ഐപാഡിനോട് ഏറ്റുമുട്ടാന്‍ ഗാലക്‌സി നോട്ട് ടാബ്

ഗാലക്‌സി നോട്ട് എന്ന പേരിലൊരു സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ സാംസങ് വിപണിയിലെത്തിച്ചപ്പോള്‍ നെറ്റി ചുളിച്ച ഗാഡ്ജറ്റ് പ്രേമികള്‍ ഒട്ടേറെയുണ്ട്. 146.9 മില്ലിമീറ്റര്‍ നീളവും 83 മില്ലിമീറ്റര്‍ വീതിയും 5.3 ഇഞ്ച് സ്‌ക്രീന്‍ വലിപ്പവും 178 ഗ്രാം ഭാരവുമുള്ള ഗാലക്‌സി നോട്ടിന്റെ വലിപ്പക്കൂടുതലും, സ്റ്റൈലസോടു കൂടിയ മോഡലെന്ന സംഗതിയും എല്ലാവരെയും ആശങ്കയിലാക്കിയത്. ശരാശരി മനുഷ്യന്റെ കൈപ്പത്തിയുടെ വീതി 79 മില്ലിമീറ്ററായിരിക്കെ 'ഗാലക്‌സി നോട്ട്' കൈപ്പിടിയിലൊതുക്കാന്‍ ജനം പാടുപെടുമെന്ന് ടെക് പണ്ഡിതര്‍ വിധിയെഴുതി. പകുതി ടാബ്‌ലറ്റും പകുതി ഫോണുമായ ഈ സങ്കരഉല്‍പ്പന്നം ആരും വാങ്ങില്ലെന്നായിരുന്നു അവരുടെ നിഗമനം.
പക്ഷേ പറഞ്ഞിട്ടെന്താ, ഗാലക്‌സി നോട്ട് വിപണിയില്‍ വന്‍ ഹിറ്റായി. ടാബ്‌ലറ്റിന്റെയും സ്മാര്‍ട്‌ഫോണിന്റെയും സൗകര്യങ്ങള്‍ ഒരുമിച്ച് ലഭിക്കുന്ന അത്ഭുത ഗാഡ്ജറ്റായി ഇതു പെട്ടെന്നു പെരുമനേടി. 2012 ആഗസ്ത് 15 വരെയുള്ള കണക്കു പരിശോധിച്ചാല്‍ ഒരു കോടി ഗാലക്‌സി നോട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. സാംസങിന്റെ ബെസ്റ്റ് സെല്ലര്‍ സ്മാര്‍ട്‌ഫോണ്‍ മോഡലുകളുടെ നിരയിലാണിപ്പോള്‍ ഗാലക്‌സി നോട്ടിന്റെ സ്ഥാനം.
ഈ ഗംഭീരനേട്ടത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗാലക്‌സി നോട്ട് എന്ന പേരില്‍ തന്നെ ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിക്കാന്‍ സാംസങ് തയ്യാറായിരിക്കുന്നത്. അമേരിക്കയുള്‍പ്പെടെ ലോകത്തെ നാലു പ്രധാന സ്ഥലങ്ങളില്‍ സാംസങ് നോട്ട് 10.1 ടാബ് വില്‍പനയ്‌ക്കെത്തിക്കഴിഞ്ഞു. ആപ്പിള്‍ ഐപാഡിന്റെ തട്ടകമായ അമേരിക്കന്‍ ടാബ്‌ലറ്റ് വിപണിയില്‍ വന്‍ചലനം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നോട്ട് ടാബിന്റെ വരവ്.
സ്‌റ്റൈലസ്, സ്പ്ലിറ്റ് സ്‌ക്രീന്‍... ഇവ രണ്ടുമാണ് സാംസങ് നോട്ട് ടാബിന്റെ മുഖ്യസവിശേഷതകള്‍. വിപണിയില്‍ ലഭ്യമായ നൂറുകണക്കിന് ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളില്‍ നിന്ന് നോട്ടിനെ വേര്‍തിരിച്ചു നിര്‍ത്തുന്നതും ഇതുതന്നെ.
സാംസങ് നോട്ട് ഫോണിലുള്ള സ്‌റ്റൈലസ് ടാബ്‌ലറ്റിലുമുണ്ട്. 'എസ് പെന്‍' (S Pen)എന്ന് സാംസങ് പേരിട്ടുവിളിക്കുന്ന ഈ സ്‌റ്റൈലസ്, ടാബ്‌ലറ്റ് ഉപയോഗത്തിന് ഏറെ സഹായിക്കും. ഒട്ടേറെ ആപ്ലിക്കേഷനുകളിലേക്കുളള ഷോര്‍ട്ട്കട്ടുകള്‍ കൊണ്ടു നിറഞ്ഞ ടാബ്‌ലറ്റ് സ്‌ക്രീനില്‍ വിരല്‍ കൊണ്ട് തൊടുന്നതിനേക്കാള്‍ സൗകര്യപ്രദമായി സ്‌റ്റൈലസ് കൊണ്ട് പ്രവര്‍ത്തിക്കാനാകും. സ്‌ക്രീനില്‍ എഴുതാനും വരയ്ക്കാനുമൊക്കെ സ്‌റ്റൈലസ് ധാരാളം മതി. നോട്ടെഴുതാനും ചിത്രം വരയ്ക്കാനും നെറ്റില്‍ സെര്‍ച്ച് ചെയ്യാനുമൊക്കെ 'എസ് പെന്‍' സഹായകമാകും. 'ഹാന്‍ഡ്‌റൈറ്റിങ് റെക്കഗനിഷന്‍ സാങ്കേത'മുള്ളതിനാല്‍ എഴുതുന്ന കാര്യങ്ങളെല്ലാം ടൈപ്പ് ചെയ്യുന്ന ഫോര്‍മാറ്റിലേക്ക് മാറ്റാനും കഴിയും.

10.1 ഇഞ്ച് വലിപ്പമുള്ള ടാബ്‌ലറ്റ് സ്‌ക്രീനില്‍ ഒരേസമയം ഒന്നിലേറെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്പ്ലിറ്റ് സ്‌ക്രീന്‍. മാതൃഭൂമി വെബ്‌സൈറ്റ് തുറന്നിട്ട് വാര്‍ത്ത വായിക്കുന്നതിനിടയില്‍ സ്‌ക്രീനിന്റെ ഒരു ഭാഗമുപയോഗിച്ച് ഈമെയില്‍ അക്കൗണ്ട് പരിശോധിക്കാന്‍ മള്‍ട്ടിടാസ്‌കിങ് സഹായിക്കുമെന്നു ചുരുക്കം.
ആന്‍ഡ്രോയ്ഡ് 4.0 (ഐസ്‌ക്രീം സാന്‍വിച്ച്) വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന നോട്ട് ടാബിന് 1.4 ഗിഗാഹെര്‍ട്‌സ്് ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്തേകുന്നു. സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലായ ഗാലക്‌സി എസ് 3 യിലും ക്വാഡ്‌കോര്‍ പ്രൊസസര്‍ തന്നയാണുള്ളത്. അഞ്ചു മെഗാപിക്‌സല്‍ ക്യാമറ, വീഡിയോകോളിങിനായി 1.9 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും നോട്ട് ടാബിലുണ്ട്. നിലവില്‍ വൈഫൈ സൗകര്യം മാത്രമേ നോട്ട് ടാബിലുണ്ടാകൂ. 3ജി, 4ജി മോഡലുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് സാംസങ് നല്‍കുന്ന സൂചന.
ഗ്രേ, വെള്ള നിറങ്ങളിലുള്ള രണ്ടുമോഡലുകളാണ് ഗാലക്‌സി നോട്ട് പാഡിനുള്ളത്. 16 ജി.ബി. സ്‌റ്റോറേജ് ശേഷിയുള്ള മോഡലിന് 499 ഡോളറും, 32 ജി.ബി. സ്‌റ്റോറേജ് ശേഷിയുള്ള മോഡലിന് 549 ഡോളറുമാണ് വില. 16 ജി.ബി. സ്‌റ്റോറേജ് ശേഷിയുള്ള ഐപാഡിനും വില 499 ഡോളര്‍ തന്നെയാണ്. 32 ജി.ബിക്ക് 599 ഡോളര്‍, 64 ജി.ബി.ക്ക് 699 ഡോളര്‍ എന്നിങ്ജനെ പോകുന്നു ഐപാഡിന്റെ വില.
സാംസങ് ഗാലക്‌സി നോട്ട് ടാബ്‌ലറ്റ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഐപാഡുമായുളള ഈ താരതമ്യം തന്നെയാകും. ഐപാഡിന്റെ അത്ര തന്നെ വില കൊടുത്ത് മറ്റൊരു ടാബ്‌ലറ്റ് എന്തിനു വാങ്ങണം എന്ന ചോദ്യത്തിനു മുന്നില്‍ നോട്ട് ടാബിന്റെ സൃഷ്ടാക്കള്‍ ശരിക്കും വിയര്‍ക്കുമെന്നുറപ്പ്. ടാബ്‌ലറ്റ് വിപണിയില്‍ ഐപാഡിനുള്ള മൃഗീയ മേല്‍ക്കോമ അറിയുന്നവര്‍ക്കേ ഈ ചോദ്യത്തിന്റെ പ്രസക്തി മനസിലാകൂ.
2012 ജനവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസം 288 ലക്ഷം ഐപാഡുകളാണ് ലോകമെങ്ങും വിറ്റഴിഞ്ഞത്. ഇതേ കാലയളവില്‍ വിറ്റ സാംസങ് ടാബ്‌ലറ്റുകളുടെ മൊത്തം എണ്ണം 44 ലക്ഷം മാത്രമാണെന്ന് മനസിലാക്കണം.
ആഗോള ടാബ്‌ലറ്റ് വിപണിയില്‍ 64.4 ശതമാനമാണ് ഐപാഡിന്റെ ഓഹരിയെങ്കില്‍, വെറും 9.9 ശതമാനം മാത്രമാണ് സാംസങിന്റെ പങ്ക്. ഈയൊരു സാഹചര്യത്തില്‍ ഐപാഡിന്റെ അതേ വിലയ്ക്ക് സാംസങ് ഒരു ടാബ്‌ലറ്റിറക്കിയാല്‍ എത്രപേര്‍ അതിനു കാശു മുടക്കാന്‍ തയ്യാറാകും? ഈ വെല്ലുവിളി അറിയാതെയാവില്ല സാംസങ് നോട്ട് ടാബുമായി എത്തിയിരിക്കുന്നതെന്ന് വ്യക്തം.
No comments:
Post a Comment