വിന്‍ഡോസ് 8 ന്റെ കരുത്തുമായി ഏസറിന്റെ ഐക്കോണിയ

തയ്‌വാന്‍ കമ്പനിയായ ഏസര്‍ ടാബ്‌ലറ്റ് വിപണിയിലറിങ്ങിയത് രണ്ടുവര്‍ഷം മുമ്പാണ്. 2010 നവംബര്‍ 23ന് കമ്പനി അവതരിപ്പിച്ച ടാബ്‌ലറ്റിന്റെ പേര് 'ഐക്കോണിയ ടാബ്' എന്നായിരുന്നു. ആന്‍ഡ്രോയിഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു ആ ടാബ്. പിന്നീട് ഐക്കോണിയ സീരീസില്‍ ഒട്ടേറെ ടാബുകള്‍ ഏസര്‍ വില്‍പനയ്‌ക്കെത്തിച്ചു. എല്ലാം ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നവ. ഇപ്പോഴിതാ വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിക്കുന്നഐക്കോണിയ ഡബ്ല്യു 700 (Acer Iconia W700) ടാബ്‌ലറ്റുകള്‍ ഏസര്‍ അവതരിപ്പിച്ചിരിക്കുന്നു.
ആപ്പിളിന്റെ ഐപാഡായിരുന്നു ഫുള്‍ എച്ച്.ഡി. സ്‌ക്രീന്‍ റിസൊല്യൂഷനോടെ എത്തിയ ആദ്യ ടാബ്‌ലറ്റ്. തൊട്ടുപുറകെ അസ്യൂസിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ പാഡും അതേ ദൃശ്യമികവോടെ എത്തി. അതേ വഴിയിലാണ് ഐക്കോണിയ ഡബ്ല്യൂ 700 ഉം. അതും എച്ച്.ഡി. റിസൊല്യൂഷനുള്ള ടാബാണ്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമിലുള്ള ആദ്യ ടാബ്‌ലറ്റല്ല ഐക്കോണിയ ഡബ്ല്യു 700. പക്ഷേ ഈ ടാബ്‌ലറ്റിന് ചില പ്രത്യേകതകളുണ്ട്. ഏറ്റവും പ്രധാനം ടാബിനൊപ്പം ലഭിക്കുന്ന ക്രാഡില്‍ അഥവാ സ്റ്റാന്‍ഡാണ്. സ്റ്റാന്‍ഡില്‍ വച്ചാല്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന സൗകര്യത്തോടെ ടാബ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സ്റ്റാന്‍ഡ് നല്‍കുന്ന മറ്റ് ടാബ്‌ലറ്റുകളുമുണ്ടല്ലോ എന്നു ചില സംശയാലുക്കള്‍ ചോദിച്ചേക്കാം. യു.എസ്.ബി. പോര്‍ട്ടും കണക്ടറുകളുമുള്ള സ്റ്റാന്‍ഡ് ആണ് ഏസറിന്റേത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ലാപ്‌ടോപ്പ് പോലെ 70 ഡിഗ്രി ചെരിച്ചോ ടാബ്‌ലറ്റ് പോലെ ഇരുപതു ഡിഗ്രി കിടത്തിയോ എങ്ങനെ വേണമെങ്കിലും ഐക്കോണിയ ഡബ്ല്യു 700 പ്രവര്‍ത്തിപ്പിക്കാനാകും. ബ്ലൂടൂത്ത് കീബോര്‍ഡ് കൂടി ഒപ്പമുള്ളതിനാല്‍ ശരിക്കുമൊരു പി.സി. ഇഫക്ട് ഇതു സമ്മാനിക്കുന്നു. ടാബ്‌ലറ്റും ഡെസ്‌ക്‌ടോപ്പും കൂടി ചേരുന്ന സങ്കരഗാഡ്ജറ്റാണ് ഡബ്ല്യൂ 700 എന്ന് 'ടൈം മാസിക'യിലെ ടെക് എഴുത്തുകാരന്‍ ജേറഡ് ന്യൂമാന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഇനിയിറങ്ങാന്‍ പോകുന്ന ടാബുകള്‍ക്കെല്ലാം സ്റ്റാന്‍ഡ് ഉണ്ടാകുമെന്നും ന്യുമാന്‍ പ്രവചിക്കുന്നു.

11.6 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഐക്കോണിയ ടാബിലുള്ളത്. റിസൊല്യൂഷന്‍ 1920 X 1080 പിക്‌സല്‍സ്. ഇന്റല്‍ കോര്‍ i3,i5 പ്രൊസസറുകളില്‍ പ്രര്‍ത്തിക്കുന്ന രണ്ടു മോഡലുകളുണ്ട് ഐക്കോണിയ ടാബിന്. നാല് ജി.ബി. റാമാണ് രണ്ടിനുമുള്ളത്. അഞ്ച് മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറയും വീഡിയോകോളിങിനായി ഒരു മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഐക്കോണിയയിലുണ്ട്. ഏഴു മണിക്കൂര്‍ തുടര്‍ച്ചയായ ബ്രൗസിങ് ഉറപ്പുവരുത്തുന്നതാണ് ടാബ്‌ലറ്റിന്റെ ബാറ്ററിയെന്ന് ഏസര്‍ അവകാശപ്പെടുന്നുണ്ട്.
ഒക്‌ടോബര്‍ 28 - നാണ് വിന്‍ഡോസ് 8 ഔദ്യോഗികമായി പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അന്നുതന്നെ ഐക്കോണിയ ഡബ്ല്യൂ700 ടാബും വിപണിയിലെത്തും. 800 ഡോളര്‍ മുതല്‍ മുകളിലേക്കാണ് ഈ ടാബിന്റെ വില.
No comments:
Post a Comment