Friday, March 28, 2014

Windows XP to be stopped from April 2014.

വിന്‍ഡോസ് എക്‌സ്പിയുടെ പിന്തുണ മൈക്രോസോഫ്റ്റ് നിര്‍ത്തുന്നു; ഏടിഎമ്മുകള്‍ക്ക് സുരക്ഷാഭീഷണി



വിന്‍ഡോസ് എക്‌സ്പി ഒഎസിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അടുത്ത മാസം അവസാനിപ്പിക്കുന്നത്, രാജ്യത്തെ എടിഎമ്മുകള്‍ക്ക് സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന് ആശങ്ക. രാജ്യത്തെ കുറെ ബാങ്ക് എടിഎമ്മുകള്‍ ഇനിയും അപ്‌ഗ്രേഡ് ചെയ്തിട്ടില്ലെന്ന വസ്തുതയാണ് ആശങ്കയ്ക്ക് അടിസ്ഥാനം.

ശതമാനക്കണക്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെക്കാള്‍ കൂടുതല്‍ എടിഎമ്മുകള്‍ രാജ്യത്ത് അപ്‌ഗ്രേഡ് ചെയ്യാന്‍ ബാക്കിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്താകമാനം 40 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ട്. അതില്‍ 16 ശതമാനം ഇപ്പോഴും വിന്‍ഡോസ് എക്‌സ്പിയിലാണ് ഓടുന്നത്. 

മൈക്രോസോഫ്റ്റ് 2001 ഒക്ടോബറിലാണ് വിന്‍ഡോസ് എക്‌സ്പി പുറത്തിറക്കിയത്. അതുകഴിഞ്ഞ് മൂന്നു തലമുറ വിന്‍ഡോസ് പുറത്തിറങ്ങി, ഇപ്പോള്‍ വിന്‍ഡോസ് 8 ലെത്തി നില്‍ക്കുന്നു. എക്‌സ്പിയുടെ വിന്‍ഡോസ് എക്‌സ്പി സര്‍വീസ് പാക്ക് 3 ആണ് നിലവിലുള്ളത്. അടുത്ത ഏപ്രില്‍ 8 മുതല്‍ വിന്‍ഡോസ് എക്‌സ്പിക്കുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. 


ഇന്ത്യന്‍ ബാങ്കുകളില്‍ 35 ശതമാനം കമ്പ്യൂട്ടറുകള്‍ ഓടുന്നത് ഇപ്പോഴും വിന്‍ഡോസ് എക്‌സ്പിയിലാണെന്ന്, മൈക്രോസോഫ്റ്റ് ഇന്ത്യ ജനറല്‍ മാനേജര്‍ (വിന്‍ഡോസ് ബിസിനസ്) അംറിഷ് ഗോയലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിലും കൂടുതല്‍ ശതമാനം ബാങ്ക് എടിഎമ്മുകള്‍ ഇപ്പോഴും എക്‌സ്പിയിലാണ് ഓടുന്നതെന്ന് ഗോയല്‍ അറിയിച്ചു.

ഇന്ത്യയിലാകെ ഏതാണ്ട് 140,000 ബാങ്ക് എടിഎമ്മുകളാണുള്ളത്. അതിലൊരു പങ്ക് വിന്‍ഡോസ് എക്‌സ്പിയിലാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പിന്തുണ ഇല്ലാതാകുന്നതോടെ, ഇത്തരം എടിഎമ്മുകള്‍ സുരക്ഷാപ്രശ്‌നത്തില്‍ പെട്ടേക്കാം. 

പഴയ എടിഎമ്മുകള്‍ക്കാണ് ഈ പ്രശ്‌നം നേരിടേണ്ടി വരികയെന്നും, പുതിയ മെഷീനുകളെല്ലാം ഓടുന്നത് വിന്‍ഡോസിന്റെ പുതിയ വേര്‍ഷനിലാണെന്നും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) ചീഫ് എക്‌സിക്യുട്ടീവ് എം വി താങ്ക്‌സെയ്ല്‍ പറഞ്ഞു.

No comments:

Post a Comment