വാച്ചായി മാറ്റാവുന്ന സ്മാര്‍ട്ട്‌ഫോണിനും സാധ്യത

പ്രവചിക്കാനാവാത്ത രൂപത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്; സാങ്കേതികവിദ്യയുടെ രംഗത്ത് പ്രത്യേകിച്ചും. വിനോദത്തിന്റെയും വിവരവിനിമയത്തിന്റെയും ആണിക്കാല്ലായി മാറിയ ഗാഡ്ജറ്റുകളുടെ പരിണാമം തന്നെ എത്ര വിചിത്രമാണ്.
ഡെസ്‌ക്‌ടോപ്പുകള്‍, ലാപ്‌ടോപ്പുകള്‍, മ്യൂസിക് പ്ലെയറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ഗൂഗിള്‍ ഗ്ലാസ്....ഇതിന് ഒരു അവസാനം ഉണ്ടാവുക സാധ്യമല്ലെന്ന്, ഒരോ പുതിയ മുന്നേറ്റവും വിളിച്ചോതുന്നു. സ്മാര്‍ട്ട് വാച്ചുകളിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.
ഇനിയും പുതിയ ഗാഡ്ജറ്റുകള്‍ വേണോ എന്ന് സംശയിക്കുന്നവര്‍ കുറവല്ല. അതിനിടെയാണ്, ദക്ഷിണകൊറിയന്‍ ഡിസൈനറായ ജീബ്യൂണ്‍ യോണ്‍ പുതിയൊരു ആശയം മുന്നോട്ട് വെച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിനെ തന്നെ വാച്ചാക്കി മാറ്റുക എന്നതാണത്.

4.3 ഇഞ്ച് ഡിസ്‌പ്ലെയുള്ള 'ലിമ്പോ' സ്മാര്‍ട്ട്‌ഫോണ്‍ ( 'Limbo' smartphone ) വളയ്ക്കുകയും മടക്കുകയും ചെയ്യാന്‍ കഴിയുന്ന വസ്തുകൊണ്ട് നിര്‍മിക്കുക എന്നതാണ് സങ്കല്‍പ്പം. അത് എളുപ്പം വാച്ചാക്കി കൈത്തണ്ടയില്‍ കെട്ടാനാകും. ഇതാണ് യോണിന്റെ ആശയം.
ഫോണിന്റെ ബോഡി ടിപിയു ( a plastic and silicon hybrid ) കൊണ്ടും ഹൈ-പോളിമര്‍ മെറ്റീരിയല്‍ കൊണ്ടും നിര്‍മിക്കാനാണ് യോണിന്റെ നിര്‍ദേശം. അതുപയോഗിച്ച് ഒരു വിവിധോദ്ദേശ ഉപകരണത്തിന് രൂപംനല്‍കുക.
ഗ്ലാസിന് പകരം മടക്കുകയും വളയ്ക്കുകയും ചെയ്യാവുന്ന പ്ലാസ്റ്റിക്ക് ഡിസ്‌പ്ലെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സാംസങ്. അത്തരം ഡിസ്‌പ്ലെയ്ക്ക് വേണ്ടി ആപ്പിളും ഗവേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ യോണിന്റെ ആശയത്തിന് പ്രസക്തിയേറുന്നു.
No comments:
Post a Comment