സ്മാര്‍ട്ട്‌ഫോണിലും ഫയര്‍ഫോക്‌സ് എത്തി

പൂര്‍ണമായും വെബ് അധിഷ്ഠിതമാണ് ഈ സ്വതന്ത്ര ഓപ്പറേറ്റിങ്‌സിസ്റ്റം. അതുകൊണ്ടുതന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളെപ്പോലെ കുറഞ്ഞവിലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനാകും. ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനരീതിയാണ് ഫയര്‍ഫോക്‌സിനെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.
സാധാരണ ഒരു മൊബൈല്‍ ആപ്ലിക്കേഷന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നിരവധി ലിങ്കുകളാണ് നമുക്ക് ലഭിക്കുക. ആ ലിങ്കില്‍ പോയി ഫോണിലേക്ക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അത്രയും മെമ്മറി ഫോണില്‍ നഷ്ടമാകും. ഫയര്‍ഫോക്‌സില്‍ ബ്രൗസര്‍ വഴി നേരിട്ട് ആപ്ലിക്കേഷനുകളുടെ കലവറയിലേക്ക് എത്താം. ഡൗണ്‍ലോഡ് ചെയ്യാതെ ആവശ്യമുള്ളത് ഉപയോഗിക്കാം.
അത്യാവശ്യമുള്ളത് മാത്രം ഡൗണ്‍ലോഡ് ചെയ്താല്‍ ഓഫ്‌ലൈനായും പ്രവര്‍ത്തിപ്പിക്കാം. അതിനാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ പകുതിശേഷി മതി ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നവയ്ക്ക്.
'ZTE Open' ആണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ആദ്യ ഫയര്‍ഫോക്‌സ് ഫോണ്‍. മൂന്നരയിഞ്ച് ടച്ച് സ്‌ക്രീന്‍, വണ്‍ ജിഗാ ഹെര്‍ട്‌സ് കോര്‍ട്ടക്‌സ് എ-5 പ്രോസസ്സര്‍, 256 എം.ബി. റാം, 3.15 മെഗാ പിക്‌സല്‍ ക്യാമറ, 512 എം.ബി. ഇന്റേണല്‍ മെമ്മറി (മൈക്രോ എസ്.ഡി. കാര്‍ഡ് വഴി ഇത് വര്‍ധിപ്പിക്കാം).1200 mAh ബാറ്ററി എന്നിവയാണ് ഫോണിനുള്ളത്. വില: 69 യൂറോ (ഏകദേശം 5,350 രൂപ).
അല്‍ക്കാടെല്ലും 'വണ്‍ ടച്ച് ഫയര്‍' എന്ന പേരില്‍ ഇതേ സൗകര്യങ്ങളോട് കൂടിയ ഫയര്‍ഫോക്‌സ് ഫോണ്‍ വൈകാതെ വിപണിയിലെത്തിക്കും. യൂറോപ്പാണ് ആദ്യവിപണിയെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികളിലും ഫയര്‍ഫോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
എല്‍.ജി., സോണി, ഹ്വാവേ തുടങ്ങിയ കമ്പനികളും ഈ ഒ.എസ്. ഉപയോഗിക്കാന്‍ താത്പര്യം കാട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ നോക്കിയ-ആഷ സീരീസിനായിരിക്കും ഫയര്‍ ഫോക്‌സ് ഫോണ്‍ വെല്ലുവിളിയാവുക.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വെബ് ബ്രൗസറാണ് മോസില്ല ഫയര്‍ഫോക്‌സ്. അതുകൊണ്ടുതന്നെ അവരുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റവും മോശമാകാന്‍ വഴിയില്ല.
നിലവില്‍ ലോകത്തെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സര്‍വാധിപത്യം ആന്‍ഡ്രോയ്ഡിനാണ്. 85 ശതമാനം വിപണിവിഹിതം. ആപ്പിള്‍ ഐ.ഒ.എസ്., മൈക്രോസോഫ്റ്റ് എന്നിവയ്ക്ക് മൂന്ന് ശതമാനം വിപണിവിഹിതം മാത്രമേയുള്ളൂ. കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ രംഗത്തുവരുന്നത് ഇവയെയും ബാധിച്ചേക്കാം.
No comments:
Post a Comment