Friday, October 11, 2013

HCL ME Champ for Kid's Tab for Rs. 7399/- and Swipe Junior for Rs. 5990/- available at Snapdeal online store


HCL ME Champ for Kid's Tab for Rs. 7399/- and Swipe Junior for Rs. 5990/- available at Snapdeal online store


കുട്ടികള്‍ക്കായി രണ്ട് ടാബ്‌ലറ്റുകള്‍

  
എച്ച്.സി.എല്‍. മി ചാംപ്


ചേച്ചിയുടെ രണ്ടുവയസ്സുള്ള മകള്‍ വാശിപിടിച്ച് കരയുമ്പോള്‍ മൊബൈല്‍ ഫോണിലെ അവളുടെ ഫോട്ടോകളും വീഡിയോയും കാണിച്ചാണ് ഞാന്‍ അനുനയിപ്പിക്കാറ്. രണ്ടോ മൂന്നോ തവണ കഴിഞ്ഞപ്പോഴേക്കും അവള്‍ക്ക് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് കൊടുത്താല്‍ മാത്രം മതി. ഫോട്ടോയും വീഡിയോകളും എവിടെയാണെന്ന് സ്വയം കണ്ടെത്തി അവ നോക്കിക്കോളും.

ടച്ച്‌സ്‌ക്രീനുള്ള ഫോണ്‍ ഉപയോഗിക്കാന്‍ അച്ഛന്‍ മടിക്കുമ്പോഴാണ് കുഞ്ഞുമോളുടെ ഈ 'വികൃതി'.

പറഞ്ഞുവരുന്ന കാര്യം ഇത്രയേഉള്ളൂ... പുതിയ കാര്യങ്ങള്‍ പഠിക്കുന്നതില്‍ മുതിര്‍ന്നവരേക്കാള്‍ താത്പര്യവും കഴിവും കുട്ടികള്‍ക്കാണ്. എങ്കിലും സ്വന്തം ഫോണും ടാബ്‌ലറ്റും കമ്പ്യൂട്ടറും കുട്ടികള്‍ക്ക് പൂര്‍ണമായും വിട്ടുകൊടുക്കാന്‍ നമ്മളില്‍ പലരും മടിക്കും. താഴെ വീണും മറ്റും കേടുവരുമോ എന്ന ഭയമാണ് പ്രധാന കാരണം. കുട്ടികള്‍ കാണരുതാത്ത കാര്യങ്ങള്‍ ഇവയിലുണ്ടെങ്കില്‍ പറയുകയും വേണ്ട.

അല്പംകൂടി മുതിര്‍ന്ന കുട്ടികള്‍, നമ്മളില്ലാത്ത സമയത്ത് അമിതമായി ഇവ ഉപയോഗിക്കുമോ, ഇന്റര്‍നെറ്റിന് അടിമയാകുമോ തുടങ്ങിയ ആശങ്കകളും പിന്നാലെയെത്തും.

ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത, കുട്ടികള്‍ക്ക് വേണ്ടിമാത്രമുള്ള, പഠനത്തില്‍ അവരെ സഹായിക്കുന്ന ടാബ്‌ലറ്റ് എന്ന ചിന്തയിലേക്ക് കമ്പനികളെ നയിച്ചതും ഇതൊക്കെയാണ്.

രക്ഷിതാക്കള്‍ക്ക് പൂര്‍ണ നിയന്ത്രണമുള്ള ടാബ്‌ലറ്റ് എന്നആശയം യാഥാര്‍ഥ്യമാക്കിയത് സാംസങ് ആണ്. കളിപ്പാട്ടമെന്ന് തോന്നിപ്പിക്കുന്ന ഗാലക്‌സി ടാബ് 3 കിഡ്‌സ് എന്ന ടാബ്‌ലറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അവര്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ഇത് ലഭ്യമായിത്തുടങ്ങിയിട്ടില്ല.

ഈ സാഹചര്യം മുതലെടുത്താണ് ഇന്ത്യന്‍ കമ്പനിയായ എച്ച്.സി.എല്ലും കാലിഫോര്‍ണിയ ആസ്ഥാനമായ സൈ്വപ്പും കുട്ടികള്‍ക്ക് മാത്രമായുള്ള ടാബ്‌ലറ്റ് കഴിഞ്ഞയാഴ്ച വിപണിയിലെത്തിച്ചത്.

എച്ച്.സി.എല്‍. മി ചാംപ് ( HCL Me Champ ), സൈ്വപ്പ് ജൂനിയര്‍ ( Swipe Junior ) എന്നീ പേരുകളിലുള്ള ടാബിന് യഥാക്രമം 7,399 രൂപയും 5,990 രൂപയുമാണ് വില. യു.എ.ഇ.യിലാണ് 'മി ചാംപ്' ആദ്യമെത്തിയത്. snapdeal.com എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ ഇത് ഇന്ത്യയിലും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

വിലയും സ്‌പെസിഫിക്കേഷനുകളും പരിശോധിച്ച് ഇവയില്‍ മികച്ചത് ഏതാണെന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം.

കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് രണ്ട് ടാബ്‌ലറ്റുകളുടെയും ഡിസൈനും നിറവും. ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക് ബോഡിയാണ് സൈ്വപ്പിന്റേത്. തീരെ ചെറിയ കുട്ടികളെക്കൂടി സൈ്വപ്പ് ലക്ഷ്യം വെക്കുന്നുണ്ടെന്ന് ചുരുക്കം. ഇതിന് പുറമെ 'ഷോക്ക് പ്രൂഫ്' സംവിധാനവുമുണ്ട്.

സൈ്വപ്പ് ജൂനിയര്‍


800 X 480 പിക്‌സല്‍ റെസലൂഷനോടുകൂടിയ ഏഴ് ഇഞ്ച് ഡബ്ല്യു.വി.ജി.എ. ഡിസ്‌പ്ലേയാണ് എച്ച്.സി.എല്ലിന്റേത്.

വലിപ്പം ഇതുതന്നെ ആണെങ്കിലും സൈ്വപ്പില്‍ 1024 X 600 പിക്‌സലാണ് റെസല്യൂഷന്‍. കൂടുതല്‍ ദൃശ്യവ്യക്തത ഇത് നല്‍കും.

വണ്‍ ഗിഗാ ഹെര്‍ട്‌സ് സിംഗിള്‍ കോര്‍ കോര്‍ട്ടെക്‌സ് എ 9 പ്രോസസ്സറും വണ്‍ ജി.ബി. റാമുമാണ് എച്ച്.സി.എല്ലില്‍. വണ്‍ ഗിഗാ ഹെര്‍ട്‌സിന്റേത് തന്നെയാണ് പ്രോസസ്സര്‍ എങ്കിലും സൈ്വപ്പിലെ റാം 512 എം.ബി. മാത്രം. കുട്ടികള്‍ ഗെയിം കൂടുതല്‍ ഉപയോഗിക്കും എന്ന് അറിഞ്ഞിട്ടും റാം കുറഞ്ഞത് സൈ്വപ്പിന്റെ ന്യൂനതയാണ്.

രണ്ട് ടാബുകളിലും പ്രധാന ക്യാമറ രണ്ട് മെഗാപിക്‌സലും മുന്‍ ക്യാമറ 0.3 മെഗാപിക്‌സലുമാണ്. നാല് ജി.ബി.യാണ് സൈ്വപ്പിലെ ഇന്റേണല്‍ മെമ്മറി. എച്ച്.സി.എല്ലില്‍ ഇതിന്റെ ഇരട്ടി ശേഷിയുണ്ട്. അതായത് എട്ട് ജബി. രണ്ടിലും മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ മെമ്മറി വര്‍ധിപ്പിക്കാം.

ഇന്റേണല്‍ മെമ്മറി കുറയുന്നത് കൂടുതല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് തടസ്സമാകും. കമ്പനികള്‍ തന്നെ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ മെമ്മറിയില്‍ പകുതിയില്‍ താഴെ മാത്രമേ യഥാര്‍ഥത്തില്‍ ലഭ്യമാകൂ.

3100 എം.എ.എച്ച്, 3000 എം.എ.എച്ച്. എന്നിങ്ങനെയാണ് എച്ച്.സി.എല്ലിലെയും സൈ്വപ്പിലെയും ബാറ്ററി. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടാകും.

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീനാണ് രണ്ടിലെയും ഓപ്പറേറ്റിങ് സിസ്റ്റം. ഡോംഗിള്‍ ഉപയോഗിച്ച് ത്രീജി സേവനവും ഉപയോഗപ്പെടുത്താം. എച്ച്.ഡി.എം.ഐ. കണക്ടിവിറ്റി സൗകര്യം സൈ്വപ്പില്‍ ഉണ്ടാകില്ല.

ഏതൊക്കെ ആപ്ലിക്കേഷനുകള്‍ കുട്ടികള്‍ ഉപയോഗിക്കണം, എത്രസമയം നെറ്റില്‍ ചെലവഴിക്കണം എന്നെല്ലാം രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി സെറ്റ് ചെയ്ത് വെക്കാന്‍ ഇരുമോഡലുകളിലും സൗകര്യമുണ്ട്. അനുവദിച്ച സമയം കഴിഞ്ഞാല്‍ ടാബ് തനിയെ ഓഫായിക്കൊള്ളും. പിന്നീട് പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഇവ തുറക്കാന്‍ പറ്റൂ.

കണക്ക്, സയന്‍സ്, ഭൂമിശാസ്ത്രം, ചരിത്രം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ പഠനത്തിന് സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ എച്ച്.സി.എല്‍. തങ്ങളുടെ മോഡലില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. കാര്‍ട്ടൂണുകള്‍, പാട്ടുകള്‍, വീഡിയോ തുടങ്ങിയവയുടെ വന്‍ ശേഖരവുമുണ്ട്.

സൈ്വപ്പിലും ഇത്തരം ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഏതാണ് നല്ലതെന്ന കണ്‍ഫ്യൂഷന്‍ ഇനിയും ഉള്ളവര്‍ക്കായി ഒരുകാര്യം കൂടി.

സ്‌പെസിഫിക്കേഷനുകളില്‍ അല്പം മുന്നില്‍ 'എച്ച്.സി.എല്‍. മി ചാംപ്' ആണ്. പക്ഷേ, വില നോക്കിയാല്‍ 'സൈ്വപ്പ് ജൂനിയര്‍' ആണ് മെച്ചം. പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് വേണ്ടിയാണെങ്കില്‍. 

No comments:

Post a Comment