Wednesday, January 23, 2013

Sony Xperia Z tablet - world's thinnest tab (6.9 mm thikness)

ഏറ്റവും കനംകുറഞ്ഞ ടാബുമായി സോണി


മികച്ച വേഗം, കൂടുതല്‍ മെമ്മറി, കുറഞ്ഞ ഭാരം... മൂന്ന് മാനദണ്ഡങ്ങള്‍ മനസില്‍ വച്ചുകൊണ്ടാണ് മുന്‍നിര കമ്പനികളെല്ലാം ഇപ്പോള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്നത്. ഈ മൂന്ന് കാര്യങ്ങളും പരിശോധിച്ചും താരതമ്യം ചെയ്തുമാണ് ഉപയോക്താക്കള്‍ ടാബ്‌ലറ്റ് വാങ്ങുക എന്നതു തന്നെ കാരണം. അതുകൊണ്ടാകാം നിലവിലുള്ളതില്‍ ഏറ്റവും കനംകുറഞ്ഞ ടാബുമായി സോണി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. 

സോണി എക്‌സ്പീരിയ സെഡ് ടാബ്‌ലറ്റ് (Xperia Z tablet) എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ് ഏറ്റവും ഭാരം കുറഞ്ഞ 10.1 ഇഞ്ച് ടാബ്‌ലറ്റാണെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റേതെങ്കിലും കമ്പനി ഇതിലും ഭാരം കുറഞ്ഞ ടാബ്‌ലറ്റ് ഇറക്കും വരെ സോണിയുടെ അവകാശവാദം സമ്മതിച്ചുകൊടുത്തേ പറ്റൂ. 

ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയ സെഡ് ടാബിന്റെ കനം 0.27 ഇഞ്ച് (6.9 മില്ലീമീറ്റര്‍) ആണ്. ആപ്പിളിന്റെ ഐപാഡ് മിനിയെക്കാളും 0.01 ഇഞ്ച് കനം കുറവാണിത്. 

സോണിയുടെ സൂപ്പര്‍ഹിറ്റ് സ്മാര്‍ട്‌ഫോണ്‍ മോഡലായ എക്‌സ്പീരിയ സെഡിന്റെ ബോഡി നിര്‍മിച്ച അതേ വസ്തുക്കള്‍ കൊണ്ടാണ് ടാബ്‌ലറ്റ് സെഡും നിര്‍മിച്ചിരിക്കുന്നത്. കാഴ്ചയിലും എക്‌സ്പീരിയ സെഡിന്റെ വലിയൊരു രൂപമാണ് സെഡ് ടാബ്. 

കാഴ്ചയില്‍ മാത്രമൊതുങ്ങുന്നില്ല ഇരുഗാഡ്ജറ്റുകളും തമ്മിലുള്ള സാമ്യം. രണ്ടു ഗാഡ്ജറ്റുകളിലും എന്‍.എഫ്.സി. സംവിധാനമുള്ളതിനാല്‍ പാട്ടുകളും വീഡിയോകളുമൊക്കെ ഒരു നിമിഷം കൊണ്ട് പരസ്പരം സ്ട്രീം ചെയ്യാന്‍ സാധിക്കും. രണ്ടു ഗാഡ്ജറ്റുകളുടെയും പിന്‍വശത്തെ ഗ്ലാസ്പാനലും കാഴ്ചയില്‍ ഒരേപോലെയാണ്. രണ്ടും വാട്ടര്‍പ്രൂഫും ഡസ്റ്റ്പ്രൂഫുമാണ്. ഒരുമീറ്റര്‍ ആഴത്തില്‍ മുപ്പതുമിനുട്ട് വരെ വെള്ളം കയറാതെ നിര്‍ത്താന്‍ ഈ ടാബിനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ വെര്‍ഷനിലോടുന്ന ഈ ടാബിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകള്‍ ടെക്‌പ്രേമികളെ ആകര്‍ഷിക്കുമെന്നുറപ്പ്. ക്വാല്‍കോം 1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 32 ജി.ബി.സ്‌റ്റോറേജ് എന്നിവയാണിതിലുള്ളത്. 

1920 X 1200 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ 10.1 ഇഞ്ച് സ്‌ക്രീന്‍, 8.1 മെഗാപിക്‌സല്‍ എക്‌സ്‌മോര്‍ ആര്‍ ക്യാമറ, രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, മൈക്രോ എസ്.ഡി. കാര്‍ഡ് സ്‌ലോട്ട്, എന്‍.എഫ്്.സി. എന്നിവയും ഈ ടാബിലുണ്ട്. സോണിയുടെ മാത്രം പ്രത്യേകതയായ 'എസ്-ഫോഴ്‌സ്' വെര്‍ച്വല്‍ സറൗണ്ട് സൗണ്ട് ടെക്‌നോളജിയും സെഡ് ടാബിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.

495 ഗ്രാമാണ് ഈ ടാബിന്റെ ഭാരം. 9.7 ഇഞ്ച് സ്‌ക്രീനുള്ള ആപ്പിള്‍ ഐപാഡ് 2 വിന്റെ ഭാരം 625 ഗ്രാമും 10.1 ഇഞ്ചുള്ള സാംസങ് ഗാലക്‌സി ടാബ് 2 വിന്റെ ഭാരം 583 ഗ്രാമുമാണെന്നോര്‍ക്കുക. 

ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ വെര്‍ഷനിലാണോടുന്നതെങ്കിലും സോണിയുടെ ചില സ്വന്തം ആപ്ലിക്കേഷനുകളും സെഡ് ടാബില്‍ ഇന്‍ബില്‍ട്ട് ആയി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. വിഷ്വലൈസറോടുകൂടിയ വാക്മാന്‍ ആപ്, ഫോട്ടോ എഡിറ്റര്‍, സ്‌ലൈഡ്‌ഷോ ആപ് എന്നിവ ഉദാഹരണങ്ങള്‍. 

6000 എം.എ.എച്ച് ബാറ്ററിയാണ് ഈ ടാബിന് ആയുസ്സ് നല്‍കുന്നത്. ഗൂഗിളിന്റെ നെക്‌സസ് പോലുള്ള ടാബ്‌ലറ്റ് മോഡലുകള്‍ ഇപ്പോള്‍ 9,000 എം.എ.എച്ച് ബാറ്ററിയാണുപയോഗിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 

നിലവില്‍ ജപ്പാന്‍ വിപണിയില്‍ മാത്രമാണ് സോണി എക്‌സ്പീരിയ സെഡ് ലഭ്യമാകുക. ഫിബ്രവരിയില്‍ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ ടാബ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണറിയുന്നത്. അതിനുശേഷമേ ഈ ടാബിന്റെ വില സംബന്ധിച്ച വിശദാംശങ്ങള്‍ അറിവാകൂ

No comments:

Post a Comment