്‍ എത്തിയിരിക്കുന്നത്
ആമസോണ്‍ ടാബലറ്റിനും സാംസങ് ഗാലക്‌സി ടാബിനോടും വലിപ്പംകൊണ്ട് നെക്‌സസിന് സാമ്യമുണ്ട്. അതേ സമയം ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ 9.7 ഇഞ്ച് ഐപാഡിനെ അപേക്ഷിച്ച് വലിപ്പത്തിലും ഭാരത്തിലും കുറവുണ്ട് നെക്‌സസിന്.
340 ഗ്രാമാണ് ഇതിന്റെ ഭാരം. ക്വാഡ് കോര്‍ പ്രോസസറും 12 കോര്‍ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റും നിവിഡിയ ടെഗ്രാ പ്രോസസറുമാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍. സ്റ്റാന്‍ഡ് ബൈയായി 300 മണിക്കൂറും വീഡിയോ പ്ലേ ചെയ്താല്‍ ഒമ്പത് മണിക്കൂറുമാണ് ബാറ്ററിയുടെ ആയുസ് ഗൂഗിള്‍ അവകാശപ്പെടുന്നത്. കൂടാതെ ഗൂഗിളിന്റെ ഏറ്റവും പുതിയ സെര്‍ച്ച് ഉപകരണായ ഗൂഗിള്‍ നൗവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ക്രോമാണ് ഡിഫോള്‍ട്ട് ബ്രൗസറായി ഇതില്‍ ചേര്‍ത്തിരിക്കുന്നത്.
സിനിമ, സംഗീതം എന്നിവയുടെ ഹബ്ബായി ഗൂഗിള്‍ ക്യുവും കംപ്യൂട്ടറൈസ്ഡ് കണ്ണടയും കമ്പനി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു.
ഗൂഗിളിന്റെ ഈ പുതിയ ഉപകരണം മലയാളികള്‍ക്കും ഏറെ പ്രയോജനപ്രദമാണ്. നെക്‌സസ്-7ല്‍ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനായ ജെല്ലി ബീനില്‍ മലയാളം യുണിക്കോഡ് റെന്‍ഡര്‍ ചെയ്യുന്നുവെന്നതാണ് മലയാളികള്‍ക്ക് സൗകര്യപ്രദമാകുക. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളായ കന്നഡ, തെലുങ്ക് ഭാഷകളും സമാനമായി റെന്‍ഡര്‍ ചെയ്യപ്പെടും.
No comments:
Post a Comment