ഗാലക്‌സി ഡ്യുവോസ് 2 ഇന്ത്യയിലും; വില 10,730 രൂപ

സാംസങ് സ്മാര്‍ട്‌ഫോണ്‍ നിരയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ഗാലക്‌സി ഡ്യൂവോസ്. നാലിഞ്ച് ഡിസ്‌പ്ലേയും ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറുമുള്ള ഈ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയില്‍ നന്നായി സ്വീകരിക്കപ്പെട്ടു. ഇപ്പോഴും ഇ-ടെയ്‌ലിങ് സൈറ്റുകളില്‍ ഡ്യൂവോസ് വിറ്റുപോകുന്നുണ്ട്.
ഡ്യുവോസിന്റെ അപ്‌ഡേറ്റഡ് വെര്‍ഷന്‍ സാംസങ് ഉടന്‍ വിപണിയിലെത്തിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ചില ടെക് സൈറ്റുകളില്‍ ഇറങ്ങാന്‍ പോകുന്ന ഫോണിന്റെ ചിത്രങ്ങളും മുന്‍കൂറായി പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോഴൊന്നും ഇക്കാര്യം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സാംസങ് തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ ഗാലക്‌സി എസ് ഡ്യൂവോസ് 2 ( Galaxy S Duos 2 ) എന്ന പേരില്‍ ഒരു അപ്‌ഡേറ്റഡ് വെര്‍ഷന്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നു. വലിയ പരസ്യകോലാഹലങ്ങള്‍ ഒന്നുമില്ലാതെയാണ് കമ്പനി പുതിയ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഡ്യുവോസ് 2 നെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം എന്ന് വിപണിയിലെത്തുമെന്നോ അതിനെന്ത് വിലയാകുമെന്നോ വ്യക്തമാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.
ഔദ്യോഗിക ലോഞ്ചിങിനൊന്നും കാത്തുനില്‍ക്കാതെ രാജ്യത്തെ ഓണ്‍ലൈന്‍ റീട്ടെയ്‌ലിങ് സൈറ്റുകള്‍ ഡ്യുവോസ് 2 ന്റെ വില്‍പന പക്ഷേ, തുടങ്ങിക്കഴിഞ്ഞു. ഓര്‍ഡര്‍ ചെയ്താല്‍ ഒരാഴ്ചയ്ക്കകം സാധനം വീട്ടിലെത്തിക്കാമെന്ന് ഇത്തരം കമ്പനികള്‍ ഉറപ്പുതരുന്നു. വില 10,730 രൂപ.

480 X 800 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേയാണ് ഡ്യുവോസ് 2 നുള്ളത്. അപ്‌ഡേറ്റഡ് വെര്‍ഷനാണെന്ന് കരുതി സ്‌ക്രീന്‍ വലിപ്പം കൂടിയിട്ടില്ലെന്നര്‍ഥം. 1.2 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസറാണ് ഇതിലുള്ളത്. 768 എം.ബി. റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ മറ്റ് ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. 64 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാനുമാകും.
ഡ്യുവല്‍ സിം മോഡലായ ഡ്യുവോസില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷന്‍ ഒഎസാണുള്ളത്. ഒപ്പം സാംസങിന്റെ സ്വന്തം ടച്ച്‌വിസ് യൂസര്‍ ഇന്റര്‍ഫേസും. എല്‍ഇഡി ഫ് ളാഷോടു കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ കോളിങിനായി വി.ജി.എ. ക്യാമറയുമുണ്ട് ഡ്യുവോസ് 2 ല്‍.
കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ, ജി.പി.ആര്‍.എസ്., എഡ്ജ്, ബ്ലൂടൂത്ത് ഓപ്ഷനുകളാണ് ഡ്യുവോസ് 2 സമ്മാനിക്കുന്നത്. 1500 എം.എ.എച്ച്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 280 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
ഡ്യുവോസിന്റെ വിജയം ആവര്‍ത്തിക്കാന്‍ ഡ്യുവോസ് 2 നും സാധിക്കുമോ എന്നാണിനി അറിയാനുള്ളത്. നാല് കോര്‍ അഥവാ ക്വാഡ്‌കോര്‍ പ്രൊസസറും അഞ്ചിഞ്ച് സ്‌ക്രീന്‍ വലിപ്പവുമുള്ള ധാരാളം ഇന്ത്യന്‍ ഫോണുകള്‍ പതിനായിരം രൂപയില്‍ താഴെ വിലയ്ക്ക് ഇപ്പോള്‍ കിട്ടാനുണ്ട്. ലാവ ഐറിസ് 458ക്യു (വില 7699 രൂപ), കാര്‍ബണ്‍ ടൈറ്റാനിയം എസ് 1 (വില: 7999 രൂപ) എന്നിവ ഉദാഹരണം.
അപ്പോള്‍ 10,000 രൂപ മുടക്കി ഡ്യൂവല്‍-കോര്‍ പ്രൊസസറും നാലിഞ്ച് സ്‌ക്രീനും മാത്രമുള്ള ഫോണ്‍ വാങ്ങാന്‍ എത്രപേര്‍ തയ്യാറാകും എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. പക്ഷേ, സാംസങ് എന്ന ബ്രാന്‍ഡ് നാമം ഡ്യുവോസ് 2 ന്റെ മൂല്യം വര്‍ധിപ്പിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കുമില്ല എതിരഭിപ്രായം
No comments:
Post a Comment