Wednesday, November 14, 2012

Microsoft Internet Explorer 10 (Details)



ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10



ആമയും മുയലും ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോററും ചേര്‍ത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഒരു തമാശ ചിത്രം പാറിനടക്കുന്നുണ്ട്. ആമയും മുയലും പന്തയം വെച്ചതും അഹങ്കാരം മൂത്ത് മുയല്‍ ഉറങ്ങിപ്പോയതും ആമ ജയിച്ചതുമാണ് കഥാസന്ദര്‍ഭം. അതിനിടയില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പ്രതിഷ്ഠിച്ച സരസന്റെ ബുദ്ധിക്ക് ഹാറ്റ്‌സ് ഓഫ്.

ഇനി കഥ വിട്ട് കാര്യത്തിലേക്ക് വരാം.

ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഐ.ഇ. എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ അവസ്ഥ പലപ്പോഴും 'അയ്യേ' എന്നാണെന്ന് നമുക്കൊക്കെ അറിയാം. ആ 'അയ്യേ' ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അതിന്റെ പത്താം പതിപ്പെത്തുന്നത് പുത്തന്‍ വിപ്ലവവുമായാണ്. നമ്മളെ നിരീക്ഷിച്ച് വേണ്ട പരസ്യം നല്‍കി കാശുണ്ടാക്കുന്ന പരസ്യക്കമ്പനികള്‍ക്ക് കനത്ത മുഖത്തടിയായ ആ 'ട്രാക്കിങ് പരിപാടി' ബ്ലോക്കു ചെയ്യുന്ന സംവിധാനം പിറവിക്കു മുമ്പേ വിവാദമായത് സ്വാഭാവികം.

സ്ഥിരമായി സെര്‍ച്ച് ചെയ്യുന്ന വെബ്‌സൈറ്റുകളില്‍ നമ്മുടെ അഭിരുചിക്കിണങ്ങിയതും പ്രാദേശിക പ്രാധാന്യമുള്ളതുമായ പരസ്യങ്ങള്‍ കയറിവരുമ്പോള്‍ ചിലരെങ്കിലും ഈ ചെപ്പടിവിദ്യ കണ്ട് അത്ഭുതം കൂറിയിട്ടുണ്ടാകും. കാര്യം വളരെ സിംപിളാണ്. നമ്മള്‍ ഇന്റര്‍നെറ്റില്‍ പരതുന്നതിന്റെ ഹിസ്റ്ററി ബ്രൗസറില്‍ നിന്ന് മാന്യമായി അടിച്ചു മാറ്റുകയും അത് അപഗ്രഥിച്ച് അനുയോജ്യമെന്ന് തോന്നുന്ന പരസ്യം നല്‍കുകയും ചെയ്യുന്ന പരിപാടിയാണിത്. ടെയിലേഡ് അഡ്‌വര്‍ട്ടൈസിങ്ങെന്നൊക്കെ ഇത് അറിയപ്പെടും.

നമ്മുടെ സെര്‍ച്ച് എന്‍ജിനിലെ ബ്രൗസിങ് ഹിസ്റ്ററി ചോര്‍ത്തിയെടുക്കുന്ന വിദ്യ നമുക്ക് തന്നെ തടയുന്നതിനു വേണ്ടി 'do not track' എന്നൊരു ബട്ടണ്‍ ഘടിപ്പിച്ചാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പത്താംപതിപ്പ് ഒക്ടോബറില്‍ രംഗത്തെത്തുന്നത്.

മോസില്ലയിലും ആപ്പിളിന്റെ സഫാരിയിലുമൊക്കെ ഈ പരിപാടി നേരത്തേ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അത് വേണമെങ്കില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സെറ്റിങ്‌സില്‍ ഒളിഞ്ഞു കിടക്കുന്ന ഓപ്ഷന്‍ മാത്രമായിരുന്നു. എന്നാല്‍, ഐ.ഇ. പത്തില്‍ അത് തനിയെ പ്രവര്‍ത്തിച്ചു തുടങ്ങും. അതാണ് ഇന്റര്‍നെറ്റ് പരസ്യഭീമന്‍മാരെ ചൊടിപ്പിച്ചത്. 
ഐ.ഇ. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴെ 'do not track' ഓപ്ഷന്‍ വേണോ എന്ന് നമുക്ക് തീരുമാനിക്കാം. പിന്നീട് വേണമെങ്കില്‍ കസ്റ്റമറൈസേഷന്‍ മെനുവില്‍ നിന്നും തത്കാലികമായി ഒഴിവാക്കാം.

ഇന്റര്‍നെറ്റ് സാമ്രാജ്യത്വമെന്താണെന്ന് പഠിപ്പിച്ച ആഗോള കുത്തക ഭീമനാണ് മൈക്രോസോഫ്റ്റ്. അത്തരമൊരു കമ്പനി തന്നെ യാഥാസ്ഥിതിക രീതിയിലേക്ക് ചാഞ്ഞതാണ് പരസ്യക്കമ്പനികളെ വിമര്‍ശനവുമായി രംഗത്തിറക്കിയത്. ഈ പരസ്യമൊക്കെ എന്നാണുണ്ടായത്. ആദ്യം ഉപയോക്താക്കളല്ലേ എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഗൂഗിള്‍ ക്രോമും ഫയര്‍ഫോക്‌സ് മോസില്ലയുമൊക്കെ ഐ.ഇ.യെ നിഷ്പ്രഭമാക്കിക്കളഞ്ഞതല്ലേ..

No comments:

Post a Comment