Thursday, October 25, 2012

Gotech Fun tab



ഗോടെക്കിന്റെ ഫണ്‍ടാബ്




ആകാശ് ടാബ്ലറ്റ് തുടങ്ങിവച്ച വിലക്കുറവിന്റെ വിപ്ലവത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുവന്നുകഴിഞ്ഞു. പതിനായിരം രൂപയില്‍ താഴെ വിലയുളള നിരവധി ടാബ്ലറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഒരുപടി കൂടി കടന്ന് അയ്യായിരം രൂപയില്‍ താഴെ വിലയുള്ള ടാബ്ലറ്റുകള്‍ എത്തിക്കുന്നതിലാണ് കമ്പനികള്‍ തമ്മില്‍ ഇപ്പോള്‍ മത്സരം കൊടുമ്പിരി കൊള്ളുന്നത്. ടാബ്ലറ്റുകളുടെ ഈ മാര്‍ജിന്‍ ഫ്രീ ലോകത്തെ ഏറ്റവും പുതിയ അവതാരമാണ് ഗോടെക്ക് ടാബ്ലറ്റുകള്‍.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രോണിക്‌സ് കമ്പനി ഗൗരവ് രോഷ്‌നി ലിമിറ്റഡിന്റെ സഹോദരസ്ഥാപനമാണ് ഗോ ടെക്ക്. സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്ന മഹനീയ ലക്ഷ്യത്തോടെയാണ് ഗോടെക് എന്ന കമ്പനി സ്ഥാപിച്ചതെന്ന് ഗൗരവ് രോഷ്‌നി ലിമിറ്റഡ് ഉടമകള്‍ പറയുന്നു. ഗോ ടെക്‌നോളജി എന്ന വാചകത്തിന്റെ ചുരുക്കമാണ് ഗോടെക്.

ഗോടെക് എന്ന ബ്രാന്‍ഡ് നാമത്തില്‍ മൂന്ന് ടാബ്ലറ്റുകളാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. നാലായിരം രുപ വിലവരുന്ന ഫണ്‍ടാബ് 7.1 ഫ്യൂഷന്‍, ഏഴായിരം രുപ വിലയുള്ള 7.1 ഫോണ്‍ടാബ്, 16990 രൂപ വിലയിട്ടിരിക്കുന്ന 9.1 ഫാന്റസി. ഇതിനു മുറമെ മറ്റുനിരവധി മോഡലുകള്‍ കൂടി അണിയറയില്‍ തയ്യാറാകുന്നുണ്ടെന്നും മൂന്നു മാസത്തിനുള്ളില്‍ പതിനായിരം ടാബ്ലറ്റുകള്‍ വില്‍ക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അവകാശപ്പെടുന്നു.

നാലായിരം രൂപ വിലയുള്ള ഫണ്‍ടാബ് 7.1 ഫ്യൂഷനെക്കുറിച്ചറിയാനാകും എല്ലാവര്‍ക്കും താത്പര്യം എന്നതിനാല്‍ ആദ്യം അതില്‍ നിന്നു തുടങ്ങാം. ആന്‍ഡ്രോയ്ഡ് 2.3 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റാണിത്. 800 മെഗാഹെര്‍ട്‌സ് സി.പി.യു.വും 256 എം.ബി. റാമുമാണിതിലുള്ളത്. മെമ്മറി രണ്ട് ജി.ബി. എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ മെമ്മറി വര്‍ധിപ്പിക്കാനാകും. ഏഴിഞ്ച് വിസ്താരമുളള ടി.എഫ്.ടി. സ്‌ക്രീനാണിതിലുള്ളത്. കണക്ടിവിറ്റിക്കായി ത്രി-ജി, വൈഫൈ, ലാന്‍ സംവിധാനങ്ങളും ഇതിലുണ്ട്. ബില്‍ട്ട് ഇന്‍ േൈക്രോഫോണ്‍, വി.ജി.എ. ഫ്രണ്ട് കാമറ, ലൗഡ് സ്പീക്കര്‍,യു.എസ്.ബി. പോര്‍ട്ട്, ഡാറ്റ കാര്‍ഡ് സ്‌ലോട്ട് എന്നിവയാണിതിലുള്ള മറ്റു സൗകര്യങ്ങള്‍. എല്ലാതരം ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകളും പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ടാബ്ലറ്റില്‍ 2800 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏഴായിരം രൂപ വിലവരുന്ന ഫോണ്‍ടാബ് 7.1ല്‍ സാങ്കേതികമികവ് അല്പം കൂടും. 800 മെഗാഹെര്‍ട്‌സ് സി.പി.യു., 512 എം.ബി. റാം, നാല് ജി.ബി. മെമ്മറി എന്നിവയാണ് ഫോണ്‍ ടാബിന്റെ ഹാര്‍ഡ്‌വെയര്‍ കരുത്ത്. ആന്‍ഡ്രോയ്ഡ് 2.2 ഒ.എസാണ് ഇതിലുള്ളത്. സിംകാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ചെയ്യാനാകും എന്നതാണ് ഫണ്‍ടാബ് 7.1 ഫ്യൂഷനെ അപേക്ഷിച്ച് ഫോണ്‍ടാബിനുള്ള മേന്‍മ. മറ്റു സംവിധാനങ്ങളൊക്കെ ഫണ്‍ടാബിലുള്ളതു തന്നെ. 3600 എം.എ.എച്ച്. ബാറ്ററിയാണ് ഇതിലുള്ളത്.

ഗോടെക്കിന്റെ പ്രീമിയം ഉല്പന്നമാണ് ഫണ്‍ടാബ് 9.1 ഫാന്റസി എന്ന ടാബ്ലറ്റ്. 9.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, 1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, ഒരു ജി.ബി. റാം, 16 ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയെല്ലാമുള്ള കിടിലന്‍ ടാബ്ലറ്റാണിത്. ആന്‍ഡ്രോയ്ഡ് 2.3 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്ലറ്റില്‍ രണ്ട് മെഗാപിക്‌സല്‍ ബാക്ക് കാമറയും വി.ജി.എ. ഫ്രണ്ട് കാമറയുമുണ്ട്. 5200 എം.എ.എച്ച്. ലിത്തിയം പോളിമര്‍ ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ ബാറ്ററി ആയുസ് ഈ ടാബിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
മൂന്ന് ടാബ്ലറ്റുകള്‍ക്കും ഒരു വര്‍ഷത്തെ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യം മുഴുവന്‍ ഡീലര്‍മാരെ നിയമിച്ച് കച്ചവടം ഉഷാറാക്കാനുള്ള തീരുമാനത്തിലാണ് ഗോടെക്ക് കമ്പനി. നിലവില്‍ ഈ ടാബ്ലറ്റുകള്‍ വാങ്ങണെമങ്കില്‍ കമ്പനിയുടെ വെബ്‌സൈറ്റായ www.go-tech.in സന്ദര്‍ശിക്കേണ്ടിവരും.

Go-tech web site............

No comments:

Post a Comment