ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നു 'ആം ആദ്മി' മോഡലുകള്‍
നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാന്‍ടെല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ നാല് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. ബഹുരാഷ്ട്രകമ്പനികളുടെ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഇവയ്ക്ക് ബിഎസ്എന്‍എല്ലിന്റെ പിന്തുണയുണ്ടെന്നതാണ് സാധാരണക്കാരായ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഒപ്പം ബിഎസ്എന്‍എല്ലിന്റെ പ്രത്യേക സൗജന്യങ്ങളും....
![]() |
Penta Bharath PF300 |
കാഴ്ചയില്‍ ഗമവേണം. വിലയും കുറയണം. അറിയാത്തതുകൊണ്ട്, അല്ലെങ്കില്‍ ആവശ്യമില്ലാത്തതുകൊണ്ട് സാങ്കേതികവശങ്ങള്‍ നോക്കേണ്ടതില്ല. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഇനി ബിഎസ്എന്‍എല്ലിനെ സമീപിക്കാം. ഫാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, ഫീച്ചര്‍ ഫോണ്‍ എന്നീ നാല് വിഭാഗങ്ങളിലും വന്‍ വിലക്കുറവുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍ .
നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാന്‍ടെല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ( Pantel Technologies Private Limited - PTPL ) എന്ന കമ്പനിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ നാല് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. ബഹുരാഷ്ട്ര കമ്പനികളുടെ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഇവയ്ക്ക് ബി.എസ്.എന്‍.എല്ലിന്റെ പിന്തുണയുണ്ടെന്നതാണ് സാധാരണക്കാരായ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഒപ്പം ബിഎസ്എന്‍എല്ലിന്റെ പ്രത്യേക സൗജന്യങ്ങളും.
ഫോണ്‍ ചെയ്യുക, എസ്എംഎസ് അയയ്ക്കുക, പാട്ട് കേള്‍ക്കുക, വലിയ സ്‌ക്രീനില്‍ വീഡിയോ കാണുക... കുറച്ചുകൂടി കടന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യംകൂടി ഉണ്ടെന്ന് പറയുക. വേഗവും ഡിസ്‌പ്ലേ നിലവാരവുമൊന്നും ചിന്തിക്കുന്നില്ലെങ്കില്‍ ഈ മോഡലുകള്‍ അത്ര നിസ്സാരക്കാരൊന്നുമല്ല. വിലകൂടി പരിഗണിക്കുമ്പോള്‍ വിശേഷിച്ചും!!
'ആം ആദ്മി' ഫോണെന്നാണ് 'പാന്‍ടെല്‍' തന്നെ ഇവയെ വിശേഷിപ്പിക്കുന്നത്.
ഇതില്‍ ഏറ്റവും വിലകുറഞ്ഞതും അതിനനുസരിച്ച നിലവാരവും ഉണ്ടെന്ന് പറയാവുന്നത്'പെന്റ ഭാരത്' ( Penta Bharath PF300 ) എന്ന ഫീച്ചര്‍ ഫോണാണ്.
മൂന്നിഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഫോണില്‍ രണ്ട് സിമ്മുകള്‍ ഉപയോഗിക്കാം. 1,799 രൂപയാണ് വില. 1.3 മെഗാ പിക്‌സല്‍ ക്യാമറയും ഉണ്ട്. 1800 എം.എ.എച്ച്. ബാറ്ററി എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 360 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്കും.
64 എം.ബി. വീതമാണ് റാമും ഇന്‍ബില്‍റ്റ് സ്റ്റോറേജും. ജാവ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇതില്‍ പാട്ടുകളും വീഡിയോകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാം. ഇ-മെയില്‍ പരിശോധിക്കാനും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനും സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ കോള്‍, എഫ്.എം. റേഡിയോ എന്നിവ റെക്കോഡ് ചെയ്യുകയുമാവാം.
മാസം നൂറ് മിനിറ്റുവീതം ഒരു വര്‍ഷത്തേക്ക് 1200 മിനിറ്റ് സൗജന്യകോളുകളാണ് ഈ മോഡലിനൊപ്പം ബി.എസ്.എന്‍.എല്‍. നല്കുന്നത്.
6.5 ഇഞ്ചാണ് പെന്റസ്മാര്‍ട്ട് പി.എസ്. 650 (Penta Smart PS650 ) എന്ന മോഡലിന്റെ വലിപ്പം. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായിട്ടുള്ള ഫാബ്‌ലറ്റുകളില്‍ ഏറ്റവും വലിപ്പമേറിയതാണിത്. വില 7,999 രൂപ. ജിയോണി ഇ ലൈഫ് ഇ 6 ( Gionee Elife E6 ) എന്ന മോഡലിന് സമാനമാണ് ഡിസൈന്‍. ബോഡി പ്ലാസ്റ്റിക് നിര്‍മിതം. പക്ഷേ, റസല്യൂഷന്‍ 480 X 800 പിക്‌സലും റാം 512 എം.ബി.യും മാത്രം.
![]() |
Penta Smart PS650 |
3 ജി.ബി. ത്രീജി ഡാറ്റയും 300 മിനിറ്റ് ടോക്ക്‌ടൈമും ബി.എസ്.എന്‍.എല്ലിന്റെ വകയായുണ്ട്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
ഇതേ ഒ.എസ്. ഉപയോഗിക്കുന്നതാണ് പെന്റസ്മാര്‍ട്ട് പിഎസ്501 (PentaSmart PS501 )എന്ന മൂന്നാമത്തെ മോഡല്‍. അഞ്ച് ഇഞ്ച് വലിപ്പമുള്ള ഇതില്‍ പി എസ് 650 ല്‍ നിന്ന് വ്യത്യസ്തമായി രണ്ട് സിമ്മുകള്‍ ഉപയോഗിക്കാം.
പ്രോസസറും റാമും മെമ്മറിയും മേല്‍പ്പറഞ്ഞ മോഡലിന് തുല്യം. പക്ഷേ, ഇതില്‍ മൈക്രോ എസ്.ഡി. കാര്‍ഡുപയോഗിച്ച് മെമ്മറി 32 ജിബി കൂടി വര്‍ധിപ്പിക്കാം.
സ്‌ക്രീന്‍ റെസല്യൂഷന്‍ 480 X 854 പിക്‌സല്‍. കാഴ്ചയില്‍ സാംസങ് ഗ്യാലക്‌സി എസ്-2 മോഡലുമായാണ് സാമ്യം.
![]() |
PentaSmart PS501 |
ആറുമാസത്തേക്ക് 3 ജി.ബി. ഡാറ്റ ഉപയോഗവും 300 മിനിറ്റ് ടോക്ക് ടൈമും ബി.എസ്.എന്‍.എല്ലും സൗജന്യമായി നല്‍കും. ബാറ്ററി 1800 എം.എ.എച്ച്. മാത്രം.
'കൂള്‍ ത്രീഡി' എന്ന സങ്കേതം വഴി ത്രീഡി ഫോട്ടോ, വീഡിയോ അനുഭവം ലഭിക്കുമെന്ന് 'പാന്‍ടെല്‍' പറയുന്നു. 6,999 രൂപയാണ് ഇതിന്റെ വില.
ടാബ്‌ലറ്റ് നിരയിലുള്ള PentaT-Pad WS 707C എന്ന മോഡല്‍ കഴിഞ്ഞ ഫിബ്രവരിയില്‍ പ്രഖ്യാപിച്ചതാണ്. ഇതിന്റെ നവീകരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
![]() |
PentaT-Pad WS 707C |
വോയ്‌സ് കോള്‍ സൗകര്യമുള്ള ഇതിന്റെ വില 6,999 രൂപയായി കുറച്ചിട്ടുണ്ട്. ഏഴ് ഇഞ്ച് ഡിസ്‌പ്ലെയുള്ള ടാബ്‌ലറ്റില്‍ ഏറെക്കുറെ പി എസ് 501 മോഡലിലുള്ള ഓഫറുകളും സൗകര്യങ്ങളുമാണുള്ളത്.
ടി.വി. ചാനല്‍ പാര്‍ട്ട്ണര്‍മാരായ ഹോം ഷോപ്പ് 18 ( Home Shop 18 ) വഴി ഈ ആഴ്ചതന്നെ ഇവ ഉപയോക്താവിനെ തേടിയെത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
കോഴിക്കോട് ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സര്‍വീസ് കേന്ദ്രങ്ങളുണ്ടെന്നാണ് പാന്‍ടെല്ലിന്റെ വെബ്‌സൈറ്റ് പറയുന്നത്. എങ്കിലും അവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലെ സാധാരണക്കാരെയാണെന്നാണ് സ്‌പെസിഫിക്കേഷനുകള്‍ വ്യക്തമാക്കുന്നത്
No comments:
Post a Comment