Tuesday, November 6, 2012

Nokia 109 Price and Full Details. Rs.2300/-




നോക്കിയ 109



സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം ഒരു സാദാഫോണും കൊണ്ടുനടക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ആന്‍ഡ്രോയിഡിന്റെ വെര്‍ഷന്‍ പെരുപ്പമോ ക്യാമറയുടെ പൊങ്ങച്ചമോ ഒന്നുമില്ലാത്തതായിരിക്കും രണ്ടാമത്തെ ഫോണ്‍. അത്യാവശ്യം ഫോണ്‍ വിളിക്കാനും മെസേജ് അയയ്ക്കാനും മാത്രമേ ഇതുപകരിക്കൂ. പക്ഷേ പലപ്പോഴും സ്മാര്‍ട്‌ഫോണിനേക്കാള്‍ ഉപകരിക്കുക രണ്ടാംഫോണായിരിക്കുമെന്നതാണ് ഉപയോഗിക്കുന്ന പലരുടെയും അനുഭവം. മിക്ക സ്മാര്‍ട്‌ഫോണുകളും വൈകുന്നേരമാകുമ്പോഴേക്കും ചാര്‍ജ് തീര്‍ന്ന് മൃതപ്രായമാകുമെന്നത് തന്നെ കാരണം. ചാര്‍ജുണ്ടെങ്കില്‍ പോലും പെട്ടെന്നൊരു ഫോണ്‍ ചെയ്യണമെങ്കില്‍ സ്മാര്‍ട്‌ഫോണുകളേക്കാള്‍ ഉപകാരപ്പെടുക രണ്ടാംഫോണായിരിക്കും.

സെക്കന്‍ഡറി ഫോണുകളുടെ വര്‍ധിച്ചുവരുന്ന വിപണിസാധ്യത തിരിച്ചറിഞ്ഞ് പുതിയൊരു മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫിന്നിഷ് കമ്പനിയായ നോക്കിയ. നോക്കിയ 109 എന്നു പേരിട്ടിരിക്കുന്ന ഈ പുതുമോഡലിന് 2300 രുപയ്ക്കടുത്തേ വിലയുള്ളൂ. വേഷംകെട്ടലുകളൊന്നുമില്ലാത്ത ഒരു സാധാരണ ഫോണ്‍, അതാണ് നോക്കിയ 109.

ഉള്ളതെന്ത് എന്നതിനെക്കാള്‍ നോക്കിയ 109 ല്‍ ഇതിലില്ലാത്തതെന്ത് എന്ന് ചോദിക്കുകയാവും കൂടുതല്‍ സൗകര്യം. ആന്‍ഡ്രോയിഡ് ഒ.എസ്., ക്യാമറ, ബ്ലൂടൂത്ത്, ജി.പി.എസ്., ത്രിജി ഇതൊന്നും ഈ ഫോണിലില്ല. പക്ഷേ, നോക്കിയ 109 ല്‍ ആയിരം നമ്പര്‍ സേവ് ചെയ്യാം, മെസേജ് അയയ്ക്കാം, ഇന്റര്‍നെറ്റില്‍ കയറാം. ഫേസ്ബുക്കിനും ട്വിറ്ററിനുമായി പ്രത്യേക ആപ്ലിക്കേഷനുകളുമുണ്ട്. ഇന്റര്‍നെറ്റിനായി നോക്കിയ എക്‌സ്പ്രസ് ബ്രൗസറാണ് 109 ലുള്ളത്.

160 ഃ 128 പിക്‌സല്‍ റിസല്യൂഷനിലുള്ള 1.8 ഇഞ്ച് എല്‍.സി.ഡി. ടി.എഫ്.ടി. സ്‌ക്രീന്‍, 64 എം.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, സ്റ്റീരിയോ എഫ്.എം. റേഡിയോ, ഏതാണ്ടെല്ലാ ഫോര്‍മാറ്റുകളും പ്രവര്‍ത്തിപ്പിക്കാവുന്ന ഓഡിയോ പ്ലെയര്‍, വീഡിയോ പ്ലേബാക്ക് തുടങ്ങിയവ നോക്കിയ 109ലുണ്ട്.

കണക്ടിവിറ്റിക്കായി ജി.പി.ആര്‍.എസ്., എഡ്ജ്, 2ജി എന്നീ സംവിധാനങ്ങളാണ് ഫോണിലുള്ളത്. നോക്കിയ സ്‌റ്റോറില്‍നിന്ന് പത്ത് ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുളള ഓഫറും കമ്പനി ഈ ഫോണിനൊപ്പം നല്‍കുന്നു. നോക്കിയ സ്‌റ്റോറില്‍ നിന്ന് ഇ-ബഡ്ഡി ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് സുഹൃത്തുക്കളുമായി ലൈവ് ചാറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും 109 വാഗ്ദാനം ചെയ്യുന്നു. കറുപ്പ്, സ്യാന്‍ വര്‍ണങ്ങളിലെത്തുന്ന നോക്കിയ 109 ന്റെ ഭാരം 77 ഗ്രാമാണ്. 3.5 എം.എം. ഓഡിയോജാക്ക്, ലൗഡ്‌സ്പീക്കര്‍ എന്നിവയും ഫോണിലുണ്ട്.

സ്മാര്‍ട്‌ഫോണുകള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ബാറ്ററി ആയുസ്സാണ് ഈ ഫോണിനെന്ന് നോക്കിയ അവകാശപ്പെടുന്നു. ഏഴ് മണിക്കുര്‍ 40 മിനുട്ട് തുടര്‍ച്ചയായ സംസാരവും 21 മണിക്കൂര്‍ 30 മിനുട്ട് തുടര്‍ച്ചയായ മ്യൂസിക് പ്ലെയും 33 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് നോക്കിയ 109 ന് കമ്പനി ഉറപ്പുനല്‍കുന്ന ബാറ്ററി ആയുസ്സ്. സ്റ്റാന്‍ഡേഡ് ലി-അയണ്‍ 800 എം.എ.എച്ച്. ബാറ്ററിയാണ് ഇതിലുള്ളത്.

ബേസിക് ഫോണ്‍ ആയതിനാലാകാം വലിയ ബഹളങ്ങളൊന്നുമില്ലാതെയാണ് 109 നെ നോക്കിയ അവതരിപ്പിച്ചത്. തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലുടെ കമ്പനി ഈ പുതിയഫോണിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിടുകയായിരുന്നു.

വിലകുറഞ്ഞ ഫോണുകളുടെ വിളനിലമായ ചൈനയിലാണ് ഈ ഫോണ്‍ ആദ്യമായി വിപണിയിലെത്തുക. തുടര്‍ന്ന് ഡിസംബറാകുന്നതോടു കൂടി ലോകം മുഴുവനും നോക്കിയ 109 വില്‍പനയ്‌ക്കെത്തും. നികുതികളൊന്നുമില്ലാതെ 42 അമേരിക്കന്‍ ഡോളര്‍ (ഏതാണ്ട് 2300 രൂപ) ആണ് കമ്പനി ഇതിനിട്ടിരിക്കുന്ന വില. വിവിധ രാജ്യങ്ങളിലെ നികുതി സമ്പ്രദായമനുസരിച്ച് വിലയില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടാകും.

ലൂമിയ സീരീസിന്റെയും ആശ സീരീസിന്റെയും വിജയത്തോടെ നില അല്പം മെച്ചപ്പെടുത്തിയ നോക്കിയ ഈ പുതിയ മോഡല്‍ വലിയ പ്രതീക്ഷയോടെയാണ് അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളുടെ തള്ളിക്കയറ്റത്തില്‍ നോക്കിയ എന്ന പേര് ജനം മറന്നുതുടങ്ങിയിരുന്നു. പക്ഷേ, ബേസിക് മോഡലുകളുടെ വില്‍പനയില്‍ ഇന്ത്യയടക്കമുളള പല രാജ്യങ്ങളിലും ഇപ്പോഴും നോക്കിയ തന്നെയാണ് മുന്നില്‍. തങ്ങളുടെ ആ തട്ടകത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ 109 എന്ന ചീപ് ആന്‍ഡ് ബെസ്റ്റ് മോഡല്‍ നോക്കിയയെ സഹായിച്ചേക്കും. 

No comments:

Post a Comment