ബ്ലാക്ക്ബറി 10 കരുത്ത് തെളിയിക്കുമെന്ന് റിപ്പോര്‍ട്ട്

ബ്ലാക്ക്ബറി സെഡ് 10 |
ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പിളിന്റെ ഐഒഎസും ആയിരിക്കാം വിപണിയില്‍ മുന്നില്‍. 2013 ലും ആ മേധാവിത്വത്തിന് കോട്ടം തട്ടാന്‍ ഇടയില്ല. എന്നിരിക്കിലും, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണും ബ്ലാക്ക്ബറി 10 ഉം ഈ വര്‍ഷം കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്.
രണ്ടുദിവസം മുമ്പാണ് ബ്ലാക്ക്ബറി 10 മൊബൈല്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ മൊബൈല്‍ ഫോണുകള്‍ ബ്ലാക്ക്ബറി ലിമിറ്റഡ് കമ്പനി അവതരിപ്പിച്ചത്. ബ്ലാക്ക്ബറി സെഡ് 10, ബ്ലാക്ക്ബറി ക്യു 10 എന്നീ മോഡലുകള്‍ അമേരിക്കയില്‍ അടുത്ത മാസങ്ങളിലേ വിപണിയിലെത്തൂ.
എങ്കിലും, 2013 അവസാനത്തോടെ ഉപഭോക്താക്കളുടെ പക്കല്‍ 200 ലക്ഷം ബ്ലാക്ക്ബറി 10 ഫോണുകള്‍ എത്തിയിട്ടുണ്ടാകുമെന്ന് എബിഐ റിസര്‍ച്ച് (ABI Research) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഈവര്‍ഷം ബ്ലാക്ക്ബറിയുടെ വിഹിതം 1.4 ശതമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വന്‍ഡോസ് ഫോണ്‍ 8 ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിവിഹിതം 3.2 ശതമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നുവെച്ചാല്‍, 2013 അവസാനത്തോടെ 450 ലക്ഷം വിന്‍ഡോസ് ഫോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കളുടെ പക്കലെത്തിയിട്ടുണ്ടാകും.
2013 അവസാനമാകുമ്പോഴേക്കും ലോകത്ത് ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം 140 കോടി കവിയും. 57 ശതമാനം വിപണി വിഹിതത്തോടെ ആന്‍ഡ്രോയിരിക്കും മുന്നില്‍ (79.8 കോടി ആന്‍ഡ്രോയിഡ് ഫോണുകള്‍ വിറ്റിട്ടുണ്ടാകും). ഐഫോണിന്റെ വിപണി വിഹിതം 21 ശതമാനമായിരിക്കും (29.4 കോടി ഐഫോണുകള്‍ വിറ്റിട്ടുണ്ടാകും).
അതുവെച്ച് നോക്കിയാല്‍ ബ്ലാക്ക്ബറി 10 ന്റെ വിഹിതം ശുഷ്‌ക്കമെന്ന് തോന്നിയേക്കാം. എന്നാല്‍, അവതരിപ്പിക്കപ്പെട്ട വര്‍ഷം തന്നെ ബ്ലാക്ക്ബറി 10 ന് കരുത്ത് തെളിയിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
ബ്ലാക്ക്ബറി സെഡ് 10, ക്യു 10

ബ്ലാക്ക്ബറി 10 ഒഎസിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നാണ് 'റിസര്‍ച്ച് ഇന്‍ മോഷന്' പകരം 'ബ്ലാക്ക്ബറി ലിമിറ്റഡ്' എന്ന് പേരുമാറ്റിയ ബ്ലാക്ക്ബറി നിര്‍മാതാക്കളുടെ പ്രതീക്ഷ. 2010 ഏപ്രിലില്‍ ബ്ലാക്ക്ബറി സ്വന്തമാക്കിയ 'ക്യുഎന്‍എക്‌സ്' (QNX) അധിഷ്ഠിതമായാണ് ബ്ലാക്ക്ബറി 10 ഒഎസിന് രൂപംനല്‍കിയിരിക്കുന്നത്.
ബ്ലാക്ക്ബറി ക്യു 10 |
ആ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണുകളാണ് ബ്ലാക്ക്ബറി സെഡ് 10, ബ്ലാക്ക്ബറി ക്യു 10 എന്നിവ. 4.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയോടു കൂടിയ ബ്ലാക്ക്ബറി സെഡ് 10 യു.എസ്.വിപണിയിലെത്തുക മാര്‍ച്ച് പകുതിയോടെയായിരിക്കും. മുന്‍കൂര്‍ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബ്ലാക്ക്ബറിയുടെ പരമ്പരാഗത ക്യുവെര്‍ട്ടി കീബോര്‍ഡുള്ള ബ്ലാക്ക്ബറി ക്യു 10 ഏപ്രിലാകും വിപണിയിലെത്താന്‍.
135 ഗ്രാം ഭാരവും 9 മില്ലീമീറ്റര്‍ കനവുമുള്ള സെഡ് 10 ന്റെ ഏറ്റവും വലിയ സവിശേഷതയായി ടെക് വിദഗ്ധര്‍ എടുത്തു കാട്ടുന്നത് അതിന്റെ ഗംഭീരമായ ടച്ച്‌സ്‌ക്രീന്‍ അനുഭവമാണ്. ഹാര്‍ഡ്‌വേര്‍ഡ് സ്‌പെസിഫിക്കേഷനും മോശമല്ലെന്നാണ് അഭിപ്രായം.
ബ്ലാക്ക്ബറി ഉപയോഗിച്ച് ശീലിച്ചവരെ ഗൃഹാതുരത്വത്തിന്റെ പഴയ കാലത്തിലേക്ക് നയിക്കാന്‍ പോന്നതാണ് ക്യു 10 ലെ ക്യുവെര്‍ട്ടി കീബോര്‍ഡ്. 2011 ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്ബറി 9900 മോഡലിലേതിനെക്കാള്‍ വലിയ കീകളാണ് ക്യു 10 ലുള്ളത്. 3.1 ഇഞ്ച് ഡിസ്‌പ്ലെയോടുകൂടിയ ക്യു 10 ന്റെ സ്‌ക്രീന്‍ റിസല്യൂഷന്‍ 720 ബൈ 720 പിക്‌സലുകളാണ്. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെക്ക്, ബ്ലാക്ക്ബറി 9900 മോഡലിലുള്ളതിലും 30 ശതമാനം വലിപ്പക്കൂടുതലുണ്ട്.
ബ്ലാക്ക്ബറി 10

1999 ലാണ് കനേഡിയന്‍ കമ്പനിയായ റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) ഗാഡ്ജറ്റ് നിര്‍മാണം ആരംഭിച്ചത്. 850 എന്ന് പേരിട്ട പേജര്‍ ആയിരുന്നു കമ്പനിയുടെ ആദ്യ ഉല്പന്നം. ബാര്‍സോപ്പിന്റെ വലിപ്പമുണ്ടായിരുന്ന ആ പേജര്‍ ആരും വാങ്ങിയില്ല. രണ്ടുവര്‍ഷത്തിനുള്ളില്‍ പേജര്‍ സംവിധാനം തന്നെ ഇല്ലാതായി.
മൊബൈല്‍ ഫോണുകളാണ് വരുംകാലത്തിന്റെ സാങ്കേതികവിദ്യയെന്ന് തിരിച്ചറിഞ്ഞ റിം ആ വഴിക്ക് പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ ഫലമായി 2003 ല്‍ ആദ്യ ബ്ലാക്ക്‌ബെറി ഫോണ്‍ അവതരിപ്പിക്കപ്പെട്ടു. വെറുമൊരു മൊബൈല്‍ഫോണ്‍ ആയിരുന്നില്ല ബ്ലാക്ക്‌ബെറി. പുഷ് ഈമെയില്‍, ടെക്‌സ്റ്റ് മെസേജിങ്, ഇന്റര്‍നെറ്റ് ഫാക്‌സിങ്, വെബ് ബ്രൗസിങ് എന്നീ സൗകര്യങ്ങളെല്ലാമുള്ള അസലൊരു സ്മാര്‍ട്‌ഫോണ്‍ തന്നെയായിരുന്നു അത്.

നോക്കിയ 3310 പോലുള്ള ബേസിക് മോഡല്‍ ഫോണുകള്‍ മാത്രം വിപണിയിലുളള കാലത്താണ് ബ്ലാക്ക്‌ബെറിയുടെ വരവെന്നോര്‍ക്കണം. ലോകമെങ്ങുമുളള പുത്തന്‍പണക്കാരും വന്‍കിട ബിസിനസ് മേധാവികളുമെല്ലാം ബ്ലാക്ക്‌ബെറി സ്വന്തമാക്കാന്‍ പരക്കം പാഞ്ഞു. ബ്ലാക്ക്‌ബെറി ഒരു സ്റ്റാറ്റസ് സിംബലായി മാറിയത് വപെട്ടെന്നാണ്. ബ്ലാക്ക്‌ബെറി ഫോണ്‍ ഉപയോക്താക്കള്‍ക്ക് പരസ്പരം സൗജന്യസന്ദേശങ്ങള്‍ അയക്കാന്‍ സൗകര്യമൊരുക്കുന്ന ബ്ലാക്ക്‌ബെറി മെസഞ്ചര്‍ സര്‍വീസും (ബി.ബി.എം) പെട്ടെന്ന് ഹിറ്റായി. അതിന്റെയൊക്കെ ഫലമായി പത്തുവര്‍ഷത്തിനുള്ളില്‍ ലോകമെങ്ങും 20 കോടി ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റഴിക്കാന്‍ റിമ്മിന് സാധിച്ചു.

കാലം മാറി, കഥ മാറി. ഐഫോണും ആന്‍ഡ്രോയിഡ് ഫോണുകളും രംഗം കീഴടക്കി. ബ്ലാക്ക്‌ബെറിയുടെ പ്രതാപം നഷ്ടപ്പെട്ടു. ആപ്പിളും സാംസങുമൊക്കെ മുന്നേറിയപ്പോള്‍ സ്മാര്‍ട്‌ഫോണ്‍രംഗത്ത് ബ്ലാക്ക്‌ബെറിയുടെ കാലിടറി. ആഗോള മൊബൈല്‍ വിപണിയില്‍, 2011 ല്‍ വെറും മൂന്ന് ശതമാനമാണ് കമ്പനിയുടെ വിഹിതം. സാംസങിന്റെയും ആപ്പിളിന്റെയും നോക്കിയയുടെയുമൊക്കെ പിന്നില്‍ ആറാം സ്ഥാനത്താണ് കമ്പനിയുടെ ഇപ്പോഴത്തെ സ്ഥാനം. ട
2008 ല്‍ ഓഹരിവില 90 ശതമാനം കണ്ട് കുറഞ്ഞതും കമ്പനിയുടെ നില പരുങ്ങലിലാക്കി. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് അടിമുടി പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങുകയാണ് ബ്ലാക്ക്‌ബെറിയുടെ നിര്‍മാതാക്കളായ റിം.

അതിന്റെ ഭാഗമായി ബ്ലാക്ക്ബറി 10 എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകളുടെ പുതുനിര അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മെച്ചപ്പെടുത്തിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി 10 ഫോണുകള്‍ 2013 ജനവരി 30 ന് വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ബ്ലാക്ക്‌ബെറിയുടെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ എന്ന പദ്ധതി ഏറെക്കാലമായി റിമ്മിന്റെ മനസിലുള്ളതാണ്. 2012 ക്രിസ്മസ് കാലത്ത് ഈ ഫോണുകള്‍ വിപണിയിലെത്തിക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഉദ്ദേശിച്ച സമയത്ത് ജോലികള്‍ തീരാത്തതിനാലാണ് ലോഞ്ചിങ് നീളുന്നത്.

'തികച്ചും വ്യത്യസ്തമായൊരു മൊബൈല്‍ കമ്പ്യൂട്ടിങ് അനുഭവം സമ്മാനിക്കുക എന്നതാണ് ബ്ലാക്ക്‌ബെറി 10 ഫോണുകളുടെ ലക്ഷ്യം. ലോകോത്തരമായ ബ്രൗസര്‍, മികച്ച മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍, ബ്ലാക്ക്‌ബെറി ഫ്ലോ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇന്റര്‍ഫേസ് എന്നിവയാണ് ബ്ലാക്ക്‌ബെറി 10 ന്റെ സവിശേഷതകള്‍''- റിം ചീഫ് എക്‌സിക്യുട്ടീവ് തോര്‍സ്‌റ്റെന്‍ ഹെയിന്‍സ് പറഞ്ഞു.
ഫ്ലോ എന്ന പുത്തന്‍ യൂസര്‍ ഇന്റര്‍ഫേസ് തന്നെയാകും ബ്ലാക്ക്‌ബെറി 10 ന്റെ തുറുപ്പ് ശീട്ട്. ആപ്ലിക്കേഷനുകളില്‍ നിന്ന് ആപ്ലിക്കേഷനുകളിലേക്കുളള ഒഴുക്കോടെയുള്ള യാത്രയാണ് ഫ്ലോ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള പല സ്മാര്‍ട്‌ഫോണുകളിലും ഒരു ആപ്ലിക്കേഷനില്‍ നിന്ന് മറ്റൊന്നിലേക്ക് പോകണമെങ്കില്‍ ഹോം സ്‌ക്രീനിലേക്ക് മടങ്ങേണ്ടതുണ്ട്്. ഫ്ലോയില്‍ അതുവേണ്ട. ഇമെയില്‍ നോക്കിക്കഴിഞ്ഞാല്‍ നേരെ ഫേസ്ബുക്കിലേക്ക് പോകാമെന്നര്‍ഥം.

രണ്ടുമോഡലുകളിലായിരിക്കും ബ്ലാക്ക്‌ബെറി 10 ആദ്യം അവതരിപ്പിക്കപ്പെടുക. ഫുള്‍ടച്ച് സ്‌ക്രീന്‍ മോഡലും, ബ്ലാക്ക്‌ബെറിയുടെ ട്രേഡ്മാര്‍ക്കായ ക്യുവെര്‍ട്ടി കീപാഡുളള മോഡലുമാണ് എത്തുക.

പോയ നല്ലകാലം തിരിച്ചുപിടിക്കാന്‍ ബ്ലാക്ക്‌ബെറി 10 റിമ്മിനെ സഹായിക്കുമെന്നാണ് ഏവരും കരുതുന്നത്. ഈ പുതുമോഡല്‍ ഫോണുകളുടെ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചയുടന്‍ തന്നെ കമ്പനിയുടെ ഓഹരിവില 5.5 ശതമാനം ഉയര്‍ന്നതും ശുഭലക്ഷണമായി പലരും കരുതുന്നു.
No comments:
Post a Comment