Friday, November 29, 2013

ZTE Zubia Z5S and Nubia Z5S Mini



നാലാം തലമുറയിലേക്ക് നുബിയ

 

ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വില്പനക്കാരാണ് സെഡ് ടി ഇ ( ZTE ). മൂന്നുവര്‍ഷത്തിനകം ലോകത്ത് മൂന്നാംസ്ഥാനത്ത് എത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.



 

100 ഡോളറില്‍ത്താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്ന ലോകത്തെ പത്ത് കമ്പനികളുടെ പട്ടികയില്‍ നിലവില്‍ ഇവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മധ്യനിര-സമ്പന്ന വിഭാഗങ്ങളില്‍ക്കൂടി സ്വാധീനമുണ്ടാക്കാനാണ് സെഡ്.ടി.ഇ.യുടെ പുതിയ തീരുമാനം.

ഇതിനായി ഉത്പാദന, വിപണന, ബ്രാന്‍ഡിങ് രംഗങ്ങളില്‍ വന്‍ നിക്ഷേപമാണ് അവര്‍ നടത്തിയിരിക്കുന്നത്. നാലാംതലമുറ (4G) മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാകുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പ്രാധാന്യം കൊടുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ത്രീജി.യേക്കാള്‍ കുറഞ്ഞ ചെലവില്‍ 4ജി. സൗകര്യം ലഭ്യമാക്കാന്‍ ഇന്ത്യയില്‍ റിലയന്‍സും എയര്‍ടെല്ലും മത്സരിക്കുകയാണ്. 

ഇത് മുന്നില്‍ക്കണ്ടാവണം 4ജി. സൗകര്യമുള്ള രണ്ട് മോഡലുകള്‍ സെഡ്.ടി.ഇ. കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ചൈനയിലാണ് അരങ്ങേറ്റമെങ്കിലും നുബിയ സെഡ് 5 എസ് ( Zubia Z5S ), നുബിയ സെഡ് 5 എസ് മിനി ( Nubia Z5S Mini ) എന്നീ മോഡലുകള്‍ അധികം വൈകാതെ ഇന്ത്യയിലുമെത്തും.

നാലാംതലുമറ സൗകര്യം വേണ്ടാത്തവര്‍ക്ക്, ഇതിനേക്കാള്‍ വിലക്കുറവില്‍ 3ജി. മോഡലുകളും ലഭ്യമാക്കിയിട്ടുണ്ട്.

അഞ്ചിഞ്ച് 1080 പിക്‌സല്‍ ഷാര്‍പ് ഇഗ്‌സോ (1080p sharp IGZO ) ഡിസ്‌പ്ലേയാണ് നുബിയ സെഡ് - 5 എസ്സില്‍. 2.3 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രോസസ്സറും 2 ജി.ബി. റാമും ഇതിലുണ്ട്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ബാറ്ററി 2300 എം.എ.എച്ച്. ക്യാമറയാണ് എടുത്തുപറയേണ്ട പ്രധാന സവിശേഷത. 13 മെഗാ പിക്‌സലിന്റേതാണ് പ്രധാന ക്യാമറ. (Aperture f/22) 3840 x 2160 പിക്‌സലിലുള്ള (4K) അള്‍ട്രാ എച്ച്.ഡി. വീഡിയോ ഇതുപയോഗിച്ച് ചിത്രീകരിക്കാം. സ്ലോമോഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും സൗകര്യമുണ്ട്.

4K വീഡിയോ ചിത്രീകരിക്കാനുള്ള സൗകര്യം അപൂര്‍വം ഫോണുകളിലേ നിലവിലുള്ളൂ. മുന്‍ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതാണ്. 

137.7 മില്ലീമീറ്റര്‍ നീളവും 68.8 മില്ലിമീറ്റര്‍ വീതിയും 7.6 മില്ലിമീറ്റര്‍ കനവുമുള്ള ഫോണിന്റെ ഭാരം 126 ഗ്രാമാണ്. കറുപ്പ്, വെള്ള എന്നീ നിറങ്ങളില്‍ മോഡല്‍ ലഭിക്കും.

16 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറിയുള്ള ത്രിജി പതിപ്പിന് 20,500 രൂപയും 32 ജി.ബി.യുടെ ഫോര്‍ ജി മോഡലിന് 35,500 രൂപയുമായിരിക്കും ഇന്ത്യന്‍ നിരക്കിലുള്ള ഏകദേശ വില.

മേല്പറഞ്ഞവയില്‍ നിന്ന് ചെറിയ ചില വ്യത്യാസങ്ങള്‍ മാത്രമേ 'നുബിയ സെഡ് - 5 എസ് മിനി' മോഡലിന് ഉള്ളൂ. 4.7 ഇഞ്ചാണ് (720 പിക്‌സല്‍) ഡിസ്‌പ്ലേ. പ്രോസസ്സര്‍ 1.7 ഗിഗാ ഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ 600. റാം 2 ജി.ബി. തന്നെ. ക്യാമറകളും സമാനം. പക്ഷേ, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാവില്ല.

7.6 മില്ലിമീറ്റര്‍ കനവും 120 ഗ്രാം ഭാരവുമുള്ള ഫോണ്‍ ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറങ്ങളില്‍ ലഭിക്കും. 16 ജി.ബി.യുടെ ത്രീജി മോഡലിന് 15,500 രൂപയ്ക്കും 32 ജി.ബി.യുടെ ഫോര്‍ ജി മോഡലിന് 24,000 രൂപയ്ക്കും തുല്യമായിരിക്കും ചൈനയിലെ വില. 

മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം 'മിനി'യില്‍ ഉണ്ടാകില്ല. 'വൈ ഫൈ'യില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടി വേഗവും രണ്ട് മോഡലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

നവംബര്‍ 26 മുതല്‍ മാതൃരാജ്യത്ത് ഇവ ലഭ്യമായിത്തുടങ്ങുമെന്നാണ് സെഡ് ടി.ഇ.യുടെ ചൈനീസ് വെബ്‌സൈറ്റ് പറയുന്നത്

No comments:

Post a Comment