Tuesday, November 20, 2012

Aakash 1 Tablet Android 2.3 OS DT. 27/7/2010 FOR rS. 1500/-


സാക്ഷത്'-സുദീപിന്റെ സ്വപ്‌നസാക്ഷാത്കാരം; ഇന്ത്യയുടെ പുത്തന്‍ കുതിപ്പ്‌






'സാക്ഷത്'-കേന്ദ്രമാനവശേഷി വികസനമന്ത്രി കപില്‍ സിബല്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ പേരാണിത്. 1500 രൂപ വിലയുള്ള സാക്ഷതിന്റെ പിറവി ലോകമെങ്ങുമുള്ള വാര്‍ത്താമാധ്യമങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടിയപ്പോള്‍, അകലങ്ങളിലിരുന്ന് സുദീപ് ബാനര്‍ജിയുടെ ആത്മാവ് നിര്‍വൃതി കൊണ്ടിട്ടുണ്ടാകും. അഞ്ചുവര്‍ഷം മുമ്പ് സുദീപ് ബാനര്‍ജി എന്ന ഐ.എ.എസുകാരന്റെ മനസില്‍ പിറവിയെടുത്ത ആശയമാണ്, ഇന്ത്യയുടെ അഭിമാനപദ്ധതിയായി ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അര്‍ബുദം ബാധിച്ച് ഒന്നരവര്‍ഷം മുമ്പ് സുദീപ് അന്തരിച്ചെങ്കിലും, അദ്ദേഹത്തിന്റെ മുന്നോട്ടു വെച്ച പദ്ധതി നടപ്പാക്കാന്‍ ഒരുസംഘം ശാസ്ത്രജ്ഞന്‍മാര്‍ മുന്നിട്ടിറങ്ങിയതോടെ സാക്ഷത് യാഥാര്‍ഥ്യമാവുകയായിരുന്നു.

അഞ്ചുവര്‍ഷം മുമ്പ് അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകര്‍ 'നൂറുഡോളര്‍ ലാപ്‌ടോപ്പ്' എന്ന പദ്ധതി പ്രഖ്യാപിച്ചതാണ് സുദീപ് ബാനര്‍ജിക്ക് പ്രചോദനമായത്. എം.ഐ.ടി.യിലെ മീഡിലാബിന്റെ സ്ഥാപനായ നിക്കൊളാസ് നിഗ്രോപോണ്ടിയായിരുന്നു നൂറുഡോളര്‍ ലാപ്‌ടോപ്പ് പദ്്ധതിയുടെ ബുദ്ധികേന്ദ്രം. ഏഷ്യയിലെലും ആഫ്രിക്കയിലെയും ദരിദ്രരാഷ്ട്രങ്ങളിലെ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ലാപ്‌ടോപ്പുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമകേണ്ടതുണ്ടെന്ന് വാദിച്ച നിക്കൊളാസ്, 'വണ്‍ ലാപ്‌ടോപ്പ് പെര്‍ ചൈല്‍ഡ്' എന്ന പ്രസ്ഥാനത്തിന് തുടക്കമിടുകയും ചെയ്തു. 2005 ല്‍ അര്‍ജുന്‍സിങ് കേന്ദ്രമാനവശേഷി വികസനമന്ത്രിയായിരിക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയായിരുന്നു സുദീപ് ബാനര്‍ജി. ആ സമയത്താണ് എല്ലാവര്‍ക്കും പ്രാപ്യമാകുന്ന വിലയ്‌ക്കൊരു കമ്പ്യൂട്ടര്‍ എന്ന പദ്ധതിയെക്കുറിച്ച് സുദീപ് ചിന്തിച്ചുതുടങ്ങിയത്. പലവഴികളിലൂടെ അഞ്ചുവര്‍ഷം നീണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ സാക്ഷത് പിറവിയെടുത്തപ്പോള്‍ അതു കാണാനുള്ള ഭാഗ്യം സുദീപ് ബാനര്‍ജിക്കുണ്ടായില്ലെന്ന് മാത്രം.

സാക്ഷതിന്റെ വിശേഷങ്ങള്‍ അറിയുന്നതിന് മുമ്പ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എന്താണെന്ന് പറയേണ്ടതുണ്ട്. ലാപ്‌ടോപ്പുകളുടെ ചെറിയരൂപമാണ് ടാബ്‌ലറ്റുകള്‍ എന്നു പറയാം. ലാപ്‌ടോപ്പിനും സ്മാര്‍ട്ട്‌ഫോണിനും മധ്യേയുള്ള ഒരു ഉപകരണം എന്നു പറഞ്ഞാലും തെറ്റാകില്ല. ഇന്റര്‍നെറ്റ് ബ്രൗസിങിനും ഇബുക്ക് വായനയ്ക്കുമെല്ലാം ടാബ്‌ലറ്റ് ഉപയോഗിക്കാനാകും. 2001-ല്‍ മൈക്രോസോഫ്ടാണ് ലോകത്തെ ആദ്യ ടാബ്‌ലറ്റ് പുറത്തിറക്കിയത്. പക്ഷേ, അത് വിജയിച്ചില്ല. അടുത്തയിടെ, ആപ്പിള്‍ അവതരിപ്പിച്ച ടാബ്‌ലറ്റായ ഐപാഡ് സൂപ്പര്‍ഹിറ്റായതോടെ, ഒട്ടേറെ കമ്പനികള്‍ ഇപ്പോള്‍ ടാബ്‌ലറ്റ് വിപണിയെ ലക്ഷ്യമിടുകയാണ്. കമ്പ്യൂട്ടിങിന്റെ ഭാവി തന്നെ ടാബ്‌ലറ്റുകളുടേതായിക്കുമെന്നാണ് പലരുടെയും വിലയിരുത്തല്‍.

ഐപാഡിനോട് അദ്ഭുതകരമായ സാദൃശ്യം പുലര്‍ത്തുന്ന സാക്ഷതി (Sakshat)ന്, കാണ്‍പുര്‍, ഖരക്പുര്‍, മദ്രാസ് ഐ.ഐ.ടി-കളിലെയും, ബാംഗഌരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ വിദഗ്ദരും ചേര്‍ന്നാണ് രൂപം നല്‍കിയത്. സാക്ഷതിന്റെ അടിസ്ഥാനരൂപം നിലനിര്‍ത്തി സൗകര്യങ്ങളില്‍ മാത്രം മാറ്റം വരുന്ന തരത്തില്‍ പ്രോട്ടോടൈപ്പുകളുണ്ടാക്കാന്‍ കേന്ദ്രമാനവശേഷിവികസന മന്ത്രാലയം നിരവധി സംഘങ്ങളെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രോട്ടോടൈപ്പ് തിരഞ്ഞെടുത്ത് അത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാണ് സര്‍ക്കാറിന്റെ പരിപാടി. അതുകൊണ്ടുതന്നെ കഴിഞ്ഞ വ്യാഴാഴ്ച കപില്‍ സിബല്‍ ന്യൂഡല്‍ഹിയില്‍ അവതരിപ്പിച്ച 'സാക്ഷതി'നെക്കാള്‍ മെച്ചപ്പെട്ട ടാബ്‌ലറ്റായിരിക്കും നമ്മുടെ കൈകളിലെത്തുകയെന്നുറപ്പ്.

'ആദ്യഘട്ടത്തില്‍ തായ്‌വാന്‍ പോലുള്ള ഏതെങ്കിലും വിദേശരാജ്യത്തുവച്ചാകും സാക്ഷത് നിര്‍മ്മിക്കുക. ക്രമേണ അത് ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചുതുടങ്ങും. ഇപ്പോള്‍ തന്നെ ഒട്ടേറെ അന്താരാഷ്ട്ര കമ്പനികള്‍ പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്'-സാക്ഷത് പ്രകാശനച്ചടങ്ങില്‍ കപില്‍ സിബല്‍ പറഞ്ഞതാണിത്. ഇപ്പോള്‍ അവതരിപ്പിച്ച മോഡല്‍ സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുക. വെബ്ബ് ബ്രൗസിങ് സൗകര്യം കൂടാതെ, വീഡിയോ-വെബ് കോണ്‍ഫ്രന്‍സിങ്, പി.ഡി.എഫ്, ഡോക്, പിക്ചര്‍ ഫയലുകള്‍ തുറന്നുപരിശോധിക്കാവുന്ന മള്‍ട്ടിമീഡിയ കണ്ടന്റ് വ്യൂവര്‍, ഓപ്പണ്‍ ഓഫീസ്, യു.എസ്.ബി. പോര്‍ട്ട് എന്നിവയൊക്കെ സാക്ഷതിലുണ്ട്. ഹാര്‍ഡ് ഡിസ്‌കിനുപകരം മെമ്മറികാര്‍ഡാണ് സാക്ഷതിലുണ്ടാവുക.

ഡിസ്‌പ്ലേയുടെ റസല്യൂഷനോ സ്‌ക്രീനിന്റെ വലിപ്പമോ എത്രയാകുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല. കാഴ്ചയില്‍ ഐപാഡിലേതിനെക്കാള്‍ അല്പം ചെറുതാണ് സാക്ഷതിന്റെ സ്‌ക്രീന്‍. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമാണ് സാക്ഷതിലുണ്ടാകുകയെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സൗരോര്‍ജ്ജപാനലിലൂടെയാണ് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സാക്ഷത് കണ്ടെത്തുക. ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വെയ്ക്കുന്ന ഈ ടാബ്‌ലറ്റ് ചാര്‍ജ് ചെയ്യാന്‍ വൈദ്യുതി കണക്ഷന്‍ വേണ്ടിവരില്ലെന്ന് സാരം. വൈദ്യുതിയെത്താത്ത അവികസിതമേഖലകളില്‍ പോലും സാക്ഷത് ഉപയോഗിക്കാനാകും.

രാജ്യത്തെ 504 സര്‍വകലാശാലകളിലും 2500 കോളേജുകളിലുമായി ഒരുലക്ഷം വിദ്യാര്‍ഥികള്‍ക്ക് സാക്ഷത് ടാബ്ലറ്റ് വിതരണം ചെയ്യുന്നതിനുള്ള ബൃഹദ്പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒറ്റയടിക്ക് ഒരുലക്ഷം ടാബ്‌ലറ്റുകളെങ്കിലും നിര്‍മിക്കേണ്ടിവരും. ടാബ്‌ലറ്റിന്റെ വിലയായ 1500 രൂപയില്‍ പകുതി തുക സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതോടെ 750 രുപയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് സാക്ഷത് സ്വന്തമാക്കാനാകുമെന്നര്‍ഥം.

പദ്ധതി പക്ഷേ, എത്രകണ്ട് പ്രായോഗികമാകുമെന്ന കാര്യത്തില്‍ പലരും സംശയമുന്നയിക്കുന്നുണ്ട്. നൂറു ഡോളര്‍ വില എന്നു പ്രഖ്യാപിച്ച് തുടങ്ങിയ എം.ഐ.ടി.യുടെ ലാപ്‌ടോപ്പിന് ഒടുവില്‍ ഇരുനൂറ് ഡോളര്‍ വിലയിടേണ്ടിവന്ന കാര്യം അവര്‍ചൂണ്ടിക്കാട്ടുന്നു. സാക്ഷതിനോട് ഏറ്റവും സാമ്യം പുലര്‍ത്തുന്ന ഐപാഡിന്റെ നിര്‍മാണച്ചെലവ് പരിശോധിച്ചാല്‍ യാഥാര്‍ഥ്യം ബോധ്യമാകും. ഐപാഡിന്റെ സ്‌ക്രീനിന് മാത്രം 2600 രൂപ ചെലവ് വരുന്നുണ്ട്, ടച്ച്‌സ്‌ക്രീന്‍ അസംബഌ യൂണിറ്റിന് 1200 രൂപ, 16 ജി.ബി. മെമ്മറിക്ക് 1200 രൂപ, എഫോര്‍ പ്രൊസസറിന് 800 രൂപ, ബാറ്ററിക്ക് 800 രൂപ എന്നിങ്ങനെയാണ് മറ്റ് ചെലവുകള്‍. ഐപാഡിന്റെ ഭാഗങ്ങള്‍ക്ക് മാത്രം 6600 രൂപ മുതല്‍മുടക്കുണ്ടെന്നര്‍ഥം. ഇതിനുപുറമെയാണ് സോഫ്ട്‌വേറുകളുടെ ചെലവും നിര്‍മാണച്ചെലവും മറ്റ് അനുബന്ധച്ചെലവുകളും. ഏറ്റവും മുന്തിയ കമ്പോണന്റ്‌സാണ് ആപ്പിള്‍ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടാണിത്രയും വില വരുന്നതെന്നും വാദമുന്നയിക്കാം. പക്ഷേ ഒന്നും രണ്ടുമല്ല, ലക്ഷക്കണക്കിന് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതുകൊണ്ട് ഏറ്റവും കുറഞ്ഞനിരക്കിലാകും ആപ്പിളിന് കമ്പോണന്റ്‌സ് കിട്ടുകയെന്നതാണ് ഇതിന്റെ മറുവാദം.

1500 രൂപയ്‌ക്കൊരു പ്രോട്ടോടൈപ്പ് നിര്‍മിച്ചുവെന്നു കരുതി അതേ തുകയക്ക് വാണിജ്യാടിസ്ഥാനത്തില്‍ സാക്ഷത് വില്‍ക്കാന്‍ കഴിയില്ലെന്ന് വാദമുന്നയിക്കുന്നവരുണ്ട്. യൂണിറ്റുകള്‍ ഉണ്ടാക്കിയാല്‍ തന്നെ അതില്‍ പ്രവര്‍ത്തിപ്പിക്കേണ്ട അപ്ലിക്കേഷനുകള്‍ ആരുണ്ടാക്കും? വിതരണം ചെയ്യാനുള്ള നെറ്റ്‌വര്‍ക്ക് സൗകര്യമെവിടെ? യൂണിറ്റ് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഡെവലപ്പര്‍ കമ്മ്യുണിറ്റി എവിടെ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു. സാക്ഷതിനെതിരെ സംശയങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തുവന്നിട്ടുള്ളത് ഇന്ത്യയിലെ ടെക് സമൂഹമാണെന്നത് രസകരമായ വൈരുദ്ധ്യം തന്നെ. ഇത്തരം തട്ടിപ്പുകള്‍ക്കായി പണം ചെലവഴിക്കാതെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഒരു ലക്ഷം രുപയ്ക്ക് കാറും 750 രൂപയ്ക്ക് വാട്ടര്‍ പ്യൂരിഫയറും 80,000 രൂപയ്ക്ക് ബൈപ്പാസ് സര്‍ജറി സേവനവും നല്‍കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിന് 1500 രൂപയ്ക്ക് ടാബ്‌ലറ്റ് നിര്‍മിക്കാന്‍ കഴിയൂമെന്ന് ഉറച്ചുവിശ്വസിക്കുന്നവരും ഏറെ. രാജ്യാന്തര വാര്‍ത്താഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി സാക്ഷത് റിവ്യൂ ചെയ്ത ഫ്രിക്ക കൈനറ്റ്‌സ് ഇക്കാര്യം അടിവരയിട്ടുപറയുന്നുണ്ട്. ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്ന ഹാര്‍ഡ്‌വേര്‍ വില, സ്വതന്ത്രസോഫ്ട്‌വേര്‍ ഉപയോഗം കൊണ്ടുള്ള സാമ്പത്തികലാഭം, ഹാര്‍ഡ്ഡിസ്‌കിനു പകരം മെമ്മറികാര്‍ഡിന്റെ ഉപയോഗം എന്നിവയെല്ലാം നിര്‍മാണച്ചെലവ് കുറയ്ക്കുമെന്നുറപ്പ്. ഒരുലക്ഷം യൂണിറ്റുകള്‍ ഒറ്റയടിക്കു നിര്‍മിക്കാനുള്ള ഓര്‍ഡര്‍ വേണ്ടെന്നുവയ്ക്കാന്‍ തായ്‌വാനിലെയോ ഹോങ്‌കോങിലെയോ കമ്പനികള്‍ക്കു കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ സാക്ഷത് സാക്ഷാത്കരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസികളുടെ എണ്ണം ഏറെയാണ്. 

No comments:

Post a Comment