Friday, March 28, 2014

Dhendroid virus spread in Android smart phone - report from Computer Emergency Response Team of India (CERT-In)

സൂക്ഷിക്കുക, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ 'ദെന്‍ഡ്രോയ്ഡ്' വൈറസ് പടരുന്നു



ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ 'ദെന്‍ഡ്രോയ്ഡ്' വൈറസ് പടരുന്നതായി മുന്നറിയിപ്പ്. ഫോണിലുള്ള വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്താന്‍ ശേഷിയുള്ള ദുഷ്ടപ്രോഗ്രാമാണ് ദെന്‍ഡ്രോയ്ഡ്. 

'കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ' ( CERT-In ) എന്ന സ്ഥാപനമാണ് ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം ഈ മുന്നറിയിപ്പ് നല്‍കിയത്. 

ഫോണില്‍ ദെന്‍ഡ്രോയ്ഡ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ , ഫോണിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വര്‍ മാറ്റാന്‍ അതിനാകും. ഫോണിലേക്കും പുറത്തേക്കും വിനിമയം ചെയ്യപ്പെടുന്ന എസ് എം എസുകള്‍ തടസ്സപ്പെടുത്താനും കഴിയും. 

പേര് തന്നെ ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ളതിനാല്‍ , ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ അതിന്റെ കെണിയില്‍ പെടാന്‍ സാധ്യത കൂടുതലാണെന്ന് 'റെസ്‌പോണ്‍സ് ടീം' പറയുന്നു. വൈറസ് ബാധിച്ച ഫോണിനെ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് സാധിക്കും. 

'കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വര്‍ മാറ്റുക, കോള്‍ ലോഗുകള്‍ ഫോണില്‍നിന്ന് മായ്ച്ചുകളയുക, വെബ്ബ് പേജുകള്‍ യൂസര്‍ അറിയാതെ തുറക്കുക, ഏത് നമ്പറും ഉടമസ്ഥനറിയാതെ ഡയല്‍ചെയ്യുക, ഫോണ്‍ വിളികള്‍ അനുവാദമില്ലാതെ റിക്കോര്‍ഡ് ചെയ്യുക, എസ് എം എസ് തടസ്സപ്പെടുത്തുക, വിദൂര സെര്‍വറുകളിലേക്ക് ഫോണിലുള്ള ചിത്രങ്ങളും വീഡിയോയും ലോഡ് ചെയ്യുക, ആപ്ലിക്കേഷനുകള്‍ സ്വന്തം നിലയ്ക്ക് തുറക്കുക' - എന്നിങ്ങനെ ഒട്ടേറെ സംഗതികള്‍ സ്വന്തംനിലയ്ക്ക് നടത്താന്‍ വൈറസിന് കഴിയുമെന്ന് 'റെസ്‌പോണ്‍സ് ടീം' പറയുന്നു. 

ദെന്‍ഡ്രോയ്ഡ് വൈറസ് ഒരു 'അറ്റാക്ക് ടൂള്‍കിറ്റ്' ആണ്. ഫോണിന്റെ മൊത്തത്തിലുള്ള ഉപയോഗം നിരീക്ഷിക്കുന്നതിനൊപ്പം ഫോണ്‍ ബില്‍ പതിവില്ലാത്ത വിധം വര്‍ധിക്കുന്നോ എന്ന് ജാഗ്രത പാലിക്കുക മുതലായ സംഗതികള്‍ , വൈറസ് ബാധ മനസിലാക്കാന്‍ സഹായിക്കുമെന്ന് റെസ്‌പോണ്‍സ് ടീം പറയുന്നു. 

വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍നിന്ന് ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, അറിയപ്പെടുന്ന ആപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളെ മാത്രം ഇതിനായി ആശ്രയിക്കുക, മൊബൈല്‍ ആന്റി വൈറസ് പ്രോഗ്രാം ഉപയോഗിച്ച് ഫുള്‍ സിസ്റ്റം സ്‌കാന്‍ നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും റെസ്‌പോണ്‍സ് ടീം നല്‍കിയിട്ടുണ്ട്.(പി ടി ഐ)

No comments:

Post a Comment