Tuesday, November 20, 2012

HTC 8X Windows 8 Phone




വിന്‍ഡോസ് ഫോണ്‍ 8 -എച്ച്ടിസി 8എക്‌സ്




സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 2013 വിന്‍ഡോസ് ഫോണ്‍ 8 ന്റെ വര്‍ഷമായിരിക്കുമെന്നാണ് ടെക് ഗുരുക്കളുടെ പ്രവചനം. സ്മാര്‍ട്‌ഫോണുകള്‍ക്കായി മൈക്രോസോഫ്റ്റ് തയ്യാറാക്കിയ വിന്‍ഡോസ് ഫോണ്‍ 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിറക്കാന്‍ കമ്പനികള്‍ മത്സരത്തിലാണിപ്പോള്‍. നോക്കിയ, സാംസങ്, ഹ്വാവേ, എച്ച്.ടി.സി. എന്നീ വമ്പന്‍ കമ്പനികളാണ് വിന്‍ഡോസ് 8 ഫോണുകള്‍ പുറത്തിറക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇവയില്‍ എച്ച്.ടി.സി. വിന്‍ഡോസ് 8 ഫോണ്‍ വിപണിയിലെത്തിക്കഴിഞ്ഞു. എച്ച്.ടി.സി. 8 എക്‌സ് ആണ് വിന്‍ഡോസ് ഫോണ്‍ 8 പ്ലാറ്റ്‌ഫോമിലിറങ്ങിയ ഫോണ്‍.

എച്ച്.ടി.സി.വിന്‍ഡോസ് ഫോണ്‍ 8എക്‌സ് ഇന്ത്യയിലും എത്തി. വിന്‍ഡോസ് ഫോണ്‍ 8 ല്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത് ആദ്യമായാണ്.

പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലും പുത്തന്‍ ഗാഡ്ജറ്റുകള്‍ അവതരിപ്പിക്കുന്നതിലും മികവ് കാട്ടുന്നവരാണ് തായ്‌വാനീസ് കമ്പനിയായ എച്ച്.ടി.സി. യു.കെ.യില്‍ ആദ്യടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് വമ്പന്‍ കമ്പനികളെപ്പോലും ഞെട്ടിച്ചവരാണവര്‍. ആന്‍ഡ്രോയിഡ് ഒ.എസിനെ ജനപ്രിയമാക്കുന്നതിലും എച്ച്.ടി.സി. കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.


കാഴ്ചയില്‍ നോക്കിയ ലൂമിയയെ ഓര്‍മിപ്പിക്കുന്ന രൂപഭംഗിയാണ് എച്ച്.ടി.എസ്. 8 എക്‌സിനുള്ളത്. 4.3 ഇഞ്ച് എല്‍.സി.ഡി. സ്‌ക്രീനുള്ള 8 എക്‌സ് ഐഫോണ്‍ 5 നേക്കാളും ഗാലക്‌സി എസ് 3 യേക്കാളും അല്പം കനം കൂടിയതാണ്. ഭാരം 130 ഗ്രാം. പോറല്‍ വീഴാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗഌസ് പ്രതലത്തോടു കൂടിയ സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 720ത1280 പിക്‌സല്‍സ്.

1.5 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ സി.പി.യു, അഡ്രിനോ 225 ജി.പി.യു, ഒരു ജി.ബി. റാം എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷം. എസ്.ഡി. മൈക്രോകാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനാകില്ല എന്നതാണ് വലിയ പോരായ്മ. 64 ജി.ബി. ഇന്റേണല്‍ സ്റ്റോറേജുള്ള ഐഫോണ്‍ 5, 32 ജി.ബി. സ്‌റ്റോറേജ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ലൂമിയ 920 എന്നീ ഫോണുകളിലും എസ്.ഡി. കാര്‍ഡുകളുപയോഗിക്കാന്‍ കഴിയില്ലല്ലോ എന്ന് ചോദിച്ചേക്കാം.

എന്നാല്‍, ആകെ 16 ജി.ബി.യേ എച്ച്.ടി.സി. 8 എക്‌സില്‍ ഇന്റേണല്‍ സ്‌റ്റോറേജുള്ളൂ എന്നറിയുമ്പോള്‍, ഇത്തരമൊരു ഫോണില്‍ എസ്.ഡി.കാര്‍ഡിഡാന്‍ പറ്റാത്തതുകൊണ്ടുള്ള പോരായ്മ മനസിലാകും. പകരം ഏഴ് ജി.ബി. സ്‌കൈഡ്രൈവ് സ്‌റ്റോറേജ് സംവിധാനം എച്ച്.ടി.സി. വാഗ്ദാനം ചെയ്യുന്നു. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സ്റ്റോറേജ് സര്‍വീസാണ് സ്‌കൈഡ്രൈവ്. മുഴുവന്‍ സമയവും ത്രിജി അല്ലെങ്കില്‍ വൈഫൈ ലഭ്യമായവര്‍ക്ക് മാത്രമേ സ്‌കൈഡ്രൈവ് സൗകര്യം പ്രയോജനപ്പെടുത്താനാകൂ.


ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള എട്ട് മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 2.1 മെഗാപിക്‌സല്‍ രണ്ടാം ക്യാമറ, മികച്ച ശബ്ദസുഖം ഉറപ്പുവരുത്തുന്ന ബീറ്റ്‌സ് ഓഡിയോ സംവിധാനം എന്നിവയെല്ലാം എച്ച്.ടി.സി. 8 എക്‌സിലുണ്ട്. ഏറ്റവും പ്രധാനം ഇതിലെ വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്. തന്നെ.

ഓരോ ആപ്‌സും ചെറുചതുരങ്ങളിലായി കാണിക്കുന്ന വിന്‍ഡോസ് ഫോണ്‍ 8 ന്റെ 'ലൈവ് ടൈല്‍സ്' സംവിധാനം ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദമാണ്. കുട്ടികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാന്‍ പ്രത്യേക ഹോംസ്‌ക്രീന്‍ സമ്മാനിക്കുന്ന 'ചില്‍ഡ്രന്‍സ് കോര്‍ണറാ'ണ് വിന്‍ഡോസ് ഫോണ്‍ 8 ന്റെ മറ്റൊരു പ്രത്യേകത. രണ്ടു യൂസര്‍ അക്കൗണ്ടുകളില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതുപോലെയുള്ള സംവിധാനമാണിത്. പുതിയ ഫോണ്‍ വാങ്ങിയെന്നറിഞ്ഞാല്‍ കാണാന്‍ സുഹൃത്തുക്കള്‍ വരുമ്പോള്‍ അവരെ കാണിക്കാന്‍ മറ്റൊരു ഹോംസ്‌ക്രീന്‍ സജ്ജമാക്കാമെന്നര്‍ഥം. നിങ്ങളുടെ കുടുംബത്തിന്റെയോ പ്രിയപ്പെട്ടവരുടെയോ ഫോട്ടോകളും വീഡിയോകളും മറ്റുള്ളവര്‍ കാണുന്നതൊഴിവാക്കാനും ഇത് സഹായിക്കും.


1800 എം.എച്ച്. ലി-അയണ്‍ പോളിമര്‍ ബാറ്ററിയാണ് എച്ച്.ടി.സി. 8 എക്‌സിന് ഊര്‍ജം പകരുന്നത്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നിലനിര്‍ത്താന്‍ ഈ ബാറ്ററിക്ക് സാധിക്കും. ഈ ഫോണില്‍ തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ വീഡിയോ കണ്ടാലും ബാറ്ററി തീരില്ലെന്ന് എച്ച്.ടി.സി. അവകാശപ്പെടുന്നു.

ബ്ലൂ, ബ്ലാക്ക്, റെഡ്, യെല്ലോ നിറങ്ങളിലാണ് എച്ച്.ടി.സി. 8 എക്‌സ് ഉപയോക്താക്കളുടെ കൈകളിലെത്തുക. ഇന്ത്യയില്‍ ബ്ലൂ, ബ്ലാക്ക് നിറങ്ങളിലുള്ള ഫോണ്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. 35,032 രൂപയ്ക്കാണ് ഓണ്‍ലൈന്‍ ഇന്ത്യന്‍ സ്‌റ്റോറായ ഫ്ലാപ്കാര്‍ട്ട് ഈ ഫോണ്‍ വില്‍ക്കുന്നത്.


ഈ വിലയ്ക്ക് ഐഫോണ്‍ അഞ്ചോ ഗാലക്‌സ് എസ് ത്രീയോ വാങ്ങിക്കൂടേ എന്ന് വിമര്‍ശകര്‍ ചോദിച്ചേക്കാം. അവയ്‌ക്കൊന്നും വിന്‍ഡോസ് ഒ.എസ്. ഉപയോഗിക്കുന്ന സുഖം നല്‍കാനാവില്ലല്ലോ എന്നതാണതിനുള്ള മറുപടി. നിങ്ങളൊരു വിന്‍ഡോസ് ആരാധകനാണെങ്കില്‍, വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്. ആന്‍ഡ്രോയ്ഡിനേക്കാള്‍ മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, എച്ച്.ടി.സി. 8 എക്‌സിന് കാശുമുടക്കുന്നതില്‍ തെറ്റില്ലെന്ന് സാരം (ചിത്രം കടപ്പാട് : pocket-lint.com) 

No comments:

Post a Comment