'കമ്പ്യൂട്ടര്‍ മൗസിന്റെ പിതാവ്' ഡോ എന്‍ഗല്‍ബര്‍ട്ട് വിടവാങ്ങി

കമ്പ്യൂട്ടര്‍ മൗസിന് രൂപംനല്‍കിയ പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഡോ എന്‍ഗല്‍ബര്‍ട്ട് (88) അന്തരിച്ചു. കമ്പ്യൂട്ടര്‍ മൗസ് ഉള്‍പ്പടെ, ആശയവിനിമയരംഗത്തും തൊഴില്‍മേഖലയിലും വിനോദരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സാങ്കേതികവിദ്യകള്‍ക്ക് രൂപംനല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം.
1950 കളിലും 60 കളിലും പഞ്ച് കാര്‍ഡുകളുടെ തടവറയില്‍ കഴിഞ്ഞ കമ്പ്യൂട്ടര്‍ലോകത്തെ മോചിപ്പിക്കുകയാണ് ഒരര്‍ഥത്തില്‍ മൗസ് വഴി ചെയ്തത്. കമ്പ്യൂട്ടറുമായി അനാസായം ഇടപഴകാന്‍ മൗസ് വഴി സാധിക്കുമെന്നായി. ശരിക്കുപറഞ്ഞാല്‍, പേഴ്‌സണ്‍ കമ്പ്യൂട്ടറുടെ വരവിന് വഴിമരുന്നിടുന്ന മുന്നേറ്റമാണ് എന്‍ഗല്‍ബര്‍ട്ട് നടത്തിയത്.
1960 കളില്‍ രൂപപ്പെടുത്തിയ കമ്പ്യൂട്ടര്‍ മൗസിന് 1970 ലാണ് എന്‍ഗല്‍ബര്‍ട്ട് പേറ്റന്റ് സ്വന്തമാക്കിയത്. ചെറിയൊരു തടിക്കൂടിനുള്ളില്‍ ഘടിപ്പിച്ച രണ്ട് ലോഹചക്രങ്ങളാണ് ആദ്യമൗസില്‍ ഉണ്ടായിരുന്നത്.
കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന വേളയിലായിരുന്നു എന്‍ഗല്‍ബര്‍ട്ട് കമ്പ്യൂട്ടര്‍ മൗസിന് രൂപംനല്‍കിയത്. ഈമെയില്‍, വേഡ് പ്രൊസസിങ്, വീഡിയോ ടെലികോണ്‍ഫറന്‍സ് തുടങ്ങിയ സംഗതികള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തില്‍ എന്‍ഗല്‍ബര്‍ട്ടുമുണ്ടായിരുന്നു.
റേഡിയോ മെക്കാനിക്കിന്റെ മകനായി 1925 ജനവരി 30 ന് ഒറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലായിരുന്നു എന്‍ഗല്‍ബര്‍ട്ട് ജനനം. ഒറിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പഠിച്ച അദ്ദേഹം, രണ്ടാംലോകമഹായുദ്ധകാലത്ത് ഒരു റഡാര്‍ വിദഗ്ധനായി പ്രവര്‍ത്തിച്ചു.
![]() |
എന്‍ഗല്‍ബര്‍ട്ട് രൂപംനല്‍കിയ ആദ്യ മൗസ് |
നാസയുടെ മുന്‍ഗാമിയായ 'നാക' (NACA) യിലാണ് അദ്ദേഹം പിന്നീട് ജോലിനോക്കിയത്. അവിടെ അധികകാലം നിന്നില്ല. ബര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഡോക്ടറേറ്റിന് ചേര്‍ന്നു.
മനുഷ്യഅവബോധത്തെ സഹായിക്കാന്‍ കമ്പ്യൂട്ടറുകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണമാണ് എന്‍ഗല്‍ബര്‍ട്ട് പ്രധാനമായും നടത്തിയത്. ആ താത്പര്യം അദ്ദേഹത്തെ സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ (SRI) എത്തിച്ചു. അവിടെ പിന്നീട് അദ്ദേഹം 'ഓഗ്മെന്റേഷന്‍ റിസര്‍ച്ച് സെന്റര്‍' എന്ന സ്വന്തം ഗവേഷണവിഭാഗം ആരംഭിച്ചു.
ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റ് (ARPANet) രൂപപ്പെടുത്തുന്നതിന് എന്‍ഗല്‍ബര്‍ട്ടിന്റെ ഗവേഷണകേന്ദ്രം സഹായിച്ചു. കാലത്തിന് മുമ്പേ സഞ്ചരിച്ച ആശയങ്ങളാണ് എന്‍ഗല്‍ബര്‍ട്ട് മുന്നോട്ടുവെച്ചതും നടപ്പാക്കിയതും.
1968 ഡിസംബര്‍ 9 ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എന്‍ഗല്‍ബര്‍ട്ട് നടത്തിയ കമ്പ്യൂട്ടര്‍ മൗസിന്റെ ആദ്യഅവതരണത്തിന് ടെക് ചരിത്രത്തില്‍ ഇതിഹാസതുല്യമായ സ്ഥാനമാണുള്ളത്. ആ പരിപാടിക്കിടെയാണ് ആദ്യ വീഡിയോ ടെലികോണ്‍ഫറന്‍സും ലോകം കാണുന്നത്. പില്‍ക്കാലത്ത് ഇന്റര്‍നെറ്റിന്റെ അടിസ്ഥാനമായി മാറിയ ടെക്സ്റ്റ് അധിഷ്ഠിത ലിങ്കുകള്‍ സംബന്ധിച്ച സിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുന്നതും ആ വേളയിലായിരുന്നു.
മൗസിന് നേടിയ പേറ്റന്റിന്റെ കാലാവധി 1987 ല്‍ അവസാനിച്ചു. അതോടെ അത് പൊതുവായി ലഭ്യമാകുന്ന അവസ്ഥ വന്നു. 1980 കളുടെ പകുതിക്ക് ശേഷം നൂറുകോടി മൗസുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്.
2005 വരെ കാലിഫോര്‍ണിയയില്‍ മൗണ്ടന്‍ വ്യൂവിലെ കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഫെലോ ആയി എന്‍ഗല്‍ബര്‍ട്ട് പ്രവര്‍ത്തിച്ചു.
No comments:
Post a Comment