Friday, January 25, 2013

Nokia Asha 114 Dual Sim Phone for Rs. 2500/- (Easy Swap Technology)

ഡ്യുവല്‍ സിമ്മുമായി നോക്കിയ 114; വില 2500 രൂപ
Posted on: 18 Jan 2013



എന്‍ട്രി ലെവല്‍ മൊബൈലുകളുടെ നിരയിലേക്ക് നോക്കിയയുടെ ഒരു ഡ്യുവല്‍ സിം മോഡല്‍ കൂടി - നോക്കിയ 114. 'ഈസി സ്വാപ് ടെക്‌നോളജി' ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ സവിശേഷതയായി നോക്കിയ എടുത്തുകാട്ടുന്നത്. ഇന്ത്യയില്‍ വില 2549 രൂപ. 

നോക്കിയ 114 ന് 1.8 ഇഞ്ച് QVGA കളര്‍ ഡിസ്‌പ്ലെയാണുള്ളത്. ഫോണിലുള്ള 1020 mAh ബാറ്ററി പത്തു മണിക്കൂര്‍ സംസാര സമയവും, 637 മണിക്കൂര്‍ സ്റ്റാന്‍ബൈ സമയവും നല്‍കുമെന്ന് നോക്കിയ അവകാശപ്പെടുന്നു. മാത്രമല്ല, 0.3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 80 ഗ്രാം ആണ് ഫോണിന്റെ ഭാരം. 

നോക്കിയ സ്റ്റീരിയോ ഹെഡ്‌സെറ്റ് ഡബ്ല്യു.എച്ച് -102 ഫോണിനൊപ്പം ലഭിക്കും. ഫോണിന്റെ ഇന്റേണല്‍ മെമ്മറി 16 എംബി ആണ്. ഇന്റേണല്‍ സ്‌റ്റോറേജ് 64 എംബിയും. അത് എസ്.ഡി.കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 

ഈസി സ്വാപ് ടെക്‌നോളജി (Easy Swap Technology)
 ഉണ്ടെന്ന് മാത്രമല്ല, ക്ലൗഡ് അധിഷ്ഠിത 'നോക്കിയ എക്‌സ്പ്രസ്സ്' (Nokia Xpress) ബ്രൗസര്‍ ഫോണിന്റെ മികവേറ്റുകയും ചെയ്യുന്നു. 85 ശതമാനം കൂടുതല്‍ വേഗത്തില്‍ ബ്രൗസിങ് സാധ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു. 

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയ ആപ്‌സ് ഫോണില്‍ മുന്‍കൂറായി ലോഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ബ്ലൂടൂത്ത്, ജി.പി.ആര്‍.എസ്., എഡ്ജ് എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും. നോക്കിയ സ്‌റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. റേഡിയോ സര്‍വീസും ഫോണില്‍ ലഭിക്കും.

ഫെയ്‌സ്ബുക്കും ട്വിറ്ററും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, താങ്ങാവുന്ന വിലയ്ക്ക് മികച്ച ബ്രൗസിങ് അനുഭവം പ്രദാനം ചെയ്യാന്‍ പാകത്തിലുള്ളതാണ് നോക്കിയ 114 എന്ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ സെയ്ല്‍സ് ഡയറക്ടര്‍ വി.രാംനാഥ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു. 

ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ ഫോണുകളുടെ കാര്യത്തില്‍ ഒരുകാലത്ത് നോക്കിയയ്ക്കായിരുന്നു മേല്‍കൈ. എന്നാല്‍, ഒട്ടേറെ ഇന്ത്യന്‍ കമ്പനികളും, സാംസങ് പോലുള്ള വിദേശ കമ്പനികളും അത്തരം ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ചതോടെ മത്സരം മുറുകി. 

ഇന്ത്യന്‍ വിപണിയില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കുന്നത് നോക്കിയ തുടരുകയാണ്. 2012 ല്‍ നോക്കിയ പ്രഖ്യാപിച്ച 'ആശ പരമ്പര' (Asha series)യില്‍പെട്ട ഫോണുകള്‍ (ആശ 200, ആശ 205, ആശ 305) ഉദാഹരണം.

No comments:

Post a Comment