Friday, November 15, 2013

Apple I Pad Air

Apple I Pad Air

റെറ്റിന ഡിസ്‌പ്ലെയുമായി ഐപാഡ് മിനിയും ഐപാഡ് എയറും

  
ഐപാഡ് മിനി, ഐപാഡ് എയര്‍


ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ടാബ്‌ലറ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെ ഐപാഡിന്റെ പുതിയ പതിപ്പുകള്‍ ആപ്പിള്‍ പുറത്തിറക്കി.

കനംകുറഞ്ഞ 'ഐപാഡ് എയര്‍' ( iPad Air ), നവീകരിച്ച ഐപാഡ് മിനി ( iPad Mini ) എന്നിവയാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. റെറ്റിന ഡിസ്‌പ്ലേയോടുകൂടിയതാണ് രണ്ട് മോഡലും.

യഥാക്രമം 499 ഡോളര്‍ (30,758 രൂപ), 399 ഡോളര്‍ (24,594 രൂപ) എന്നിങ്ങനെയായിരിക്കും ഐപാഡ് എയറിന്റെയും മിനിയുടെയും അടിസ്ഥാന മോഡലുകള്‍ക്ക് അമേരിക്കയിലെ വില. നവംബര്‍ ഒന്നു മുതല്‍ രണ്ട് മോഡലുകളും അമേരിക്ക, ബ്രിട്ടന്‍, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ലഭ്യമായിത്തുടങ്ങും; വൈകാതെ മറ്റു രാജ്യങ്ങളിലും.

ഐപാഡ് എയറുമായി ആപ്പിള്‍ മേധാവി ടിം കുക്ക്‌


ഐപാഡ് എയര്‍ 

9.7 ഇഞ്ച് ടാബ്‌ലറ്റാണ് ഐപാഡ് എയര്‍ , കനം 7.5 മില്ലിമീറ്റര്‍ , ഭാരം 454 ഗ്രാം മാത്രം. 2048 X 1536 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ റെറ്റിന ഡിസ്‌പ്ലെ നിലവിലുള്ള എല്ലാ ടാബ്‌ലറ്റുകളെക്കാളും മികച്ച ദൃശ്യാനുഭവം നല്‍കും.

ആപ്പിള്‍ ഡിസൈന്‍ ചെയ്ത എ7 ചിപ്പ് ആണ് ഐപാഡ് എയറില്‍ ഉപയോഗിച്ചിട്ടുള്ളത്. ഡസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലെ 64 ബിറ്റ് ആര്‍ക്കിടെക്ചറിന് സമാനമാണിത്. മുന്‍ ഐപാഡ് മോഡലിനെക്കാള്‍ പ്രകടനം ഇരട്ടി മെച്ചപ്പെടുത്താന്‍ ഇത് വഴിവെയ്ക്കും. ഗ്രാഫിക്‌സ് പെര്‍ഫോമന്‍സും വര്‍ധിക്കും.

എന്നാലും പഴയതുപോലെ പത്തു മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗത്തിന് ശേഷി നല്‍കാന്‍ ബാറ്ററിക്ക് സാധിക്കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. എം7 മോഷന്‍ കോ-പ്രോസസ്സറും ഇതോടൊപ്പമുണ്ട്.

ഏറ്റവും പുതിയ ഐഒഎസ് 7 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പ്രധാന ക്യാമറ അഞ്ച് മെഗാപിക്‌സല്‍. മുന്‍ ക്യാമറ 1.2 മെഗാ പിക്‌സല്‍. ക്യാമറകള്‍ മാത്രം നിരാശപ്പെടുത്തുന്നുവെന്നാണ് ടെക് ലോകത്തുനിന്നുള്ള ആദ്യ നിരീക്ഷണം.

16 ജി.ബി. മെമ്മറിയാണ് അടിസ്ഥാന മോഡലിലുള്ളത്. 32 ജി.ബി., 64 ജി.ബി., 128 ജി.ബി. മോഡലുകളും ലഭിക്കും. ഇവയ്ക്ക് 599 ഡോളര്‍ (36,922 രൂപ), 699 ഡോളര്‍ (43,086 രൂപ), 799 ഡോളര്‍ (49,250 രൂപ) എന്നിങ്ങനെയായിരിക്കും വില. വൈ-ഫൈയ്ക്ക് പുറമെ 4ജി സൗകര്യംകൂടിയുള്ള മോഡല്‍ ആണെങ്കില്‍ 130 ഡോളര്‍ (8013 രൂപ) കൂടി അധികം നല്‍കേണ്ടിവരും.

സില്‍വര്‍, സ്‌പേസ്‌ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന 'എയറി'ല്‍ ആപ്പിളിന്റെ നിലവിലുള്ള എല്ലാ അനുബന്ധ സേവനങ്ങളും ലഭ്യമാകും. ഐഫോട്ടോ, ഐമൂവി, ഐക്ലൗഡ് തുടങ്ങിയവയ്ക്ക് പുറമേ 4,75,000 ആപ്ലിക്കേഷനുകളില്‍നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയുമാകാം. 

ഐപാഡ് മിനി


ഐപാഡ് മിനി 

ഏതു ദൂരത്തുനിന്നും കോണില്‍നിന്നും നോക്കിയാലും ഒരേ ദൃശ്യവ്യക്തത ലഭിക്കുന്ന റെറ്റിന ഡിസ്‌പ്ലെയാണ് ഐപാഡ് മിനിയിലെ പ്രധാന മാറ്റങ്ങളിലൊന്ന്. മുന്‍ പതിപ്പിലെ എ 5 ചിപ്പിന് പകരം എ 7 ചിപ്പ് ആണ് 7.9 ഇഞ്ച് വലിപ്പമുള്ള ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റു സവിശേഷതകളെല്ലാം ഏറെക്കുറെ ഐപാഡ് എയറില്‍ ഉള്ളതുതന്നെ.

വൈഫൈ കണക്ടിവിറ്റിയുള്ള 16 ജി.ബി.യുടേതാണ് 399 ഡോളറിന്റെ അടിസ്ഥാന മോഡല്‍. ഇതില്‍ 4 ജിബി സൗകര്യംകൂടി വേണമെങ്കില്‍ വില 592 ഡോളര്‍ (32,610 രൂപ) ആകും. 32 ജി.ബി., 64 ജി.ബി., 128 ജി.ബി. മോഡലുകളും ലഭിക്കും. വില ഓരോന്നിനും നൂറു ഡോളര്‍ (6164 രൂപ) വീതം കൂടുമെന്ന് മാത്രം.

ഇവയ്ക്ക് ആപ്പിളിന്റെതന്നെ ഫ് ളാപ് കവര്‍ വേണമെങ്കില്‍ പിന്നെയും പണം മുടക്കണം - 4,250 മുതല്‍ 5,000 രൂപ വരെ.

ഈ കണക്കുകളെല്ലാം അമേരിക്കന്‍ വിപണിവിലയെ അടിസ്ഥാനമാക്കിയാണ്. ഇന്ത്യയില്‍ എത്തുമ്പോള്‍ ഇത് എത്രയാകുമെന്ന് പ്രവചിക്കാന്‍ പറ്റില്ല.

'ബജറ്റ് ഐഫോണ്‍' എന്ന വിശേഷണവുമായി ഐഫോണിന്റെ പുതിയ മോഡലുകള്‍ അടുത്തിടെ ഇന്ത്യയില്‍ എത്തിയപ്പോള്‍ വില സംബന്ധിച്ച എല്ലാ പ്രവചനങ്ങളും തെറ്റിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍വിലയാണ് ആപ്പിള്‍ ഇവയ്ക്ക് നിശ്ചയിച്ചത്.

എന്നാല്‍, പഴയ മോഡലിന് വില കുറയ്ക്കാന്‍ അവര്‍ തയ്യാറായി. ഐപാഡിന്റെ പഴയ പതിപ്പിനും ഇതേപോലെ 1,850 രൂപയോളം ഇപ്പോള്‍ കുറച്ചിട്ടുണ്ട്.

1.7 കോടി ഐപാഡുകളാണ് ആപ്പിള്‍ ഇതുവരെ ലോകമെങ്ങും വിറ്റഴിച്ചത്. ഇതിന്റെ പലമടങ്ങ് വലുതാണ് ചൈനീസ്, ഇന്ത്യന്‍ വിപണികള്‍. പ്രാദേശികവും അല്ലാത്തതുമായ കമ്പനികള്‍ തമ്മില്‍ ഇവിടെ കടുത്ത മത്സരവും നടക്കുന്നു. എന്നിട്ടും വിലകുറച്ചുള്ള കളിക്ക് ആപ്പിള്‍ തയ്യാറല്ല - അന്താരാഷ്ട്രതലത്തില്‍ തങ്ങളുടെ വിപണിവിഹിതം കുറയുമ്പോഴും വിലയും ഗുണനിലവാരവും കുറച്ച് 'ബ്രാന്‍ഡ് വാല്യു' നഷ്ടപ്പെടുത്തുന്ന ചില പ്രമുഖ കമ്പനികള്‍ക്കൊപ്പം ചേരാന്‍ ആപ്പിള്‍ ഇല്ലെന്ന് സാരം!

No comments:

Post a Comment