എച്ച്ടിസി വണ്‍ (എം8) ഇന്ത്യയിലേക്ക്

ഓരോ മോഡലിന്റെയും രൂപകല്പനയില്‍ വ്യത്യസ്തത വരുത്താന്‍ ശ്രമിക്കുന്ന അപൂര്‍വം മൊബൈല്‍ കമ്പനികളേ ഇന്നുളളൂ. അതില്‍ ഒന്നാമത്തെ പേരാണ് തായ്‌വാന്‍ കമ്പനിയായ എച്ച്ടിസിയുടേത്. സാംസങും ആപ്പിളുമുള്‍പ്പെടുന്ന ഒന്നാംനിരക്കാര്‍ ഒരേ അച്ചിലിട്ട് വാര്‍ത്ത സ്മാര്‍ട്‌ഫോണ്‍ മോഡലുകളിറക്കുമ്പോള്‍ എച്ച്ടിസി ഒന്നിനൊന്ന് വ്യത്യസ്തമായ ഫോണുകളാണ് അവതരിപ്പിക്കാറ്.
ആപ്പിള്‍ ഐഫോണിനോടും സാംസങ് ഗാലക്‌സി നിരയോടും മത്സരിക്കാന്‍ 2012 ലാണ് എച്ച്.ടി.സി. 'വണ്‍' എന്ന പരമ്പരയില്‍ പ്രീമിയം സ്മാര്‍ട്‌ഫോണുകളിറക്കാന്‍ തുടങ്ങിയത്. ആ പരമ്പരയില്‍ 9 മോഡലുകള്‍ 2012 ല്‍ മാത്രം വിപണിയിലെത്തിച്ചു. ഒന്നുപോലും കാര്യമായി സ്വീകാര്യത നേടിയില്ല എന്നതാണ് വാസ്തവം.
തിരിച്ചടിയില്‍ നിരാശരാകാതെ 2013 ല്‍ എച്ച്ടിസി വണ്‍ (എം7) എന്ന പേരില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ ഇറക്കി. അത് വന്‍ഹിറ്റായി. 2013 ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റിനുള്ള അവാര്‍ഡ് നേടിയതും എച്ച്ടിസി വണ്‍ (എം7) ആയിരുന്നു. ലോകമെങ്ങുമായി അമ്പതു ലക്ഷം എച്ച്ടിസി വണ്‍ (എം7) ഫോണുകള്‍ വിറ്റുപോയിട്ടുണ്ട്.
ഇപ്പോളിതാ വണ്ണിന്റെ (എം7) പുതിയ വെര്‍ഷനായ വണ്‍ (എം8) ( HTC One (M8) )അവതരിപ്പിച്ചിരിക്കുകയാണ് എച്ച്ടിസി മാര്‍ച്ച് 25 നാണ് കമ്പനി ഈ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഏപ്രില്‍ ആദ്യവാരത്തോടെ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തും.
1080 X 1920 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗ്ലാസ് 3 സംരക്ഷണമുള്ള ഡിസ്‌പ്ലേയാണിത്. 2.3 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, രണ്ട് ജി.ബി. റാം, 16/32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍ . ഗൂഗിള്‍ ഡ്രൈവില്‍ 65 ജിബി ക്ലൗഡ് മെമ്മറി സൗകര്യവും എച്ച്ടിസി വാഗ്ദാനം ചെയ്യുന്നു.
ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 4.4.2 കിറ്റ്കാറ്റ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ എച്ച്ടിസിയുടെ സ്വന്തം ഇന്റര്‍ഫേസായ സെന്‍സ് 6.0 വെര്‍ഷനുമുണ്ട്. സാംസങിന്റേതുപോലെ പോളികാര്‍ബണേറ്റോ പ്ലാസ്റ്റിക്കോ അല്ല എച്ച്ടിസി വണ്‍ (എം8) ന്റെ ബോഡി. ഉറപ്പേറിയ ഗണ്‍മെറ്റല്‍ കൊണ്ടാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. കാഴ്ചയിലെ സൗന്ദര്യത്തിനൊപ്പം കരുത്തുമേറും ഗണ്‍മെറ്റല്‍ ബോഡിക്ക്.
എച്ച്ടിസി സ്വന്തമായി വികസിപ്പിച്ചെടുത്ത അള്‍ട്രാപിക്‌സല്‍ ഡ്യുവോ ക്യാമറ ( UltraPixel Duo camera ) ആണ് ഈ ഫോണിലുള്ളത്. മറ്റ് ക്യാമറകളേക്കാള്‍ 300 ശതമാനം അധികം വെളിച്ചം പിടിച്ചെടുക്കുന്ന ക്യാമറയിലെ രണ്ടാമത് ലെന്‍സ് ഫോട്ടോയെടുക്കുന്ന വസ്തുവിന്റെ ബാക്ക്ഗ്രൗണ്ടും ഫോര്‍ഗ്രൗണ്ടും കണ്ടെത്തി അതിനനുസരിച്ച് ഫോക്കസ് ആവും. ഐഫോണ്‍ 5 എസിലുള്ളത്‌പോലെ ഡ്യുവല്‍-കളര്‍ എല്‍.ഇ.ഡി. ഫ് ളാഷും ഫോണിലുണ്ട്.
അള്‍ട്രാപിക്‌സല്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഈ ഫോണിന്റെ ഏറ്റവും വലിയ പോരായ്മയായി വിമര്‍ശകര്‍ ചുണ്ടിക്കാട്ടുന്നത് ക്യാമറയുടെ നിലവാരക്കുറവാണ്. അള്‍ട്രാപിക്‌സല്‍ എന്നത് മെഗാപിക്‌സലിനേക്കാള്‍ കൂടിയ സാധനമാണെന്നുള്ള എച്ച്ടിസിയുടെ അവകാശവാദം ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല.
അഞ്ച് മെഗാപിക്‌സലിന്റേതാണ് ഫോണിലെ മുന്‍ക്യാമറ. സെല്‍ഫികളെടുക്കാന്‍ പ്രത്യേക വൈഡ് ആംഗിള്‍ ലെന്‍സും ടൈമര്‍ സ്വിച്ചും ടച്ച്അപ്പ് സംവിധാനവും മുന്‍ക്യാമറയിലുണ്ട്. പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തില്‍ പിന്‍ക്യാമറയേക്കാള്‍ മെച്ചമാണ് മുന്‍ക്യാമറയെന്ന് വ്യക്തം.
മുന്‍വശത്ത് ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ആംപ്ലിഫയറുകളും ഫോണിലുണ്ട്. എച്ച്.ടി.സി. വണ്‍ (എം7) നേക്കാള്‍ 25 ശതമാനം അധികശബ്ദം ഈ ഫോണിനുണ്ടാകുമെന്ന് കമ്പനി പറയുന്നു.
ഊരിയെടുക്കാവുന്ന 2600 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്. 30 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും രണ്ടാഴ്ചത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
കണക്ടിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഈ ഫോണിലുണ്ട്. ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തുമ്പോള്‍ മാത്രമേ എച്ച്ടിസി വണ്‍ (എം8) ന് എന്തു വിലയാകുമെന്ന കാര്യം അറിയാനാകൂ. (ചിത്രം കടപ്പാട് : ubergizmo )
No comments:
Post a Comment