Sunday, August 4, 2013

Samjiyon Tab from South Korea

Samjiyon Tab from South Korea

ടിവി ആന്റിനയുള്ള ടാബ്‌ലറ്റ്; വടക്കന്‍ കൊറിയയില്‍ നിന്ന്



യുട്യൂബ്, ജീമെയില്‍, വൈഫൈ ഇതൊന്നുമില്ലാത്ത ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടറിനെക്കുറിച്ച് സങ്കല്‍പ്പിച്ചു നോക്കൂ. അത്തരമൊരു ഉപകരണത്തെ ആരെങ്കിലും ടാബ്‌ലെറ്റെന്ന് വിളിക്കുമോ എന്നാകും സംശയം. എന്നാല്‍ കേള്‍ക്കുക, വടക്കന്‍ കൊറിയയില്‍ വില്‍ക്കുന്ന'സാംജിയോണ്‍' ( Samjiyon ) ടാബ്‌ലറ്റില്‍ ഇവ മാത്രമല്ല, ബാഹ്യലോകത്തിന് പരിചിതമായ തരത്തില്‍ ഇന്റര്‍നെറ്റ് പോലും ലഭ്യമല്ല! 

എന്നാല്‍ ഐപാഡും ഗാലക്‌സി ടാബും ഉള്‍പ്പടെ ലോകമെങ്ങും വില്‍ക്കപ്പെടുന്ന മറ്റ് ടാബുകളിലൊന്നുമില്ലാത്ത ഒന്ന് ഈ വടക്കന്‍ കൊറിയന്‍ ടാബ്‌ലറ്റിലുണ്ട്. ലൈവ് ടിവി ടെലികാസ്റ്റിങ് ലഭ്യമാക്കാനുള്ള ഒരു ആന്റിന.

വടക്കന്‍ കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ ലഭ്യമായ ടിവി ഫ്രീക്വന്‍സികള്‍ മാത്രം കിട്ടാന്‍ പാകത്തില്‍ ടിവി ആന്റിനയും ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുകയാണ്. അതിനാല്‍ രാജ്യത്തിന് വെളിയില്‍ ടാബിലെ ആന്റിന കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. 

യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് രാജ്യമായ വടക്കന്‍ കൊറിയയില്‍ നിന്നുള്ള വിവരങ്ങള്‍ വിരളമായേ പുറത്തു വരാറുള്ളൂ. അത്തരത്തില്‍ പുറത്തുവന്ന സംഗതിയാണ് സാംജിയോണ്‍ ടാബിനെ കുറിച്ചുള്ള വിവരം. 2012 സപ്തംബറില്‍ പ്യോങ്യാങില്‍ ഒരു അന്താരാഷ്ട്ര വ്യാപാരമേളയില്‍ ആണ് സാംജിയോണ്‍ എന്ന ടാബ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. 

കൊറിയ കമ്പ്യൂട്ടര്‍ സെന്റര്‍ വികസിപ്പിച്ചതെന്ന് കരുതുന്ന ആ ടാബ് ഇപ്പോള്‍ ആദ്യമായി പുറംലോകത്തെത്തിയിരിക്കുന്നു. മൈക്കല്‍ എന്നൊരു വിനോദസഞ്ചാരി കഴിഞ്ഞ മാസം പ്യോങ്യാങില്‍ നിന്ന് 200 ഡോളര്‍ (12,000 രൂപ) മുടക്കി വാങ്ങിയ ടാബിന്റെ വിവരങ്ങള്‍ ഐ.ഡി.ജി.ന്യൂസ് സര്‍വീസാണ് പുറത്തുവിട്ടത്. ടാബിന്റെ ഒരു അവലോകനം (റിവ്യൂ)Northkoreatech.org എന്ന സൈറ്റിലുണ്ട്. 


ഐ.ഡി.ജി. റിപ്പോര്‍ട്ട് പറയുന്നത് പ്രകാരം സാംജിയോണ്‍ ടാബ്‌ലറ്റിന് കരുത്തു പകരുന്നത് 1.2 GHz പ്രൊസസറാണ്. 8 ജിബി അല്ലെങ്കില്‍ 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. രണ്ടു മെഗാപിക്‌സല്‍ ക്യാമറയും. 

1024 X 768 പിക്‌സല്‍ റിസല്യൂഷനോടു കൂടിയ ഏഴിഞ്ച് ഡിസ്‌പ്ലെയാണ് സാംജിയോണ്‍ ടാബിലുള്ളത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് 4.0.4 ഐസ്‌ക്രീസ് സാന്‍ഡ്‌വിച്ച് വേര്‍ഷനിലാണത് പ്രവര്‍ത്തിക്കുന്നത്. 'ആഗ്രി ബേര്‍ഡ്‌സ്' ഗെയിം അടക്കം ഒട്ടേറെ അപ്ലിക്കേഷനുകള്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 

പ്യോങ്യാങില്‍ ഒരു റെസ്‌റ്റോറണ്ടിലെ ഗിഫ്റ്റ് ഷോപ്പില്‍ ആ ടാബ്‌ലറ്റ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ട് താന്‍ ശരിക്കും അത്ഭുതപ്പെട്ടതായി, അതിന്റെ വിവരങ്ങള്‍ നല്‍കിയ വിനോദസഞ്ചാരി മൈക്കല്‍ ഐ.ഡി.ജി.ന്യൂസിനോട് പറഞ്ഞു (വീണ്ടും വടക്കന്‍ കൊറിയ സന്ദര്‍ശിക്കുന്നതിന് തടസ്സമാകും എന്നതുകൊണ്ട് പേര് പൂര്‍ണമായി പുറത്തുവിടുന്നില്ല എന്നയാള്‍ പറയുന്നു). 

സ്പീഡിന്റെയും പ്രതികരണത്തിന്റെയും കാര്യത്തില്‍, നിലവിലുള്ള ഏത് പ്രമുഖ ടാബുമായും സാംജിയോണിന് മത്സരിക്കാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

തനിക്ക് സാംജിയോണ്‍ ഓണ്‍ലൈന്‍ ലഭ്യമാകുന്നില്ല എന്നതാണ് മൈക്കല്‍ നേരിടുന്ന പ്രശ്‌നം. വളരെ പരിമിതമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയേ വടക്കന്‍ കൊറിയയിലുള്ളൂ. ഇന്റര്‍നെറ്റില്‍ കടക്കാന്‍ സര്‍ക്കാര്‍ അനുവാദം വേണം. മൊബൈല്‍ ഫോണുകള്‍ പോലും അവിടെ വിരളമാണ്. 

ശരിക്കും കെട്ടിയടച്ച ഒരു ഓണ്‍ലൈന്‍ സര്‍വീസാണ് വടക്കന്‍ കൊറിയയിലുള്ളത്.'ക്വാങ്‌വ്യോങ്' ( Kwangwyong ) എന്നാണ് അതിന്റെ പേര്. സാംജിയോണില്‍ ആ സംവിധാനം ഉപയോഗിക്കാനുള്ള വെബ്ബ് ബ്രൗസറുമുണ്ട്.

No comments:

Post a Comment